99 രൂപയ്ക്ക് ഒരു NFC ബ്രോസ്റ്റഡ് ചിക്കൻ ബിരിയാണി

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ഒരു ബ്രോസ്റ്റഡ് ചിക്കൻ പീസും ചെറിയ തോതിൽ മസാല അടങ്ങിയ ബിരിയാണി ചോറും 99 രൂപ. കൊള്ളാം അല്ലേ. Eat99 എന്ന പ്ലാമൂടുള്ള റെസ്റ്റോറൻറിലാണ് ഈ വിഭവം. വില കുറഞ്ഞ് പലയിടത്തും കിട്ടുന്ന ബിരിയാണിയുടെ അരിക്ക് അത്ര ക്വാളിറ്റി കാണില്ല. ഇവിടെ നല്ല ക്വാളിറ്റിയുള്ള കൈമ അരി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ലഭ്യമാകുന്ന ദം ചിക്കൻ ബിരിയാണിയുമായോ, മസാല ചേരുവുകൾ വളരെ അധികം അടങ്ങിയ തനതു ബിരിയാണികളുമായി താരതമ്യം ചെയ്യാതെ രുചിയുള്ള പോക്കറ്റിൽ ഒതുങ്ങന്ന ബ്രോസ്റ്റഡ് ഫ്രൈ ചിക്കൻ പീസ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ അടിപൊളിയൊരു ബിരിയാണി.

സാമാന്യം ആവശ്യത്തിനുള്ള ക്വാണ്ടിറ്റിയുണ്ട്. കൂടെ കിട്ടിയ മയോണീസും സലാഡും കൊള്ളാം. അത് പോലെ ആ കറുമുറാ പലഹാരവും. വയറു ഭും എന്ന് കേറി വീർക്കില്ല. മൊത്തത്തിൽ ഇഷ്ടപ്പെട്ടു.

ഇത് NFC യുടെ ബ്രോസ്റ്റഡ് ചിക്കൻ പീസ്. നൂരിയ ഫ്രൈഡ് ചിക്കൻ എന്ന് നെടുമങ്ങാടുള്ള ഇവരുടെ തന്നെ സ്ഥാപനത്തിലെ അതെ ബ്രോസ്റ്റഡ് ചിക്കൻ പീസ് തയ്യാറാക്കുന്ന രീതിയിലാണ് പ്ലാമൂടും അവർ ചെയ്യുന്നത്. മെഷീനിൽ അത് വറുത്തു കോരിയെടുക്കുന്നത്, അടുക്കളയിൽ പോയി നേരിട്ട് കാണാൻ പറ്റി.

ഊണില്ല, ഇപ്പോൾ ഉച്ചയ്ക്ക് നിലവിൽ കഴിക്കാൻ ബിരിയാണി മാത്രം. 99 രൂപയുടെ വിവിധ ഫലൂഡകൾ ലഭ്യമാണ്. വെള്ളയമ്പലത്തുള്ള ഫലൂദ ഫാക്ടറി ഇവരുടെ മറ്റൊരു സ്ഥാപനമാണ്. വൈകുന്നേരം മുതൽ 99 രൂപയുടെ 3 പെറോട്ട വീതം അടങ്ങിയ ബീഫിന്റെ 1 കോമ്പോയും ചിക്കൻറെ 2 കോമ്പോകൾ വീതവും ലഭ്യമാണ്.

പാർക്കിംഗ്: റോഡിൽ നിന്ന് കടയുടെ മുന്നിലോട്ടു കേറ്റി ഒരു കാർ പാർക്ക് ചെയ്യാനുള്ള ഏരിയ ഉണ്ട്. അത് കഴിഞ്ഞാൽ ബൈക്ക് ആണെങ്കിലും കാർ ആണെങ്കിലും സ്ഥലം നമ്മൾ കണ്ടു പിടിക്കണം. കാർഡ് സൗകര്യം ഉണ്ട്. വീട്ടിൽ തയ്യാറാക്കിയ മുട്ട ചേർക്കാത്ത 20 രൂപയുടെ നറുനീണ്ടി സർബത്തും ഉച്ച മുതൽ ലഭ്യമാണ്.

പ്രവർത്തന സമയം : ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെ. ലൊക്കേഷൻ: പ്ലാമൂട് നിന്ന് PMG യിലേക്ക് കേറുന്ന വൺവേ റോഡ് തുടങ്ങുന്നതിന് മുൻപായി ഇടതു വശത്തായി ഈ ഭക്ഷണയിടം കാണാം. സിറ്റിങ് കപ്പാസിറ്റി : 18 (2 പേർക്ക് വീതമുള്ള 3 മേശയും, 4 പേർക്ക് വീതമുള്ള 3 മേശയും രണ്ടു വരികളിലായി). വ്യത്യസ്തതയുള്ള, രുചിയുള്ള, കീശ ചോരാത്ത, ബ്രോസ്റ്റഡ് ചിക്കൻ ബിരിയാണി നല്ലൊരു അനുഭവം തന്നെയാണ്.