തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ കൊണ്ട് കാണാം ഈ വെള്ളച്ചാട്ടങ്ങള്‍…

© Shafimon Ummer.

മനസ്സു കുളിര്‍പ്പിക്കാന്‍ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് യാത്ര പോകുവാന്‍ പ്ലാന്‍ ചെയ്യുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ അധികമാരും അറിയാത്ത… തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ മാത്രം യാത്രയുള്ള ഈ വെള്ളച്ചാട്ടങ്ങള്‍ ഒന്ന് സന്ദര്‍ശിച്ചാലോ?

തൃപ്പരപ്പ് വെള്ളച്ചാട്ടം : തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ മാത്രം ദൂരത്താണ് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് വെള്ളച്ചാട്ടം. സാധാരണയായി മലയാളി യാത്രികര്‍ക്ക് ഈ വെള്ളച്ചാട്ടം പരിചിതമായിരിക്കില്ല. ആ വശത്തെ കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശമായ വെള്ളറടയിലേയ്ക്ക് തൃപ്പരപ്പില്‍ നിന്നും കഷ്ടിച്ച് പത്തു കിലോമീറ്റര്‍ ദൂരമേ ഉണ്ടാവൂ. ‘കുമാരി കുറ്റാലം’ എന്നാണ് തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന്‍റെ മറ്റൊരു പേര്. ഈ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ക്ക് കുളിക്കുവാനും മറ്റുമുള്ള സൌകര്യങ്ങള്‍ ഉള്ളതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.

മലയാളികള്‍ കൂടുതലായും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരായിരിക്കും ഇവിടെ സന്ദര്‍ശിക്കുന്നത്. മധ്യ- വടക്കന്‍ കേരളത്തിലുള്ളവര്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ വന്ന് സന്തോഷിച്ചു മടങ്ങാറാണ് പതിവ്. തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. 12 ശിവാലയങ്ങളില്‍ ഒന്നാണ് ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രം. ക്ഷേത്രത്തിനു മുന്നിലൂടെ, പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ പരന്നൊഴുകുന്ന കോതയാര്‍, അല്‍പം താഴെ ചെന്ന് 50 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് തൃപ്പരപ്പ് ഫാള്‍സ്. കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വ്വീസ് ഇവിടേക്ക് ലഭ്യമാണ്. സമയവിവരങ്ങള്‍ക്ക് www.aanavandi.com സന്ദര്‍ശിക്കാവുന്നതാണ്.

കുരിശടി വെള്ളച്ചാട്ടം : മങ്കയം നദിയില്‍ നിന്നും രൂപപ്പെട്ടിട്ടുള്ള ഒരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇതൊരു ചെറിയ വെള്ളച്ചാട്ടം ആണെങ്കിലും മനോഹരമാണ്. ഇവിടത്തെ പ്രധാനപ്പെട്ട മറ്റൊരു ആകര്‍ഷണം എന്തെന്നാല്‍ ഇവിടേക്കുള്ള കിടിലന്‍ യാത്രയും ഒപ്പം തന്നെ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ട്രെക്കിംഗുമാണ്. തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. റൂട്ട്: തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്, ചുള്ളിമാനൂര്‍, വഴി പാലോട് എത്തി പാലോട് നിന്നും പെരിങ്ങമ്മല, ഇടിഞ്ഞാള്‍ വഴി മങ്കയം എത്താം. വെള്ളച്ചാട്ടത്തില്‍ കുളിക്കേണ്ടവര്‍ക്ക് അതിനും, ഫാമിലിയ്ക്ക് കുളിക്കാന്‍ പ്രത്യേകവും സൌകര്യമുണ്ട്. ഒരാള്‍ക്ക് 20 രൂപ പ്രവേശനഫീസ്.വാഹനത്തിന് 10 രൂപ.

കലക്കയം വെള്ളച്ചാട്ടം : തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് പോലും അത്ര പരിചിതമല്ല ഈ വെള്ളച്ചാട്ടം. കാരണം ഇവിടേക്ക് എത്തിച്ചേരുക അത്ര എളുപ്പമല്ല എന്നത് തന്നെ. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കലക്കയം വെള്ളച്ചാട്ടത്തിലേക്ക് ഒരു പ്രാദേശിക ഗൈഡുമായി യാത്ര ചെയ്യുന്നതാണ് ഉത്തമം. ഇവിടേക്കുള്ള യാത്ര ഒരു ചെറിയ ട്രെക്കിംഗ് തന്നെയാണ്. ഒരല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഒരു സ്ഥലം കൂടിയാണ് ഇത്. കാട്ടിലൂടെ ഒഴുകി വന്നു പതിക്കുന്നതിനായതിനാല്‍ ഈ വെള്ളത്തിനു പല ഔഷധ ഗുണങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്തു നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

വാഴ്‌വന്തോൾ വെള്ളച്ചാട്ടം : തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിലാണ് വാഴ്‌വന്തോൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വിതുരയില്‍ നിന്നും ഏകദേശം 17 കി.മീ. വാഹനത്തിലും പിന്നീട് അവിടുന്ന് രണ്ടു മൂന്നു കിലോമീറ്റര്‍ വനത്തിലൂടെ കാല്‍നടയായും സഞ്ചരിച്ചു വേണം ഇവിടേക്ക് എത്തുവാന്‍. ഈ യാത്രയില്‍ കാണിത്തടം എന്ന ചെക്ക് പോസ്റ്റില്‍ നിന്നും അനുമതിയും പാസ്സുമൊക്കെ വാങ്ങേണ്ടതായുണ്ട്. നഗരത്തിരക്കിൽ നിന്നും ‌ബഹളത്തിൽ നിന്നും ശാന്തത തേടി യാത്ര ചെയ്യുന്നവർക്ക് ‌പറ്റിയ സ്ഥലമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. ചെങ്കുത്തായതും വഴുക്കലുള്ളതുമായ പാറകളും നീര്‍ചാലുകളുമെല്ലാം കടന്നാണ് യാത്ര. അഗസ്ത്യ മലയുടെ അടിത്തട്ടില്‍ 85 അടി ഉയരത്തില്‍ നിന്ന് വീഴുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസ്സു കവരും എന്നുറപ്പാണ്.

ചിത്രങ്ങള്‍ – ഗൂഗിള്‍, കേരള ടൂറിസം.