കോടയിറങ്ങിയ ചുരങ്ങളിലൂടെ ഒരു കിടിലൻ കെഎസ്ആർടിസി യാത്ര

വിവരണം – സിറിൾ ടി.കുര്യൻ.

നമ്മുടെ നാവികസേനാ കപ്പലുകൾ കണ്ട്, മഴ ഒരു തുള്ളിപോലും വിടാതെ മുഴുവനായി നനഞ്ഞു ചെന്നത് ശങ്കരേട്ടന്റെ അടുത്തേക്ക്. കലൂർ ഇറങ്ങി ഒരു ചായയും കുടിച്ചു ഞങ്ങൾ രണ്ടുപേരും വീട് ലക്ഷ്യമാക്കി നടന്നപ്പോൾ മഴയുടെ മൂർത്തിഭാവം തെല്ലൊന്നു മാറി ശാന്തയായി. വെള്ളകെട്ടുകൾ തീർത്ത ചെക്ക് ഡാമുകൾ ചാടി കടന്നും, വണ്ടികൾ വരുമ്പോൾ ഓടി മാറിയും ഒരുവിധം വീട് പിടിച്ചപ്പോൾ തണുത്തു ഒരു പരുവമായി. ബാങ്കേർക്കു ഇതൊന്നും പുത്തരിയല്ല എന്ന മട്ടിലാണ് നിൽപ്പ്. വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ഇങ്ങേരുടെ Leh-Ladakh ട്രിപ്പിലെ പാർട്ണറായിരുന്ന ജിതിൻ എത്തി. ആ ഒരു ട്രിപ്പ് കഴിഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറാത്തതുകൊണ്ട് അടുത്ത ദിവസത്തെ ട്രിപ്പിനു വരാൻ സാധിക്കില്ല എന്ന ശോക വാർത്ത പറയാനാണ് വരവ്. കൂടെ വരാമെന്ന് ഏറ്റിരുന്ന ജയ്ദീപ് ഏട്ടനും, നവനീതും അവസാന നിമിഷം കാലുവാരി.

ഭക്ഷണം കഴിച്ചു കുറച്ചു നേരം വിശ്രമിക്കാം എന്നൊക്കെയായിരുന്നു മനസ്സിൽ. പക്ഷെ എവിടെ. ഓരോ കാര്യങ്ങൾ പറഞ്ഞും ചിരിച്ചും കളിച്ചും സമയം പോയത് ഒരുത്തനും അറിഞ്ഞില്ല. ഒരുപോള കണ്ണാടിച്ചിട്ടില്ല ആരും. 0130 കഴിഞ്ഞപ്പോളാണ് സ്ഥലകാല ബോധം വീണത്. പെട്ടന്നു കയറി ഫ്രഷ് ആയി ഇറങ്ങി. 0230ക് എങ്കിലും എറണാകുളത്തു നിന്ന് യാത്ര ആരംഭിച്ചാൽ മാത്രമേ പ്രതീക്ഷിച്ച പോലെ യാത്ര നടക്കൂ എന്ന് ബാങ്കർ പറഞ്ഞു. 0145 മണി കഴിഞ്ഞപ്പോൾ ഇറങ്ങി… ഞങ്ങൾ 3 പേര് വീട് തല തിരിച്ചു വെച്ചപ്പോളും സ്വാതി ചേച്ചി ഒരു ഉറക്കം കഴിഞ്ഞിരുന്നു. ബാങ്കേറിന്റെ ഇങ്ങനത്തെ കറക്കം ഒക്കെ ഇപ്പോ ചേച്ചിക്കും ശീലമായി എന്ന് വേണേ പറയാം. ചെറു ചാറ്റൽ മഴയുണ്ട്, അകമ്പടിയായി. വിജനമായ റോഡിലൂടെ ഞങ്ങൾ പതിയെ സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങി.ജിതിൻ ഞങ്ങളെ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്തു വീട്ടിലേക്കു പോയി. ഞങ്ങൾ അടുത്ത വണ്ടിയും നോക്കി സ്റ്റാണ്ടിലും.

തൃശ്ശൂർ വണ്ടി നോക്കി നിന്നപ്പോൾ വന്നത് ഒരു അങ്കമാലി സൂപ്പർ. കണ്ണടച്ചു തുറന്നപ്പോൾ ബാങ്കർ എന്നേം വലിച്ചോണ്ട് അതിൽ കയറി. ATK103 ആണ് വണ്ടി. 0230മണിക്ക് വണ്ടി എടുത്തു. ആളുകൾ കുറവാണു. ടിക്കറ്റ് എടുത്തിനു ശേഷം ഞാൻ ഒന്ന് കണ്ണടച്ചത് മാത്രം ഓര്മ ഉണ്ട്. നല്ല ഉറക്കം പാസാക്കി കണ്ണ് തുറക്കുമ്പോൾ അങ്കമാലി എത്താറായി. അവിടെ ഇറങ്ങി ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ അതാ ഒരു Deluxe ബസിന്റെ എൻട്രി. ദൈവദൂതനെ പോലെ ആ വെളുത്ത ശകടം എന്റെ മുന്നിൽ .(കാരണം, അതിനു മുൻപേ വേറെ വല്ല വണ്ടി വന്നിരുന്നേൽ അതിൽ കയറി ചാലക്കുടി ഇറങ്ങാനും പുള്ളി മടിക്കില്ല !). RSC701 ആണ് വണ്ടി; തിരുവനന്തപുരം പാലക്കാട് dlx. ഭാഗ്യത്തിന് സീറ്റ് ഉണ്ട്..

ജയേട്ടനോട് (Jayashankar Madhavadas) തൃശ്ശൂരിൽ ഞങ്ങൾ എത്തുന്ന സമയവും ശങ്കരേട്ടൻ അറിയിച്ചു. ഞങ്ങൾ 3 പേരാണ് ഇപ്പോൾ ട്രിപ്പിൽ ഉള്ളത്. ചാറ്റൽ മഴത്തുള്ളികൾ ജനൽ പാളികൾക്ക് ഇടയിലൂടെ മുഖത്തേയ്ക്ക് അരിച്ചിറങ്ങുന്നു. സീറ്റ് പിന്നിലേക്ക് മാറ്റി മഴച്ചാറ്റാലും കൊണ്ട് കുറച്ചു നേരം കിടന്നു. എപ്പോഴോ മയങ്ങിപ്പോയി. 0415 ആയപ്പോൾ വണ്ടി തൃശ്ശൂർ എത്തി. ജയേട്ടനും അവിടെ നിന്ന് കൂടി. അടുത്തത് കോഴിക്കോട്. ഏത് വണ്ടിക്ക് പോകണം എന്ന കൺഫ്യൂഷൻ. മുന്നിൽ ഒരു deluxe ഉണ്ട്.. പക്ഷെ ഒരുവിധം സീറ്റ് ഫുൾ. ഇനി ഗ്യാപ് കിടക്കുന്ന സീറ്റ് റിസർവേഷൻ ആണെങ്കിലോ… അതിനാൽ കയറാൻ ഒരു മടി. കണ്ടക്ടറോട് അന്വേഷിച്ചപ്പോൾ 4 സീറ്റ് മിച്ചം ഉണ്ടെന്നു മറുപടി.

മറിച്ചു ചിന്തിക്കാതെ ഓടി കയറി. ATC149 ആണ് വണ്ടി. വൃത്തിയുള്ള ഉൾവശം. സീറ്റുകളും കുഴപ്പമില്ല. ഞാനും ജയേട്ടനും ഏറ്റവും പിറകിലെ സീറ്റുകളിൽ ഇരിപ്പ് ഉറപ്പിച്ചു. ഏറ്റവും പിറകിലെ നിര ആയതുകൊണ്ട് പുഷ്ബാക്ക് കുറച്ചു കുറവാണു. അത് ഏത് വണ്ടിയായാലും അങ്ങനെ ഒക്കെ തന്നെ. ശങ്കരേട്ടൻ തൊട്ടു മുൻപിലും. കോഴിക്കോട് വരെയേ വിശ്രമിക്കാൻ സമയമുള്ളു. കിടന്നു ഉറങ്ങിയാൽ ബാക്കി ട്രിപ്പിൽ അത് ഉപകരപ്പെടുമല്ലോ. തൃശ്ശൂർ നിന്ന് വണ്ടി എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു. ടാറ്റാ deluxe വണ്ടികളെ (airbus) ഇഷ്ടപ്പെടുവാനുള്ള കാരണങ്ങളിൽ ഒന്നാണ് യാത്രാസുഖം ! മര്യാദയ്ക്കു പരിപാലിച്ചാൽ മാത്രം.

കോഴിക്കോട് അടുക്കാറായപ്പോളാണ് ഞാൻ എഴുന്നേറ്റത്. റോഡിൽ തിരക്ക് കുറവായതിനാൽ വണ്ടി അത്യാവശ്യം നല്ല വേഗതയിലാണ് പോക്ക്. ഇടയ്ക്കു diversion വന്നായിരുന്നു എന്നും, മോശം വഴികളിലൂടെ സഞ്ചരിച്ചു എന്നൊക്കെ ജയേട്ടൻ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. ക്ഷീണം കാരണം നല്ല ഉറക്കമായിരുന്നുവല്ലോ. ഏറ്റവും പിന്നിലെ നിര ആണെങ്കിൽ കൂടി, യാത്ര സുഖകരം തന്നെ. അപ്പോഴും ബാങ്കർ നല്ല ഉറക്കത്തിലാണ്. അങ്ങനെ ഞങ്ങൾ ഉണർന്നു ഇരിക്കുമ്പോൾ പുള്ളി അങ്ങനെ ഉറങ്ങുന്നത് ശേരിയാണോ… അത് മോശമല്ലേ… കുത്തി എണ്ണീപ്പിച്ചു.

കോഴിക്കോട് എത്തിയെന്ന് കരുതി ചാടി എഴുന്നേറ്റതാ.. പക്ഷെ ചമ്മി…. 0710 ആയപ്പോൾ ഞങ്ങൾ കോഴികോട് എത്തി. സ്റ്റാൻഡിൽ ഇറങ്ങി നേരെ ഒരു നല്ല ഹോട്ടൽ നോക്കി നടന്നു. പ്രാതൽ കഴിച്ചിട്ടാവാം ബാക്കി. പ്രാതൽ കഴിച്ചു ഇറങ്ങിയപ്പോൾ വീണ്ടും മഴ ! മഴയെ ഗൗനിക്കാതെ ഞങ്ങൾ നേരെ സ്റ്റാണ്ടിലേക്ക്. പകൽ സമയത്തു ഇരുട്ടും, രാത്രിയിൽ പ്രകാശപൂരിതവും ആയി നിക്കുന്ന ഒരു സ്റ്റാണ്ടാണ് ഇതെന്നു നിങ്ങൾക്ക് പലർക്കും അറിയാമല്ലോ.

സ്റ്റാൻഡിൽ ഒരു ഭാഗത്തു ചിൽ ബസുകളുടെ നീണ്ട നിര (വോൾവോ ലോ ഫ്ലോർ ബസ്). അതെല്ലാം നടന്നു കണ്ട് മുന്നോട്ടേക്ക്. താമരശ്ശേരിയാണ് ലക്ഷ്യം. ബാങ്കർക്ക് ഒരു കണ്ടീഷൻ കൂടെയുണ്ട്… കയറാത്ത വണ്ടികളെ മാത്രമേ പരിഗണിക്കു ! കോഴിക്കോട് വരെ വന്നതും പുള്ളി ഇതുവരെ കയറാത്ത ബസുകൾ ആണെന്ന് കൂടെ പറയുമ്പോ ഒന്ന് ആലോചിച്ചു നോക്കൂ, പുള്ളി ഈ ട്രിപ്പിനു വേണ്ടി എത്ര ഹോം വർക്ക് നടത്തിക്കാണും എന്ന് !! അതാണ് ഞങ്ങളുടെ ഗുരു, ബാങ്കർ ചാത്തൻ !! നടന്നു നീങ്ങുമ്പോൾ ഒരു ഗുഡല്ലൂർ ഇന്റർസ്റ്റേറ്റ് L.S കിടക്കുന്നത് കണ്ടു… താമരശ്ശേരി ഡിപോയുടെ RPC921. ദേവാല വഴി ഗുഡല്ലൂർ ആണ് റൂട്ട്. ദേവാല എന്ന് കേൾക്കുമ്പോൾ ഞാൻ അടക്കമുള്ള ഒരുവിധം എല്ലാ ബസ്സ് പ്രേമികൾക്കും ഓർമ്മ വരുന്നത് “ദേവാല ഫാസ്റ്റ്” എന്ന് അറിയപ്പെടുന്ന CWMS എന്ന ബസിനെയാണ്.

RPC 921-ൽ തന്നെയാവാം താമരശ്ശേരി യാത്ര എന്ന് ഞങ്ങൾ 3 പേരും തീരുമാനിച്ചു. എങ്കിലും ബാങ്കറിനെ ഞങ്ങൾക്ക് പേടിയുണ്ട്. പുള്ളിയെ നിന്ന നിൽപ്പിൽ കാണാതാകും. കണ്ണിക്കണ്ട വണ്ടികളിൽ കേറി അടുത്ത പോയിന്റ് വരെ പോകും, എന്നിട്ട് വരും. കുറച്ചു പടങ്ങൾ എടുക്കണമെന്നും പറഞ്ഞു ആശാൻ ചാടി. പിറകെ ഞാനും. പേടിയാണേ. ജയേട്ടൻ ബസിൽ തന്നെ. പുള്ളി അവിടെ ഒരു കയറു കിട്ടുമോ എന്ന അന്വേഷണത്തിലാണ്. ആനയെ ചങ്ങലയിൽ കൊളുത്തി ഇടുന്ന പോലെ ഈ മനുഷ്യനെയും എവിടേലും തളയ്ക്കണമല്ലോ.

അധികം താമസിയാതെ വണ്ടി എടുത്തു. സ്മൂത്ത് ഡ്രൈവിംഗ്. മഴയുടെ അകമ്പടി ഇനിയും പോയിട്ടില്ല. പക്ഷെ താമരശ്ശേരി എത്തിയപ്പോൾ കാലാവസ്ഥ ഒന്ന് മെച്ചപ്പെട്ടു. സ്റ്റാൻഡിൽ കുറച്ചു പടം പിടിച്ചു ഞങ്ങൾ റോഡിലേക്ക് ഇറങ്ങി. അപ്പോഴേക്കും RNK 555 മുന്നിൽ എത്തി. കയറി നേരെ വ്യൂ പോയിന്റിലേക്ക്. ഞങ്ങൾ രണ്ടുപേരും ഏറ്റവും ബാക്കിൽ, ബാങ്കർ ഓടി പെട്ടിപ്പുറം കരസ്ഥമാക്കി. അതാണ് പുള്ളിയുടെ സീറ്റ്. അവിടെ ഇരുന്ന് ഡ്രൈവറോട് കത്തി വെക്കുകയാണ് കക്ഷി.

ചുരം കയറി തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ കണ്ണിമ ചിമ്മാതെ ജനാലകൾക്ക് പുറത്തൂടെ നോക്കി ഇരിക്കുകയാണ്. താഴെ താഴ്വരങ്ങളെയും, മലകളെയും പുതപ്പിച്ചുകൊണ്ടു കോട ഇറങ്ങുന്നതും, ഇടയിൽ ചാറ്റൽ മഴയുടെ സാന്നിധ്യവും യാത്രയിൽ കണ്ണുകൾക്ക് കുളിർമ നൽകികൊണ്ടിരുന്നു. ഈ മഴക്കാലത്തു ഇങ്ങനെയുള്ള സ്ഥലങ്ങൾ പോയി കാണേണ്ടത് തന്നെയാണ്. പ്രകൃതി തന്റെ വശ്യ സൗന്ദര്യം മുഴുവൻ വെളിപ്പെടുത്തുന്ന ചുരുക്കാം ചില സമയങ്ങളിൽ ഒന്ന്. (രൗദ്ര ഭാവവും) താഴ്വരങ്ങളും, കോടയും ഏത് ഒരു സഞ്ചാരിയേയും വീണ്ടും വീണ്ടും ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണല്ലോ. ചുരത്തിലെ ഓരോ വളവുകളിലും നിരവധി പേർ… വാഹനങ്ങൾ ഒതുക്കി നിർത്തി പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്നവർ… യാത്രികർ… ഒരിക്കൽ വന്നവർ പോലും വീണ്ടും വീണ്ടും വരുന്ന കാഴ്ചകൾ. കാരണം പ്രകൃതി എപ്പോഴുണ് ഒരേപോലെ ആവില്ല..

ചുരം കയറി ഞങ്ങൾ ലക്കിടി വ്യൂ പോയിന്റിൽ ഇറങ്ങി. Welcome to Wayanad എന്ന വലിയ കവാടത്തിനു ചേർന്ന് ഒരു ആനവണ്ടിയുടെ പടം കൂടെ എടുക്കണമല്ലോ.. അതല്ലേ അതിന്റെ ഒരു ശെരി… പിന്നീടവട്ടെ, ആദ്യം താഴേക്ക് നടന്നു ഇറങ്ങാം, കോഴിക്കോട് – ബംഗളുരു ഗരുഡൻ ഇപ്പോൾ വരും. ഞങ്ങൾ നേരെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. കോട മഞ്ഞു ഇറങ്ങി തുടങ്ങുകയാണ്. ചാറ്റൽ മഴയും. ക്യാമറ നനയും എന്ന പേടിയിൽ കുട നിവർത്തി പിടിച്ചാണ് നടത്തം. കങ്കാരുവിനെ പോലെ ബാഗ് മുന്നിലാക്കി മന്ദം മന്ദം നടന്നു ഇറങ്ങി വ്യൂപോയിന്റിൽ എത്തി… താഴേക്ക് നോക്കിയപ്പോൾ താഴ്‌വാരം മുഴുവൻ കോടയിൽ മുങ്ങി ഒരു വെളുത്ത പഞ്ഞികെട്ടു പോലെ കാണപ്പെട്ടു. കോടയുടെ കാഠിന്യം അത്രമേൽ ! ഒരു 200 മീറ്റർ ദൂരത്തു നിക്കുന്ന വസ്തുപോലും കാണാൻ പറ്റാത്ത അത്രയ്ക്ക് കോട ഇറങ്ങി കഴിഞ്ഞിരുന്നു.

കുരങ്ങുകൾ റോന്ത് ചുറ്റുന്നതിനാൽ സാധന സമഗ്രഹികളിലും, മൊബൈലിലും ഒരു ശ്രദ്ധ വേണമല്ലോ… പോയാൽ പിന്നെ കരഞ്ഞിട്ട് കാര്യമില്ലലോ. മഞ്ഞിനെ വകഞ്ഞു മാറ്റി ഓരോ വണ്ടികൾ കയറി വരുമ്പോളും, നമ്മുടെ ഗരുഡൻ ആണെന്ന പ്രതീക്ഷയിൽ ക്യാമറ കണ്ണുകൾ ചിമ്മി. കുറച്ചു നേരത്തെ കാത്തിരിപ്പ്… ദൂരെ ഒരു അരണ്ട വെളിച്ചം… മഞ്ഞിനെ കീറി മുറിച്ചുകൊണ്ട് അതാ വരുന്നു നമ്മുടെ കോഴിക്കോട് ബംഗളുരു ഗരുഡൻ ! ഈ റൂട്ടിലെ ഒറ്റയാൻ ആണ് ഇവൻ ! വർഷങ്ങൾ പഴക്കം ഉള്ള വോൾവോ ആണെങ്കിലും ഇപ്പോഴും നിത്യയൗവ്വനം. ലൈറ്റ് ഒക്കെ ഇട്ടു ഗരുഡന്റെ രാജകീയ വരവ് ഞങ്ങളുടെ ക്യാമറ കണ്ണുകൾ ഒപ്പി എടുത്തു.

ഞങ്ങൾ വീണ്ടും താഴേക്ക് ഇറങ്ങി തുടങ്ങി. പല പോസുകളിൽ വണ്ടികളുടെ ചിത്രങ്ങൾ പകർത്തുകയാണ് ലക്‌ഷ്യം. മഴ കാര്യമാക്കാതെ, ക്യാമറ ശ്രദ്ധിച്ചാണ് നടത്തം. ഇടയ്ക്കു റോന്ത് ചുറ്റുന്ന കുരങ്ങന്മാരുടെ ശല്യവും. അവരായി അവരുടെ പാടായി.. നമ്മൾ എന്നാതിനാ വെറുതെ അവരെ ശല്യപ്പെടുത്തി അവരുടെ കൈയീന്നു മേടിച്ചു കൂട്ടുന്നെ. വന്യ മൃഗങ്ങൾക്ക് ഭക്ഷണം നൽകരുത് എന്ന നിയമം ഇവിടെ പലരും പാലിക്കാറില്ല. ഇങ്ങനത്തെ പ്രവർത്തികൾ മൂലം നാളെ ഇവയുടെ ജീവൻ വരെ അപകടത്തിലാവും എന്ന കാര്യം പലരും ഓർക്കാറില്ല, അല്ലങ്കിൽ സൗകര്യപൂർവം മറന്നു കളയുന്നു.

അതേപോലെ കുരങ്ങുകളെ ഉപദ്രവിക്കാൻ നോക്കുന്ന ഒരു കൂട്ടരെയും കണ്ടു. മര്യാദക്ക് ഇരിക്കുന്ന അവയെ അങ്ങോട്ട് ചെന്ന് ഓരോ കോഷ്ടി കാണിച്ചു, ശല്യം ചെയ്തു, ചിലപ്പോൾ അവയുടെ ആക്രമണവും നേരിട്ട്, തിരിച്ചും കൊടുത്തു പോകേണ്ട എന്ത് ആവശ്യമാണ് നമ്മൾക്കുള്ളത്? അവയെ അവരുടെ വാസ സ്ഥലത്തു വിഹരിക്കാൻ വിട്ടാൽ എന്താണ് നമ്മുക് ഒരു കുറവ് വരുക? എനിക്ക് അറിയത്തില്ല. ചിലരുടെ ചില കോപ്രായങ്ങൾ കാണുമ്പോൾ സ്വയം പുച്ഛം തോന്നിപ്പോകും.

കോടയുടെ ശക്തി കൂടിയും കുറഞ്ഞും നിൽക്കുന്നു. ഇടയ്ക്കു മഴയും നിന്നു, അൽപ നേരത്തേയ്ക്ക് മാത്രം ! ഒരു വശത്ത് അഗാധമായ താഴ്വര, മറു വശത്തു പാറകെട്ടും മലയും. അതിലൂടെ ഒലിച്ചിറങ്ങുന്ന ചെറിയ നീർച്ചാലുകൾ. മഴയുടെ കരുണ്യത്താൽ മരങ്ങൾ ഒക്കെ തളിർത്തു നിൽക്കുന്നു. എല്ലാംകൊണ്ടും കണ്ണുകൾക്ക് കുളിർമ നൽകുന്ന കാഴ്ചകൾ. ഞങ്ങളുടെ ക്യാമറകൾ വണ്ടികളുടെയും, പ്രകൃതിയുടെയും ദൃശ്യങ്ങൾ ഒപ്പി എടുക്കുന്നുണ്ട്. പകൽ 1000 മണിയാണെന്നു ആ കാലാവസ്ഥ കണ്ടാൽ ആരും സമ്മതിച്ചു തരണമെന്നില്ല. ഒരു വൈകുന്നേര കാഴ്ച, അല്ലെങ്കിൽ സന്ധ്യ മയങ്ങിയപോലെ… അതാണ് പ്രകൃതിയുടെ ലീലാവിലാസങ്ങൾ !! മഴയുടെ കരുണ്യത്താൽ ജനിച്ച നീർച്ചാലുകൾ മുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്നു. നല്ല തണുത്ത ശുദ്ധജലം.

കുറച്ചു കഴിഞ്ഞപ്പോൾ ചുരത്തിൽ നിന്നും കോട പിൻവാങ്ങി. താഴെ താഴ്‌വാരം തെളിഞ്ഞു വന്നു. കോടയുടെ മൂടുപടം മാറിയപ്പോൾ തെളിഞ്ഞ കാഴ്ച ആരെയും കുളിരുകോരിക്കുന്ന വിധമാണ്. ചെറിയ പഞ്ഞികെട്ടുകൾ പോലെ മേഘ പാളികൾ താഴ്വാരങ്ങളിൽ അവിടെ ഇവിടെയായി ചിതറി നിൽക്കുന്നു. വളഞ്ഞു പുളഞ്ഞു കയറുന്ന ചുരം റോഡ്. അതിലൂടെ ചെറുതും വലുതുമായ വാഹനങ്ങൾ ഒരു ചെറിയ കളികോപ്പ് പോലെ കാണപ്പെടുന്നു. ചുറ്റും നിബിഡ വനം. ചുരത്തിലൂടെ ലൈറ്റുകൾ തെളിയിച്ചു ശ്രദ്ധാപൂർവം കടക്കുന്ന വാഹനങ്ങൾ. വനരപ്പടയുടെ ചുരം പട്രോളിംഗ് വേറെ… കൂടെ നമ്മുടെ പോലീസ് വണ്ടിയും. പ്രകൃതിയുടെ സൗന്ദര്യം വാക്കുകളിൽ ഒതുങ്ങില്ല… കണ്ണുകളിലൂടെ കാണേണ്ടവയാണ്. ശരീരത്തിലൂടെ അറിയേണ്ടവയാണ്. നമ്മുടെ ക്യാമറ കണ്ണുകളിൽ പതിയുന്നത് അതിൽ വളരെ കുറച്ചു ശതമാനം മാത്രം !!

ഒരു ചെറിയ ഇടവേള എന്നപോലെ, കോടയുടെ പിന്മാറ്റം വളരെ കുറച്ചു നേരത്തേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. വൈകാതെ മൂടുപടം വന്നു താഴ്വരങ്ങളെ മൂടി പുതച്ചു കളഞ്ഞു. തണുപ്പ് വലുതായി ഇല്ല, ചെറു ചാറ്റൽ മഴയുടെ തണുപ്പ് മാത്രം. ഒന്ന് രണ്ടു മണിക്കൂർ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കാര്യപരിപാടികളെ കുറിച്ച് സംസാരിച്ചു. അടുത്ത ബസിനു കൽപ്പറ്റ/ബത്തേരി പോകാം എന്നതാണ് തീരുമാനം. വീണ്ടും ബസ് ഇറങ്ങിയടത്തേയ്ക്ക് തിരിച്ചു കയറി തുടങ്ങി. സ്റ്റോപ്പിനു അടുത്തുള്ള ചായക്കടയിൽ കയറി ഒരു ചായയും കുടിച്ചു, welcome to wayanadu എന്നതിനോട് ചേർത്ത്‌ ഒരു ആനവണ്ടിയുടെ പടവും എടുത്തിനു ശേഷം ബസ് കാത്തു നിൽപ്പായി. അടുത്ത വണ്ടി ബത്തേരി ആയിരിക്കണേ എന്ന പ്രാർഥനായിലാണ് ഞാനും ജയേട്ടനും… കൽപ്പറ്റ ആവണേ എന്ന് ബാങ്കറും!

ഇത്തവണയും ബാങ്കറുടെ കൂടെയായിരുന്നു ഭാഗ്യം. വന്നത് കൽപ്പറ്റ വണ്ടി ! കൽപ്പറ്റ ചെന്നിട്ട്, ബത്തേരി ഇറങ്ങി മുത്തങ്ങായും ഇറങ്ങി ഗുണ്ടല്പേട്ടു വരെ പോകാം എന്നതാണ് പ്ലാൻ. പക്ഷെ നിർത്താതെയുള്ള മഴ ഞങ്ങളെ പ്ലാൻ മാറ്റുവാൻ പ്രേരിപ്പിച്ചു. മുത്തങ്ങ/ ഗുണ്ടല്പേട്ട ഇറങ്ങുന്നത് റിസ്ക് ആണെന്ന് തോന്നി… ഈ മഴ ഒന്നുകൂടെ കടുത്താൽ ഞങ്ങൾ പെടുമല്ലോ. കൽപ്പറ്റ എത്തി കുറച്ചു ഫോട്ടോ ഒകെ എടുത്ത് അടുത്ത വണ്ടിക്കായി ഉള്ള കാത്തുനിൽപ്പ്. ബത്തേരി വണ്ടി വരണേ എന്ന് ബാങ്കർ…. മൈസൂര് വണ്ടി വരണം എന്ന് ഞങ്ങൾ !

ഇത്തവണ ഭാഗ്യം തുണച്ചത് ഞങ്ങളെ. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം അതാ നമ്മുടെ മൈസൂർ സൂപ്പറിന്റെ മരണമാസ്സ് എൻട്രി ! ബാങ്കർക്ക് കയറാൻ ഒരു മടി പോലെ… വിട്ടില്ല ഞങ്ങൾ… പിടിച്ചു കയറ്റി. RPE 979 ആണ് ഇനി അങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയിലെ വഴികാട്ടി. ഗുണ്ടല്പേട്ട ടിക്കറ്റ് എടുക്കാൻ പോയ ആ മനുഷ്യനെ കൊണ്ട് മൈസൂര് ടിക്കറ്റ് എടുപ്പിക്കാൻ ഞങ്ങൾ പെട്ട പാട് ഞങ്ങൾക്കെ അറിയൂ. ഒരുവിധം സമ്മതിച്ചു പിടിച്ചു ഇരുത്തി. ഇരുവശത്തും ഞങ്ങൾ ! വണ്ടി എടുത്തപ്പോൾ ഫുഡ് ബ്രേക്ക് എവിടെയെന്ന് അന്വേഷിക്കാൻ ബാങ്കർ പോയി.

ബത്തേരി ആണെങ്കിൽ കുഴപ്പമില്ല… ഗുണ്ടല്പേട്ട ആണെങ്കിൽ ബത്തേരി നിന്ന് എന്തെങ്കിലും ചെറു കടി മേടിക്കണം… അത്രയ്ക്ക് മോശം ഫുഡ് ആണ് ഗുണ്ടല്പേട്ട ഹോട്ടലിന്റെ. ബത്തേരിയിൽ ആണ് ഫുഡ് ബ്രേക്ക് എന്ന് അറിഞ്ഞപ്പോൾ തെല്ലു ഒരു ആശ്വാസം. ഉച്ചക്ക് 1300മണിയോടെ ബത്തേരിയിൽ ലഞ്ച് ബ്രേക്ക്… ഫുഡ് കഴിച്ചു ഞങ്ങൾ കുറച്ചു ചിത്രങ്ങൾ എടുക്കാൻ ഇറങ്ങി. തണുത്ത കാലാവസ്ഥ. വണ്ടി എടുക്കാറായപ്പോൾ ബാങ്കർ അടുത്ത വണ്ടിക്ക് മുത്തങ്ങക്ക് തലയ്ക്കൽ പോയിട്ട് അവിടെ നിന്ന് ഞങ്ങളുടെ കൂടെ കൂടാം എന്ന് പറഞ്ഞു എങ്കിലും ഞങ്ങൾ വിട്ടില്ല. ഈ മനുഷ്യനെ കൽപ്പറ്റ തൊട്ട് മൈസൂര് വരെ ഒറ്റ വണ്ടിക്ക് കൊണ്ടുപോകാൻ പറ്റുവോ എന്ന് നോക്കണമല്ലോ !!

അങ്ങനെ ബത്തേരിയിൽ നിന്ന് വണ്ടി എടുത്തു. ബാങ്കർ പഴയപോലെ നേരെ ബോണറ്റ് (പെട്ടിപ്പുറം) കരസ്ഥമാക്കി, ക്രൂവിനോട് കമ്പനി ആയി അവിടെ കൂടി. ഈ യാത്രയിൽ ഞങ്ങൾ രണ്ടുപേരും ബസിന്റെ ബാക്കിൽ തന്നെയങ്ങു കൂടാമെന്നു വെച്ച്. ഏറ്റവും പിറകിലെ ഇടത് വിൻഡോയിൽ ഞാനും തൊട്ടു മുൻപിൽ ജയേട്ടനും. ബത്തേരി കഴിഞ്ഞപ്പോൾ വണ്ടിയിൽ സീറ്റിങ് ആള് മാത്രം. മുന്നിൽ ബാങ്കർ ക്രൂവിനോട് കഥകൾ പറയുന്നത് ഇങ്ങു പിറകിൽ ഇരിക്കുന്ന ഞങ്ങൾക്ക് വരെ കേൾക്കാം.. വണ്ടി പയ്യെ മുത്തങ്ങാ വന മേഖലയിലേക്ക് പ്രവേശിച്ചു..

എങ്ങും പച്ചപ്പും ഹരിതാഭയും ! യാത്രകളെ, കാടുകൾ കയറിയുള്ള യാത്രകളെ സ്നേഹിക്കുന്നവർക്ക് വാക്കുകളാൽ പറഞ്ഞു അറിയിക്കാൻ ആവാത്ത വിധം അത്രയും മനോഹരമാണ് ഇങ്ങനെയുള്ള വഴികൾ. നിശ്ശബ്ദമായുള്ള കാനന പാതയിലൂടെ ഞങ്ങളുടെ കൊമ്പൻ പായുകയാണ്. ചാറ്റൽ മഴയും ഇടയിൽ കൂടെ കൂടി.യാത്രയിൽ ഇടയിൽ ചിലപ്പോൾ മഴ ടി ബ്രേക്ക് നു പോയി, എന്ന് പറയുന്നതാണ് ഒരു കണക്കിന് ശെരി. ഒരു സുഹൃത്തിനെപോലെ മുഴുനീളെ ഉണ്ടായിരുന്നു കൂടെ..

വാക്കുകൾ പോരാ ആ യാത്ര വിവരിക്കാൻ. ഇങ്ങനെയുള്ള യാത്രകളാണ് എനിക്കും ഏറെ ഇഷ്ടം. എന്തെന്നില്ലാത്ത ഒരു ശാന്തിയും സമാധാനവും കിട്ടും ഇങ്ങനത്തെ യാത്രകളിൽ നിന്ന്. വഴിയിൽ നിറയെ വാണിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്, കഴിവതും നിർത്താതെ പോകുക, പ്രത്യേകിച്ച്, ആന, കടുവ എന്നിവ വരുവാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ യാതൊരു കാരണവശാലും നിർത്തരുത് എന്നും സൂചന നൽകുന്നു. ജയേട്ടൻ ഗാനങ്ങളുടെ ലോകത്തേക്ക് മാറി കഴിഞ്ഞിരുന്നു. ഇളംതെന്നാലിന്റെയും, ചെറു ചാറ്റൽ മഴയുടെയും അകമ്പടിയോടെ കാടിന്റെ സൗന്ദര്യം നുകർന്നു ഞങ്ങൾ യാത്ര തുടർന്നു.

പെട്ടന്നു വണ്ടിയുടെ വേഗത കുറഞ്ഞു, മുന്നിലിരുന്ന ജയേട്ടൻ എന്നെ വിളിച്ചു വലത്തേക്ക് നോക്കുവാൻ പറഞ്ഞു. ഒരു ആനകൂട്ടം. കൂട്ടത്തിൽ ഒരു കുട്ടിയാനയും ! ഒരു 7 എണ്ണം എങ്കിലും കാണുമായിരിക്കും. ഒരു ആന മാത്രം ഇവരിൽ നിന്ന് മാറി എല്ലാവരെയും സസൂക്ഷം വീക്ഷിച്ചു നിൽപ്പാണ്. ആനക്കൂട്ടം കണ്ടതോടെ വണ്ടിയിൽ ആളുകൾ ഇളകി. എല്ലാവരും വലതു വശത്തേയ്ക്ക് മാറി ഈ കാഴ്ച കാണുവാൻ തുടങ്ങി. ഞാൻ മൊബൈലിയിൽ കുറച്ചു വീഡിയോയും എടുത്തു. ഇതെല്ലാം നിമിഷങ്ങൾക്കുള്ളിൽ അവസാനിച്ചു. വണ്ടി മുൻപോട്ട് നീങ്ങി തുടങ്ങി. ആനകൂട്ടത്തെ കണ്ടതിന്റെ സന്തോഷമായി എനിക്ക്. ബംഗളുരുവിൽ ജോലി നോക്കിയ സമയത്തു ഇതുപോലെ യാത്രകൾ നടത്തിയപ്പോൾ മരുന്നിനു പോലും ഒരെണ്ണം കണ്ടു കിട്ടിയില്ലായിരുന്നു എനിക്ക്.

സീറ്റിൽ വന്നിരുന്നു ക്യാമറ എടുത്തപ്പോൾ അടുത്തിരുന്ന ആൾ എന്റെ ക്യാമറയിലെ INS SUTLEJ ടാഗ് കണ്ടിട്ട് നേവി ഉദ്യോഗസ്ഥനാണോ എന്ന് ചോദിച്ചു. അങ്ങനെ പരിചയപ്പെട്ട ആ കക്ഷി കാടിനെക്കുറിച്ചും, ആനകളയെയും മറ്റ് വന്യജീവികളെയും കാണുവാൻ മറ്റൊരു വഴിയും നിർദ്ദേശിച്ചു. കാടിനെ കുറിച്ചും, യാത്രകളെക്കുറിച്ചും ചർച്ചകളും ഒക്കെ ആയി യാത്ര തുടർന്നു. ഇടയിൽ മഴയുടെ ശക്തി ഒന്ന് കൂടിയെങ്കിലും ഷട്ടർ താഴ്ത്തുവാൻ മനസുവന്നില്ല. ചാറ്റൽ മഴയല്ലേ… സാരമില്ല… ഗുണ്ടല്പേട്ടും കടന്നു കൊമ്പൻ യാത്ര തുടർന്നു. മഴ പതിയെ വിട വാങ്ങി. കാലാവസ്ഥ തെളിഞ്ഞു. പരന്നു കിടക്കുന്ന പ്രദേശങ്ങൾ. അവിടെ ചിലയിടങ്ങളിൽ സൂര്യകാന്തി പൂക്കളുടെ കൃഷി.കൂടുതലും ജമന്തി പൂക്കൾ. കാഴ്ചയുടെ മറ്റൊരു സ്വർഗം.കാഴ്ചകളുടെ അനന്തതയിൽ കണ്ണും നട്ട് ഞാനും.

ഏകദേശം 1545 മണിയോടെ മൈസൂർ പാലസിന് അടുത്ത് ഞങ്ങൾ എത്തി. വന്ന സ്ഥിതിക്ക് കൊട്ടാരം കൂടെ കണ്ടില്ലേൽ മോശമല്ലേ . കൊട്ടാരത്തിനു അടുത്തായി ഞങ്ങളെ ഇറക്കിയിട്ട് കൊമ്പൻ സ്റ്റാൻഡ് ലക്ഷ്യമാക്കി പോയി. ഞങ്ങൾ നേരെ പാലസിലേക്ക്. കുറച്ചു നല്ല ചിത്രങ്ങൾ എടുക്കണം. വൈകുന്നേരം ആയതുകൊണ്ടും, അവധി ആയതിനാലും തിരക്ക് നല്ലപോലെ.. കാർമേഘങ്ങളാൽ മൂടപെട്ട ആകാശത്തിനു താഴേ, രാജകീയമായി തന്നെ, തന്റെ പ്രതാപകലത്തെ പ്രൗഢിയിൽ തിളങ്ങി നിൽക്കുന്ന കൊട്ടാരം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഒരു നല്ല ഫ്രെയിം കിട്ടുവാൻ ജയേട്ടൻ ഓടി നടപ്പാണ്. പിറകെ ഞാനും… ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ..

കുറച്ചു നേരത്തെ കറക്കത്തിനു ശേഷം ഞങ്ങൾ നേരെ മൈസൂർ സ്റ്റാണ്ടിലേക്ക്… കയറിയ വഴിയുടെ നേരെ ബാക്കിലൂടെ ഇറങ്ങിയപ്പോൾ ഞങ്ങൾക്കും കൺഫ്യൂഷൻ. ഇതിപ്പോ തൃശൂർ റൗണ്ടിൽ എത്തിയപ്പോലെ. അവസാനം ഗൂഗിൾ ചേച്ചിടെ സഹായം തേടി. ചേച്ചി പറഞ്ഞ വഴിയിലൂടെ പോയി പകുതിക്ക് വെച്ച് വഴിയിൽ ഉള്ളവരോടും ചോദിയ്ക്കാൻ മറന്നില്ല. ഗൂഗിൾ കാണിച്ച വഴി പോയി പണി കിട്ടിയ ചരിത്രം ഉണ്ടേ !! അങ്ങനെ ഞങ്ങൾ മൈസൂർ സ്റ്റാൻഡിൽ എത്തി. എന്തെങ്കിലും കഴിച്ചിട്ട് ബാക്കി. അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു നേരെ സ്റ്റാണ്ടിലേക്ക്.

18.00 മണിക്കാണ് ഞങ്ങൾക്കുള്ള ബസ്. സീറ്റ് 51,1,2 ആണ് ബുക് ചെയ്തേക്കുന്നത്. 17.45 ആയപ്പോൾ ബസ് കയറി. RSM8 95 ആണ് വണ്ടി… തൃശൂർന്റെ ഗഡി. എന്റെ കഴിഞ്ഞ മൈസൂര് തൃശൂർ കോട്ടയം ട്രിപ്പിൽ (ഡിസംബർ) ഇവൻ തന്നെയായിരുന്നു എന്റെ വഴികാട്ടി ! കയറി ബാഗ് വെച്ച്, ടിക്കറ്റും കാണിച്ചു ഞങ്ങൾ ഇറങ്ങി.. കുറച്ചു ഫോട്ടോസ് എടുക്കണം. സൂക്ഷിച്ചു നടന്നില്ലേൽ ഏതെങ്കിലും വണ്ടിയിൽ പറ്റി ഇരിക്കും നമ്മൾ.. അതേപോലെ തിരക്കാണ് ഇവിടെ.

18.00 മണി ആയപ്പോൾ വണ്ടി എടുത്തു. നല്ല തിരക്കുള്ള ഷെഡ്യൂളിയിൽ ഒന്നാണ് ഇത്. ഇതേപോലെ തന്നെ രാവിലത്തെയും. ഗുഡല്ലൂർ ആളുകൾ ധാരാളം ആശ്രയിക്കുന്ന സർവീസ്. ടൈമിംഗ് തന്നെ കാരണം. ഗുണ്ടൽപ്പെട്ടയും കടന്നു തണുത്ത കാറ്റും ഏറ്റു വണ്ടി വിശാലമായ റോഡിലൂടെ പായുകയാണ്. ഇടയിൽ വെച്ച് ഹോട്ടലിൽ ഭക്ഷണത്തിന് നിർത്തിയ നമ്മുടെ ചില കൊമ്പന്മാരേ കണ്ടു. നമ്മൾക്ക് ഇനി വഴിക്കടവിൽ ആണ് ഡിന്നർ ബ്രേക്ക്.

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി വീണ്ടും വനമേഖലയിലേക്ക് പ്രവേശിച്ചു. ബന്ദിപ്പൂർ, മുതുമലൈ വനമേഖലകളിലൂടെയാണ് നമ്മുടെ റൂട്ട്. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. മഴയും വീണ്ടും തുടങ്ങി. വണ്ടി ശ്രദ്ധാപൂർവം മുൻപോട്ട് നീങ്ങുകയാണ്. മൃഗങ്ങൾ ചിലപ്പോൾ വട്ടം ചാടിയാൽ പിടിച്ചാൽ നിൽക്കണമല്ലോ. ബാങ്കർ പതിവുപോലെ ഹോട് സീറ്റ് കണ്ടക്ടർ നു ഒഴിഞ്ഞു കൊടുത്തു പെട്ടിപുറത്തു തന്നെയാണ് യാത്ര. വഴിക്കടവ് വരെ അവിടെ കാണും എന്നാണ് അറിയിച്ചത്. ഇരുട്ട് വീണതിനാൽ മൃഗങ്ങളെ കാണുവാൻ സാധിക്കില്ല എന്ന ചിന്തയാൽ ഷട്ടർ ഒക്കെ താഴ്ത്തിയാണ് പോകുന്നത്.

അപ്പോൾ ഡ്രൈവർ ചേട്ടൻ വക കമന്റ്, വലത്തുവശത്തു ഒരു ആനയുണ്ട് എന്ന്. പെട്ടന്നു നോക്കിയിട്ട് കണ്ടില്ല. ആനകളെയും മറ്റു മൃഗങ്ങളെയും ഇനിയും കാണുവാൻ സാധിക്കും എന്ന തോന്നൽ വന്നതിനാൽ വീണ്ടും ഷട്ടർ പൊക്കി മഴയെ ഗൗനിക്കാതെ വെളിയിലോട്ട് കണ്ണും നട്ട് ഞാൻ ഇരുന്നു. ഇടയിൽ ധാരാളം ആനകളെ കണ്ടു. കരി വീരന്മാർ അല്ലെ, ഇരുളിന്റെ മറവ് പറ്റി കടന്നു പോകുന്ന വാഹനങ്ങളെ വക ഗൗനിക്കാതെ അവരുടേതായ വ്യാപാരങ്ങളിൽ വ്യാപൃതരായ അവരെ പെട്ടന്ന് കണ്ണിൽ ഉടക്കില്ല. കൂടാതെ മാൻ കൂട്ടങ്ങളെയും കണ്ടത് സന്തോഷം ഇരട്ടിയാക്കി. കുറച്ചു മുൻപോട്ട് ചെന്നപ്പോൾ മൈസൂർ സ്റ്റേ വണ്ടി എതിരെ വരുന്നു (0530മൈസൂർ തൃശ്ശൂർ).. അവർക്ക് ഞങ്ങളുടെ ക്രൂ കിടക്കാൻ ഉള്ള പുതപ്പും തലയിണയും നൽകി യാത്രയാക്കി.

20.45 മണിയോടെ ഗുഡല്ലൂർ പാസ് ചെയ്ത ഞങ്ങൾ 21.10 മണി കഴിഞ്ഞു നാടുകാണി ചുരം ഇറങ്ങുവാൻ തുടങ്ങി. മഴയുടെ കുസൃതി വക വെയ്ക്കാതെ ഞാൻ ഷട്ടറും തുറന്നു ഇരിപ്പാണ്. ഇതും ഒരു പ്രത്യേക അനുഭവം തന്നെ. വിജനമായ ചുരം റോഡിലൂടെ ഞങ്ങളുടെ കൊമ്പൻ ചിന്നം വിളിച്ചു ഇറങ്ങുകയാണ്. ജനാലകളിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നു. കൂടെ ചാറ്റൽ മഴയുടെ കുസൃതിയും. എല്ലാംകൊണ്ടും ഒരു വ്യത്യസ്ത അനുഭവം. ഇരുളിനെ കീറി മുറിച്ചു നമ്മുടെ കൊമ്പൻ ഇറങ്ങുന്നത് ഒരു പ്രത്യേക അനുഭൂതിയാണെന്നു ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ ! ഇടയിൽ ചിലപ്പോൾ എതിരെ വാഹനങ്ങൾ. മുന്നിൽ ലോഡുമായി വലിയ ലോറികൾ. അവയെല്ലാം കൊമ്പന് വേണ്ടി വഴിയൊരുക്കി തന്നു .

ചുരം ഇറങ്ങി പകുതിയായപ്പോൾ മരം വീണു കിടക്കുന്നത് കണ്ടു.. രാവിലെ എപ്പോഴോ വീണതാവണം, ബന്ധപ്പെട്ടവർ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു, ഞങ്ങൾ കടക്കുമ്പോൾ… ചിലയിടങ്ങളിൽ തിട്ട ഇടിഞ്ഞു നിൽക്കുന്നു. മഴയുടെ ലീലവിലാസങ്ങളിൽ ചിലത് മാത്രമാണ് ഇതൊക്കെ. ഇടുക്കി, വാഗമൺ സൈഡിൽ, ചുരം റോഡിൽ മണ്ണിടിഞ്ഞു, മരം വീണും, ഗതാഗതം തടസ്സപ്പെട്ടു എന്ന് കേട്ടിരുന്നു… അങ്ങനെ വല്ല പണികളും വരുമോ എന്നൊരു പേടി ഉള്ളിൽ ഉണ്ടായിരുന്നു.. പക്ഷെ അതെല്ലാം എപ്പോഴോ അലിഞ്ഞു പോയി ! നാടുകാണി കഴിഞ്ഞതും വഴി മോശമായി തുടങ്ങി. വഴിക്കടവിലേക്കുള്ള വഴി നന്നേ മോശം എന്ന് തന്നെ പറയാം !

2145നു വഴിക്കടവിൽ ഡിന്നർ ബ്രേക്കിന് വണ്ടി നിർത്തി. കാര്യമായി വിശപ്പില്ലാത്തിനാൽ ഒരു കട്ടൻ ചായയിൽ ഞാൻ ഒതുക്കി.. പുറത്തു മഴ കടുത്തു വരുകയാണ്. കുറച്ചു ഫോട്ടോസ് കൂടെ എടുത്ത് ഞങ്ങൾ വീണ്ടും ബസിലേക്ക്…. 15 മിനുട്ട് ഇടവേളക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്കു. ക്ഷീണം നല്ലപോലെയുണ്ട്… ബാങ്കർ ഇപ്പോൾ പെട്ടിപ്പുറം വിട്ടു ബാക്കിൽ ഇരു സീറ്റിൽ ഒതുങ്ങി. പിറ്റേ ദിവസം ബാങ്കിൽ പോകാൻ ഉള്ളതല്ലേ. വിശ്രമിക്കാൻ കിട്ടുന്ന സമയം പഴക്കരുതല്ലോ. വണ്ടി ഓടി തുടങ്ങിയപ്പോൾ ഞാനും ഷട്ടർ താഴ്ത്തി ഉറക്കത്തിലേക്കു വഴുതി വീണു.

ഇടയിൽ എവിടെയൊക്കെയോ വെച്ച് ഞാൻ ഉണരുന്നുണ്ടെങ്കിലും വീണ്ടും, ഉറക്കം, തന്റെ മായാവലയത്തിലേക്ക് പിടിച്ചിട്ടുകൊണ്ടിരുന്നു. ജയേട്ടൻ ഉറങ്ങിയോ എന്തോ… തൃശ്ശൂർ എത്തി എന്ന് പറഞ്ഞു ജയേട്ടൻ എന്നെ തട്ടി വിളിക്കുമ്പോൾ ആണ് ഞാൻ പിന്നെ കണ്ണ് തുറന്നത്… സമയം അപ്പോൾ മാണി 0140. പകുതി ഉറക്കപ്പിച്ചയിൽ എങ്ങാനോ വണ്ടിയിൽ നിന്നും ഇറങ്ങി. അപ്പോൾ ദൂരെ ഒരു deluxe. ബോര്ഡില് കോട്ടയം പോലെ കണ്ടു. “കോട്ടയം, കോട്ടയം” എന്ന ശബ്ദം കൂടെ കേട്ടപ്പോൾ ഉറപ്പായി. ഓടി ചെന്ന് ബാങ്കേരോടും കാര്യം പറഞ്ഞപ്പോൾ ഓടി പോയി പിടിക്കാൻ പറഞ്ഞു. പെട്ടന്നുള്ള യാത്ര പറച്ചിൽ കഴിഞ്ഞു ഞാൻ ഇറങ്ങി തുടങ്ങിയ ആ delux നു പിന്നാലെ പാഞ്ഞു.

ഓടി കയറി , കാലിയായ സീറ്റിൽ ബാഗും വെച്ച് ഒരു കോട്ടയം ടിക്കറ്റും എടുത്തു. വണ്ടി കിട്ടിയ വിവരം ഞാൻ ബാങ്കേറെയും വിളിച്ചു പറഞ്ഞു. പിന്നിലേക്ക് പോയ കണ്ടക്ടർ ചേട്ടൻ, തിരിച്ചു വന്നിട്ട് ഒരു ചോദ്യം, “കണ്ടു നല്ല പരിചയമുള്ള മുഖം… എന്താണ് പേര്” … പേര് പറഞ്ഞപ്പോൾ അടുത്ത ചോദ്യം… ” എന്നെ മനസ്സിലായോ?” എനിക്ക് ആളെ പെട്ടന്ന് പിടി കിട്ടിയില്ല… അപ്പോൾ അദ്ദേഹം സ്വയം വെളിപ്പെടുത്തി. ” ജിജിമോൻ നാരായണൻ”… കോട്ടയത്തെ ജിജിമോൻ ചേട്ടൻ ! RPK 487, കോട്ടയം കോവൈയുടെ സാരഥി ! മുഖ പുസ്തകത്തിലൂടെ മാത്രമുള്ള പരിചയമുള്ള ഒരാളെ കൂടെ നേരിട്ട് കണ്ടതിന്റെ സന്തോഷം ഞങ്ങൾക്ക് ഇരുവർക്കും !

കുറച്ചു നേരം കുശലാന്വേഷണം നടത്തി കഴിഞ്ഞപ്പോൾ അകത്തു ലൈറ്റ് കിടക്കുന്നത് കാരണം ബാക്കി ഉള്ളവർക്ക് ബുദ്ധിമുട്ട് ആവണ്ടല്ലോ എന്ന് കരുതി ഞാൻ ക്യാബിനിലേക്ക് വന്നോട്ടെ എന്ന് അന്വേഷിച്ചു. ഇരുകൈയും നീട്ടി സ്വീകരിക്കുക എന്ന് പറയുന്ന പോലെ, സന്തോഷപൂർവം അദ്ദേഹം എന്നെ ക്യാബിനിലേക്ക് വിളിച്ചു. ഞാൻ നേരെ ക്യാബിനിലെ പെട്ടിപുറത്തേക്ക്. നമ്മുക്ക് അതൊക്കെയാണല്ലോ ഇരിപ്പിടങ്ങൾ. പിന്നെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു അവിടെ തന്നെ കൂടി.

പറഞ്ഞു വന്നപ്പോൾ വണ്ടിയെക്കുറിച്ചും, ഷെഡ്യൂൾ നെ കുറിച്ചും പറയാൻ വിട്ടുപോയി. RSC636 ആണ് വണ്ടി… വൃത്തിയുള്ള ഉൾവശം, പഴയ deluxe ആയതിനാൽ ക്യാബിൻ സേപ്പറേഷനുണ്ട്. പെരിക്കല്ലൂർ – കോട്ടയം ആണ് സർവീസ്. ഇപ്പോൾ ഈ സർവീസ് DC ആണ്.. ( ഡ്രൈവർ കം കണ്ടക്ടർ ) . 0140നു തൃശൂർ നിന്ന് എടുത്തു. മൈസൂര് വണ്ടി കണ്ടു കണക്ഷൻ കാണും എന്ന ചിന്തയിൽ അവർ ഒന്ന് മടിച്ചാണ് എടുത്തത്, അതുകൊണ്ട് എനിക്ക് ഈ വണ്ടി കിട്ടി. കോട്ടയം വിളി കേട്ടതുകൊണ്ട് മാത്രം.

കൂടെയോടുന്ന ചേട്ടനുമായും കമ്പനിയായി. ബാങ്കറുടെ സ്റ്റാറ്റസ് അറിയാൻ വിളിച്ചപ്പോൾ അവർക്ക് സ്കാനിയ കിട്ടി എന്ന് അറിയിച്ചു. അവരും ഞങ്ങളുടെ തൊട്ടു പിറകിൽ ഉണ്ടാവണം. നാട്ട് കാര്യങ്ങളും, വിശേഷങ്ങളുമായി ഞാൻ ക്യാബിനിൽ തന്നെ കൂടി. ടാറ്റാ deluxe ആണെങ്കിലും വണ്ടി സ്മൂത്താണ്… എവിടുന്ന് വരുവാണ്‌ എന്ന ജിജിമോൻ ചേട്ടന്റെ ചോദ്യത്തിൽ ഞാൻ ഈ ട്രിപ്പ് ചെറിയ വാക്കുകളിൽ സംഗ്രഹിച്ചു കൊടുത്തു. പുള്ളിയും ഞെട്ടി ഒരേ നിപ്പ് ! സഹ ഡ്രൈവേരോടും ഈ കാര്യം പറഞ്ഞപ്പോൾ പുള്ളിക്കും അതിശയം ! ബാങ്കർ കൂടെ ഉണ്ടായിരുന്നെങ്കിൽ അവർ ഇരുവരും വണ്ടി നിർത്തി കഥകൾ കെട്ടേനെ ! എന്റേത് ഒക്കെ ചേർത് !!

ഞങ്ങൾ constant സ്പീഡിൽ അങ്ങനെ ഒഴുകി നടക്കുകയാണ്. റോഡിലും അധികം തിരക്കില്ല. അങ്കമാലി എത്തിയപ്പോൾ എയർപോർട്ടിൽ നിന്നുള്ള കുറച്ചു യാത്രക്കാരെയും കിട്ടി. മുവാറ്റുപുഴ, പെരുമ്പാവൂർ ടിക്കറ്റുകൾ വേറെ. വണ്ടി പെരുമ്പാവൂരും, മുവാറ്റുപുഴയും കടന്നു യാത്ര തുടർന്നു. വിജനമായ MC റോഡിൽ ഞങ്ങളുടെ ടാറ്റാ വിലസി നടക്കുന്നു. അരണ്ട വെളിച്ചത്തിൽ റിഫ്ലക്ടറുകളുടെ തിളക്കവും ഒക്കെ കണ്ടു ഇഷ്ടപ്പെട്ടു ഞാൻ അങ്ങനെ ഒരേ ഇരിപ്പ്. കൂടെ ചേട്ടനും.

ഇടയിൽ കുറച്ചു സ്ഥലത്തു മഴ പെയ്തു മാറി. അല്ലേലും MC റോഡ് വെളുപ്പിനെ കയറാൻ ഒരു പ്രത്യേക ഫീലാണ്… മുവാറ്റുപുഴ കഴിഞ്ഞു ചിലപ്പോൾ മഞ്ഞും കാണാറുണ്ട്…. പണ്ട് കോയമ്പത്തരിൽ പഠിക്കുമ്പോൾ RNE654,RAK675,RPE251 തുടങ്ങിയ വണ്ടികളുടെ സൈഡ് സീറ്റിൽ ജനാലകളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പും കൊണ്ട് ആസ്വദിച്ചു യാത്ര ചെയ്ത ആ കാലഘട്ടത്തിലേക്ക് ഒരുനിമിഷം മനസ് പോയി. ആനവണ്ടിയുടെ വിന്ഡോ സീറ്റുകൾ നൽകുന്ന ആ ഒരു ഫീൽ, സ്വപ്‌നങ്ങൾ, പ്രണയം, ഒക്കെ വേറെ എവിടെ കിട്ടാനാ !

കോട്ടയത്തു വെളുപ്പിനെ 0420 നു വണ്ടി എത്തി. പെരിക്കല്ലൂർ കാണുവാൻ വരാൻ ഉദ്ദേശം ഉണ്ടെന്ന് പറഞ്ഞപ്പോൾ പുള്ളിയുടെ ഷെഡ്യൂൾ ദിവസം തന്നെ പോന്നേക്കാൻ പറഞ്ഞു.. അങ്ങനെ ആവട്ടെ എന്ന് ഞാനും. രണ്ടുപേരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. ചങ്ങനാശേരി ഭാഗത്തേക്ക് ഒരു വണ്ടി പോലും കാണുന്നില്ലലോ ഈശ്വരാ ! നമ്മുടെ ആനവണ്ടിക്ക് തനതായ ഒരു സ്വഭാവമുണ്ട്, വരുമ്പോ വാലെ വാലെ വരും.. അല്ലെ വരുകേല !

04.35 വരെ പോസ്റ്റ് അടിച്ചു ഞാൻ സ്റ്റാൻഡിൽ നിന്നു. അപ്പോൾ അതാ വരുന്നു ഉദയഗിരി – അടൂർ സൂപ്പർ, പിറകെ ഒരു തിരുവനന്തപുരം LsFp. ഉദയഗിരി സൂപ്പർ തന്നെ ഞാൻ എടുത്തു. കയറി ടിക്കറ്റ് എടുത്തു ഒന്ന് കണ്ണടച്ചത് മാത്രം ഓർമയുണ്ട്. ചങ്ങനാശേരി എത്തിയിരിക്കുന്നു ! അപ്പോൾ സമയം 05 മണി കഴിഞ്ഞതെയുള്ളു. എന്നെ ഇറക്കി ഉദയഗിരി സൂപ്പർ അടൂരിലേക്ക് , തന്റെ തറവാട്ടിലേക്ക് യാത്ര തുടർന്നു… ഇരുളിന്റെ മറവിലേക്കു അവൻ പോയി മറയുന്നതും വരെ ഞാൻ ആ കാഴ്ച്ച നോക്കി നിന്നു…. എന്നിട്ട് ഒരു നല്ല യാത്രയുടെ ഒരുപിടി നല്ല ഓർമകളുമായി ഓട്ടോയുടെ പിൻസീറ്റിൽ വീട്ടിലേക്ക്….