മസ്‌കറ്റിലെ മത്രാ സൂക്ക് & 1947 റെസ്റ്റോറന്റ് – ഒരു ലോക്കൽ കറക്കം….

മസ്‌കറ്റിലെ എന്റെ രണ്ടാമത്തെ ദിവസം വൈകുന്നേരമാണ് ഞങ്ങൾ കറങ്ങുവാനായി ഇറങ്ങിയത്. അങ്ങനെ അനന്തപുരി റെസ്റ്റോറന്റ് ഉടമ ജേക്കബ് സാറും സുഹൃത്ത് ജിജോയും ഞാനും കൂടി കാഴ്ചകൾ കാണുവാനായി ഇറങ്ങി. മസ്‌കറ്റിലെ മത്രാ സൂക്കിലേക്ക് ആയിരുന്നു ഞാനങ്ങളുടെ ആദ്യ യാത്ര. ടൂറിസ്റ്റുകൾ ധാരാളമായി വരുന്ന ഒമാനിലെ ഒരു സ്ഥലമാണ് മാത്രാ സൂക്ക്. നമ്മുടെ മട്ടാഞ്ചേരിയിലെയൊക്കെ ചരിത്രമുറങ്ങുന്ന തെരുവിലൂടെ നടക്കുന്ന ഒരു പ്രതീതിയായിരിക്കും ഇവിടെ വന്നാൽ ലഭിക്കുക. രണ്ടും രണ്ടാണെങ്കിലും ഞാൻ ഒരു ഉദാഹരണം പറഞ്ഞുവെന്നേയുള്ളൂ.

ഞങ്ങൾ കാഴ്ചകൾ കണ്ടുകൊണ്ട് നടക്കുവാൻ തുടങ്ങി. അപ്പോഴാണ് വടയും ബജ്ജിയും ഒക്കെയായി ഒരു ചെറിയ ചായക്കട ഞാൻ കണ്ടത്. കണ്ട മാത്രയിൽത്തന്നെ ഞാൻ ഉറപ്പിച്ചു – ഇതൊരു മലയാളിയുടെ കട തന്നെ. എൻ്റെ ഊഹം തെറ്റിയില്ല ഒരു വാടകരക്കാരൻ നടത്തുന്ന കഥയായിരുന്നു അത്. ഫിലാഫിൽ എന്നു പേരുള്ള ഒരു പലഹാരമാണ് ഞാൻ വാങ്ങിക്കഴിച്ചത്. നമ്മുടെ നാട്ടിലെ കട്ലറ്റിന്റെയും പരിപ്പുവടയുടെയും ഒന്നിച്ചുള്ള ഒരു കോമ്പിനേഷൻ വിഭവമായാണ് അത് എനിക്ക് തോന്നിയത്. ചായയും പലഹാരവും കഴിച്ചശേഷം ഞങ്ങൾ വീണ്ടും നടക്കുവാൻ തുടങ്ങി.

പഴയ ആന്റിക് വസ്തുക്കളും, മറ്റു കരകൗശല വസ്തുക്കളും, കുന്തിരിക്കം പോലത്തെ സുഗന്ധ വസ്തുക്കളും ഒക്കെ അവിടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായി കാണാമായിരുന്നു. നേരത്തെ പറഞ്ഞില്ലേ, ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും ഒക്കെ കാണുന്നത് പോലത്തെ ഒരു സെറ്റപ്പ്. അവിടെ സന്ദർശിക്കുന്ന യൂറോപ്യൻ സഞ്ചാരികളൊക്കെ ഇവയെല്ലാം ധാരാളമായി വാങ്ങുമെന്ന് കടക്കാർ സാക്ഷ്യപ്പെടുത്തി. സ്ട്രീറ്റിൽ ഒരിടത്ത് ടാക്സി സ്റ്റാൻഡ് കാണാമായിരുന്നു. അതിനു പിന്നിലെ ഫുട്പാത്തിനു സമീപം ഒമാൻ സ്റ്റൈൽ വേഷവിധാനങ്ങളോടെ രാജാക്കന്മാരെപ്പോലെ കസേരയിൽ വിശ്രമിക്കുന്ന തദ്ദേശീയരായ ടാക്സി ഡ്രൈവർമാരുടെ കാഴ്‌ച എനിക്ക് വളരെ പുതുമയുള്ളതായിരുന്നു.

മത്രാ സൂക്കിൽ ഒമാനികളെ കഴിഞ്ഞാൽ പിന്നെ കൂടുതലായി നമ്മൾ കാണുന്നത് മലയാളികളെ ആയിരിക്കും. കടക്കാരും സഞ്ചാരികളും നടക്കാൻ വരുന്നവരും ഒക്കെയായി ധാരാളം മലയാളികൾ അവിടെയുണ്ട്. എല്ലാംകൂടി നല്ലൊരു കളർഫുൾ അനുഭവമാണ് മത്രാ സൂക്ക് എനിക്ക് നൽകിയത്. ഒമാൻ സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്.

ഇനി നിങ്ങളെ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് മസ്‌കറ്റിലെ 1947 എന്ന ഒരു റെസ്റ്റോറന്റ് ആണ്. മുൻപ് പരിചയപ്പെടുത്തിയ അനന്തപുരി റെസ്റ്റോറന്റിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ളതാണ് 1947 എന്ന ഈ ഇന്ത്യൻ റെസ്റ്റോറന്റും. ഒരു കൊളോണിയൽ സ്റ്റൈലിൽ ഉള്ള ഒരു റെസ്റ്റോറന്റ് ആണ് 1947. റെസ്റ്റോറന്റിനുള്ളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റു പ്രശസ്തരായവരുടെയും ചിതങ്ങൾ വെച്ചിട്ടുണ്ട്. ടേബിളുകളിൽ പഴയ വർത്തമാനപ്പത്രങ്ങൾ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു.

ഇവിടെ എന്നെ ആകർഷിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവിടത്തെ മെനു കാർഡ് ആയിരുന്നു. മരം കൊണ്ട് നിർമ്മിച്ച ഒരു ഫലകം പോലെയാണ് ഇവിടെ മെനു കാർഡ് രൂപീകരിച്ചിരിക്കുന്നത്. റെസ്റ്റോറന്റിൽ ജീവനക്കാരുടെ യൂണിഫോമിലും കാണാം ഒരു ഇന്ത്യൻ ടച്ച്. ഭക്ഷണത്തിന്റെ കാര്യമാണെങ്കിലോ പറയുകയേ വേണ്ട. രുചികരമായ വിഭവങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. ചെല്ലാനം ഗ്രിൽഡ് ഫിഷ് എന്നൊരു ഐറ്റം എനിക്കിവിടെ വളരെ പുതുമയുള്ളതായി തോന്നി. കൂടുതലായും ഇന്ത്യക്കാരാണ് ഈ റെസ്റ്റോറന്റിൽ സ്ഥിരമായി വരുന്നത്. ഇനി ഇവിടെ സന്ദർശിക്കാത്ത ഏതെങ്കിലും ഇന്ത്യക്കാർ മസ്കറ്റിൽ ഉണ്ടെങ്കിൽ തീർച്ചയായും 1947 എന്ന ഈ റെസ്റ്റോറന്റിൽ നിങ്ങൾ വരണം. ഇവിടത്തെ രുചികരമായ സ്പെഷ്യൽ ഇന്ത്യൻ വിഭവങ്ങളുടെ ടേസ്റ്റ് നിങ്ങൾ മനസ്സിലാക്കണം.