‘നല്ലപ്പ ട്രാൻസ്പോർട്ട്സ് പൊള്ളാച്ചി’ അഥവാ NTP : തമിഴ് മണമുള്ള പ്രൈവറ്റ് ബസ് സർവ്വീസ്…

തൃശ്ശൂർ ഭാഗത്തു പോയിട്ടുള്ളവർ കണ്ടിട്ടുണ്ടാകും, പൊള്ളാച്ചി ബോർഡ് വെച്ച എൻ.ടി.പി. എന്ന സ്വകാര്യ ബസ്. ‘നല്ലപ്പ ട്രാൻസ്പോർട്ട്സ് പൊള്ളാച്ചി’ എന്നാണു NTP യുടെ മുഴുവൻ പേര്.

തൃശ്ശൂരിൽ പണ്ട് ‘കിഴക്കൻ വണ്ടി’ എന്നൊരു പ്രയോഗമുണ്ടായിരുന്നു. കുതിരാൻ കയറി ഇറങ്ങി വരുന്ന വണ്ടികൾക്ക് പൊതുവേയുള്ള ഒരു വിളിപ്പേര്‌ ആയിരുന്നു ഇത്.ഇവയിൽ നല്ലൊരു ശതമാനം എൻ.ടി.പി ബസ്സുകൾ ആയിരുന്നു. പൊള്ളാച്ചി ആസ്ഥാനമായുള്ള ഈ ഗ്രൂപ്പിന്‌ നിരവധി ബസ്സുകൾ ഉണ്ടായിരുന്നു പണ്ട്.

കേരള-തമിഴ്നാട് അന്ത:സംസ്ഥാന കരാർ പ്രകാരം പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്കുള്ള പെർമിറ്റുകൾ കേരളത്തിലെ സ്വകാര്യ ഓപ്പറേറ്റർമാർക്ക് നല്കിയപ്പോൾ തൃശ്ശൂർ – പൊള്ളാച്ചി റൂട്ട് ഏറ്റെടുത്തത് എൻ.ടി.പി ആയിരുന്നു. തൃശ്ശൂരായിരുന്നു കേരളത്തിൽ എൻ.ടി.പി യുടെ ആസ്ഥാനം. ദേശാസാല്കരണത്തിനു മുൻപ് എൻ.ടി.പിയുടെ വണ്ടികൾ എറണാകുളം ജില്ല വരെ എത്തിയിരുന്നു.

എൺപതുകളുടെ അവസാനത്തോടെ തൃശ്ശൂർ – പാലക്കാട്, തൃശ്ശൂർ – പൊള്ളാച്ചി, തൃശ്ശൂർ – ഗോവിന്ദാപുരം എന്നീ റൂട്ടുകളിൽ ഏറിയ പങ്കും എൻ.ടി.പി. യുടെ ബസ്സുകളായി. ഇതിനു പുറമെ തൃശ്ശൂർ – കൊടുവായൂർ – മീനാക്ഷിപുരം, തൃശ്ശൂർ  – നെന്മാറ – അയിലൂർ, തൃശ്ശൂർ – നെന്മാറ – അടിപ്പെരണ്ട, പഴയന്നൂർ – ആലത്തൂർ – ചിറ്റൂർ, പെരുങ്ങോട്ടുകുറിശ്ശി – പൊള്ളാച്ചി എന്നിങ്ങനെയുള്ള റൂട്ടുകളും എൻ.റ്റി.പി ക്കുണ്ടായിരുന്നു.

തൃശ്ശൂർ പൂങ്കുന്നത്ത് എൻ.ടി.പിയ്ക്ക് ഒരു വർക്ഷോപ്പ് ഉണ്ടായിരുന്നു. തൃശ്ശൂരിൽ ഹാൾട്ടുള്ള വണ്ടികൾ രാത്രി ലാസ്റ്റ് ട്രിപ്പ് കഴിഞ്ഞു തൃശ്ശൂർ റൌണ്ടിൽ ആളെ ഇറക്കി നേരെ പൂങ്കുന്നത്തേക്കു വിടും.

താരതമ്യേന പഴയ ബസ്സുകളായിരുന്നു എൻ.ടി.പി യുടേത്. പുതിയ ബസ്സുകൾ കഴിവതും വാങ്ങാറില്ല. തമിഴ്നാട്ടിൽ ഓടി പതം വന്ന വണ്ടികളാണ്‌ ഇവർ വാങ്ങി ഒടിക്കാറ്‌. തൃശ്ശൂർ – പൊള്ളാച്ചി റൂട്ടിൽ മാത്രമേ അല്പമെങ്കിലും പുതിയ വണ്ടികൾ ഇവർ ഇറക്കിയിട്ടുള്ളൂ.

തൊണ്ണൂറുകളുടെ ആദ്യം, പാലക്കാട് ജില്ലയിലെ കണ്ണാടിയിലും തൃപ്പാളൂരുമൊക്കെ ബൈപാസ്സുകൾ സജ്ജമായി. ദേശീയപാത വികസിച്ചപ്പോൾ തൃശ്ശൂർ – പാലക്കാട് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് യുഗം ആരംഭിച്ചു. കണ്ണപ്പ ഗ്രില്ലും മികച്ച സ്പീഡുമൊക്കെയായി പുതിയ ബസ്സുകൾ കളം നിറഞ്ഞപ്പോൾ, പഴകിയ ബസ്സുകളുമായി പിടിച്ചു നിൽക്കാൻ ശ്രമിച്ച എൻ.ടി.പി. യിൽ നിന്നും യാത്രക്കാർ പതിയെ അകലാൻ തുടങ്ങി. ലോക്കൽ വണ്ടികൾ വരെ ഹെഡ് റെസ്റ്റ് ഉള്ള സീറ്റുകളുമായി ഓടുമ്പോൾ തൃശ്ശൂർ – പൊള്ളാച്ചി റൂട്ടിലൊക്കെ ഹെഡ് റെസ്റ്റില്ലാത്ത സീറ്റുമായായിരുന്നു എൻ.ടി.പി. സർവ്വീസ് നടത്തിയിരുന്നത്.

തൊണ്ണൂറുകളുടെ അവസാനം, അവരുടെ KL-08 B 48 എന്ന വണ്ടിയും വിറ്റപ്പോൾ തൃശ്ശൂർ – പാലക്കാട് റൂട്ടിൽ നിന്നും അവർ കളം ഒഴിഞ്ഞു. തൃശ്ശൂർ – പാലക്കാട് റൂട്ടിൽ നിന്നും പിന്മാറിയെങ്കിലും അവർ പിന്നേയും ഏറെക്കാലം കുത്തക റൂട്ടുകളായ തൃശ്ശൂർ – ഗോവിന്ദാപുരം, തൃശ്ശൂർ – പോള്ളാച്ചി എന്നിവയിൽ ഓടിക്കൊണ്ടിരുന്നു. പിന്നെപ്പിന്നെ ഓരോ പെർമിറ്റുകളായി കൊടുത്തു തുടങ്ങി. അയിലൂർ, അടിപ്പെരണ്ട പെർമിറ്റുകൾ ഇല്ലാതായി. മറ്റു ചില പെർമിറ്റുകളിൽ വേറെ ബസ്സുകൾ വന്നു.

നിലവിൽ തൃശ്ശൂർ – പൊള്ളാച്ചി, പൊള്ളാച്ചി – പെരിങ്ങോട്ടുകുറിശ്ശി റൂട്ടിൽ എൻ.ടി.പി. സർവ്വീസുകൾ നടത്തുന്നുണ്ട്.

കടപ്പാട് – ‎Thrissur Kannur FP‎, Bus Kerala.