കർദുംഗ് ലായിൽ നിന്നും നുബ്രാ വാലി വഴി ഹുൻഡർ ഗ്രാമത്തിലേക്ക് ഒരു യാത്ര…

കർദുംഗ് ലാ ടോപ്പിൽ വെച്ച് ഞങ്ങൾ മലയാളി സഞ്ചാരികളെയും കണ്ടുമുട്ടിയിരുന്നു. അവരോടെല്ലാം വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം, ആവശ്യത്തിനു ഫോട്ടോസും എടുത്തു കഴിഞ്ഞു പിന്നെ ഞങ്ങൾ പോയത് നുബ്രാ വാലിയും ഹുണ്ടർ എന്ന ഗ്രാമവും കാണുവാനാണ്. നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ മഞ്ഞുമലകളും ആകാശവുമൊക്കെ വളരെ മനോഹരമായ കാഴ്‌ചകളായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചിരുന്നത്.

പോകുന്ന വഴിയിലാണെങ്കിൽ അപ്പുറവും ഇപ്പുറവുമൊക്കെ ഫുൾ മഞ്ഞു വീണു കിടക്കുകയായിരുന്നു. ചിലയിടങ്ങളിൽ രണ്ടാൾപ്പൊക്കത്തിൽ മഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അതിനിടയിലൂടെയായിരുന്നു വഴി കടന്നുപോയിരുന്നത്. റോഡ് ടാർ ചെയ്തിട്ടൊന്നും ഇല്ലെങ്കിലും നല്ല നിരപ്പായ പ്രതലത്തിലായിരുന്നു. യാത്രയ്ക്കിടെ താഴ്വാരത്തിൽ ഞങ്ങൾ യാക്കിൻ കൂട്ടങ്ങളെ ധാരാളം കണ്ടു. കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ഞങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും നന്നായി വെള്ളം കുടിച്ചപ്പോൾ അതെല്ലാം ഒക്കെയായി. അതോടൊപ്പം തന്നെ എമിൽ പെട്ടെന്ന് ഉയരത്തിൽ നിന്നും താഴേക്ക് വണ്ടി പായിച്ചു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴി ടാറിട്ടതായി മാറി. അങ്ങനെ പോയിപ്പോയി ഞങ്ങൾ നോർത്ത് പുള്ളു ചെക്ക്‌പോസ്റ്റിൽ എത്തിച്ചേർന്നു. 13600 അടി ഉയരത്തിലാണ് ആ ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ചെക്ക്‌പോസ്റ്റിൽ വേണ്ട വിവരങ്ങളെല്ലാം എഴുതി കൊടുത്തതിനു ശേഷം ഞങ്ങൾ അവിടം കടന്നു. അവിടെ അടുത്തുള്ള ഒരു ചായക്കടയിൽ കയറി ഞങ്ങൾ ചായയും മറ്റും കഴിച്ചു ക്ഷീണമകറ്റി. മൊബൈൽഫോണിനു അവിടെ ഒട്ടും റേഞ്ച് ഇല്ലായിരുന്നു. ഇനിയങ്ങോട്ടു രണ്ടു ദിവസത്തേക്ക് ഇതായിരിക്കും ഞങ്ങളുടെ അവസ്ഥ.

അങ്ങനെ ചായയൊക്കെ കുടിച്ചു ഉന്മേഷവാന്മാരായി ഞങ്ങൾ നുബ്ര വാലി ലക്ഷ്യമാക്കി നീങ്ങി. റോഡിനിരുവശത്തും കണ്ടിരുന്ന മഞ്ഞൊക്കെ മൊത്തത്തിൽ മാറിയിരുന്നു. തണുപ്പ് ഉണ്ടായിരുന്നുവെങ്കിലും സൂര്യപ്രകാശം നല്ല കനത്തതു തന്നെയായിരുന്നു. സൺ ക്രീം ഒക്കെ തേച്ചായിരുന്നു ഞങ്ങൾ പോയിരുന്നത്. പോകുന്ന വഴിയിൽ തിരക്ക് കുറവായിരുന്നതിനാൽ ആസ്വദിച്ചായിരുന്നു ഞങ്ങൾ പോയിരുന്നത്.

ഞങ്ങൾ ചുരം ഇറങ്ങികൊണ്ടിരിക്കുകയായിരുന്നു. താഴെ ഒരു ചെറിയ നദി ഞങ്ങൾക്ക് ദൃശ്യമായി തുടങ്ങി. ‘ഷൈലോക്ക് റിവർ’ എന്നായിരുന്നു ആ നദിയുടെ പേര്. അങ്ങനെ ഞങ്ങൾ നുബ്ര & ഷൈലോക്ക് വാലിയിൽ എത്തിച്ചേർന്നു. താഴ്വാരത്തായി ആ ഗ്രാമവും, ആർമി ക്യാമ്പുകളും ഒക്കെ മുകളിൽ നിന്നും തന്നെ ഞങ്ങൾക്ക് ദൃശ്യമായിരുന്നു. നുബ്ര വാലിയിൽ അധികസമയമൊന്നും ചെലവഴിക്കാതെ ഞങ്ങൾ ലക്ഷ്യസ്ഥാനമായ ഹുൻഡർ എന്ന ഗ്രാമത്തിലേക്ക് ലക്ഷ്യമാക്കി യാത്രയായി.

കുറച്ചു ദൂരം കൂടി സഞ്ചരിച്ചപ്പോൾ ഞങ്ങൾ ജനവാസമേഖലയിലേക്ക് എത്തിച്ചേർന്നു. പിന്നീട് അതുവഴിയായിരുന്നു യാത്ര. അവിടെ നിന്നും ഹുൻഡറിലേക്ക് ഏതാണ്ട് 7 കിലോമീറ്റർ ദൂരം കൂടിയുണ്ടായിരുന്നു. ജനവാസമേഖല കഴിഞ്ഞു വീണ്ടും ചെറിയ രീതിയിലുള്ള വിജനമായ സ്ഥലത്തുകൂടിയായി യാത്ര. അവസാനം ഞങ്ങൾ ഹുൻഡർ ഗ്രാമത്തിൽ എത്തിച്ചേർന്നു. ഗ്രാമം എന്നൊക്കെ പറയുമെങ്കിലും ഒരു മരുഭൂമിക്കു സമമായിരുന്നു അവിടം.

ഹുൻഡറിൽ ഞങ്ങളുടെ താമസം ടെന്റിനകത്ത് ആയിരുന്നു. ടെന്റ് എന്നൊക്കെ കേട്ടപ്പോൾ വളരെ ചെറുതായിരിക്കുമെന്നു വിചാരിച്ചെങ്കിലും നേരിട്ടു കണ്ടപ്പോൾ ഹാപ്പിയായി. നല്ല സൗകര്യങ്ങളൊക്കെയുള്ള വലിയ ടെന്റ്. ഞങ്ങൾ മൂന്ന് പേർക്ക് ബ്രേക്ക്ഫാസ്റ്റും ഡിന്നറും അടക്കം 4500 രൂപയ്ക്കായിരുന്നു ആ ടെന്റ് ലഭിച്ചത്. ഇന്റർനെറ്റ് സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും അവിടെ BSNL നു ചെറിയ തരത്തിൽ റേഞ്ച് ഉണ്ടായിരുന്നു. എന്തായാലും സംഭവം കൊള്ളാം.

ഞങ്ങൾ ലഗേജുകൾ ടെന്റിൽ വെച്ചതിനു ശേഷം അവിടത്തെ കാഴ്ചകളൊക്കെ ഒന്നു കാണുവാനായി ചുമ്മാ പുറത്തേക്കിറങ്ങി. അവിടത്തെ കിച്ചണിൽ നിന്നും ഭക്ഷണമുണ്ടാക്കുന്ന മണം അടിച്ചപ്പോൾ ഞങ്ങളുടെയെല്ലാം നാവിൽ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം വന്നു എന്നത് മറ്റൊരു സത്യം. ഡിന്നർ രാത്രി എട്ടരയ്ക്കാണ്. ടെന്റിന്റെ അപ്പുറത്തായി എന്തൊക്കെയോ കൃഷിസ്ഥലങ്ങളായിരുന്നു. ആരുടേയും ശല്യമല്ലാത്ത ഒരു അടിപൊളി സ്ഥലം.

അങ്ങനെ രാത്രി എട്ടരയായപ്പോൾ ഞങ്ങൾ ഡിന്നർ കഴിക്കുവാനായി അവിടത്തെ റെസ്റ്റോറന്റിലേക്ക് ഓടിച്ചെന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ അവിടെ ലഭിക്കുകയുള്ളൂ. ചൂട് സൂപ്പും, സലാഡും ഒക്കെ കഴിച്ച ശേഷം റൊട്ടിയും പരിപ്പ് കറിയും, ഉരുളക്കിഴങ്ങ് ഇട്ട വെജ് കറിയുമെല്ലാം ഞങ്ങൾ ആസ്വദിച്ചു വയറുനിറയെ ഭക്ഷിച്ചു. ഭക്ഷണശേഷം ഞങ്ങൾ വീണ്ടും ടെന്റിലേക്ക് തന്നെ മടങ്ങി. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ അധികം വൈകാതെ ഞങ്ങളെല്ലാം ഉറങ്ങാനായി കിടന്നു. ഹുൻഡറിലെ കാഴ്ചകളെല്ലാം ഇനി അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.