1980 ൽ കൊച്ചി എയർപോർട്ടിൽ നിന്നും ഗുരുവായൂരിലേക്ക് KSRTC സർവ്വീസോ?

കെഎസ്ആർടിസി ഇന്ന് ലാഭകരമായ കുറെ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ഹിറ്റ് ആയ സർവീസുകളുടെ ലിസ്റ്റ് എടുത്താൽ അതിലൊന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴിയുള്ള ബസ് സർവ്വീസുകൾ ആയിരിക്കും. തുടക്കം മുതൽ ഇന്നും കെഎസ്ആർടിസി ബസ് സമയങ്ങൾ അറിയുന്ന വെബ്‌സൈറ്റായ aanavandi.com ൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള (എയർപോർട്ടിൽ നിന്നുള്ളവയുടെയും) സർവീസുകളുടെ സമയവിവരങ്ങളാണ്. ഇതൊക്കെ കാണുമ്പോൾ കെഎസ്ആർടിസി വളരെയധികം പുരോഗമിച്ചു എന്നു നമ്മളെല്ലാം ആശ്വസിക്കാറുണ്ട്.

എന്നാൽ ഒരു കാര്യം അധികമാർക്കും അറിയില്ല. എയർപോർട്ടുകൾ കേന്ദ്രീകരിച്ച് വർഷങ്ങൾക്ക് മുൻപും കെഎസ്ആർടിസി സർവ്വീസുകൾ നടത്തിയിരുന്നു. അന്നും അവയെല്ലാം അത്യാവശ്യം നല്ല നിലയിൽ ഓടിക്കൊണ്ടിരുന്നവയുമായിരുന്നു. ഇപ്പോൾ ഇത് പറയുവാൻ കാരണം കുറച്ചു നാൾ മുൻപ് ഒരു സിനിമയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന്റെ അടിസ്ഥാനത്തിലാണ്.

കൊച്ചി എയർപോർട്ടിൽ നിന്നും ഗുരുവായൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന ഒരു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ രംഗമാണ് സ്ക്രീൻഷോട്ടായി വൈറലായത്. 1984 ൽ ഇറങ്ങിയ ഭരത് ഗോപി, മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ‘അക്കരെ’ എന്ന ചിത്രത്തിലെ ക്ളൈമാക്സ് രംഗത്തിലാണ് കെഎസ്ആർടിസിയുടെ പഴയ എയർപോർട്ട് ബസ് ഗസ്റ്റ് റോളിൽ അഭിനയിച്ചിരിക്കുന്നത്. കൊച്ചി എയർപോർട്ട് എന്നു പറഞ്ഞാൽ നമ്മുടെ ഇന്നത്തെ നെടുമ്പാശ്ശേരി എയർപോർട്ട് അല്ല. വില്ലിംഗ്ടൺ ഐലൻഡ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന, നേവിയുടെ കീഴിലുള്ള പഴയ കൊച്ചി എയർപോർട്ട്. നെടുമ്പാശ്ശേരി നിലവിൽ വരുന്നതിനു മുൻപ് കൊച്ചി എയർപോർട്ടിൽ ആയിരുന്നു വിമാനങ്ങൾ ഇറങ്ങിയിരുന്നത്.

സിനിമയുടെ ക്ളൈമാക്സ് സീനിൽ ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന നെടുമുടി വേണു, എയർപോർട്ടിൽ നിന്നും കെഎസ്ആർടിസിയുടെ ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ ബസ്സിൽക്കയറി, ലഗേജുകളൊക്കെ ബസ്സിനു മുകളിൽ വെച്ചുകൊണ്ട് വരുന്നതാണ് രംഗം. ഈ രംഗത്തിൽ കാണിച്ചിരിക്കുന്നത് അന്ന് ഗുരുവായൂർ ഡിപ്പോയിൽ ഉണ്ടായിരുന്ന N 983 എന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ആണ്. 1980 കളിൽ, കെ. കരുണാകരൻ മുഖ്യമന്ത്രിയും ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന സമയം. അന്നത്തെ പ്രസിദ്ധമായ പോളിടെക്നിക് സമരത്തിന്റെ എഴുത്താണ് ചിത്രത്തിൽ വണ്ടിയുടെ പിന്നിലെ ഗ്ലാസ്സിൽ കാണുന്നത്.

ഇത്രയും വർഷങ്ങളായിട്ടും ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ കാര്യം ഈയിടെ സിനിമ കണ്ട ഏതോ ഒരു ആനവണ്ടി പ്രേമിയുടെ ശ്രദ്ധയിൽപ്പെടുകയും, അദ്ദേഹം അതിൻ്റെ സ്ക്രീൻഷോട്ട് എടുത്ത് ഷെയർ ചെയ്യുകയുമാണ് ഉണ്ടായത്. എന്തായാലും ഇത് വൈറലായതു കൊണ്ട് ഒരു ഗുണമുണ്ടായി. അന്നും എയർപോർട്ടിലേക്ക് കെഎസ്ആർടിസി സർവ്വീസ് ലഭ്യമായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് തെളിവോടെ സാധിച്ചു. ഇന്നും കെഎസ്ആർടിസി (KURTC) മികച്ച സൗകര്യങ്ങളോടെ വോൾവോ ലോഫ്‌ളോർ ബസ്സുകളടക്കം നെടുമ്പാശ്ശേരി, തിരുവനന്തപുരം, കോഴിക്കോട് എയർപോർട്ടുകൾ കേന്ദ്രീകരിച്ചു നടത്തുന്നു. ഇവയിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള ബസ്സുകൾക്കാണ് ആവശ്യക്കാർ ഏറെയും.