‘മൈ സോന്‍’ ക്ഷേത്ര സമുച്ചയം : വിയറ്റ്നാം തീരത്തെ ശൈവ പ്രഭാവം

ലേഖകൻ – വിപിൻ കുമാർ.

തെക്കുകിഴക്കൻ ഏഷ്യയിലെ പ്രമുഖ പൈതൃക സ്ഥാനങ്ങളില്‍ ഒന്നാണ് വിയറ്റ്നാമിലെ മൈ സോന്‍ (Mỹ Sơn) ക്ഷേത്ര സമുച്ചയം. നാലാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയ്ക്ക് വിയറ്റ്നാം പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ചമ്പാ സാമ്രാജ്യ രാജാക്കന്മാരാല്‍ പടുത്തുയര്‍ത്തിയതാണ് മൈ സോന്‍ ക്ഷേത്ര നിര്‍മ്മിതികള്‍. ഇന്തോനേഷ്യയിലെ പ്രംബനന്‍, കംബോഡിയയിലെ അങ്കോര്‍ വാറ്റ്, ലാവോസിലെ വാഥ് ഫൗ തുടങ്ങിയവയ്ക്ക് സമശീര്‍ഷമായ സ്ഥാനമാണ് മൈ സോനിനുള്ളത്.

ക്വാങ് നാം (Quảng Nam) പ്രവിശ്യയിലെ ദുയ് ക്സുയെന്‍ (Duy Xuyên) ജില്ലയില്‍ രണ്ടു മലനിരകളാല്‍ ചുറ്റപ്പെട്ട, ഏകദേശം രണ്ടു കിലോമീറ്റര്‍ വീതിയുള്ള താഴ് വരയിലാണ് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ചമ്പാ സാമ്രാജ്യകാലത്ത് രാജകീയ, ആത്മീയ ചടങ്ങുകള്‍ക്കും, ദേശീയ വീരനായകരുടെ അന്ത്യവിശ്രമ സ്ഥലമായും മൈ സോന്‍ താഴ്വര ഉപയോഗിച്ചിരുന്നു. എഴുപതിലധികം ക്ഷേത്രങ്ങളും സംസ്കൃതത്തിലും ചാം ഭാഷയിലുമുള്ള നിരവധി ശിലാഫലകങ്ങളും ഉള്‍ക്കൊണ്ടിരുന്നതാണ് ഈ പ്രദേശം. ക്ഷേത്രങ്ങളില്‍ മിക്കതിലും ശിവനെ വിവിധ പ്രാദേശിക നാമങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതില്‍ ഭദ്രേശ്വര ക്ഷേത്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇവയിന്ന് ഭാഗികമായി തകര്‍ന്നതും ഉപേക്ഷിക്കപ്പെട്ടതുമായ നിലയിലാണ്. വിയറ്റ്നാം യുദ്ധകാലത്ത് യുഎസ് പോര്‍ വിമാനങ്ങളുടെ കാര്‍പ്പെറ്റ് ബോംബിങ് നിമിത്തം സാരമായ കേടുപാടുകള്‍ ഈ ചരിത്രനിര്‍മ്മിതികള്‍ക്കുണ്ടായിട്ടുണ്ട്.

വായിച്ചെടുക്കാവുന്ന ലിഖിതങ്ങളില്‍ ഏറ്റവും പഴക്കമേറിയത് എ.ഡി. 380-413 കാലത്ത് ചമ്പാപുര ഭരിച്ചിരുന്ന രാജാവ് ഭദ്രവര്‍മ്മന്റെ (Fànhúdá) താണ്. ഭദ്രവര്‍മ്മന്‍ ശിവലിംഗം ഉള്‍ക്കൊള്ളുന്ന ഒരു നടപ്പുര നിര്‍മ്മിക്കുകയും ക്ഷേത്രവും മൈ സോന്‍ താഴ്വര ആകെയും ഭദ്രേശ്വരന് സമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച ശിലാഫലകത്തില്‍ തന്റെ പിന്‍ഗാമികളോടുള്ള അഭ്യര്‍ഥന കാണാം- “എന്നോടു കനിവുണ്ടെങ്കില്‍ ഞാന്‍ നല്‍കിയത് നശിപ്പിക്കാതിരിക്കുക. നിങ്ങള്‍ ഇവ നശിപ്പിക്കുകയാണെങ്കില്‍, നിങ്ങളുടെ ജന്മാന്തര സത്കര്‍മങ്ങളുടെ ഫലമെല്ലാം എന്റേതും എന്റെ ദുഷ്പ്രവൃത്തികളുടെ ഫലമെല്ലാം നിങ്ങളുടേതുമായിരിക്കും. മറിച്ച്, നിങ്ങൾ ശരിയായി അവ പരിപാലിക്കുകയെങ്കില്‍, അതിന്റെ പുണ്യം നിങ്ങൾക്ക് മാത്രമായിരിക്കും.”

രണ്ടു നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ ക്ഷേത്രം തീപിടിച്ചു നശിച്ചതായി കാണുന്നു. പിന്നീട് എ.ഡി. 577-629 കാലത്ത് ഭരണം നടത്തിയ ശംഭുവര്‍മ്മ (Phạm Phạn Chi ) നാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. ശംഭു-ഭദ്രേശ്വര എന്ന നാമത്തില്‍ വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തി. “ലോകത്തിന്റെ സ്രഷ്ടാവും പാപത്തിൻറെ നാശകനുമായ ശംഭു-ഭദ്രേശ്വര ചമ്പ രാജ്യത്ത് സന്തുഷ്ടി പരത്തട്ടെ” എന്ന് ശംഭുവര്‍മ്മന്റെ ശിലാശാസനം ആഗ്രഹം പ്രകടിപ്പിക്കുന്നു. “രാത്രിയെ പ്രകാശിപ്പിക്കുന്ന ഭൗമ സൂര്യനെപ്പോലെ”, “ശരത്കാല സന്ധ്യയിലെ ചന്ദ്രനെപ്പോലെ” എന്നിങ്ങനെ രാജസ്തുതികളും ശിലാശാസനത്തില്‍ കാണാം.

എ.ഡി. 605ല്‍ ചമ്പാ രാജ്യം ചൈനയില്‍ നിന്നുള്ള രൂക്ഷമായ ആക്രമണത്തെ നേരിട്ടു. ജനറൽ ലിയു ഫാംഗ് വടക്കൻ വിയറ്റ്നാമിലുള്ള പ്രദേശത്തുനിന്ന് ഒരു സൈന്യത്തെ നയിക്കുകയും, ശംഭുവര്‍മ്മന്റെ ആനപ്പടയെ കീഴടക്കുകയും, ചാം തലസ്ഥാനം പിടിച്ചടക്കുകയും ചെയ്തു. കൊള്ളമുതലുമായി തിരിച്ചുപോകുന്ന വഴി പകർച്ചവ്യാധി കാരണം ചൈനീസ് സൈന്യത്തിലെ ജനറലടക്കം മിക്കവരും മരണപ്പെട്ടു. ശംഭുവര്‍മ്മന്‍ തലസ്ഥാനത്ത് തിരിച്ചെത്തി, പുനർനിർമ്മാണ പ്രക്രിയ ആരംഭിച്ചു. തുടര്‍ യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ ചൈനയിലേക്ക് കപ്പല്‍ ചരക്ക് അയച്ചുകൊണ്ടുമിരുന്നു.

എ.ഡി. 653-687കാലത്ത് ഭരണം നടത്തിയ പ്രകാശധര്‍മ്മന്‍ ചമ്പാ രാജ്യത്തിന്റെ അതിര് തെക്കോട്ട് വ്യാപിപ്പിച്ചു. വിക്രാന്തവര്‍മ്മന്‍ എന്ന പേരു സ്വീകരിച്ച അദ്ദേഹം ചൈനയിലേക്ക് അംബാസഡര്‍മാരെ അയയ്ക്കുകയും ഉപഹാരമായി ആനകളെ കൊടുക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തെ ശിലാശാസനം ചമ്പാ രാജാക്കന്മാരുടെ വംശപരമ്പര മനസ്സിലാക്കാന്‍ സഹായകകരമാണ്. ശാസനത്തില്‍ പുനർജന്മത്തിലേക്ക് നയിക്കുന്ന കർമഫലങ്ങൾ മറികടക്കാനായി ലോകനിയന്താവായ ശിവനെ സ്മരിക്കുന്നു. പ്രകാശധര്‍മ്മന്‍ ശിവന്റെ മാത്രമല്ല, വിഷ്ണുവിന്റെയും ഭക്തനായിരുന്നു. ചമ്പാ രാജവംശത്തില്‍ ഇതപൂര്‍വമാണ്.

തുടര്‍ന്നു വന്ന രാജാക്കന്മാര്‍ പലരും പഴയ ക്ഷേത്രങ്ങള്‍ മോടി പിടിപ്പിക്കുകയും പുതിയവ പണിയിപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരു സഹസ്രാബ്ദത്തോളം മൈ സോന്‍ ചമ്പാ സാമ്രാജ്യത്തിന്റെ ആത്മീയ-സാംസ്കാരിക സിരാകേന്ദ്രമായി നിലകൊണ്ടു. പ്രധാന ശിലാശാസങ്ങളില്‍ ഏറ്റവും പഴക്കം കുറഞ്ഞത് എ.ഡി. 1243 ലെ രാജാവ് ജയേന്ദ്രവര്‍മ്മന്‍ അഞ്ചാമന്റേതാണ്. പതിനഞ്ചാം നൂറ്റാണ്ടോടെ മൈ സോന്‍ ഉള്‍പ്പെട്ട ചമ്പാ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ വിയറ്റുകള്‍ കീഴടക്കി. അതിനു ശേഷം മൈ സോന്‍ ക്ഷേത്രങ്ങള്‍ വിസ്മൃതിയിലാണ്ടു. എ.ഡി. 1832 ഓടെ ചമ്പാ രാജവംശത്തിന്റെ പതനം പൂര്‍ണമായി.

1858 ഓടെ വിയറ്റ്നാം ഫ്രഞ്ച് കോളനിയായി. 1898 ല്‍ ഫ്രഞ്ച് ഗവേഷകന്‍ എം.സി. പാരീസാണ് മൈ സോന്‍ ക്ഷേത്ര സമുച്ചയം കണ്ടെത്തുന്നത്. 1904 ല്‍ ക്ഷേത്ര നിര്‍മ്മിതികളെയും ശിലാശാസനങ്ങളെയും പ്രാഥമിക പഠനവിവരങ്ങള്‍ ഫ്രഞ്ച് ഗവേഷകര്‍ പ്രസിദ്ധീകരിച്ചു. 1937-1943 കാലഘട്ടത്തില്‍ ഫ്രഞ്ച് വിദഗ്ധര്‍ 71 ക്ഷേത്രങ്ങള്‍ തരംതിരിച്ച് പുനരുദ്ധാരണം നടത്തി. പക്ഷേ, 1969 ആഗസ്റ്റില്‍ യുഎസ് B52 യുദ്ധവിമാനങ്ങളുടെ കാര്‍പ്പറ്റ് ബോംബിങ്ങില്‍ പ്രധാന ക്ഷേത്രമായ ശംഭു-ഭദ്രേശ്വര ഉള്‍പ്പെടെ കുറെയെണ്ണം ചരലുകള്‍ മാത്രമായി. എങ്കിലും കാലത്തെ അതിജീവിച്ച് ഭൂരിഭാഗം ക്ഷേത്രങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. 1999ല്‍ യുനെസ്കോ മൈ സോന്‍ ക്ഷേത്രസമുച്ചയത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. വിവിധ വിദേശരാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സഹായത്തോടെ ഈ പൈതൃകസ്വത്ത് വിയറ്റ്നാം സര്‍ക്കാര്‍ പരിപാലിച്ചു വരുന്നു.

ചമ്പാ സാമ്രാജ്യം, ചാം ജനത: എ.ഡി. 192 മുതല്‍ 1832-ൽ വിയറ്റ്നാമീസ് ചക്രവർത്തി മിൻ മാങ്ഗ് ( Minh Mạng) പിടിച്ചെടുക്കപ്പെടുന്നതിനു മുൻപുവരെ മധ്യ-തെക്കൻ വിയറ്റ്നാമിന്റെ തീരത്ത് നീണ്ടുകിടക്കുന്ന സ്വതന്ത്ര ചാം രാഷ്ട്രങ്ങളുടെ സമാഹാരമായിരുന്നു ചമ്പദേശ (ചാം ഭാഷാരൂപം: നഗര ചമ്പ). ഇന്ദ്രപുര (Da Nang), സിംഹപുര (Trà Kiệu), വിജയ (QuiNhon), കൗഥര (Nha Trang), പാണ്ഡുരംഗ (Phan Rang), എന്നിവയായിരുന്നു ചമ്പദേശത്തെ പ്രധാനപ്പെട്ട പട്ടണങ്ങള്‍. ക്ഷേത്രനഗരിയായ മൈ സോനു പുറമെ, ചമ്പാ സാമ്രാജ്യത്തിന്റെ തുറമുഖ പട്ടണമായിരുന്ന ഹോയ് ആനെ (Hội An) യും യുനെസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാം ജനത വിവിധ ഇന്ത്യന്‍ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. 17ആം നൂറ്റാണ്ടോടെ രാജവംശം ഇസ്ലാം മതം സ്വീകരിച്ചു. അതോടെ ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായി. അവരെ ബാനി ചാം എന്ന് വിളിക്കുന്നു. വിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് കുറെ ബാനി ചാമുകള്‍ക്ക് കംബോഡിയ അഭയം നൽകുകയും ചെയ്തു. ന്യൂനപക്ഷം ചാം ജനത ഹിന്ദു വിശ്വാസം, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ എന്നിവ നിലനിര്‍ത്തുന്നുണ്ട്. അവരെ ബാലാമൺ ( ബ്രാഹ്മണ്‍) ചാം എന്നു വിളിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ബന്ധം മുറിഞ്ഞിട്ടും ഹിന്ദു സംസ്കാരം പിന്തുടരുന്ന രണ്ടു കൂട്ടരില്‍ ഒന്നാണ് ബാലാമൺ ചാമുകള്‍. ഇന്തോനേഷ്യയിലെ ബാലിനീസ് ഹിന്ദുക്കളാണ് രണ്ടാമത്തേത്. വിയറ്റ്നാം ടൂറിസത്തിന്റെ മുഖ്യ ആകര്‍ഷണമായ കേയ്റ്റ് ഫെസ്റ്റിവല്‍ (Mbang Kate) ബാലാമൺ ചാമുകളുടെ പരമ്പരാഗതമായ ഉത്സവമാണ്.