ജാഡയില്ല, പേടിപ്പിക്കലില്ല… കുട്ടികളോടൊപ്പം സെൽഫിയെടുത്ത് വെഹിക്കിൾ ഇൻസ്‌പെക്ടർ…

ഗൾഫ് രാജ്യങ്ങളിലെ പോലീസുകാരുടെ പെരുമാറ്റങ്ങളെക്കുറിച്ചും സംസ്ക്കാര സമ്പന്നതയെക്കുറിച്ചുമെല്ലാം നമ്മൾ പലതരത്തിലുള്ള സംഭവങ്ങളിലായി അറിഞ്ഞിട്ടുള്ളവയാണ്. അപ്പോഴും നമ്മളെല്ലാം കുറ്റപ്പെടുത്തുന്നത് നമ്മുടെ നാട്ടിലെ പോലീസുകാരെയായിരിക്കും. എന്നാൽ നമ്മുടെ പോലീസുകാരിലുമുണ്ട് ഗൾഫ് പോലീസുകാരെപ്പോലെയുള്ള നല്ല മനുഷ്യർ എന്ന കാര്യം അധികമാരും ഓർക്കാറില്ല. എന്നാൽ അത്തരത്തിൽ മനസ്സു നിറയ്ക്കുന്ന ഒരനുഭവം പോലീസുകാരിൽ നിന്നും ഉണ്ടായാലോ? എന്നും ഭീതിയോടെ മാത്രം കണ്ടിരുന്ന പോലീസ് ഒരു നിമിഷം കൊണ്ട് പ്രിയപ്പെട്ടവരായാലോ?

അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് Iyya Zainu എന്ന വ്യക്തി. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഈ കുറിപ്പ് പോലീസുകാരുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പേജുകളിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രങ്ങളോടൊപ്പമുള്ള ആ പ്രവാസിയുടെ കുറിപ്പ് ഇങ്ങനെ…

“മാട്ടൂലിൽ നിന്നും പഴയങ്ങാടിയിലേക്ക് പോകുമ്പോൾ വണ്ടി ചെക്കിങ്ങ് ചെയ്യുന്ന കുറച്ച് MVD ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടു. സാധാരണ വേട്ടക്കാരന്റെ മുന്നിൽപ്പെട്ട മൃഗത്തിനെ പോലെയാണ് അവരുടെ പെരുമാറ്റവും നമ്മുടെ അവസ്ഥയും. ചില പ്രവാസികൾ ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ പറ്റി പറയുമ്പോൾ ഇതുപോലെയുള്ള ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിലും എപ്പോഴെങ്കിലും ഉണ്ടാകുമോ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ വിദേശത്ത് മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിലും നല്ല ഉദ്യോഗസ്ഥർ ഉണ്ട് എന്ന് തെളിയിക്കുന്നതാണ് എനിക്കുണ്ടായ അനുഭവം.

കുട്ടികളുമായി പോയ എന്നെ വളരെ മാന്യമായി കൈകാട്ടി നിർത്തി എന്റെ അടുത്ത് വന്നു. കുട്ടികളെ ഭയപ്പെടുത്താതെ അവരോട് സ്നേഹത്തോടെ പെരുമാറി. എന്റെ ചെറിയ മകനെ ഒരു ഉദ്യോഗസ്ഥൻ എടുത്തുകൊണ്ടുപോയി അവരുടെ വണ്ടിയുടെ മുകളിൽ ഇരുത്തി അവനോട് കുശലങ്ങൾ ചോദിച്ചു. വളരെ മാന്യമായി സംസാരിച്ച്‌ എന്റെ പേപ്പറുകളെല്ലാം പരിശോധിച്ചു. ഇങ്ങോട്ടു പറയുന്നത് കേൾക്കാൻ മാത്രമല്ല,
അങ്ങോട്ടു പറയുന്നതും സമാധാനപരമായി കേട്ടു.

എന്റെ കൈയ്യിൽ ഉണ്ടായ ചെറിയ ഒരു അപാകത ചൂണ്ടിക്കാട്ടി അതിനു ചെറിയ ഒരു ഫൈൻ തന്നു. നല്ല ഉപദേശവും പറഞ്ഞു തന്നു. കുട്ടികളുടെ കൂടെ സെൽഫിയും എടുത്ത് ഞങ്ങളെ യാത്രയാക്കി. എന്റെ ചെറിയ മകൻ ആ വണ്ടിയുടെ മുകളിൽ ഇരിക്കുന്നത് കണ്ടാൽ തന്നെ അറിയാൻ പറ്റും എത്ര സന്തോഷവാനാണ് അവൻ എന്ന്…എന്റെ മകൾ പോലും പറഞ്ഞു പോയി.. ഇങ്ങനെ തന്നെയാണോ എല്ലാ ഉദ്യോഗസ്ഥരുടെയും പെരുമാറ്റം? എത്ര നല്ല മനുഷ്യർ… കിടക്കട്ടെ സാർ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഒരു ബിഗ് സല്യൂട്ട്..”

ഈ അനുഭവവും ചിത്രങ്ങളും Iyya Sainu ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതു കണ്ടിട്ട് അന്ന് കുട്ടികളുമായി സെൽഫിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ലൈജു ഭാർഗവൻ പോസ്റ്റിനു താഴെ അന്നെടുത്ത സെൽഫി ചിത്രം പങ്കുവെക്കുകയും കൂടാതെ ഇങ്ങനെ പറയുകയുമുണ്ടായി – “പറ്റിപ്പോകാറുള്ള അബദ്ധങ്ങൾ പ്രമോട്ട് ചെയ്ത് ജനങ്ങളും ജനസേവകരും തമ്മിലുള്ള അകൽച്ച കൂട്ടുകയാണ് സാധാരണ എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു നല്ല വാക്കിന് ഒരു പാട് ആത്മവിശ്വാസം ജനസേവകരിൽ എത്തിക്കാനാകും. വീണ്ടും കാണാൻ പോലും സാധ്യത ഇല്ലാത്ത ഒരു സുഹൃത്ത് കുറച്ച് നല്ല വാക്ക് പറയാൻ സമയം കണ്ടെത്തിയത് എനിക്കും സഹപ്രവർത്തകർക്കും മോട്ടോർ വാഹന വകുപ്പിനും ഒരു പാട് ആത്മവിശ്വാസമാണ് നൽകുന്നത്!,, താങ്ക് യൂ..”