പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും മറുപടി കൊടുത്ത എൻ്റെ യാത്രകളും എഴുത്തും..

എഴുത്ത് – പ്രശാന്ത് പറവൂർ.

യാത്രകൾ പോകുവാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? തിരക്കേറിയ ജോലിയ്ക്കും ജീവിതത്തിനുമിടയിൽ വല്ലപ്പോഴും സന്തോഷം പകരുന്ന ഒരു കാര്യമാണ് യാത്രകൾ. അവ സ്വന്തം ഇഷ്ടപ്രകാരമുള്ള യാത്രകളായിത്തന്നെ പോകണം. എൻ്റെ ജീവിതത്തിൽ യാത്രകൾ വരുത്തിയ മാറ്റങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ പറയുവാൻ ആഗ്രഹിക്കുന്നത്. അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം.

ചെറുപ്പത്തിൽ തന്നെ ബസ്സും ബോട്ടുമൊക്കെയായിരുന്നു എനിക്ക് പ്രിയപ്പെട്ട വാഹനങ്ങൾ. അതുകൊണ്ടു തന്നെയാകാം എന്നിൽ ഒരു യാത്രാപ്രേമി ഒളിച്ചിരിക്കുന്നുണ്ടെന്നു പിന്നീട് മനസ്സിലാക്കുവാൻ സാധിച്ചതും. സ്‌കൂൾ കാലഘട്ടത്തിൽ പത്തിൽ പഠിക്കുമ്പോൾ കന്യാകുമാരി, പ്ലസ്ടുവിൽ പഠിക്കുമ്പോൾ മൂന്നാർ എന്നിവിടങ്ങളിൽ ടൂർ പോയത് മാത്രമായിരുന്നു 2013 വരെ എൻ്റെ ജീവിതത്തിൽ നടത്തിയ യാത്രകൾ. പക്ഷേ അവയൊന്നും എൻ്റെ സ്വഭാവത്തിനിണങ്ങുന്ന തരത്തിലെ യാത്രകൾ ആയിരുന്നില്ല.

അങ്ങനെ 2013 ൽ ഒരു ടെലകോം കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്ത് അവിടെയുള്ള കൂട്ടുകാരിൽ ചിലർ ഒരു ട്രിപ്പ് പോകുന്നതായി അറിയാൻ കഴിഞ്ഞു. കൂട്ടത്തിൽ ഉറ്റ സുഹൃത്തായ അഫ്‌സൽ എന്നെയും കൂടെക്കൂട്ടി. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഒരു യാത്ര ആസ്വദിക്കുവാൻ ലഭിച്ച ത്രില്ലിൽ ആയിരുന്നു ഞാൻ. കൂടെയുള്ളവരുടെ കയ്യിൽ നല്ല കിടിലൻ DSLR ക്യാമറയൊക്കെയുണ്ടായിരുന്നു. എൻ്റെ കയ്യിലാണെങ്കിൽ പഴയ ഒരു നോക്കിയ ക്യാമറ ഫോണും. എങ്കിലും എന്റേതായ രീതിയിൽ ഞാൻ അന്നത്തെ യാത്രയ്ക്കിടയിൽ ചിത്രങ്ങൾ പകർത്തി.

അതിനു ശേഷം ഓഫീസിൽ എത്തിയപ്പോൾ പിന്നെ അടുത്ത ട്രിപ്പ് എപ്പോഴാണെന്ന് അന്വേഷിക്കലായി എൻ്റെ പണി. യാത്രയോടുള്ള അടങ്ങാത്ത ആവേശമായിരുന്നു ഇതിനു പിന്നിൽ. പക്ഷേ അത് എന്നെ എല്ലാവരുടെയുമിടയിൽ ഒരു ‘യാത്രാഭ്രാന്തൻ’ ആക്കുകയായിരുന്നു. എന്നാൽ ചിലർക്കിടയിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമായി മാറുന്നത് ഞാൻ മനസിലാക്കി. അതിനിടയിൽ കൂട്ടുകാരെല്ലാം ചേർന്ന് ഓഫീസിൽ നിന്നും ഒരു ഊട്ടി യാത്ര പ്ലാൻ ചെയ്‌തെങ്കിലും വെറും പ്ലാനിംഗ് മാത്രമായി അത് ഒതുങ്ങി.

ഒറ്റയ്ക്ക് യാത്രകൾ പോകുവാനുള്ള ഒരു സ്റ്റാർട്ടിങ് ട്രബിൾ അന്നുണ്ടായിരുന്നതിനാലായിരുന്നു യാത്രയ്ക്കായി ഞാൻ കൂട്ടുകാരെ തേടിയിരുന്നത്. എന്നാൽ പലർക്കും മുന്നിൽ ഒരു പരിഹാസ കഥാപാത്രം ആകുന്നതിലും ഭേദം ഒറ്റയ്ക്ക് യാത്ര പോയി കാണിക്കുന്നതാണ്. അതോടെ എനിക്ക് വാശിയായി. ആരോടും പറയാതെ, എൻ്റെ സ്വന്തം പ്ലാനിങ്ങിൽ ഒറ്റയ്ക്ക് യാത്ര പോകുവാൻ ഞാൻ തീരുമാനിച്ചു.

അങ്ങനെ ഒരു ശനിയാഴ്ച അതിരാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നും പുറപ്പെട്ടു. പാലക്കാട് പോകണം എന്നതായിരുന്നു എൻ്റെ പ്ലാൻ. രാവിലെ 7 മണിയോടെ ഞാൻ എറണാകുളം കച്ചേരിപ്പടിയിൽ എത്തി. പാലക്കാട് ബസ്സും കാത്തുനിൽക്കുമ്പോൾ വന്നത് എറണാകുളം – സേലം റൂട്ടിലോടുന്ന തമിഴ്‌നാടിന്റെ SETC ഡീലക്സ് ബസ് ആയിരുന്നു. അതിലെ കണ്ടക്ടർ അണ്ണൻ “പാലക്കാട്, പാലക്കാട്..” എന്നു വിളിച്ചു എന്നെ കയറ്റി. ബസ്സിൽ ആകെ ഞാനടക്കം മൂന്നു യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് രസം.

യാത്രയ്ക്കിടയിൽ ഞാൻ പാലക്കാട് ജോലി ചെയ്യുന്ന എൻ്റെ സുഹൃത്തായ വിശാലിനെ വിളിച്ചു. ഞാൻ അവിടേക്ക് വരുന്നുണ്ടെന്നും പാലക്കാട് ഒരു ദിവസം ചുമ്മാ കറങ്ങാനാണെന്നും അവനോട് പറഞ്ഞു. നിർഭാഗ്യവശാൽ അവൻ അവിടെയുണ്ടായിരുന്നില്ല. എങ്കിലും അവൻ ജോലി ചെയ്തിരുന്ന വൊഡാഫോൺ സ്റ്റോറിൽ വിളിച്ച് എനിക്ക് സഹായത്തിനായി പിള്ളേരെ ഏർപ്പാടാക്കി. അങ്ങനെ ഞാൻ പാലക്കാട് കോട്ടമൈതാനത്ത് ബസ്സിറങ്ങി.

എവിടേക്കോ പോയപ്പോൾ പണ്ടെപ്പോഴോ കടന്നുപോയതുമാത്രമാണ് പാലക്കാടുമായി എനിക്ക് ആകെയുണ്ടായിരുന്ന ബന്ധം. ബസ്സിറങ്ങിയ ഞാൻ വൊഡാഫോൺ സ്റ്റോർ അന്വേഷിച്ചു നടന്നു. ഒടുവിൽ സ്റ്റോറിൽ ചെന്നപ്പോൾ അവിടത്തെ പിള്ളേർ പല റൂട്ടുകളും എനിക്ക് പറഞ്ഞു തന്നു. വാളയാർ അതിർത്തി ഒന്നു കാണണം ഇന്നുണ്ടായിരുന്നതിനാൽ അവിടേക്കാകാം യാത്രയെന്നു തീരുമാനിച്ച് ഞാൻ സ്റ്റേഡിയം സ്റ്റാൻഡിലേക്ക് നടന്നു.

സ്റ്റാൻഡിലെത്തി വാളയാർ ബസ് നോക്കി നടന്ന എൻ്റെ കണ്മുന്നിൽപ്പെട്ടത് ‘പൊള്ളാച്ചി’ ബോർഡ് വെച്ച ഒരു കെഎസ്ആർടിസി LS ഓർഡിനറി ബസ്സായിരുന്നു. പ്ലാനുകളും തീരുമാനങ്ങളും ക്ഷനേരം കൊണ്ട് മാറിമറിഞ്ഞു. വാളയാർ പോകാമെന്നത് പൊള്ളാച്ചിയ്ക്ക് ആയി. അങ്ങനെ പൊള്ളാച്ചി ബസ്സിൽക്കയറി ഞാൻ യാത്രയായി. പിന്നിൽ കണ്ടക്ടറോടൊപ്പമാണ് ഞാൻ ഇരുന്നത്. യാത്രയ്ക്കിടയിൽ ആ റൂട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടക്ടറോട് ചോദിച്ചു ഞാൻ മനസിലാക്കി. അതോടൊപ്പം തന്നെ പൊള്ളാച്ചി റൂട്ടിലെ കനത്ത കാഴ്ചകളെല്ലാം എന്നെ ആകർഷിച്ചു. അവയെല്ലാം ഞാൻ മൊബൈൽഫോൺ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു.

അങ്ങനെ ബസ് പൊള്ളാച്ചി സ്റ്റാൻഡിൽ എത്തിയപ്പോൾ ഞാനിറങ്ങി. രാവിലെ വീട്ടിൽ നിന്നും യാത്ര പുറപ്പെട്ടു വന്നതിനാൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. പുതിയ കാഴ്ചകൾ കാണുന്നതിനിടയിൽ വിശപ്പ് വന്നു ശല്യപ്പെടുത്തിയതേയില്ല. എങ്കിലും ഞാൻ ബസ് സ്റ്റാൻഡിനു തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഒരു മസാലദോശ കഴിച്ചു. കുറച്ചു സമയം ബസ് സ്റ്റാൻഡിൽ ചുറ്റിതിരിഞ്ഞതിനു ശേഷം ഞാൻ കേരളത്തിലേക്കുള്ള ബസ്സുകൾ പാർക്ക് ചെയ്യുന്ന ഏരിയയിൽ എത്തി. അപ്പോൾ അവിടെ ഞാൻ വന്ന ബസ് തിരികെ പാലക്കാട്ടേക്ക് പോകുവാനായി തയ്യാറായി കിടപ്പുണ്ടായിരുന്നു. അങ്ങനെ വന്നപോലെ ഞാൻ തിരികെ പാലക്കാട്ടേക്ക് പോയി. അവിടുന്ന് നേരെ എറണാകുളത്തേക്കും.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രിയായിരുന്നു. രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് പൊള്ളാച്ചി വരെ പോയി വന്ന കാര്യം ഞാൻ വീട്ടിൽ അവതരിപ്പിക്കുന്നത്. അമ്മ അന്തംവിട്ടു പോയി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കാരണം ഞാൻ ഒരു അത്യാവശ്യ ജോലിയുള്ളതിനാൽ ഓഫീസിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നിട്ടിപ്പോൾ തമിഴ്‌നാട്ടിൽ പോയി വന്നു എന്നൊക്കെ പറഞ്ഞാൽ ആരായാലും ഒന്നു അമ്പരക്കില്ലേ?

ഈയൊരു യാത്ര എനിക്ക് നൽകിയ ഊർജ്ജവും, പ്രേരണയും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പിന്നീട് പരിചയമില്ലാത്തിടത്തേക്ക് പോലും യാത്രകൾ ചെയ്യുവാൻ ഞാൻ അവിടെ നിന്നും പ്രാപ്തനാകുകയായിരുന്നു. അതുകഴിഞ്ഞു ഓഫീസിൽ വന്ന എനിക്ക് പറയുവാനുണ്ടായിരുന്നത് ഈ യാത്രയുടെ വിശേഷങ്ങൾ ആയിരുന്നു.

ഇതിനു ശേഷം മൂന്നാർ – ചിന്നാർ – ഉദുമല്പേട്ട് റൂട്ടിൽ ഒരു ബസ് യാത്രയും ഞാൻ നടത്തുകയുണ്ടായി. അതും ഒറ്റയ്ക്ക്. മൂന്നാർ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ഞാൻ ആ യാത്രയുടെ വിശേഷങ്ങൾ ഒരു യാത്രാവിവരണമാക്കി എഴുതുകയാണ് ചെയ്തത്. യാത്രയിൽ എടുത്ത ചിത്രങ്ങളും ചേർത്ത് ആ വിവരണം ഓഫീസിലെ കൂട്ടുകാർക്കെല്ലാവർക്കും ഞാൻ മെയിൽ ചെയ്തു. ചിലരൊക്കെ അഭിനന്ദിച്ചു. ചിലർ പുച്ഛിച്ചു തള്ളി.

അന്ന് എനിക്ക് ഏറ്റവും കൂടുതൽ മോട്ടിവേഷൻ തന്നത് ഓഫീസിലെ ഉറ്റസുഹൃത്തായ അഫ്സൽ ആയിരുന്നു. “എഴുത്ത് നന്നായിട്ടുണ്ട്. നിനക്ക് എഴുത്തിൽ നല്ല ഭാവിയുണ്ട്” എന്ന് അഫ്‌സൽ പറഞ്ഞപ്പോൾ ആദ്യം ഞാൻ ചിരിച്ചെങ്കിലും വർഷങ്ങൾക്കിപ്പുറം അതേ എഴുത്ത് തന്നെയാണ് ഇന്നെന്റെ ജീവിതമാർഗ്ഗം. ഒപ്പം ചെറിയ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രൊമോഷനും വ്ലോഗിംഗും. അന്ന് എന്നെ പുച്ഛിച്ചു തള്ളിയവർ ഇന്ന് എന്നെ അംഗീകരിച്ചിരിക്കുന്നു എന്നതിൽ എനിക്ക് വളരെയധികം സന്തോഷമാണുള്ളത്.

അതുകൊണ്ട് എനിക്ക് എല്ലാവരോടുമായി എൻ്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഒന്നേ പറയാനുള്ളൂ, പരിഹാസങ്ങളിലും കളിയാക്കലുകളിലും കാലിടറരുത്. ഒരിക്കൽ നമ്മുടെ സമയവും വരും. പിക്ച്ചർ അഭീഭി ബാക്കി ഹെ ഭായ്…