മ്യാൻമാർ : ഒരു മിന്നൽ സന്ദർശനവും എട്ടിൻ്റെ പണിയും

വിവരണം – ഡോ. മിത്ര സതീഷ്.

യാത്രകൾ കാര്യമായി എടുത്തു തുടങ്ങിയ കാലത്ത്, യാത്രയിൽ കണ്ട്മുട്ടുന്ന പലരുടെയും ചോദ്യമായിരുന്നു “എത്ര രാജ്യങ്ങൾ കണ്ടിട്ടുണ്ട്” എന്ന്. ആ ചോദ്യങ്ങളിൽ നിന്നും പോയ രാജ്യങ്ങളുടെ കണക്കാണ് യാത്രികരുടെ അളവുകോൽ എന്ന ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായി. അതുകൊണ്ട് മണിപൂർ സന്ദർശന സമയത്ത് ഒരു ദിവസംകൊണ്ട് വിസ ഒന്നുമില്ലാതെ മ്യാൻമാർ സന്ദർശിച്ചു വരാൻ പറ്റും എന്ന് സുഹൃത്ത് അഞ്ജലി പറഞ്ഞപ്പോൾ, കണ്ട് കളയാം എന്ന് ഞാനും തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും കണ്ട രാജ്യങ്ങളുടെ എണ്ണം കൂട്ടാമല്ലോ!!

രാവിലെ തന്നെ ഇംഫാൽ share taxi സ്റ്റാൻഡിൽ എത്തി. ഇംഫാൽ നിന്നും നൂറ്റിപ്പത്ത് കിലോമീറ്റർ ദൂരെയാണ് അതിർത്തി പട്ടണമായ മോറേ സ്ഥിതി ചെയ്യുന്നത്. omni വാനുകളാണ് share taxi ആയിട്ട് ഓടുന്നത്. 7.30 നു‌ അവിടെ നിന്നും പുറപ്പെട്ടു.

രണ്ടുവരി പാതയാണ് NH 39 -ഇംഫാൽ മുതൽ മോറേ വരെ. ആദ്യത്തെ നാൽപ്പതോളം കിലോമീറ്റർ നീണ്ടു നിവർന്നു കിടക്കുന്ന പാതയായിരുന്നു. രണ്ടു വശത്തും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളും, ദൂരെ മലകളും, നല്ല തെളിഞ്ഞ നീലാകാശവുമൊക്കെയായി ഒരു മനോഹരമായ യാത്ര. അതുകഴിഞ്ഞങ്ങോട്ട്‌ മല കയറി തുടങ്ങും. മൂന്നു മണിക്കൂറിന്റെ അന്ത്യത്തിൽ നമ്മൾ മോറെ എത്തിച്ചേരും.

വഴിയിൽ കർശനമായ മിലിട്ടറി പരിശോധനയുണ്ട്. വാഹനത്തിൽ നിന്നും ഇറക്കി വാഹനവും യാത്രക്കാരേയും പരിശോധിക്കും. തിരിച്ച് 4.30 മണിക്ക് ഈ ചെക്ക്പോസ്റ്റ് തിരിച്ചു കടക്കണം. അല്ലെങ്കിൽ തിരികെ വരാൻ സാധിക്കില്ല. മോറെയിൽ തങ്ങേണ്ടി വരും.

ടാക്സിക്കാരൻ ഇറക്കി വിട്ട സ്ഥലത്ത് നിന്നും 15 മിനുട്ട് നടന്നാൽ ഇൻഡോ മ്യാൻമാർ friendship ഗേറ്റ് എത്തും. അതാണ് അതിർത്തി. നടന്ന് ഇത് കടക്കുമ്പോൾ മ്യാൻമാർ പെർമിറ്റ് ഓഫീസ് കാണാം. അവിടെ നമ്മുടെ ആധാർ കാർഡും ഇരുപത് രൂപയും അടച്ചാൽ ഒരു രസീത് തരും. അതാണ് നമ്മുടെ പാസ്സ്. വൈകിട്ട് നാല് മണിക്ക് മുന്നേ തിരികെ പോകണം.ആ സമയത്ത് ഈ രസീത് അവിടെ കൊടുക്കുമ്പോൾ ആധാർ തിരിച്ചു കിട്ടും. രസീത് ഞാൻ ഭദ്രമായി ബാഗിന്റെ ഉള്ളറയിൽ വെച്ചു.

പെർമിറ്റ് ഓഫീസിൽനിന്നും കാലെടുത്ത് വെച്ചാൽ മ്യാൻമാറിലെ നംഫലോങ് ബസാർ ആണ്. വളരെ തിരക്കുപിടിച്ച മാർക്കറ്റ്. വസ്ത്രങ്ങളും, electronic ഉപകരണങ്ങളും, ഗൃഹോപകരണങ്ങളും, പലചരക്കു, പച്ചക്കറിയും പഴവർഗങ്ങളും, മത്സ്യവും എല്ലാം ഇവിടെ നിസ്സാര വിലക്ക് ലഭിക്കും. അത് കൊണ്ടുതന്നെ ഇന്ത്യയിൽ നിന്നും കച്ചവടക്കാർ ഈ മാർക്കറ്റിൽ നിന്നും കെട്ട് കണക്കിന് സാധനങ്ങൾ വാങ്ങി കൊണ്ട് പോയി നാട്ടിൽ ഇരട്ടി വിലക്ക് വിൽക്കുന്നു.

കമ്പോളത്തിൽ സാധനങ്ങൾ വിൽക്കാൻ ഇരിക്കുന്ന സ്ത്രീകളുടെ മുഖത്ത് ചന്ദനം പോലെ ഒരു പേസ്റ്റ് അരച്ചിട്ടിരിക്കുന്നു. അത് തനാഖ എന്ന ഒരു മരത്തിന്റെ പേസ്റ്റ് ആണ്. അങ്ങനെ അതിട്ടാൽ ചർമ്മത്തിന് സൂര്യ രശ്മിയിൽ നിന്നും സുരക്ഷ ലഭിക്കും. കൂടാതെ പ്രായത്തിന്റെ ചുളിവുകൾ ഒന്നും വരില്ല എന്ന് വിശ്വസിക്കപ്പെടുന്നു.അത് കൊണ്ട് കൊച്ചു കുട്ടികൾ മുതൽ പ്രായമായവർവരെ ഈ പേസ്റ്റ് പുരട്ടിയാണ് നടന്നിരുന്നത്.

എനിക്കും ഷോപ്പിംഗ് പ്ലാൻ ഉണ്ടായിരുന്നെങ്കിലും ആദ്യം സ്ഥലം കണ്ട് വരാമെന്ന് തീരുമാനിച്ച് നേരെ share auto കിട്ടുന്ന സ്ഥലത്തേക്ക് നടന്നു. മനസ്സിൽ ചെറിയ ടെൻഷനുണ്ടായിരുന്നു. കാരണം അപ്പോൾ തന്നെ സമയം 11.30 ആയി. നാല് മണിക്കൂർ കൊണ്ട് തിരിച്ചു ചാടണമല്ലോ. ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോൾ അവസാനത്തെ ഓട്ടോയിൽ മൂന്ന് പേർ കയറുന്നു.അടുത്ത ഓട്ടോ വരുന്നത് വരെ നോക്കി നിൽക്കാൻ സമയമില്ല. അവരോട് എന്നെ കൂടി കൂട്ടാൻ അഭ്യർത്ഥിച്ചപ്പോൾ അവർ സന്തോഷപൂർവം സമ്മതിച്ചു.

ഇംഫാലിലെ റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും, സിക്കിം നിന്നും വന്ന അയാളുടെ മേലുദ്യോഗസ്ഥനും, ഓഫീസ് ബോയ് അടങ്ങുന്നതയിരുന്നു മൂവർ സംഘം. ഞാൻ തെക്കേ ഇന്ത്യയിൽ നിന്നും ആണെന്ന് പറഞ്ഞപ്പോൾ അവർ നിങ്ങള് main landers ( വടക്ക് കിഴക്കൻ ഭാഗത്തുള്ളവർ ബാക്കിയുള്ളവരെ അങ്ങനെയാണ് വിളിക്കുന്നത്) എന്താണ് ഞങ്ങളോട് ഇത്ര അവഗണന എന്ന് പറഞ്ഞ് എന്നെ ‘വധിക്കാൻ ‘ തുടങ്ങി. ഞാൻ ശെരിക്കും പെട്ടൂ. നിങ്ങള് ഉദ്ദേശിക്കുന്ന ആൾ ഞാനല്ല.. എന്നൊക്കെ പറയാൻ ശ്രമിച്ചെങ്കിലും അവർ അവരുടെ അവഗണനയുടെ നീണ്ട ചരിത്രത്തെ കുറിച്ച എനിക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് തന്നെ എടുത്തു തന്നു.

ആദ്യത്തെ സ്റ്റോപ് ആയ ബുദ്ധ മന്ദിരത്തിൽ എത്തിയപ്പോൾ രക്ഷപെട്ടു എന്ന് ഞാൻ ആശ്വസിച്ചു. ചെറിയ പടിക്കെട്ട് കയറി വേണം അവിടെ എത്താൻ. പ്രധാന കെട്ടിടത്തിന്റെ പുനരുദ്ധാരണം നടക്കുകയായിരുന്നു. അതിന്റെ അടുത്ത് ഒരു വലിയ പാമ്പിന്റെ പത്തിക്കടിയിൽ ഇരിക്കുന്ന ഒരു ബുദ്ധ പ്രതിമ വ്യത്യസ്ത അനുഭവമായിരുന്നു. സാധാരണ കണ്ട് വരുന്ന പ്രയർ വീൽ/ വർണ ശബളമായ ഫ്ളാഗ് ഒന്നുമില്ല.

പതുക്കെ സ്ഥലം വിടാം എന്ന് വിചാരിച്ച് നോക്കുമ്പോൾ കൂടെ ഉള്ളവർ അതിന്റെ അടുത്തുള്ള കെട്ടിടത്തിൽ പോകുന്നു.അവിടെ ഒരു ബുദ്ധ സന്ന്യാസി കാലിൻമേൽ കാലും വെച്ച് ‘ഫോണിൽ ചുണ്ണാമ്പ് പുരട്ടി’ ഇരിക്കുന്നതു കണ്ട് എനിക്ക് അദ്ഭുതം തോന്നി. മേലുദ്യോഗസ്ഥൻ ബുദ്ധ മതക്കാരനായിരുന്നു. പുള്ളി അവിടെ പോയി ഒരേ കത്തി. ഒന്നിച്ചു പിടിച്ച ഓട്ടോ ആയത് കൊണ്ട് എനിക്ക് ഇറങ്ങാനും പറ്റില്ല. ശെരിക്കും പുലിവാൽ പിടിച്ചു എന്ന് മനസ്സിലായി.

കുറേ കഴിഞ്ഞ് എതായാലും പുള്ളി ഇറങ്ങി. അടുത്തത് ഓട്ടോക്കാരൻ ഒരു കുളത്തിന്റെ അവിടെ ഞങ്ങളെ ഇറക്കി. പറയാൻ മറന്നു മ്യാൻമാരിന്റെ ഒരു സവിശേഷത… അവിടെയുള്ളവർക്ക് ഇംഗ്ലീഷും ഹിന്ദിയും ഒന്നും മനസ്സിലാകില്ല. സാധാരണ ഭൂട്ടാൻ ഒക്കെ പോയപ്പോൾ അതിർത്തി പട്ടണത്തിൽ ഉള്ളവർ ഹിന്ദി മനോഹരമായി സംസാരിക്കും. അതുകൊണ്ട് തന്നെ ഭാഷ ഒരു പ്രശ്നമായി തോന്നിയിരുന്നില്ല.

മ്യാൻമാരിൽ സ്ഥിതി വ്യത്യസ്തമായി രിന്നൂ. വർഷങ്ങൾ മിലിറ്ററി ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ജനത ആയതു കൊണ്ട് തന്നെ വിദ്യാഭ്യാസത്തിന് അധികം ഊന്നൽ ഇല്ലായിരുന്നു.അവരുടെ ഭാഷ മാത്രമേ അവർക്ക് അറിയൂ. ഓട്ടോചെട്ടനോട് ഇത് എന്താണെന്ന് ചോദിച്ചിട്ട് പുള്ളി മേൽപ്പോട്ട് നോക്കി ഇരിപ്പാണ്. അപ്പോ അതാ ദൂരെ നിന്നും ഹോണ്ട ആക്ടീവയിൽ ചെത്തിയടിച്ച് മുടിയൊക്കെ straighten ചെയ്ത അടിപൊളി രണ്ടു പെൺപിള്ളേർ ചീറിപ്പാഞ്ഞുവരുന്നു. ഞാൻ നേരെ സ്‌കൂട്ടറിന്റെ മുന്നിൽ പോയി കൈ കാണിച്ച് ഇംഗ്ലീഷിൽ കാര്യങ്ങൽ ചോദിക്കാൻ ശ്രമിച്ചു. എന്റെ പ്രതീക്ഷകൾ മൊത്തം തെറ്റി. അവർക്ക് പോലും ഇംഗ്ലീഷ് ഒരക്ഷരം അറിയില്ല. ആകെ ജപ ജപ അവസ്ഥ. പട്ടി ചന്തക്ക് പോയ പോലെ ഞാൻ അവിടം ചുറ്റിക്കണ്ടു.

മ്യാൻമാറിലെ വേറൊരു പ്രത്യേകത അവിടത്തെ വീടുകൾ എല്ലാം തറയിൽ നിന്നും കുറച്ച് ഉയരത്തിൽ തൂണുകളിൽ ആണ് ഘടിപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷ നേടാനാണ് ഈ ഏർപ്പാട്. മിക്ക വീടുകളും തടിപ്പലക കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അപ്പോഴേക്കും മണി ഒന്നായി. രാവിലെയും ഭക്ഷണം കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പായി. എല്ലാവരുംകൂടി തമു പട്ടണത്തിൽ ഒരു ഭക്ഷണശാലയിൽ കയറി. ഞാൻ നൂഡിൽസ് പറഞ്ഞു, കാരണം അതാകുമ്പോ പെട്ടെന്ന് കഴിച്ച് ഇറങ്ങാമല്ലോ. കൂടെയുള്ളവർ അടുത്ത പണി തന്നു. അവർ സൂപ്പും , സ്റ്റർട്ട്ടറും, ഭക്ഷണവും ഒക്കെ കഴിച്ച് ഇറങ്ങിയപ്പോൾ മണി 3 ആയി.

എന്റെ മുഖത്തെ മ്ളാനത കണ്ടപ്പോൾ മേലുദ്യോഗസ്ഥൻ പറഞ്ഞൂ “മാഡം നിങ്ങള് വിഷമിക്കേണ്ട. ഞങ്ങൾക്ക് govt special pass ഉണ്ട്. അതുകൊണ്ട് വൈകിയാലും കുഴപ്പമില്ല. നിങ്ങളെ സുരക്ഷിതമായി ഞങ്ങൾ ഇംഫാൽ എത്തിച്ചോളാം.” മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. കാര്യമായിട്ട് ഷോപ്പിംഗ് ചെയ്യാം, ഫ്രീ ലിഫ്ടും കിട്ടി.

അവിടുന്ന് ഞങ്ങൾ തിരിച്ചു ഷോപ്പിംഗിനായി ആദ്യം കണ്ട മാർക്കറ്റിൽ 3.30 ന് എത്തി. ഓട്ടോക്കാരന് പൈസ കൊടുക്കാൻ അവർ സമ്മതിച്ചില്ല. നിങ്ങള് ഞങ്ങളുടെ അതിഥി ആണെന്ന് പറഞ്ഞു അവരു കൊടുത്തു. ഞങ്ങൾ പതുക്കെ കടയിൽ സാധനം വാങ്ങാൻ തുടങ്ങി. ഒരു പെൻഡ്രൈവ് വാങ്ങി പൈസ കൊടുത്ത് തിരിഞ്ഞു നോക്കുമ്പോൾ കൂടെയുള്ള കക്ഷികളുടെ പൊടി പോലുമില്ല. ആ തിരക്കിൽ അവർ മിസ്സ് ആയി.

ഞാൻ 10 മിനിട്ടോളം തിരഞ്ഞെങ്കിലും കണ്ടെത്താൻ പറ്റിയില്ല. അപ്പോഴേക്കും സമയം നാല് ആകാറായി. അവസാനം ഷോപ്പിംഗ് ശ്രമം അവിടെ ഉപേക്ഷിച്ച് ഞാൻ ബോർഡർ കടന്ന് മൊറെയിൽ എത്തി.

സോളോ യാത്രയിലെ ഒരു വലിയ പാഠം ഞാൻ അന്ന് പഠിച്ചു. മര്യാദക്ക് ആദ്യമെ വേറേ ഓട്ടോ പിടിച്ചിരുന്നു എങ്കിൽ എന്റെ കാര്യങ്ങൽ നടന്നു പോയേനെ. അവിടുന്ന് share taxi പിടിക്കാൻ ചെന്നപ്പോൾ അടുത്ത രസം. ഇങ്ങോട്ട് 300 രൂപ കൊടുത്ത സ്ഥാനത്ത് അങ്ങോട്ട് 500 രൂപയാണ് ചാർജ്. അതിന്റെ ന്യായം ഇപ്പോഴും പിടികിട്ടിയിട്ടില്ല. എന്തായാലും ഒരു ഷെയർ ടാക്സിയിൽ കയറി. മിലിറ്ററി check post എത്തിയപ്പോൾ നീണ്ട നിര. എല്ലാ വാഹനത്തിലും ആളുകൾ ധാരാളം സാധനം കയറ്റിയിട്ടുണ്ട്.

ഓരോ കെട്ടും അഴിച്ച് പരിശോധിച്ച ശേഷം മാത്രമേ കടത്തി വിടൂ. ചുരുക്കം പറഞ്ഞാൽ ഒരു മണിക്കൂർ അവിടെ പോസ്റ്റ് ആയി. മൊത്തത്തിൽ ഫ്ലോപ്പ് ആയ ദിവസത്തെ ഏറ്റവും നല്ല അനുഭവം, തിരികെ യാത്ര ചെയ്തപ്പോൾ കണ്ട സൂര്യാസ്തമയം ആയിരുന്നു.

കിലോമീറ്ററുകളോളം നീണ്ടു കിടന്ന മലനിരകൾക്കുപിന്നിൽ സൂര്യൻ അസ്തമിക്കുന്ന കാഴ്ചയും, അതിനു ശേഷം അന്തരീക്ഷം മൊത്തം സ്വർണ ശോഭയിൽ തിലങ്ങിയപ്പോൾ നിരാശയൊക്കെ മാറി പഴയ ഉന്മേഷം തിരികെക്കിട്ടി. തിരിച്ച് ഇംഫാൽ എത്തിയപ്പോൾ മണി എട്ട് കഴിഞ്ഞു.

ഇന്ന് എനിക്ക് യാത്രകളെ കുറിച്ചുള്ള ധാരണകൾ ഒക്കെ മാറി. 10 രാജ്യം കാണുനതിനേക്കാട്ടിലും , ഒരു രാജ്യം മര്യാദക്ക് കാണുക, കര്യങ്ങൾ മനസ്സിലാക്കുക, അവരുടെ സംസ്കാരവും മറ്റും അടുത്തറിയുക എന്നീ കാര്യങ്ങള്ക്ക് ആണ് ഞാൻ പ്രാധാന്യം നൽകുന്നത്. അത് കൊണ്ട് തന്നെ തിരിഞ്ഞ് നോക്കുമ്പോൾ മ്യാൻമാർ സന്ദർശനം ഒരു തമാശയായിട്ടാണ്‌ തോന്നുന്നത്.

കുറിപ്പ് – ഇംഫാൽ നിന്നും 110 km ആണ് അതിർത്തി പട്ടണം മോറെ. മോറെ എത്തുന്നതിനു മുമ്പ് ഉള്ള ചെക്ക്പോസ്റ്റ് വൈകിട്ട് 4.30 മണിക്ക് അടക്കും. അത് കൊണ്ട് തിരികെ വരുമ്പോൾ 4 മണിക്ക് എങ്കിലും മോറേ വിടാൻ ശ്രദ്ധിക്കുക. മ്യാൻമാറിലേക്ക് കടക്കാൻ മോറെ അതിർത്തിയിൽ ഉള്ള പെർമിറ്റ് ഓഫീസിൽ 20 rs അടക്കണം. കൂടാതെ ഒരു id proof അവിടെ ഏൽപ്പിക്കണം. അവിടന്ന് കിട്ടുന്ന രസീത് വെച്ച് നാല് മണി വരെ നമുക്ക് മ്യാൻമാർ അതിർത്തി പട്ടണമായ തമു ചുറ്റി കാണാം. മോറെ വരെ പോകാൻ 300 രൂപയും തിരികെ ഇംഫാൽ എത്താൻ 500 രൂപയും കൊടുക്കണം. പെർമിറ്റ് ഓഫീസ് നിന്നും 5 കിലോമീറ്റർ ദൂരെയാണ് തമു പട്ടണം. അവിടെ ചുറ്റി കാണാൻ share auto 500 രൂപയാണ്.