പത്തു പൈസ ചിലവാക്കാതെ 6 മാസം ഇന്ത്യ ചുറ്റിയ നിയോഗ്…

നിയോഗിനെ ആര്‍ക്കും ഇനി അധികം പരിചയപ്പെടുത്തേണ്ടി വരില്ലല്ലോ. ഇതിനു മുന്‍പത്തെ നിയോഗിന്‍റെ വിശേഷങ്ങള്‍ അറിയുവാന്‍ ഈ ലിങ്കില്‍ ചെന്നു വായിക്കുക. CLICK HERE.

നിയോഗിന്‍റെ ആര്‍ട്ടിക് വിശേഷങ്ങള്‍ പങ്കുവെച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയായിരുന്നു. ഞങ്ങള്‍ നേരെ തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്ക് വെച്ചുപിടിച്ചു. നിയോഗിനു അവിടെയൊക്കെ വളരെയേറെ പരിചിതമായിരുന്നു. ബോര്‍ഡര്‍ ചിക്കന്‍ എന്നൊരു സ്പെഷ്യല്‍ ഐറ്റം അവിടെയുണ്ടത്രേ. റഹ്മത്ത് എന്ന ഒരു ഹോട്ടലിലാണ് ഈ വിഭവം ലഭിക്കുന്നത്. നിയോഗിന്‍റെ അഭിപ്രായം കേട്ട് ഞാനും ഇതൊന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. കേരള – തമിഴ്നാട് അതിര്‍ത്തിയായതിനാല്‍ ആണ് ഈ വിഭവത്തിനു ബോര്‍ഡര്‍ ചിക്കന്‍ എന്നു പേരു വന്നത് എന്ന് നിയോഗ് പറഞ്ഞു. കൂടുതലും ലോറി ഡ്രൈവര്‍മാരാണ് ഈ ഹോട്ടലിലെ കസ്റ്റമേഴ്സ്. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വീണ്ടും കേരളത്തിലേക്ക് യാത്രയായി.

ഈ യാത്രയ്ക്കിടെ പത്തു പൈസപോലും ചിലവാക്കാതെ ആറു മാസത്തോളം നിയോഗ് നടത്തിയ ഇന്ത്യാ യാത്രയുടെ വിശേഷങ്ങള്‍ അദ്ദേഹം എന്നോട് പങ്കു വെച്ചു തുടങ്ങി. ഒരുപാട് പ്രചോദനങ്ങള്‍ ഉണ്ടായിരുന്നു. സൗജന്യമായി ലിഫ്റ്റ് ചോദിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന ”ഹിച്ച്‌ഹൈക്കിങാണ്” നിയോഗിനെ ആകര്‍ഷിച്ച ഒരു രീതി. കയ്യില്‍ വെറും ഇരുന്നൂറു രൂപയുമായിട്ട് ആയിരുന്നു നിയോഗ് വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ടത്. കയ്യില്‍ ജിയോ കണക്ഷന്‍ ഉള്ള മൂവായിരം രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ മാത്രം. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു യാത്ര. തിരുവനന്തപുരം എത്തിയപ്പോള്‍ത്തന്നെ കയ്യിലുള്ള കാശ് തീര്‍ന്നു. പിന്നെ അവിടുന്ന് അങ്ങോട്ട്‌ ലിഫ്റ്റ്‌ അടിച്ച് യാത്ര തുടങ്ങി.

രാത്രികളില്‍ ഉറക്കം കടത്തിണ്ണയിലും, അമ്പലങ്ങളിലും പള്ളികളിലും ഒക്കെയായിരുന്നു. വിലപിടിപ്പുല്ലത് ഒന്നും തന്നെ കയ്യില്‍ ഇല്ലാത്തതിനാല്‍ നിയോഗിനു പ്രത്യേകിച്ച് സുരക്ഷയെക്കുറിച്ച് പേടിയൊന്നും ഉണ്ടായിരുന്നില്ല. ആളുകളോട് സത്യസന്ധമായി കാര്യം പറഞ്ഞ് ഭക്ഷണം വാങ്ങിക്കഴിക്കുകയായിരുന്നു യാത്രയിലുടനീളം. യാത്ര ചെയ്യുവാന്‍ പിന്നെയും എളുപ്പമായിരുന്നു. പക്ഷേ കയ്യില്‍ കാശില്ലാതെ മറ്റുള്ളവരില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നത് കുറച്ച് പണിയായിരുന്നു. ഭക്ഷണത്തിനായി സമീപിച്ചപ്പോള്‍ മിക്കവരും നിയോഗിനെ മടക്കി അയക്കുകയായിരുന്നു ഉണ്ടായത്. ഏറ്റവും കൂടുതല്‍ ലിഫ്റ്റ്‌ തന്നിരുന്നത് ട്രക്ക് ഡ്രൈവര്‍മാര്‍ ആയിരുന്നു. അവരുമായുള്ള ഇടപെടലുകള്‍ നിയോഗിന് വളരെയേറെ അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്.

രാത്രിയിലുള്ള യാത്ര നിയോഗ് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യാത്രയോട് പൊരുത്തപ്പെട്ടപ്പോള്‍ നിയോഗ് രാത്രിയും യാത്ര ചെയ്യാന്‍ തുടങ്ങി. “എന്റെ യാത്രയില്‍ ഇത് വരെ മറ്റൊരു സുരക്ഷാപ്രശ്‌നങ്ങളും നേരിട്ടിട്ടില്ല.” – നിയോഗ് പറയുന്നു. നിരവധി മറക്കാനാകാത്ത നിമിഷങ്ങള്‍ നിയോഗിനു ഈ യാത്രയില്‍ ലഭിച്ചിട്ടുണ്ട്. മുംബൈ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വെള്ളപ്പൊക്കമായിരുന്നു. ഒഴുക്കുചാല്‍ സംവിധാനം ശരിയല്ലാത്തതിനാല്‍ മഴ പെയ്താല്‍ മുംബൈ വെള്ളത്തിലാകുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലും ഉണ്ടായിരുന്നത്. മുംബൈയില്‍ വെള്ളപ്പൊക്കമായിരുന്നുവെങ്കില്‍ രാജസ്ഥാനില്‍ വെള്ളമില്ലാത്തതിന്‍റെ പ്രശ്‌നമായിരുന്നു നേരിട്ടത്. രാജസ്ഥാനിലെ ആളുകള്‍ വെള്ളമില്ലാത്തതിനാല്‍ പാത്രങ്ങള്‍ കഴുകുന്നത് മണലുകൊണ്ടായിരുന്നു. ഗുജറാത്തിലുണ്ടായിരുന്ന ഒരു ദിവസം മുഴുവന്‍ പട്ടിണി കിടക്കേണ്ടി വന്നിരുന്നു. ഇതൊക്കെ നിയോഗിന്‍റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളും സംഭവങ്ങളുമായിരുന്നു.

രാജസ്ഥാനിലെ ജയ്പൂരില്‍ രാത്രി ചൂട് സഹിക്കാനാകാതെ A/C യുള്ള ഒരു ATM കൌണ്ടറില്‍ കയറിക്കിടന്ന് ഉറങ്ങിയ നിയോഗിനെ പാതിരാത്രിയായപ്പോള്‍ പോലീസ് പൊക്കി. കാര്യമൊക്കെ അറിഞ്ഞപ്പോള്‍ അവര്‍ നിയോഗിനു പോലീസ് സ്റ്റേഷനില്‍ തങ്ങുവാനുള്ള സൗകര്യങ്ങളും ഒരുക്കി. ഇതൊക്കെ പറയുമ്പോള്‍ നിയോഗിന്‍റെ മുഖത്ത് ആ സന്ദര്‍ഭം ഒന്നുകൂടി അനുഭവിച്ചപോലെയുള്ള ഭാവമായിരുന്നു.

യാത്രയ്ക്കൊപ്പം തന്നെ നിയോഗ് മനസ്സില്‍ കൊണ്ട് നടക്കുന്ന മറ്റൊരു മേഖല കൂടിയുണ്ട്. സിനിമ… ഒരു സിനിമാ സംവിധായകന്‍ ആകുവനാണ് ഇനി നിയോഗിന്‍റെ ശ്രമം. “എന്റെ ആദ്യ സിനിമ ഒരു ട്രാവല്‍ മൂവി ആയിരിക്കും, അതിന്‍റെ ഭാഗമാണ് ഈ യാത്രയെന്ന് പറയാം. എന്റെ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം. അമ്മയാണ് എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്യുന്നതും ” നിയോഗ് പറയുന്നു.

പറ്റുന്ന ഭാഷകളില്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ എടുക്കുക എന്നതാണ് നിയോഗിന്‍റെ ഏറ്റവും വലിയ സ്വപ്‌നം. കൂടാതെ യാത്രകള്‍ തുടര്‍ന്നുകൊണ്ടിരിക്കും, ഒരു ഹിപ്പി ജീവിതത്തിലൂടെ. നിയോഗിന്‍റെ അഭിപ്രായത്തില്‍ തനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് ‘സന്തോഷകരമായ ജീവിതം’ എന്നു പറയുന്നത്.