ഒരു നല്ല വീട്; ഞാൻ കണ്ട ആയിരം സ്വപ്നങ്ങളിലൊന്നിൻ്റെ പൂർണ്ണതയിലെത്തിയ പോരാട്ടം.

വിവരണം – രാഹുൽ

എന്റെ പേര് രാഹുൽ. ഇത് എന്റെ കഥയാണ്. എത്ര പേർ മുഴുവൻ വായിക്കുമെന്നൊന്നും അറിയില്ല. ഞാൻ കണ്ട 1000 സ്വപ്നങ്ങളിൽ ഒന്നിന്റെ പൂർണ്ണതയിൽ എത്തിയ ഒരു പോരാട്ടം. തികച്ചും ദൈവ കൃപ എന്ന് മാത്രം പറയട്ടെ. എന്റെ കഥ എന്ന് പറഞ്ഞു സ്വയം അഹങ്കാരിക്കാനും ഞാൻ അളല്ല. ഇതിലും താഴെ തട്ടിലുള്ള ആളുകളും ഉണ്ടെന്നും അറിയാം. എനിക്ക് ഇത് എഴുതാൻ പ്രചോദനമായത് ഇത് പോലെ ഒരു പ്രവാസി എഴുതിയതിൽ നിന്നാണ്. അദ്ദേഹത്തിന്റെ പേര് സന്ദീപ് MV എന്നാണ്. സ്വപ്നം എന്നു പറഞ്ഞത് സ്വഭവനം തന്നെ ആയിരുന്നു. ആ സ്വപ്നത്തിലേക്ക് ഉള്ള പടവുകൾ കയറാൻ എന്റെ കുടെ നിന്ന് കൈപിടിച്ചവർ ഒരു പാട് പേർ. എല്ലാത്തിനും ഉപരി സാർവ്വശക്തനായ തിരുവാറ്റ ദേവനു എന്റെയും എന്റെ കുടുംബത്തിന്റെയും ഹ്യദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കുന്നു.

താമസിച്ചിരുന്ന വീടിന്റെ അവസ്ഥ പലപ്പോഴും ഭീതി ജനിപ്പിക്കുന്നതാരുന്നു. ദൈവം സഹായിച്ച് എല്ലാ കാലവർഷത്തെയും അതിജീവിച്ച് പോന്നു. എന്റെ അമ്മയ്ക്ക് മഴയത്തും കാറ്റത്തും പറന്നു പോകുന്ന ഷീറ്റിനു പുറകേ ഓടാൻ ആണ് സമയം. തകരഷീറ്റ് ആയത് കൊണ്ട് നല്ല ശബ്ദവും ആയരിക്കും. കടയും വീടും കൂടി ആരുന്നു ഞങ്ങൾക്ക്. ഒരു മുറി വീടും ഒരു മുറികടയും ഇത് കോൺക്രിറ്റ് ചെയ്തത് ആരുന്നു. ബെഡ്റും, അടുക്കള ഇത് രണ്ടും ഷീറ്റ്. എന്റെ അച്ഛൻ കൂലിപ്പണി ചെയ്ത് വച്ച വീട്. 26 വർഷം പഴക്കം ഉണ്ടാരുന്നു. എന്ത് ജോലിക്കും അച്ച പോകുവാരുന്നു. എന്നെ ഒരു മകൻ എന്നതിലും ഉപരി കൂട്ടുകാരൻ ആയിട്ടായിരുന്നു കണ്ടിരുന്നത്. ഒറ്റ മകൻ ആയതു കൊണ്ട് നല്ല പോലെ എന്നെ നോക്കി. അച്ചന് ഒരു കാര്യത്തിൽ മാത്രം വലിയ വിഷമം ആയിരുന്നു. പഠിക്കത്തില്ലാരുന്നു ഞാൻ. എന്നാൽ ഇപ്പോൾ അതിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നു.

അച്ചന് വീടിനു അടുത്ത് ഉള്ള കോയിക്കൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ആരുന്നു പണി. ആ വീട്ടിലെ അമ്മയ്ക്കും അപ്പുപ്പനും ഹരിഅണ്ണനും വലിയ കാര്യം ആയിരുന്നു. അ സ്നേഹം ഇപ്പോൾ എനിക്കും തരുന്നുണ്ട്. ഹരി അണ്ണനോട് എപ്പോഴും പറയും. ”എന്റെ മോനെ രക്ഷപ്പെടുത്തണേ” എന്ന്. അങ്ങനെ +2 കഴിഞ്ഞ എന്നെ ITI പഠിക്കാൻ വിട്ടു. പഠിക്കാത്തവൻ ആയത് കൊണ്ട് പ്രൈവറ്റ് ആയി മതിലകം ITI യിൽ പോയി തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ അച്ചനു കാലുകൾ വേദന തുടങ്ങി. എന്താണന്നു മനസ്സിലായില്ല. തിരുവനന്തപുരത്ത് മാമൻ അച്ചനെ കൊണ്ട് പോയി ചികത്സിക്കാൻ തുടങ്ങിയപ്പോൾ മാമനോട് ചോദിച്ച് അറിഞ്ഞു. അച്ഛനു ബ്ലഡ് കാൻസർ ആണെന്നു. RCC Dr ശ്രീജിത്ത് സാർ അണ് അച്ഛനെ ചികത്സിച്ചത്. അച്ഛൻ ആയിട്ട് ഉണ്ടാക്കിയ എല്ലാം വിറ്റു വസ്തുവും എല്ലാം. 85000 രുപയ്ക്ക് 24 സെന്റ് വസ്തു വിറ്റത്. പിന്നെ വിൽക്കാൻ ഉണ്ടായിരുന്നത് ഈ ഷീറ്റ് പറന്നു പോകുന്ന വീട് മാത്രം.

കെട്ട് താലി വരെ വിറ്റു അമ്മ അച്ഛനെ നോക്കി. നാട്ടിലുള്ള പല ആൾക്കാരും വന്ന് അച്ചന് ബ്ലഡ് തന്നു. മെമ്പർ സുധീർ, അച്ഛന്റെ അമ്മാവന്റെ മകൻ ചന്ദ്രൻ വല്യച്ഛൻ എല്ലാവരോടും വളരെ അധികം നന്ദി. കടം വാങ്ങിയും നല്ലവരായ നാട്ടുകാർ പിരിച്ചു തന്ന പൈസ കൊണ്ടും അച്ചനെ ചികത്സിച്ചു. 7 മാസം വേദന തിന്നു അച്ഛൻ ഞങ്ങളെ വിട്ടു പോയി. എനിയ്ക്ക് 19 വയസ്സ്. ജീവിക്കണമല്ലോ മരിക്കാൻ പറ്റില്ലല്ലോ. തിരുവാറ്റ ഭഗവാൻ എനിയ്ക്ക് അതിന് ശക്തി തന്നു. എല്ലാത്തിനു സാക്ഷി എന്റെ തിരുവാറ്റ ഭഗവാൻ. ITI പോന്നില്ല എന്നു പറഞ്ഞു TC വാങ്ങാൻ പോയ എന്നോട് നിനക്ക് Tc തരില്ല എന്നു പറഞ്ഞ എന്നെ വീട്ടും പഠിക്കാൻ പ്രചോദനം തന്ന മതിലകo ITI സിസ്റ്റർ, കുഞ്ഞമ്മ ക്ലാർക്ക്, വർഗ്ഗീസ് സാർ ഇവരെ മറക്കില്ല ഞാൻ.

ഇതിനിടയിൽ തിരുവാറ്റ അമ്പലത്തിൽ മൈക്ക് വയ്ക്കാൻ പോയി തുടങ്ങി. ദിവസം 30 രൂപ കിട്ടും. അമ്പലത്തിൽ കല്യാണം ഉള്ള ദിവസം 50 രൂപ കിട്ടും. അന്ന് അമ്പലം പ്രസിഡന്റ് ആയിരുന്ന ശങ്കരപ്പിള്ള സാർ, മണി അണ്ണൻ എന്നിവർ ആയിരുന്നു എനിക്ക് ഈ ജോലി തന്നത്. എന്നും രാവിലെ 5 മണിക്ക് അമ്പലത്തിൽ വന്ന് മൈക്ക് വയ്ക്കണം. 7 മണിക്ക് ITI പോകും. 2 മണിക്ക് വന്ന് 5 മണിക്ക് വീണ്ടും അമ്പലത്തിൽ. 7 മണിക്ക് മൈക്ക് ഓഫ് ചെയ്ത് ആ വഴി രണ്ട് കൊച്ചു കുട്ടികളെ പഠിപ്പിക്കാൻ പോകും. ഉണ്ണി അണ്ണന്റെയും ബിന്ദുചേച്ചിടെയും മക്കൾ പാവം കുട്ടികൾ. ഇപ്പോൾ വായിക്കുന്നവർക്ക് ചിരി വന്നു കാണും കാരണം പഠിക്കാത്തവൻ പഠിപ്പിക്കുന്ന കാര്യം ഓർത്ത്. കാരണം ജീവിതത്തിൽ ഇങ്ങനെയും വേഷങ്ങൾ വേണ്ടി വന്നു. അത് എനിക്ക് ഒരു വരുമാനം ആയി.

ITI ക്ലാസ് ഇല്ലാത്ത ദിവസം തേങ്ങ എടുത്ത് വിൽക്കാൻ പോകും. ശങ്കരപ്പിള്ള അമ്മാവന്റെ (മാഷ് അമ്മാവൻ ) വീട്ടിൽ നിന്നും വണ്ടിയിൽ തേങ്ങ എടുത്ത് പുത്തുർ കൊണ്ട് പോകും. വിറ്റു കഴിഞ്ഞ് പൈസ കൊണ്ട് പോയി കൊടുക്കും. അല്ലങ്കിൽ കൊച്ചനിയൻ അണ്ണന്റെ കൂടെ ജോലിക്ക് പോകും. കട്ട ഇടിക്കൽ ആണു ജോലി. ദിവസകൂലി 150 രൂപ.അതും എനിക്ക് ഒരു വരുമാനം ആയി. എല്ലാ ജോലിയും ഒരു മടിയും കൂടാതെ എന്നെ ചെയ്യാൻ പഠിപ്പിച്ചത് അച്ഛൻ ആണ്. തൂമ്പ എടുത്ത് കിളയ്ക്കാൻ പോയിട്ടുണ്ട് കൂടെ. ചെയ്യിച്ചത് ആണ് എന്നെ കൊണ്ട്. അത് എനിക്ക് ഒരു കരുത്തായി. അങ്ങനെ ഒരു ദിവസം ഞാൻ തിരുവാറ്റ ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ ശ്യാം അണ്ണൻ വന്നു പറഞ്ഞു. “ടാ നിനക്ക് ഒരു ജോലി ഹരി ശരിയാക്കിയിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ പോകണം.” ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ഞാൻ. ഭഗവാന്റെ ശക്തി, ഹരി അണ്ണൻ തന്ന ജീവിതം. ഇതല്ലാം ഓർത്ത് കരഞ്ഞു. വീണ് കിടന്നു ഭഗവാനെ വിളിച്ചത് കൊണ്ട് ഭഗവാൻ തന്ന ജോലി. അത് നടത്തി തന്നത് ഹരി അണ്ണനും. മരിച്ചാലും മറക്കില്ല ഞാൻ.

അങ്ങനെ 2013 ഫെബ്രുവരി 7 നു ഞാൻ നാട് വിടുന്നു. ബഹറിൻ. ആദ്യമായി സ്വന്തം രാജ്യം വിട്ട് മറ്റൊരു രാജ്യത്ത്. Hospital Maitanance. തുടക്കശമ്പളം 120 BD. നാട്ടിൽ 20400. ചിലവും കഴിഞ്ഞ് 12000 നാട്ടിൽ കിട്ടും. അത് കൊണ്ട് പ്രയോജനം ഇല്ലന്ന് മനസ്സിലാക്കി ഡ്യൂട്ടി കഴിഞ്ഞ് വന്ന് ചെറിയ പണികൾക്ക് ഇറങ്ങി. അത് ഇല്ലാത്തപ്പോൾ ഒരു ചെറിയ ഹോട്ടലിൽ വെയിറ്റർ ആയി പാർട്ട് ടൈം ജോലി ചെയ്തു. അപ്പോൾ എന്റെ ചിലവ് പണി ഉണ്ടായത് കൊണ്ട് നടന്നു പോകും. കിട്ടുന്ന സാലറി വീട്ടിൽ കിട്ടും. രണ്ട് വർഷം കഴിഞ്ഞ് ശിവരാത്രിക്ക് നാട്ടിൽ വന്നു. ഭഗവാന്റെ ഉൽസവം നന്നായി അഘോഷിച്ചു .ഒരു KSFE ചിട്ടി തുടങ്ങി. 12500 വച്ച് മാസം അടവ്. 2 വർഷം കഴിഞ്ഞ് അത് പിടിച്ചു. അതാണ് വീട് വയ്ക്കാൻ കയ്യിൽ ഉണ്ടായിരുന്നത്. അടുത്ത വരവ് പറയാതെ വന്നു. നോക്കുമ്പോൾ ഷീറ്റ് എല്ലാം പറന്നു പോയി ഒരു കോലം ആയി കിടക്കുന്ന എന്റെ വീട്. അടുത്ത ദിവസം മാമനും ആയി സംസാരിച്ചു. “നീ എന്തായാലും തുടങ്ങി വയ്ക്ക്, ബാക്കി വരുന്നിടത്ത് വച്ച് കാണാം” എന്ന് മാമൻ. അതിനു വേണ്ടി ഇറങ്ങി.

വീടിന്റെ പണിക്ക് പലരും ആയി അലോചിച്ച്. മുട്ടത്ത് ശങ്കരപിള്ള സാറ് വേണ്ടുന്ന നിർദ്ദേശങ്ങൾ തന്നു. പഴയ വീട് പൊളിച്ച് foundation കെട്ടി വീണ്ടും തിരിച്ച് ബഹറിൻ വന്നു. പിന്നീട് കാര്യങ്ങൾ നോക്കിയത് അമ്മയും മാമനും ആണ്. അവർ വീട് വാർത്ത് വരെ ഇട്ടു. ഉണ്ടായിരുന്ന ബഡ്ജറ്റ് തീർന്നു. അമ്മ മാമന്റ വീട്ടിലും. ഒരു വർഷം കഴിഞ്ഞ് വന്ന ഞാൻ വീടിന്റെ ആധാരം കൊണ്ട് പണയം വച്ചു പൈസ വാങ്ങിച്ചു. വീട് വീടാക്കി തന്നത് മാമൻ അണ്. മറക്കാൻ പറ്റാത്ത നന്ദി ഉണ്ട്. ഇതിനിടയ്ക്ക് ഒരു കാന്താരി കൂടി എന്നെ ജീവിതത്തിൽ വന്നു. ഈ വരവിൽ രണ്ട് കാര്യങ്ങൾ ആരുന്നു. ഒന്ന് വീട് പണി, രണ്ട് കല്ല്യാണം. അനുഭവിച്ച ടെൻഷൻ കുറച്ചൊന്നും അല്ല. അങ്ങനെ 14/10/18 നു വിവാഹ നിശ്ചയം, 20/10/18 വീടിന്റെ പാലു കാച്ചൽ, 24/11/18 നു കല്യാണം.

എല്ലാവരും പറയും കാശ് അടുക്കി വച്ചിരിക്കുവാന്ന്. ലോൺ എടുത്തതാണ്. കാശുണ്ടായിരുന്നു എങ്കിൽ വീടിന്റെ ജനൽ ഫ്രയിം അലുമിനിയത്തിന്റെ മാറ്റി തടിയുടെ ആക്കുമാരുന്നു. ഭഗവാൻ ഈ ലോൺ അടച്ച് തീർക്കാനും എന്നെ സഹായിക്കും. ആണിനു സപ്പോർട്ട് ആയി നിൽക്കുന്ന പെണ്ണാണ് ഒരാണിന്റെ ശക്തി. അതിലും ഭഗവാൻ എന്നെ സഹായിച്ചു. ഇത് ഞാൻ ഇവിടെ പറയാൻ കാരണം നമ്മൾ മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചാൽ ദൈവം വിളി കേൾക്കുo. പിന്നെ നമ്മുടെ ഇച്ഛാശക്തി ഇതല്ലാം ഉണ്ടങ്കിൽ എല്ലാം നടക്കും. ഈ പറഞ്ഞത് ചിലർക്ക് എങ്കിലും പ്രചോദനം ആകുമല്ലോ എന്ന് കരുതിയാണ്. ഇനി ഇവിടെ ഇരുന്ന് എഴുതിയാൽ ശരിയാകില്ല, ജോലി ഉണ്ട്. ലോൺ അടച്ച് തീർക്കേണ്ടതാണേ..