ഒരു റഷ്യൻ രാജ്ഞിയുടെ (വിശുദ്ധയുടെ) പ്രതികാര കഥ…!!

എഴുത്ത് – Chandran Satheesan Sivanandan.

ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കരിങ്കടലിന്റെ വടക്കുള്ള പ്രദേശം വന്യവും അവിടെ ജീവിക്കുന്ന സ്ളാവുകളായ (Slavs) ആളുകളെ അപരിഷ്കൃതരുമായാണ് ബൈസാന്റിയത്തിലെ അധികാരികള്‍ കണ്ടിരുന്നത് .പ്രൈമറി ക്രോണിക്കിൾസ് എന്നറിയപ്പെടുന്ന പാരമ്പര്യ റഷ്യൻ ചരിത്രരേഖകളനുസരിച്ച് 862 എ.ഡിയിൽ റുറിക്(Rurik) എന്ന വൈക്കിംഗുകളുടെ തലവനെ ക്ഷണിച്ചുവരുത്തി സ്ളാവുകൾ തങ്ങളുടെ രാജാവാക്കി (മിക്ക ചരിത്രകാരന്മാരും ഇതു വിശ്വസിക്കുന്നില്ല മറിച്ച് യൂറോപ്പിനെ ക്രൂരമായ ആക്രമണങ്ങളിലൂടെ ഞെട്ടിച്ച വൈക്കിംഗുകൾ എന്ന സ്ക്കാൻഡിനേവിയൻ ഗോത്രക്കാർ റൂറിക്കിന്റെയും സഹോദരന്മാരുടേയും നേതൃത്വത്തില്‍ യൂറൽ മലനിരകൾക്ക് പടിഞ്ഞാറ് കരിങ്കടലിനും ബാൾട്ടിക്കിനും ഇടയ്ക്കുള്ള പ്രദേശം ആക്രമിച്ച് കീഴടക്കി എന്നാണ് വിശ്വസിക്കുന്നത് ).അങ്ങനെ 862 എ.ഡിയിൽ റൂറിക്ക് സ്ഥാപിച്ചതാണ് നൗഗരോദ് (Novgorod) ആസ്ഥാനമാക്കി കീവിയൻ റൂസ് എന്നറിയപ്പെടുന്ന ആദ്യത്തെ റഷ്യൻ സാമ്രാജ്യം .

റൂറിക്കിനുശേഷം കീവിയൻ റൂസിന്റെ ഭരണാധികാരിയായത് മകനായ ഇൗഗർ (Igor) ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചത് സ്ക്കോവുകാരിയായ (Pskov)ഒാൾഗ( Olga )എന്ന യുവതിയെയായിരുന്നു .942 എ.ഡിയിൽ ഇരുവർക്കും സ്വറ്റോസ്ളാവ് (Svyatoslav) എന്നൊരു മകന്‍ പിറന്നു .പിതാവായ റൂറിക്കിനെപ്പോലെ പുതിയ പ്രദേശങ്ങൾ ആക്രമിച്ച് കീഴക്കാനും കീഴടക്കിയ പ്രദേശങ്ങളില്‍ നിന്നും വൻതോതിൽ കപ്പം പിടിച്ചുവാങ്ങാനും ഇൗഗർ ശ്രമിച്ചിരുന്നു അത്തരത്തിൽ ഇൗഗറിന് കപ്പം നല്കിയിരുന്ന ഒരു വിഭാഗം ജനങ്ങളായിരുന്നു കനത്ത ആത്മാഭിമാനം സൂക്ഷിച്ചിരുന്ന ഡ്രവിലെന്മാർ (Drevlyans).

ഇൗഗറിന്റെ മകന് മൂന്നുവയസ്സുള്ളപ്പോൾ ഡ്രവിലെന്മാർ തങ്ങളുടെ പ്രാദേശിക നാടുവാഴിയായ മാലിന്റെ( Mal) നേതൃത്വത്തില്‍ കപ്പം നല്കാൻ തയ്യാറാവുന്നില്ല എന്നൊരു വാര്‍ത്ത കൊട്ടാരത്തിൽ എത്തിയതിനെത്തുടർന്ന് സൈന്യവുമായി അദ്ദേഹം അങ്ങോട്ട് പുറപ്പെട്ടു .വലിയ സൈന്യവുമായി എത്തിയ ഇൗഗറിനെ കണ്ട് ഭയപ്പെട്ട ഡ്രവിലെന്മാർ അദ്ദേഹം ആവശ്യപ്പെട്ട കപ്പം നൽകുകയും ഇനിമുതൽ കൃത്യമായി കപ്പം നല്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു .അഭിമാനത്തോടും അഹങ്കാരത്തോടും തിരികെ പോകുന്ന വഴി ഇൗഗറിന് കൂടുതല്‍ കപ്പം ഡ്രവിലെന്മാരിൽ നിന്നും വാങ്ങണമെന്നൊരു അതിമോഹമുണ്ടായി.

അദ്ദേഹം തന്റെ ഭൂരിപക്ഷം സൈന്യത്തേയും വഴിയില്‍ നിർത്തിയിട്ട് കുറച്ച് സൈനികരേയും കൂട്ടി ഡ്രവിലെന്മാരോട് കൂടുതല്‍ കപ്പം വാങ്ങാനായി ചെന്നു .തങ്ങള്‍ക്ക് നൽകാനാവുന്നതിന്റെ പരമാവധി കപ്പം നൽകി എന്നും ഇനി കൂടുതല്‍ നൽകാനാവില്ലെന്നും ഡ്രവിലന്മാർ പറഞ്ഞത് കേൾക്കാതെ കൂടുതല്‍ കപ്പം ഉടന്‍ നല്കിയില്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ഇൗഗർ അവരെ ഭീഷണിപ്പെടുത്തി .ഇൗഗറിനൊപ്പം ചെറിയ ഒരു സൈന്യമേ ഉള്ളു എന്നു മനസ്സിലാക്കിയ ഡ്രവിലെന്മാർ ഇൗഗറിനെതിരെ ആക്രമണം അഴിച്ചുവിട്ടു തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഇൗഗറിന്റെ ഒപ്പമുണ്ടായിരുന്ന ഭൂരിഭാഗം സൈനികരും കൊല്ലപ്പെട്ടു. ഡ്രവിലെന്മാർ ഇൗഗറിനെ പിടികൂടി പൂവരശിന്റെ ശിഖരങ്ങൾ കെട്ടി വളച്ചിട്ട് അദ്ദേഹത്തിന്റെ ഇരുകാലുകളും രണ്ടു ശിഖരങ്ങളിൽ കെട്ടിയശേഷം വളച്ചു കെട്ടാനുപയോഗിച്ച കയറിന്റെ കെട്ടഴിച്ചുവിട്ടു .രണ്ടുവശങ്ങളിലേക്ക് കൊമ്പുകൾ ഉയര്‍ന്നു പോയപ്പോള്‍ ഇൗഗർ രണ്ടായി പിളർന്ന് ദയനീയമായി മരിച്ചു .

ഇൗഗറിന്റെ മരണശേഷം അടുത്ത രാജാവാകേണ്ട സ്വറ്റോസ്ളാവ് തീരെ ചെറിയ കുട്ടി ആയതിനാല്‍ ഇൗഗറിന്റെ പ്രിയപത്നി ഒാൾഗ കീവിയൻ റൂസിന്റെ റീജന്റായി അധികാരമേറ്റു .ഇൗഗറിനുശേഷം അടുത്തതായി തങ്ങളെ ഭരിക്കാന്‍ പോകുന്നത് ഒരു സ്ത്രീയാണെന്നറിഞ്ഞപ്പോൾ പുരുഷമേധാവിത്വത്തിൽ വിശ്വസിച്ചിരുന്ന ഡ്രവിലെന്മാർക്ക് ഉൾക്കൊള്ളാനായില്ല തങ്ങളുടെ നേതാവായ മാലിനെക്കൊണ്ട് ഒാൾഗയെ വിവാഹം കഴിപ്പിച്ച് കീവിയൻ റൂസിന്റെ രാജാവാക്കണം എന്നവർ തീരുമാനിച്ചു .തനിക്ക് വിവാഹാലോചനയുമായി ഡ്രവിലെൻ പ്രമാണിമാരെത്തുന്ന വിവരംമറിഞ്ഞ ഒാൾഗ കോട്ടയ്ക്കുള്ളിൽ നഗരത്തിന് പുറത്തായി ഒരു ഹാൾ നിർമ്മിക്കുവാനും തൊട്ടടുത്തായി ഒരു കിടങ്ങ് കുഴിക്കാനും ഉത്തരവിട്ടു .കോട്ടയ്ക്ക് പുറത്തെത്തിയ ഡ്രവിലെൻ പ്രമാണിമാർ തങ്ങളെ ഉപചാരപൂർവ്വം സ്വീകരിക്കണമെന്ന് സന്ദേശവുമായി ദൂതരെ ഒാൾഗയുടെ അടുത്തേക്ക് അയച്ചു .

തന്റെ ഭർത്താവായിരുന്ന ഇൗഗർ ഇനി തിരികെ വരില്ലെന്നും അതുകൊണ്ട് ഇൗ കല്ല്യാണാലോചനയിൽ തനിക്ക്‌ താത്പര്യം ഉണ്ടെന്നും ധ്വനിക്കുന്ന മറുപടിയാണ് ഒാൾഗ നൽകിയത് .നടന്നോ ,കുതിരപ്പുറത്തോ ,കുതിരവണ്ടിയിലോ തങ്ങള്‍ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുകയില്ല പകരം വള്ളങ്ങളിൽ ഇരുത്തി സൈനികർ ചുമന്നുകൊണ്ട് ഉള്ളിലേക്ക് കൊണ്ടുപോകണം എന്ന ഡ്രവിലന്മാരുടെ ആവശ്യവും ഒാൾഗ അംഗീകരിച്ചു .ഒാൾഗയുടെ നിർദ്ദേശപ്രകാരം വള്ളങ്ങളിൽ അഭിമാനത്തോടെ ഇരുന്ന ഡ്രവിലെന്മാരെ സൈനികർ ആദരപൂർവ്വം ചുമന്ന് കോട്ടയ്ക്കുള്ളിൽ ഒാൾഗ അതിഥികളെ സ്വീകരിക്കാനായി പണിത ഹാളിലേക്ക് കൊണ്ടുപോയി .ഹാളിനടുത്തുള്ള കിടങ്ങിനടുത്ത് എത്തിയപ്പോള്‍ സൈനികർ ഡ്രവിലെന്മാരെ ഇരുത്തിക്കൊണ്ട് വള്ളങ്ങൾ ആഴമുള്ള കിടങ്ങിലേക്കിട്ടു. കിടങ്ങിനുള്ളിൽ വീണു മരണാസന്നരായ ഡ്രവിലെന്മാരോട് ഇത്രയും ബഹുമതി മതിയാകുമോ എന്ന് പരിഹാസപൂർവ്വം ഒാൾഗ ചോദിച്ചു .തങ്ങൾ ഇൗഗറിനോട് ചെയ്തതിനേക്കാൾ ക്രൂരമായിപ്പോയി ഇതെന്നവർ മറുപടി പറഞ്ഞു .കിടങ്ങിൽ മണ്ണിട്ട് നികത്തി ജീവനോടെ ഡ്രവിലെന്മാരെ കുഴിച്ചുമൂടാനുള്ള ഒാൾഗയുടെ ഉത്തരവ് ഉടന്‍ തന്നെ നടപ്പിലാക്കപ്പെടുകയും ചെയ്തു .

ഇൗ സംഭവത്തിനുശേഷം കുലീനരായ ആളുകളല്ല തനിക്ക് വിവാഹാലോചനയുമായി വന്നെതെന്നും അതുകൊണ്ട് കുലീനരായ മാന്യവ്യക്തികളെ അയയ്ക്കണമെന്നുള്ള സന്ദേശം ഒാൾഗ ഡ്രവിലെന്മാർക്ക് അയച്ചു .സന്തുഷ്ടരായ ഡ്രവിലെന്മാർ തങ്ങൾക്കിടയിലെ ഏറ്റവും പ്രമുഖരായവരെ വിവാഹാലോചനയുമായി അയച്ചു .ഒാൾഗയുടെ നിർദ്ദേശപ്രകാരം അതിഥികളെ യഥാവിധി ഉപചാരപൂർവ്വം സ്വീകരിച്ച് പ്രത്യേകം തയ്യാറാക്കിയ തടികൊണ്ട് നിർമ്മിച്ച കുളിമുറികളിലേക്ക് (bath house )ആനയിച്ചു . ഡ്രവിലെന്മാർ എല്ലാവരും ബാത്ത്ഹൗസിനുള്ളിൽ കയറി എന്ന് ഉറപ്പാക്കിയതിനുശേഷം വാതിലുകളെല്ലാം ബന്ധിച്ച് സൈനികർ തീകൊളുത്തി ഡ്രവിലെൻ കുലീനർ എല്ലാവരേയും അഗ്നിനാളങ്ങൾ വിഴുങ്ങി .

ഡ്രവിലെന്മാരുടെ നാട്ടില്‍ അടക്കം ചെയ്യപ്പെട്ട തന്റെ പ്രിയതമന്റെ മരണാനന്തര ചടങ്ങുകൾക്കായി എത്തിയ ഒാൾഗ അവിടെ വെച്ച് ഇൗഗറിനെ വധിച്ചവരോട് ക്ഷമിച്ചു എന്ന മട്ടില്‍ അവരെ ചടങ്ങിന്റെ അവസാനം നടക്കുന്ന ഗംഭീര വിരുന്നിലേക്ക് ക്ഷണിച്ചു .വിരുന്നിൽ ഭക്ഷണത്തോടൊപ്പം മദ്യവും വിളമ്പിയിരുന്നു .വിരുന്നിന്റെ അവസാനം മദ്യത്തിൽ മുങ്ങി മദോന്മത്താരായ മുഴുവന്‍ ഡ്രവിലെന്മാരേയും വധിക്കാൻ ഒാൾഗ ഉത്തരവിടേണ്ട താമസം സൈനികരുടെ വാളുകൾ നിർദ്ദയം കല്പന നടപ്പിലാക്കാന്‍ തുടങ്ങി .ഒടുവിൽ വിരുന്ന് കഴിഞ്ഞ് തിരിച്ചു പോകാന്‍ ഡ്രവിലെന്മാരിൽ ആരും തന്നെ ബാക്കിയുണ്ടായിരുന്നില്ല.

.ഇതുകൊണ്ടൊന്നും ഒാൾഗയുടെ പ്രതികാരം അവസാനിച്ചില്ല .946 എ.ഡിയിലാണ് ഒാൾഗയുടെ അടുത്ത പ്രതികാരനടപടി ഡ്രവിലെൻസിനെതിരെ ഉണ്ടാകുന്നത് . ഡ്രവിലെൻസ് നഗരമായ ഇസ്ക്കറൊസ്റ്റൻ (Iskorosten) കപ്പം നല്കാൻ തയ്യാറായാകുന്നില്ല എന്ന പരാതിയെത്തുടർന്ന് വലിയൊരു സൈന്യവുമായി ഒാൾഗ നഗരം വളഞ്ഞു . മാസങ്ങളോളം നീണ്ട ഉപരോധത്തിൽ ആകെ തകര്‍ന്ന ഡ്രവിലെന്മാർ അനുരജ്ഞനത്തിനായി എത്തി കപ്പം കുറച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടു . അവരുടെ ആവശ്യം അനുഭവപൂർവ്വം പരിഗണിച്ച ഒാൾഗ കപ്പമായി ഒാരോരുത്തരും മൂന്ന് പ്രാവുകളേയും മൂന്ന് കുരുവികളേയും നല്‍കിയാല്‍ മതി എന്നവരെ അറിയിച്ചു . സന്തുഷ്ടരായ ഇസ്ക്കറൊസ്റ്റൻകാർ ഒാൾഗയുടെ ഉത്തരവ് അനുസരിച്ച് പ്രാവുകളേയും കുരുവികളേയും ഒാൾഗയ്ക്ക് കാഴ്ച്ചവെച്ച് തിരിച്ചുപോയി .

അന്ന് സന്ധ്യയായപ്പോൾ ഒാൾഗയുടെ സൈനികർ ഇൗ പക്ഷികളുടെ കാലുകളിൽ നൂലുകെട്ടി നൂലിന്റെ മറ്റേ അറ്റം പേപ്പര്‍ തുണ്ടുകൾ കെട്ടിവെച്ച് പേപ്പറിന് (ഗന്ധകം പുരട്ടിയ തുണിയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട് ) തീകൊളുത്തിയശേഷം പറത്തിവിട്ടു .തങ്ങളുടെ കൂടുകളിലേക്ക് പറന്നുപോയ പ്രാവുകൾ നഗരം മുഴുവന്‍ അഗ്നി പടർത്തി പാടങ്ങൾക്കരുകിലെ വൈക്കോൽക്കൂനകളിൽ വാസമുറപ്പിച്ചിരുന്ന കുരുവികൾ അവിടെയും തീ വ്യാപിപ്പിച്ചു .കത്തിത്തകരുന്ന നഗരത്തില്‍ നിന്നും ഒാടി രക്ഷിപ്പെടാൻ ശ്രമിച്ച ഇസ്ക്കറൊസ്റ്റൻകാരിൽ കുറെപ്പേരെ ഒാൾഗയുടെ സൈനികർ വകവരുത്തി മറ്റുചിലരെ പിടികൂടി അടിമകളാക്കി ചിലര്‍ ഒാൾഗയ്ക്ക് കൈയ്യിലുള്ള ധനം നല്‍കി സ്വാതന്ത്ര്യം വാങ്ങി ദൂരപ്രദേശങ്ങളിലേക്ക് ഒാടിപ്പോയി .

തന്റെ മകനായ സ്വറ്റോസ്ളാവിന് പ്രായപൂർത്തിയായപ്പോൾ ഒാൾഗ അധികാരം ഏൽപ്പിച്ചു .എ.ഡി .955ലോ 957ലോ ബൈസാന്റിയത്തിൽ വെച്ച് ഒാൾഗ ക്രിസ്തുമതം സ്വീകരിച്ചു ഒപ്പം മകനായ സ്വറ്റോസ്ളാവിനെ പുതിയ മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു .പാഗൻ മതക്കാരിയായ അമ്മയുടെ മതംമാറ്റത്തെ സ്വറ്റോസ്ളാവ് എതിർത്തില്ലെങ്കിലും സ്വയം മതം മാറാന്‍ സന്നദ്ധനായില്ല .ക്രിസ്തുമതം കീവിയൻ റൂസിന്റെ ഒൗദ്യോഗികമതമാക്കണമെന്ന ഒാൾഗയുടെ ആഗ്രഹം 988 എ.ഡിയിൽ ചെറുമകനായ വ്ളാഡിമിർ (Vladimir the great ) സാധിച്ചു കൊടുത്തു . 1547 ൽ ഒാർത്തോഡക്സ് പള്ളി ഒാൾഗയെ ഇസപ്പോസ്റ്റോലസ് (Isapostolos or equal to the Apostles) എന്ന സ്ഥാനത്തോടെ വിശുദ്ധയായി പ്രഖ്യാപിച്ചു .കീവിയൻ റൂസ് രാജാക്കന്മാരുടെ പിൻഗാമികളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ റഷ്യ ഭരിച്ചിരുന്ന സാർ ചക്രവർത്തിമാർ .