ഞങ്ങടെ ‘പാതിരാ കുറുക്കനെ’ ഇല്ലാതാക്കരുതേ… കുന്നംകുളത്തുകാരുടെ ആവശ്യം

കുന്നംകുളത്തുകാർക്കൊരു സങ്കടം പറയുവാനുണ്ട്. മറ്റൊന്നുമല്ല പെങ്ങാമുക്ക് – തിരുവനന്തപുരം ആനവണ്ടി ഓടാതായിട്ട് മാസങ്ങളായി. കോവിഡ് കാലത്ത് എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും നിലച്ചപ്പോൾ ഈ ബസിന്റെ വരവും നിന്നു. കോവിഡ് കാലമല്ലേ, എല്ലാം ബസും നിന്ന കാലമല്ലേ, അത് കൊണ്ട് കൊഴപ്പമില്ലെന്ന് കരുതി. എന്നാൽ കോവിഡ് പ്രശ്നങ്ങൾ മറന്ന് എല്ലാ കെഎസ്ആർടിസിയും ഓടാൻ തുടങ്ങിയപ്പോൾ ഞങ്ങടെ ‘പാതിരാ കുറുക്കനായ’ തിരുവനന്തപുരം ബസ് മാത്രം ഓടുന്നില്ല. ഇന്നോടും നാളെയോടും എന്ന് കരുതി കാത്തിരുന്നു. പക്ഷെ ഞങ്ങടെ പെങ്ങാമുക്ക് ബസ് മാത്രം ഇതുവരെ വന്നില്ല.

മൂന്ന് പതിറ്റാണ്ടായി മുടക്കമില്ലാതെ ഓടുന്ന ഈ ബസ് തിരുവനന്തപുരം ഡിപ്പോയിലെ ലാഭകരമായ റൂട്ടിൽ ഒന്നാണ്. ഞങ്ങൾ കാട്ടകാമ്പാക്കാർക്ക് ഇതു വെറുമൊരു ബസ് സർവ്വീസല്ല. ഞങ്ങളുടെ ജീവിതത്തിന്റ ഒരു ഭാഗമായ ഒന്നാണ്. അധികൃതരേ എത്രയും വേഗം പെങ്ങാമുക്ക് തിരുവനന്തപുരം കെഎസ്ആർടിസി ബസ് പുസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഞങ്ങൾ മിക്കവരുടെയും ദിവസം ആരംഭിക്കുന്നത് വെളുപ്പിനുള്ള ഈ ആനവണ്ടിയെ കണി കണ്ടോ അതിന്റെ ശബ്ദം കേട്ടിട്ടോ ആണ്. അത്രമേൽ ആ ‘ആന വണ്ടി’ യുടെ ശബ്ദം ഈ നാട്ടുകാരുടെ ഹൃദയതാളത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടുകളായി മുടങ്ങാതെ പോകുന്ന പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ് പഴഞ്ഞിക്കാർക്ക് അവരുടെ ഹൃദയത്തോളം പ്രിയപ്പെട്ടതാണ്. എറണാകുളത്തുള്ള കുന്നംകുളം കച്ചവടക്കാരുടെ പ്രിയപ്പെട്ട വണ്ടി. പത്താം ക്ലാസ് കഴിഞ്ഞയുടൻ ഈ ബസ്സിലാണ് മിക്ക കച്ചവടക്കാരും ആദ്യമായി എറണാകുളത്തേക്ക് പോയത്. കളിപ്രായം വിട്ടുമാറിയിട്ടിലെങ്കിലും പിള്ളേരെ വീട്ടുകാർ കച്ചവടം പഠിപ്പിക്കാൻ കുന്നംകുളത്ത് നിന്ന് ഈ ബസ്സിലാണ് എറണാകുളത്തേക്ക് കയറ്റി വിട്ടത്.

എറണാകുളത്തെ സ്റ്റേഷനറി കടയിൽ പാതിരാവരെ കെട്ട് കെട്ടി മടുക്കുമ്പോൾ ശനിയാഴ്ച്ചയാവാൻ ആ പിള്ളേർ കാത്തിരിക്കും. ശനിയാഴ്ച്ച രാത്രി എറണാകുളത്ത് കാത്ത് നിന്ന് ‘പെങ്ങാമുക്ക്’ ബസ്സിൽ കുത്തി പിടിച്ച് കയറി നാട്ടിലേക്ക് കുതിക്കുമവർ. നാട്ടിൽ കാത്തിരിക്കുന്ന പ്രിയമുള്ളവരുടെ അടുത്തേക്ക് വേഗത്തിൽ എത്താൻ കൊതിക്കുന്നവരുടെ കൂട്ടമായിരിക്കും ശനിയാഴ്ച്ചകളിലെ ഈ കെഎസ്ആർടിസി ബസ്സിൽ.

പി.എസ്.സി പരീക്ഷ, ജോലിക്കുള്ള ഇൻ്റർവ്യൂ, ദൂരേയുള്ള ആസ്പത്രി കേസ്, തീർത്ഥയാത്രകൾ ഏതുമാകട്ടെ പഴഞ്ഞിക്കാർക്ക് വിശ്വാസത്തോടെ ആശ്രയിക്കാൻ പറ്റിയ ഒരു വണ്ടിയാണ് പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ്. ജീവിതത്തിൽ ഒരിക്കലും ഈ വണ്ടിയിൽ കയറാത്ത കാട്ടകാമ്പാൽക്കാരൻ ഉണ്ടാവില്ല.

പകൽ വെളിച്ചത്തിൽ ആർക്കും ഈ ആനവണ്ടിയെ കാണാനാവില്ല. നേരം വെളുക്കുമ്പോഴേക്കും ഇവൻ നാടു വിട്ടിരിക്കും. പിന്നേ വരുന്നത് പാതിരാത്രിക്കാണ്. അതു കൊണ്ട് തന്നെ പഴഞ്ഞിക്കാരുടെ പ്രിയപ്പെട്ട പാതിരാ കുറുക്കനാണ് ഈ ആനവണ്ടി. നാട്ടാരെല്ലാം ഉറങ്ങിയതിന് ശേഷം വരികയാൽ ഒരു കാലത്ത് കള്ളൻമാർക്കും ഈ വണ്ടി പ്രിയപ്പെട്ടതായിരുന്നു. കളവ് കഴിഞ്ഞ്, വെളുപ്പിന് ആളുകൾ എഴുന്നേൽക്കും മുന്നേ ഈ വണ്ടിയിൽ കള്ളൻമാർ രക്ഷപ്പെടുന്നത് പതിവായതിനാൽ കള്ളൻമാരുടെ വണ്ടിയെന്നും ഈ ആനവണ്ടി അറിയപ്പെട്ടു.

പെരുന്നാളിൻ്റെയും പൂരത്തിൻ്റേയും നേർച്ചയുടേയും രാത്രിയിലെ ആഘോഷ വരവുകൾക്കിടയിലൂടെ ഈ ‘ആനവണ്ടി’യുടെ വരവ് രസകരമായ കാഴ്ച്ചയാണ്. നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻമാരേക്കാൾ വമ്പോടെ ഹെഡ് ലൈറ്റിട്ട് ഈ ‘ആനവണ്ടി’ വരുമ്പോൾ എല്ലാ ആഘോഷ കൂട്ടങ്ങളും താനേ രണ്ട് വശത്തേക്ക് മാറി വഴികൊടുക്കും. കാരണം അവർക്കറിയാം അതിനുള്ളിൽ ഇരിക്കുന്ന ഓരോ യാത്രക്കാരനും നാട്ടിലെ ഉത്സവം കൂടാനായി കൊതിച്ച് ഓടി എത്തുന്നവരാണെന്ന്.

പണ്ട് എറണാകുളത്തേക്ക് കെട്ട് കെട്ടാൻ ഈ വണ്ടിയിൽ പോയ പലരും വലിയ മുതലാളിമാരായി ജാഗ്വറിലും ബെൻസിലുമൊക്കെയാണ് ഇന്ന് പറ പറക്കുന്നത്. ആ പറ പറക്കലിനിടയിലും എവിടെയെങ്കിലും വെച്ച് ഈ ആനവണ്ടിയെ കണ്ടാൽ ‘ആ പോകുന്നെടാ നമ്മുടെ പെങ്ങാമുക്ക്’ എന്ന് പറഞ്ഞ് സ്നേഹത്തോടെ ആ ആനവണ്ടിയെ നോക്കാതിരിക്കാൻ അവർക്കാവില്ല.

മുപ്പതോളം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രിയങ്കരനായ കെ.എസ്.നാരായണൻ നമ്പൂതിരിക്കായി അനുവദിച്ച എം.എൽ.എ വണ്ടിയാണ് പെങ്ങാമുക്ക് – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സ്. അന്ന് എല്ലാ എംഎൽഎമാർക്കും അവരുടെ നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവാൻ വണ്ടി അനുവദിച്ചു. എല്ലാ എം.എൽ എ വണ്ടികളുടെയും ഓട്ടം നിലച്ചപ്പോഴും നമ്മുടെ പെങ്ങാമുക്ക് വണ്ടി ഇന്നും കിതയ്ക്കാതെ കുതിക്കുന്നു. അതിൻ്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. തിരുവനന്തപുരം ഡിപ്പോയിൽ കളക്ഷൻ കൂടുതലുള്ള വണ്ടികളിൽ ഒന്നാണ് നമ്മുടെ സ്വന്തം ‘പാതിരാ കുറുക്കൻ’. അങ്ങിനെ മുടങ്ങാതെ കുതിക്കുന്ന പഴഞ്ഞിയുടെ അത്ഭുത വണ്ടി ഇനിയും പതിറ്റാണ്ടുകൾ പിന്നിടണം. കൊറോണയുടെ പേരിൽനിലച്ച പെങ്ങാമുക്ക് കെഎസ്ആർടിസി ബസ്സ് ഉടൻ പുനരാംരഭിക്കണം.

കടപ്പാട് – ലിജോ ചീരൻ ജോസ്.