ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലെ ‘കൊണാർക്ക് സൂര്യക്ഷേത്രം’ കാണാനൊരു യാത്ര

ഒഡിഷയിലെ ഭുവനേശ്വറിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം പുലർന്നു. കൊണാർക്ക് സൂര്യക്ഷേത്രം കാണുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. പുരി ജഗന്നാഥ ക്ഷേത്രത്തിൽ ക്യാമറ അനുവദനീയമല്ലാത്തതിനാൽ ഞങ്ങൾ അവിടേക്കുള്ള സന്ദർശനം പിന്നീടൊരിക്കലാകാം എന്നു വിചാരിച്ചു. രാവിലെ തന്നെ ഹോട്ടലിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ പൈലറ്റ് ആകുവാനായി പഠിക്കുന്ന കോട്ടയം സ്വദേശിയായ സുജിത്ത് എന്ന ഫോളോവറെ പരിചയപ്പെട്ടു. കുറച്ചു സമയം സുജിത്തുമായി വിശേഷങ്ങൾ പങ്കുവെച്ച ശേഷം ഞങ്ങൾ യാത്ര തുടങ്ങി.

രാവിലെ ഞങ്ങൾ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. പോകുന്ന വഴിക്ക് ഒരു ചെറിയ ഹോട്ടലിൽ കയറി പൂരിയും ചന്നാ മസാലയുമായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. അതു മാത്രമേ അവിടെയുള്ളൂ എന്നു തോന്നുന്നു. പൂരിയൊക്കെ വളരെ വ്യത്യസ്തമായിരുന്നു. കറിയും അതേപോലെതന്നെ. രണ്ടിനും നല്ല എരിവുണ്ടായിരുന്നു. എന്തായാലും ബ്രേക്ക് ഫാസ്റ്റ് അടിപൊളിയായി. രണ്ടുപേർക്കും കൂടി 120 രൂപയായി. അങ്ങനെ ഞങ്ങൾ ഹൈവേയിലൂടെ യാത്ര തുടർന്നു.

പോകുന്ന വഴിയിൽ കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളെല്ലാം ഞങ്ങൾക്ക് നേരിട്ടു കാണുവാൻ സാധിച്ചു. എത്രയോ ആളുകളുടെ ജീവിതത്തെയാണ് ഒരുനിമിഷം കൊണ്ട് ചുഴലിക്കാറ്റ് എന്ന ഭീകരൻ തൂത്തെടുത്തു കൊണ്ടുപോയത്. നമ്മൾ ടിവിയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. അങ്ങനെ ഞങ്ങൾ ഹൈവേയിൽ നിന്നും കൊണാർക്കിലേക്കുള്ള വഴിയിലൂടെ യാത്രയാരംഭിച്ചു. വഴിക്കിരുവശത്തും ചുഴലിക്കാറ്റിൻറെ താണ്ഡവത്തിൻ്റെ ബാക്കിപത്രങ്ങൾ കാണാമായിരുന്നു. ഒരു മൊബൈൽ ടവർ വളഞ്ഞു വീണു കിടന്നിരുന്ന ദൃശ്യം ഞങ്ങളെ കൂടുതൽ ഭയചകിതരാക്കി. കുറച്ചുകൂടി പോയപ്പോൾ വഴിയോരത്ത് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സാധനങ്ങളുമായി വന്നിട്ടുള്ള ലോറികളുടെ നീണ്ടനിര കണ്ടു.

അങ്ങനെ ഞങ്ങൾ കൊണാർക്ക് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അവിടെ മുഴുവനും കാണിക്കുന്നതിനും വിശദവിവരങ്ങൾ മനസിലാക്കുന്നതിനുമായി ഞങ്ങൾ ഒരു ഗൈഡിന്റെ സേവനം തേടി. 350 രൂപയായിരുന്നു ഗൈഡിന്റെ ചാർജ്ജ്. ‘ഭൈരഗി പത്ര’ എന്നായിരുന്നു ഞങ്ങളുടെ ഗൈഡ് ചേട്ടന്റെ പേര്. അദ്ദേഹം ഞങ്ങൾക്ക് ഹിന്ദിയും ഇംഗ്ലീഷും കൂട്ടിചേർത്തൊക്കെ കാര്യങ്ങളെല്ലാം ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കിത്തന്നു. 40 രൂപയാണ് കൊണാർക്ക് ക്ഷേത്രത്തിലേക്കുള്ള എൻട്രി ഫീസ്. വിദേശികൾക്ക് 600 രൂപയും. ടിക്കറ്റ് കൗണ്ടറിൽ കാർഡ് പേയ്‌മെന്റ് സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ അകത്തേക്ക് കയറി. ചുഴലിക്കാറ്റിനെക്കുറിച്ചും മറ്റുമൊക്കെ ഗൈഡ് ചേട്ടൻ ഞങ്ങളോട് പറയുകയുണ്ടായി. അതോടൊപ്പം ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രവും വിശേഷങ്ങളുമൊക്കെ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നു. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം AD 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് പണി കഴിപ്പിച്ചത്. കൊണാർക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്നാണ് അർഥം. കോൺ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അർഥത്തിൽ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നൽകപ്പെട്ടു. വിദേശീയർ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നാണ് വിളിക്കുന്നത്.

ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിർമിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാൻ കഴിയും. ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട്.

ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. രാജ നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദർശനമായാണ്‌ ക്ഷേത്രം നില നിൽക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്നു.കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.

കൊണാർക്ക്‌ ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു.

ഈ കാര്യങ്ങളൊക്കെ ഗൈഡ് ചേട്ടൻ ഞങ്ങൾക്ക് വിശദമായിത്തന്നെ പറഞ്ഞു തരികയുണ്ടായി. എന്തായാലും കൊണാർക്ക് ക്ഷേത്രത്തിലെ സന്ദർശനം ഞങ്ങളുടെ ഈ യാത്രയിൽ മറക്കാനാവാത്ത ഒന്നായി മാറി. ഇവിടെ വരുന്നവർ പുരി ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് ക്ഷേത്രം എന്നിവ കാണുന്നതിനായി ഒരു ദിവസം തന്നെ ചെലവഴിക്കണം. ഒരിക്കലും അതൊരു നഷ്ടമായി തോന്നുകയില്ല. കൊണാർക്ക് ക്ഷേത്രത്തിലെ കാഴ്ചകളൊക്കെ കണ്ട ശേഷം ഞങ്ങൾ ഗൈഡ് ചേട്ടന് ഫീസും കൊടുത്തു അവിടെ നിന്നും ഇറങ്ങി. ഇനിയുള്ള യാത്രയുടെ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം.

ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

Our Sponsors: 1) Dream Catcher Resort, Munnar: 97456 37111. 2) SR Jungle Resort, Anaikatty: 89739 50555.3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.