അധികമാരും ചെന്നെത്തിയിട്ടില്ലാത്ത വഴികളിലൂടെ ഒരു മൈസൂർ യാത്ര…

ഈ യാത്രാവിവരണം നമുക്കായി തയ്യാറാക്കിയത് – ഷാനു പ്രസാദ് ചൂരപ്ര.

കാണാത്ത കാഴ്ചകൾ തേടി ഒരു മൈസൂർ യാത്ര. അതായിരുന്നു മാസങ്ങൾക്ക് മുന്നേ ഉള്ള ഞങ്ങളെ യാത്രയുടെ പ്ലാനിങ്ങും, ലക്ഷ്യവും. അങ്ങനെയാണ് കഴിഞ്ഞ ഡിസംബർ 25ന് ഞങ്ങൾ യാത്ര പുറപ്പെട്ടത്. പതിവ് ബൈക്ക് യാത്ര ഒഴിവാക്കി, കാറിൽ ആണ് ഇത്തവണ യാത്ര. രാവിലെ 9മണിക്ക് തന്നെ ഞാൻ ജിഷ്ണൂനേയും സീതയെയും കാത്ത് താമരശ്ശേരി നിന്നു. സന്തോഷത്തോടെ ഞങ്ങൾ യാത്ര തുടർന്നു. പതിവ് മുത്തങ്ങ-ഗുണ്ടൽപെട്ട റൂട്ട് മാറ്റി പകരം, മാനന്തവാടി-കുട്ട-നാഗർഹോളെ വഴി പോകാൻ ആണ് ഞങ്ങളുടെ തീരുമാനം.

ഉച്ചയോട് കൂടി മാത്രമേ മൈസൂർ എത്തൂ എന്നതിനാലും, നേരത്തെ ചെന്നിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാഞ്ഞതിനാലും, പരമാവധി കാട് കാണാൻ ആണ് ഞങ്ങൾ ശ്രമിച്ചത്. അതിനാൽ തന്നെ ആണ് തോൽപെട്ടി കാടും, നാഗർഹോളെ കടുവ സാങ്കേതവും യാത്രയിൽ ഉൾപ്പെടുത്തിയത്. ബൈക്ക് യാത്രയിൽ ഉള്ള പ്രധാന പരിമിതിയാണ് നാഗർഹോളെയിൽ ബൈക്ക് കടത്തി വിടില്ല എന്നത്. അതിനാൽ തന്നെ ആണ് ഇത്തവണ യാത്ര കാറിൽ ആക്കിയത്.

മാനന്തവാടിയിൽ നിന്നും വാങ്ങിയ 3 കിലോ ഓറഞ്ച് ഉണ്ട് വണ്ടിയിൽ. വിശക്കുമ്പോഴെല്ലാം അതെടുത്തു തിന്നും.. അങ്ങനെ വിശപ്പിനെ ഒരു പരിധി വരെ തടയിട്ടു. കാട്ടിൽ കയറിയപ്പോൾ തന്നെ കുറെ മാൻകൂട്ടങ്ങൾ ആണ് ഞങ്ങളെ വരവേറ്റത്. ഉച്ച സമയം ആയതിനാൽ വല്ലാണ്ട് മൃഗങ്ങളെ കാണില്ല എന്നു കരുതിയത് ആയിരുന്നു. പോകുന്ന വഴിയിൽ കാട്ടു പോത്തിൻ കൂട്ടവും എല്ലാം ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. കാടിനുള്ളിൽ ആദിവാസി ഗ്രാമവും, അവിടുത്തെ ആൾക്കാരെയും എല്ലാം കണ്ട് കൊണ്ട് മുന്നോട്ട് പോകുമ്പോൾ ആണ് ആനക്കൂട്ടത്തിനെ കണ്ടത്. ഫോട്ടോ എടുക്കുന്നതിനെക്കാളും വലുത് ജീവൻ ആയതിനാൽ ഫോട്ടോ നല്ല രീതിയിൽ എടുക്കാൻ ശ്രമിച്ചില്ല.

വീതി കുറഞ്ഞ റോഡും, ഇടതൂർന്ന കാടും, മാൻകൂട്ടങ്ങളെയും എല്ലാം കണ്ടു കൊണ്ട് കാട് തീർന്നു. ഇനി ഹുൻസുർ ആണ്. ഭക്ഷണം മൈസൂർന്ന് കഴിക്കാം എന്നു കരുതിയത് ആയിരുന്നു. അതിനാൽ തന്നെയും ഓറഞ്ച് വിശപ്പിനെ ഇടക്കിടക്ക് ആശ്വസിപ്പിക്കുന്നുണ്ട്. വൈകുന്നേരം മൂന്നോട് കൂടി മൈസൂർ എത്തി. ഭക്ഷണം കഴിച്ച ശേഷം 25 കിലോമീറ്റർ അകലെയുള്ള സോമനാഥപുരം പോകാൻ ആണ് പദ്ധതി. അവിടെ ചേന്ന കേശവ ക്ഷേത്രം കാണണം. കൃഷ്ണശിലയിലെ ക്ഷേത്രവും, ആരെയും വിസ്മയിപ്പിക്കുന്ന കൊത്തുപണികളും ആണ് ക്ഷേത്രത്തിന്റെ പ്രത്യേകത. പക്ഷെ പദ്ധതികൾ എല്ലാം തകർത്തത് റെസ്റ്റോറന്റിൽ ആയിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ഭക്ഷണം വരാൻ എടുത്തു.

എല്ലാം കഴിഞ്ഞ് ഞങ്ങൾ നേരെ സോമനാഥപുരം ലക്ഷ്യമാക്കി പുറപ്പെട്ടു. പോകുന്ന വഴിയെല്ലാം അതിമനോഹരം ആണ്. സായാഹ്‌ന സൂര്യന്റെ വെളിച്ചത്തിൽ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന, ഗോതമ്പ് വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ കണ്ടപ്പോൾ ഇറങ്ങാതിരിക്കാൻ കഴിഞ്ഞില്ല. വിളവെടുപ്പ് നടക്കുന്ന പാടങ്ങളും ഉണ്ട്. ചെമ്മരിയാടുകൾ ഓടിക്കളിക്കുന്നതിനിടയിൽ ചാഞ്ഞും ചെരിഞ്ഞും ഫോട്ടോ എടുത്തോണ്ട് വീണ്ടും ഞങ്ങൾ കാറിൽ ചാടി കയറി.

ബന്നൂർ എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിയണം സോമനാഥപുരത്തേക്ക്. അതിമനോഹരമായ വഴിയാണ് അങ്ങോട്ടേക്ക്. ഇരുവശവും ആൽമരങ്ങളും, കാള വണ്ടികളും എല്ലാം ആയി അതി മനോഹരമായ സ്ഥലം. ഏകദേശം അഞ്ചരയോട് കൂടി ഞങ്ങൾ സോമനാഥപുരത്ത് എത്തി. പക്ഷെ അപ്പോഴേക്കും സമയം വൈകിയതിനാൽ ഉള്ളിൽ കയറാൻ പറ്റിയില്ല. Archeological Survey of India യുടെ ഭാഗമായതിനാൽ കൃത്യം 5 മണിക്ക് പൂട്ടും.

ഇനി നാളെ രാവിലെ 8മണിക്ക് വരികയെ വഴിയുള്ളൂ. അതിനാൽ തന്നെ ഇനി 25 കിലോമീറ്റർ സഞ്ചരിച്ചു മൈസൂർ പോകാതെ, ഇവിടെ അടുത്തെങ്ങാനും താമസിക്കാം എന്ന ധാരണയിൽ ബന്നൂരിൽ ഞങ്ങൾ ഒരു നല്ല റൂം തപ്പി കണ്ടു പിടിച്ചു. പകൽ മുഴുവൻ സഞ്ചരിച്ച ക്ഷീണം ഡിസംബറിലെ ആ തണുത്ത രാത്രിയിൽ അലിഞ്ഞു പോയി. നാളത്തെ ഉദയത്തിന് വേണ്ടി കാത്തിരിരുന്നു ഞങ്ങൾ മയക്കത്തിലേക്ക്…