ഇത് കൊലച്ചതി !! ടൂറിസ്റ്റ് ബസ്സുകൾക്ക് ഇനി വെള്ളനിറം മാത്രം

നമ്മുടെ നിരത്തുകളിൽ ഓടുന്ന ബസ്സുകളിൽ ഏറ്റവും കളർഫുൾ ആയിട്ടുള്ളത് ടൂറിസ്റ്റ് ബസ്സുകൾ തന്നെയാണ്. ഇത്തരത്തിൽ വ്യത്യസ്തങ്ങളും, ആകർഷണീയവുമായ ഡിസൈനുകൾ (ലിവെറി) ബസ്സുകൾക്ക് നൽകുന്നതിൽ ടൂറിസ്റ്റ് ബസ്സുകാർ തമ്മിൽ മത്സരവും നടക്കാറുണ്ട്. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവരെ ആകർഷിക്കുവാൻ വേണ്ടി സിനിമാ താരങ്ങളും, സ്പോർട്സ് താരങ്ങളും, എന്തിനേറെ പറയുന്നു, പോൺമൂവി താരങ്ങൾ വരെ ടൂറിസ്റ്റ് ബസ്സുകളുടെ വശങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, പ്രൈവറ്റ് ബസ്സുകളെപ്പോലെ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്കും ഏകീകൃത കളർകോഡ് ഏർപ്പെടുത്തിയിരിക്കുകയാണ്. പുറം ബോഡിയിൽ വെള്ളയും, മധ്യഭാഗത്ത് കടും ചാരനിറത്തിലുള്ള വരയുമാണ് ടൂറിസ്റ്റ് ബസ്സുകൾക്കായി നിർദ്ദേശിച്ചിരിക്കുന്ന പുതിയ കളർകോഡ്.

കളർകോഡ് പ്രാബല്യത്തിൽ വരുന്നതോടെ ബസ്സുകളിൽ മറ്റു നിറങ്ങളോ, എഴുതുകളോ, ഡിസൈനുകളോ ഒന്നും പാടില്ല. എന്തിനേറെ പറയുന്നു, ബസ്സുകൾക്ക് മുൻഭാഗത്ത് പേര് വരെ നൽകാൻ പാടില്ല എന്നാണ്. പകരം ടൂറിസ്റ്റ് എന്നു മാത്രമേ മുൻവശത്ത് എഴുതി പ്രദർശിപ്പിക്കാവൂ. ടൂറിസ്റ്റ് ബസ് ഓപ്പറേറ്ററുടെ പേര് പിൻഭാഗത്ത് നിശ്ചിത വലിപ്പത്തിൽ എഴുതാം. ടൂറിസ്റ്റ് ബസ്സുടമകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരവും, പാരവെപ്പും മൂലമാണ് ഇത്തരത്തിലൊരു കടുത്ത നിയമം പ്രാബല്യത്തിൽ വരാനിടയാക്കിയത്.

ഈ വിധി വന്നതോടെ ഭൂരിഭാഗം ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. അത്തരത്തിൽ ഫേസ്‌ബുക്കിൽ വൈറലായ ഒരു പ്രതിഷേധക്കുറിപ്പ് ഇങ്ങനെ – “കേരളത്തിൽ പണം മുടക്കുന്നവനെയാണ് ആദ്യം മടൽവെട്ടി അടിക്കേണ്ടത്. ടൂറിസ്റ്റ് ബസ്സുകളുടെ മത്സരം ഇല്ലാതാക്കാൻ വെള്ളനിറമാക്കി പോലും. വണ്ടിക്ക് പേര് പോലും പാടില്ല എന്നാണ് രാജശാസന. പണം മുടക്കിയവന്റെ പേര് വാഹനത്തിന്റെ പുറകിൽ 40 സെന്റിമീറ്റർ പൊക്കത്തിൽ എഴുതാമെന്ന് ഒരു ഔദാര്യവും.

ഇതിന് പറയുന്ന മുടന്തൻ ന്യായമാണ് രസകരം മത്സരം പോലും. ഈ മത്സരം ഉള്ളതുകൊണ്ടാണ് സാർ എല്ലാ വർഷവും എല്ലാ മാസവും പുതിയ വാഹനങ്ങളിലൂടെ നിങ്ങളുടെ ശമ്പളമടക്കം ഞങ്ങൾ നികുതിയായി നൽകുന്നത്. ഈ ആഡംബരവും നിറങ്ങളും ഉള്ളത് കൊണ്ട് എന്താണ് സാർ പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാവുന്നത്? പുതിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതുകൊണ്ട് യാത്ര സുരക്ഷിതത്വവും കൂടുകയല്ലോ ഉള്ളു സർ. എല്ലവരും വെള്ളചായവും പൂശി രണ്ടായിരം മോഡൽ വാഹനവും രണ്ടായിരത്തിഇരുപത് മോഡൽ വാഹനവും ഒരേപോലെ നിരത്തിൽ ഓടുന്നത്കൊണ്ട് സർക്കാർ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ പോവുന്നത്?

ബസ്സുകൾ നിയവിരുദ്ധമായി ഷൊ-ഓഫ്‌ കാണിച്ചിട്ടുണ്ടെങ്കിൽ പിഴ ഈടാക്കി വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്യുകയാണ് വേണ്ടത്. ഡ്രൈവർ ആറു മാസം വീട്ടിൽ ഇരിക്കട്ടെന്നേ. അതിന് ഒരു സംസ്ഥാനത്തുള്ള മുഴുവൻ ടൂറിസ്റ്റ് വാഹനങ്ങളുടെയും നിറം മാറ്റണം എന്ന മണ്ടൻ ബുദ്ധി STA യിലുള്ള അംഗംങ്ങൾ അംഗീകരിച്ചു എന്നോർക്കുമ്പോൾ സത്യത്തിൽ പുച്ഛം തോന്നുന്നു. ജീവിതത്തിൽ ആകെ നിറമുള്ള സ്കൂൾ കോളേജ് ജീവിതത്തിലെങ്കിലും കുട്ടികൾ അടിച്ചു പൊളിക്കട്ടെ ഏമാന്മാരെ.

നിങ്ങളൊക്കെ ചുമ്മാതെ തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ഒന്ന് യാത്ര ചെയ്യണം സർ. മൾട്ടി ആക്സിലും, റിയർ എൻജിൻ ലെയ്‌ലാൻഡും, ടാറ്റയുമെല്ലാം അനസ്യൂതം സർവ്വീസ് നടത്തുന്നത് കാണാം. നിറവും പ്രശ്നമല്ല വരയും വേണ്ട. കേരളത്തിൽ നിലവിലുള്ള പതിനായിരക്കണക്കിന് ബസ്സുകൾ പെയിന്റ് ചെയ്യേണ്ടി വരുമ്പോളുള്ള ചിലവിനെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വെള്ള നിറത്തിലുള്ള വണ്ടികൾ തമ്മിൽ മത്സരം ഉണ്ടായാൽ നിങ്ങൾ എന്ത് ചെയ്യും. പെയിന്റ് വേണ്ട എന്ന് വെച്ച് പ്രൈമർ അടിച്ച് വണ്ടി ഓടിക്കാൻ പറയുമോ?

പല രീതിയിലും ടൂറിസ്റ്റ് ബസ്സുകൾ കൊണ്ട് ഉപജീവനം നടത്തുന്ന ചില പാവങ്ങളുടെ വയറ്റത്തടിക്കാനേ നിങ്ങളുടെ ഈ മണ്ടൻ തീരുമാനങ്ങൾ ഉപകരിക്കൂ. പുഷ് ബാക്ക് ആഡംബരമാണെന്ന് പറഞ്ഞ് ടാക്സ് ഇരട്ടിയാക്കിയ പാർട്ടികളോട് പറഞ്ഞിട്ടെന്താ കാര്യം.

മറ്റ് സംസ്ഥാനങ്ങൾ പൊതു ഗതാഗതത്തിൽ മുൻപോട്ട് പോകുമ്പോൾ കേരളം കിതക്കുന്നത് ഈ കാഴ്ചപ്പാടില്ലായിമ കൊണ്ടാണ്. പണം മുടക്കാതെ മീൻപിടിക്കാൻ ഇരിക്കുന്നവർക്ക് സന്തോഷം പകരുന്ന വർത്തയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ നിർത്തട്ടെ.”