ഹാരിസ് ഇക്ക എന്ന ‘ജിന്നി’നെയും കൂട്ടി നേപ്പാളിലേക്ക് ഞങ്ങളുടെ കാർ യാത്ര

നേപ്പാളിലെ പെർമിറ്റുകൾ ഒക്കെ ശരിയാക്കിയതിനു ശേഷം ഞങ്ങൾ തിരികെ ഇന്ത്യയിലേക്ക് തന്നെ മടങ്ങി. ഇനി ഹാരിസ് ഇക്കയെ എയർപോർട്ടിൽ ചെന്ന് പിക്ക് ചെയ്യണം. അതുകൊണ്ടാണ് ഞങ്ങൾ തിരികെ ഇന്ത്യയിലേക്ക് മടങ്ങിയത്. അങ്ങനെ ഞങ്ങൾ സിലിഗുരിയിൽ നിന്നും ഏതാണ്ട് 16 കിലോമീറ്ററോളം ദൂരെയായി സ്ഥിതി ചെയ്യുന്ന ബാഗ്ഡോഗ്ര എയർപോർട്ടിലേക്ക് യാത്രയായി. കുറച്ചു സമയം അവിടെ കാത്തു കിടന്നു കഴിഞ്ഞു ഹാരിസ് ഇക്കയുടെ ഫ്‌ളൈറ്റ് ലാൻഡ് ചെയ്തു എന്നു മനസ്സിലാക്കിയപ്പോൾ ഞങ്ങൾ ടെർമിനലിനടുത്തേക്ക് നീങ്ങി.

കുറച്ചു സമയത്തിനകം എയർപോർട്ടിലെ എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞു അതാ ലഗേജുകളും ഉന്തി വരുന്നൂ നമ്മുടെ ഹാരിസ് ഇക്ക. സത്യത്തിൽ ഹാരിസ് ഇക്കയുടെ മാസ്സ് എൻട്രിയ്ക്കായി നിങ്ങളെപ്പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയായിരുന്നു. സലീഷേട്ടൻ ഇല്ലാത്ത വിഷമം ഞങ്ങൾക്ക് ഹാരിസ് ഇക്കയെക്കൊണ്ട് തീർക്കണം. ഞങ്ങൾ ഒരുകണക്കിന് ലഗേജുകളൊക്കെ വണ്ടിയിൽ ഒതുക്കി ഹാരിസ് ഇക്കയ്ക്ക് കൂടി ഇരിക്കുവാനുള്ള സൗകര്യം എങ്ങനെയോ ഒപ്പിച്ചു. ഫോർഡ് കമ്പനിക്കാർ കണ്ടാൽ ചിലപ്പോൾ ഞങ്ങൾക്ക് ഒരു അവാർഡ് തന്നേക്കാം. അമ്മാതിരി സ്‌പേസ് മാനേജ്‌മെന്റ് അല്ലെ ഞങ്ങൾ ഇക്കോസ്പോർട്ട് കാറിനുള്ളിൽ നടത്തിയത്.

പിന്നിൽ ലഗേജുകളൊക്കെ ഒതുക്കി വെച്ചെങ്കിലും എയർപോർട്ടിൽ നിന്നും ഹാരിസ് ഇക്ക കാറിന്റെ മുന്നിലായിരുന്നു കയറിയത്. അങ്ങനെ ഞങ്ങൾ വീണ്ടും സഞ്ചരിച്ച് നേപ്പാൾ ബോർഡറായ ‘Panitaki’ യിൽ എത്തിച്ചേർന്നു. ഞങ്ങൾ കാറിന്റെ പെർമിറ്റുകളൊക്കെ മുന്നേതന്നെ റെഡിയാക്കിയിരുന്നതിനാൽ പിന്നീട് ഞങ്ങൾക്ക് അതിൻ്റെ പിന്നാലെ നടക്കേണ്ടി വന്നില്ല. ബോർഡറിൽ ഞങ്ങളുടെ വണ്ടി അവർ നന്നായി ചെക്ക് ചെയ്തു. അങ്ങനെ വൈകുന്നേരം നാലരയോടെ ഞങ്ങൾ വീണ്ടും നേപ്പാളിലേക്ക് പ്രവേശിച്ചു.

നേപ്പാളിലേക്ക് പ്രവേശിച്ചയുടൻ അടുത്തുകണ്ട ഒരു മണി എക്സ്ചേഞ്ചിൽ കയറി ഹാരിസ് ഇക്ക ഇന്ത്യൻ രൂപ, നേപ്പാൾ രൂപയാക്കി മാറ്റി. ഞങ്ങൾ മുൻപേ തന്നെ വഴിയരികിൽ കണ്ട ഒരു ചേച്ചിയുടെ പക്കൽ നിന്നും കറൻസി മാറി വാങ്ങിയിരുന്നു. കറൻസി മാറിയതോടൊപ്പം ഹാരിസ് ഇക്ക അവിടെനിന്നും ഒരു സിം കാർഡ് കൂടി വാങ്ങി. പിന്നീട് അവിടുന്ന് ഹാരിസ് ഇക്ക കാറിന്റെ പിന്നിലെ സീറ്റിലേക്ക് കയറി. ഞാൻ വീണ്ടും മുന്നിലായി. വീഡിയോ ഒക്കെ എടുക്കേണ്ടതു കൊണ്ട് ഞാൻ മുന്നിലിരിക്കുന്നതായിരുന്നു അഭികാമ്യം.

നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡു ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. പക്ഷേ ഇരുട്ടുന്നതിനു മുൻപ് അവിടെയെത്താൻ കഴിയുമെന്നു ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. വരുന്നയിടത്തു വെച്ച് ബാക്കി പ്ലാൻ ചെയ്യാമെന്നു കരുതി ഞങ്ങൾ യാത്ര തുടർന്നു. കുറേനേരത്തെ യാത്രയ്ക്കു ശേഷം ഹാരിസ് ഇക്ക പിന്നിൽ നിന്നും ഡ്രൈവിംഗ് സീറ്റിലേക്ക് മാറി. നേപ്പാളിലെ വിജനമായ കാട്ടുവഴികളിലൂടെ ഞങ്ങൾ കാഠ്‌മണ്ഡു ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയ്ക്കു വെച്ച് നന്നായി വിശന്നപ്പോൾ ഞങ്ങൾ ഒരു റെസ്റ്റോറന്റിൽ കയറി നന്നായി ഭക്ഷണം കഴിച്ചു.

രാത്രി വൈകിയും യാത്ര തുടരേണ്ടി വരുമെന്നായപ്പോൾ ഞങ്ങൾ ഒരിടത്തു കണ്ട ഒരു ഹോട്ടലിൽ റൂമെടുത്തു. 3000 നേപ്പാൾ രൂപയ്ക്കായിരുന്നു ഞങ്ങൾക്ക് ആ റൂം അവർ ഓഫർ ചെയ്തത്. റൂം ആണെങ്കിൽ നല്ല കിടിലൻ അപ്പാർട്ട്മെന്റ് പോലെ ആയിരുന്നു. അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ അന്നത്തെ രാത്രി അവിടെക്കിടന്നുറങ്ങി.

രാവിലെ തന്നെ ഞങ്ങൾ യാത്ര തുടരുവാൻ റെഡിയായി. അവിടെ നിന്നും കാഠ്‌മണ്ഡുവിലേക്ക് ഏതാണ്ട് 200 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. ഞങ്ങൾ റൂമിൽ നിന്നും താഴെ റിസ്പഷനിൽ എത്തി അവിടത്തെ ചാർജ്ജുകൾ കൊടുക്കുവാൻ ബിൽ ആവശ്യപ്പെട്ടപ്പോഴാണ് ഇടിത്തീ പോലെ ഒരു ഷോക്ക് ഞങ്ങൾക്ക് കിട്ടിയത്. മൊത്തം ബിൽ തുക 6500 രൂപ. അവർ പറയുന്നത് ഇന്ത്യൻ രൂപയിലാണ് തലേദിവസം ചാർജ്ജ് പറഞ്ഞതെന്നാണ്. എന്നാൽ ഞങ്ങൾക്ക് നല്ല ഓർമ്മയുണ്ടായിരുന്നു അവർ നേപ്പാൾ രൂപയിലായിരുന്നു തലേദിവസം ചാർജ്ജ് ഞങ്ങളോട് പറഞ്ഞതെന്ന്. മറ്റൊരു രാജ്യമാണെന്നൊന്നും നോക്കാതെ ഞങ്ങൾ തർക്കിച്ചു. ഹാരിസ് ഇക്കയുടെ കയ്യിൽ മീഡിയ പ്രസ് ഐഡി കാർഡും, ഞങ്ങളുടെ കയ്യിൽ ക്യാമറയുമൊക്കെ കണ്ടപ്പോൾ ഹോട്ടലുകാർ ഒന്നടങ്ങി. തലേദിവസം പറഞ്ഞ തുക മാത്രം കൊടുത്ത് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

സത്യം പറയാമല്ലോ, നേപ്പാളിൽ മുഴുവനും പക്കാ ഉടായിപ്പ് ആണ്. പോലീസും സർക്കാർ ഉദ്യോഗസ്ഥരും അടക്കം കൈക്കൂലി വീരന്മാർ. ബാക്കിയുള്ളവരാണെങ്കിലോ എങ്ങനെ ആളുകളെ പറ്റിയ്ക്കാം എന്നോർത്തു കൊണ്ട് നടക്കുന്നവരും (എല്ലാവരും അല്ലാട്ടോ..). ഒരു ദിവസത്തെ അനുഭവത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത് അതാണ്. അതുകൊണ്ട് ഇവിടെ വരുന്ന സഞ്ചാരികൾ ഈ കാര്യങ്ങളെല്ലാം ഓർക്കുക. പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.

ഹോട്ടലിൽ നിന്നും ഇറങ്ങി ഞങ്ങൾ ഏതൊക്കെയോ കാടിനു നടുവിലൂടെയുള്ള വഴികളിലൂടെ യാത്ര തുടർന്നു. ഭൂട്ടാനിൽ മൊത്തം നല്ല തണുപ്പായിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നതെങ്കിൽ നേപ്പാളിൽ നല്ല ചൂട് ആയിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. കാഠ്‌മണ്ഡുവിലേക്കുള്ള പിന്നീടുള്ള യാത്രയ്ക്കിടെ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലിൽ കയറി. ഭൂട്ടാനിലെപ്പോലെ തന്നെ നേപ്പാളിൽ എല്ലാ ഹോട്ടലുകളിലും ബിയർ ഒക്കെ ലഭിക്കുമായിരുന്നു. ഹോട്ടലിൽ നിന്നും പച്ചരിച്ചോറും, വെജ് കറികളും, ചിക്കൻ കറിയും, ചിക്കൻ ഫ്രൈയും, മോമോസും ഒക്കെക്കൂടി നല്ല പെരുത്ത സദ്യ തന്നെയാക്കി ഞങ്ങളുടെ ഭക്ഷണം.

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു വയർ നിറച്ച ശേഷം ഞങ്ങൾ യാത്ര വീണ്ടും തുടർന്നു. ഇനിയും വിശേഷങ്ങൾ ഒരുപാടുണ്ട് പറയാനായിട്ട്. അതൊക്കെ അടുത്ത എപ്പിസോഡിൽ പറയാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.