മലയാളികളുടെ അഭിമാനമായ നിയോഗിന്‍റെ വിശേഷങ്ങള്‍…

നിയോഗിനെ അറിയാത്തവര്‍ ആരെങ്കിലുമുണ്ടോ? അറിയാത്തവര്‍ക്കായി പറഞ്ഞു തരാം. ലോകത്തിലെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്സ്പെഡിഷനായ ഫിയൽറാവൻ പോളാറിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരനായി ദൗത്യം പൂർത്തിയാക്കി വന്ന മലയാളിയായ യുവാവാണ് പുനലൂര്‍ സ്വദേശി നിയോഗ് കൃഷ്ണന്‍.

തന്‍റെ ഇരുപത്തിയാറാമാത്തെ വയസ്സില്‍ പത്തു പൈസപോലും ചിലവാക്കാതെ ഇന്ത്യ ചുറ്റിക്കണ്ട നിയോഗിനു ഒട്ടേറെ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പഠനം, ജോലി, വിവാഹം ഈ മൂന്ന് കാര്യങ്ങളിലൂടെ മാത്രം കടന്നു പോയി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന എല്ലാ യുവത്വത്തിനും ഒരു പൊട്ടിത്തെറിയാണ് നിയോഗ് എന്ന ഈ ചെറുപ്പക്കാരന്‍. നിയോഗിന്‍റെ വിശേഷങ്ങള്‍ അറിയുവാനായി ഞങ്ങള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയിരുന്നു. പുനലൂരിലാണ് നിയോഗിന്‍റെ വീട്. ചെന്നപാടെ പടിപ്പുരയില്‍ നിയോഗ് ഞങ്ങളെ കാത്തിരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഇത്രയേറെ പ്രശസ്തനായിട്ടും അതിന്‍റെ യാതൊരു തലക്കനം പോലുമില്ലാത്ത വിനയാന്വിതനായ നിയോഗിനെ ആര്‍ക്കും ഇഷ്ടമാകും.

നാലുകെട്ടുള്ള നിയോഗിന്‍റെ വീട്ടിലേക്ക് ഞങ്ങള്‍ നടന്നു. നിയോഗിന്‍റെ ചെറുപ്പകാലത്തെക്കുറിച്ച് അമ്മ ശ്രീകല ഞങ്ങളോട് അഭിമാനത്തോടെയാണ് പറഞ്ഞത്. ചെറുപ്പം മുതലേ സന്ചാരപ്രിയന്‍ ആയിരുന്ന നിയോഗ് ഉറുമ്പുകള്‍, പാമ്പുകള്‍ മുതലായ ജീവികളെയൊക്കെ വളര്‍ത്തുമായിരുന്നത്രേ. യാത്രയും സിനിമയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിയോഗ് ഒരു LLB ഹോള്‍ഡര്‍ കൂടിയാണ്.

രാവിലത്തെ ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ഒന്നിച്ച് തെന്മല ഭാഗത്തേക്ക് യാത്രയായി. നിയോഗിന്‍റെ വിശേഷങ്ങള്‍ യാത്രയിലുടനീളം അദ്ദേഹം പങ്കുവെച്ചു. കേരള അതിര്‍ത്തിയും കടന്ന് ഭഗവതിപുരം എന്നൊരു റെയില്‍വേ സ്റ്റേഷനു സമീപം ഞങ്ങള്‍ വണ്ടി നിര്‍ത്തി. യാത്രാപ്രേമിയായ നിയോഗിനു പരിചിതമായ സ്ഥലങ്ങളായിരുന്നു ഇവയെല്ലാം.

റെയില്‍വേ സ്റ്റേഷനു സമീപം സ്വസ്ഥമായി ഇരുന്നുകൊണ്ട് നിയോഗ് തന്‍റെ പോളാർ എക്സ്പെഡിഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിമി വരുന്ന ആര്‍ടിക് മേഖല മുറിച്ച് കടക്കുന്ന അതിസാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എസ്‌ട്രീം. തുടക്കത്തില്‍ നൂറ് റാങ്കിന് പുറകില്‍ ഉണ്ടായിരുന്ന നിയോഗ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാം റാങ്കിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും നല്‍കിയ വന്‍ പിന്തുണയാണ് നിയോഗിനെ യാത്രയ്ക്ക് തയ്യാറാക്കിയത്.

ഏഴു ദിവസം നീണ്ടു നിന്ന വളരെ സാഹസികമായ ഈ യാത്രയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. രാത്രി കിടക്കുവാനായി മഞ്ഞിന് മുകളില്‍ അടിച്ച ടെന്റുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോകുമായിരുന്നത് കാരണം മണിക്കൂറുകളോളം കാത്തിരുന്നു മഞ്ഞുകൊണ്ട് കട്ടകള്‍ ഉണ്ടാക്കി ടെന്‍റ് സംരക്ഷിച്ച സംഭവങ്ങളൊക്കെ നിയോഗ് വിശദീകരിക്കുമ്പോള്‍ ആ സംഭവം നമുക്ക് നിയോഗിന്‍റെ കണ്ണുകളില്‍ കാണാമായിരുന്നു.

ഈ യാത്രയ്ക്ക് പോകുന്നതിനു മുന്‍പ് നിയോഗ് ഹിമാചല്‍ പ്രദേശില്‍ ബാബുക്ക എന്നയാളുടെ കൂടെ ഒരു മാസത്തോളം താമസിച്ച് തണുപ്പിനെ നേരിടാനുള്ള പരിശീലനങ്ങള്‍ അല്‍പ്പം നേടിയിരുന്നു. മുഴുവനും മഞ്ഞു മൂടിയ സ്ഥലങ്ങളിലൂടെ ഡോഗ് സ്ലെഡിംഗ് എന്ന പട്ടികള്‍ വലിച്ചുകൊണ്ട് പോകുന്ന ഒരു വാഹനമായിരുന്നു ഇവരുടെ യാത്രാമാര്‍ഗ്ഗം. കാണുന്നത് പോലെ അത്ര എളുപ്പമല്ല ഈ യാത്രയെന്ന് നിയോഗ്. ഈ പട്ടികള്‍ക്ക് തണുപ്പിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. വിശ്രമസമയങ്ങളില്‍ ആദ്യം ഭക്ഷണം കൊടുക്കുന്നത് ഈ നായകള്‍ക്ക് ആണ്. കാരണം അവരുടെ ആരോഗ്യവും പ്രധാനമാണല്ലോ.

യാത്രയ്ക്കിടയിലെ മൂന്നു ദിവസങ്ങളില്‍ ടോയ്ലറ്റ് സൌകര്യ്നഗല്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കടല്‍ പോലെ പരന്നു കിടക്കുന്ന മഞ്ഞിനിടയില്‍ ഇടയ്ക്കിടെ പിന്‍ മരങ്ങളുടെ കൂട്ടങ്ങള്‍ കാണാമായിരുന്നു. അവയ്ക്കുള്ളില്‍ കയറി കുഴികുത്തി കാര്യം സാധിക്കണം. യാത്രകളും സാഹസികതയും ഇഷ്ടമാണെങ്കിലും അതുപോലെതന്നെ നമ്മള്‍ പ്രകൃതിയെയും കൂടി ഓര്‍ത്തുവേണം എല്ലാം ചെയ്യുവാന്‍. പ്രകൃതിയ്ക്ക് അപകടകരമായ കാര്യങ്ങള്‍ ഒന്നും തന്നെ നമ്മള്‍ ചെയ്യുവാന്‍ പാടില്ല. ഇത്രയും യാത്രകള്‍ നടത്തിയതിന്‍റെ അനുഭവത്തില്‍ നിന്നാണ് നിയോഗ് ഇതു പറയുന്നത്.