ഒളിമ്പിക്സ് ; ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം

അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു.

രണ്ട് തലമുറയിലുള്ള ഒളിമ്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പിയയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്. രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896-ൽ ഗ്രീസിലെ ഏഥൻസിലാണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്.

പുരാതന ഒളിമ്പിക്സിന്റെ ആരംഭത്തെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായതിൽ ഹെരാക്ലീസിനെയും പിതാവ് സിയൂസിനെയുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നത്. ആ ഐതിഹ്യമനുസരിച്ച്, താൻ ക്രോണസിനെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ ഓർമ്മയ്ക്കായാണ് സിയൂസ് കായിക മത്സരങ്ങൾ നടത്തിയത്. അതിലെ ഒരു ഓട്ട മത്സരത്തിൽ സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിൾസ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനത്തെത്തി. കാട്ടൊലിവിന്റെ ചില്ലകൾ കൊണ്ട് നിർമിച്ച ഒരു കിരീടമാണ് ഹെറാക്കിൾസിന് സമ്മാനമായി ലഭിച്ചത്. ഐതിഹ്യമനുസരിച്ച് ഹെറാക്കിൾസാണ് ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതും നാല് വർഷം കൂടുമ്പോൾ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും. എന്നാൽ ഇവിടെനിന്നും ഐതിഹ്യം പലതായി വേർപിരിയുന്നു.

അവയിൽ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. ഡെൽഫിയിലെ പ്രവാചകന്റെ നിർദ്ദേശപ്രകാരം, തനിക്ക് ലഭിച്ച 12 ദൗത്യങ്ങൾ നിർവഹിച്ചശേഷം ഒളിമ്പിക് സ്റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും സിയൂസിന്റെ ബഹുമാനാർത്ഥം നിർമിച്ചു. സ്റ്റേഡിയം നിർമിച്ചശേഷം അദ്ദേഹം ഒരു നേർരേഖയിൽ 200 ചുവടുകൾ വക്കുകയും ആ ദൂരത്തെ സ്റ്റേഡിയോൺ എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് ദൂരത്തിന്റെ ഒരു ഏകകമായി.

ബി.സി. 776-ന് പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നാണ് ഏറ്റവും വ്യാപകമായ വിശ്വാസം. പുരാത ഗ്രീസിൽ മുഴുവൻ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിമ്പിക്സ് വളർന്നു. ബിസി 6-5 നൂറ്റാണ്ടുകളിൽ പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തി. വളരെ മതപ്രാധാന്യമുള്ളതായിരുന്നു ഒളിമ്പിക്സ്. മത്സരാർത്ഥികൾ സിയൂസിനും പെലോപ്സിനും വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷം ഏഴ് ദിവസമായും വർദ്ധിപ്പിക്കപ്പെട്ടു. വിജയികൾ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശിൽപങ്ങളിലൂടെയും അവർ അനശ്വരരായിത്തീർന്നു. നാല് വർഷങ്ങൾ കൂടുമ്പോഴാണ് ഒളിമ്പിക്സ് നടത്തപ്പെട്ടിരുന്നത്. രണ്ട് ഒളിമ്പിക്സുകൾക്കിറ്റയിലുള്ള കാലം ഒരു ഒളിമ്പ്യാഡ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഗ്രീക്കുകാർ ഒളിമ്പ്യാഡ് ഒരു ഏകകമായി ഉപയോഗിച്ചിരുന്നു.

റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിമ്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു. എഡി 393 ചക്രവർത്തി തിയൊഡോഷ്യസ് ഒന്നാമൻ ക്രിസ്തുമതം, റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും പെയ്ഗൺ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തു. പെയ്ഗൺ ആചാരം എന്ന നിലയിൽ അതോടെ ഒളിമ്പിക്സും നിർത്തലാക്കപ്പെട്ടു. പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമുണ്ടായ പുനർജന്മം വരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടേയില്ല.

പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു. ഇവ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് മഞ്ഞ-ഏഷ്യ,കറുപ്പ്_ആഫ്രിക്ക, നീല-യൂറോപ്പ്,പച്ച – ഓസ്ട്രേലിയ, ചുവപ്പ് -അമേരിക്ക , വെളുപ്പു നിറമാണ് പതാകയ്ക്ക് . ഇതിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകൽപന ചെയ്തത് . 1920ലെ ആന്റ്വെറ്പ്പ് ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.

ഒളിമ്പിക്സിന് കൊടി ഉയരുമ്പോഴും താഴുമ്പോഴും മുഴങ്ങുന്ന ഒരു ഗാനമുണ്ട്; ഗ്രീക് ദേശീയകവിയായിരുന്ന കോസ്റ്റിസ് പലാമസ് രചിച്ച് സ്പൈറോസ് സമരസീന്‍ ചിട്ടപ്പെടുത്തിയ ഒളിമ്പിക് ഗാനം. 1960ല്‍ റോമില്‍തന്നെ നടന്ന ഒളിമ്പിക്സ് മുതലാണ് ഈ ഗാനം ഒളിമ്പിക്സിന്‍െറ ഔദ്യാഗിക ഗാനമായി അംഗീകരിക്കുന്നത്. 1958ല്‍ ചേര്‍ന്ന ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി യോഗം ഇതിനനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു. അതുവരെ ഒളിമ്പിക്സിന്‍െറ ഭാഗമായി വിവിധ സംഗീതപരിപാടികളാണ് നടന്നിരുന്നത്. രണ്ടു തവണ നൊബേല്‍ സമ്മാനത്തിന് പേരു നിര്‍ദേശിക്കപ്പെട്ട കവികൂടിയാണ് കോസ്റ്റിസ് പലാമസ്.

ഒളിമ്പിക്സിന് മുന്നോടിയായി വിവിധ ഭൂഖണ്ഡങ്ങളെ സ്പര്‍ശിച്ച് ദീപശിഖാ പ്രയാണം നടക്കാറുണ്ട്. മനുഷ്യനുവേണ്ടി സിയൂസ് ദേവനില്‍നിന്ന് അഗ്നി മോഷ്ടിച്ച് നല്‍കിയ പ്രൊമിത്യൂസിന്‍െറ കഥയുമായി ബന്ധപ്പെട്ട് പുരാതന ഒളിമ്പിക്സില്‍ ഇത്തരം ദീപശിഖാ പ്രയാണം നടന്നിരുന്നു. 1928 ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സ് മുതല്‍ ഈ രീതി വീണ്ടും തുടങ്ങി.

കൂട്ടുകാര്‍ക്കറിയാമോ, ഒളിമ്പിക്സിന്‍െറ ഉദ്ഘാടനവും സമാപനവും ലോകത്തെ ഏറ്റവും മനോഹരമായി ചിട്ടപ്പെടുത്തിയ ചടങ്ങുകളാണ്. ഉദ്ഘാടന ചടങ്ങില്‍, മത്സരം നടക്കുന്ന രാജ്യത്തിന്‍െറ തലവനെ ഒളിമ്പിക്സ് സമിതിയുടെ അധ്യക്ഷന്‍ സ്വീകരിച്ച് പീഠത്തിലേക്ക് ആനയിക്കും. അപ്പോള്‍ ആ രാജ്യത്തിന്‍െറ ദേശീയഗാനം മുഴങ്ങും. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പരേഡാണ്. ഏറ്റവും മുന്നില്‍ ഒളിമ്പിക്സിന് ജന്മം നല്‍കിയ ഗ്രീസിന്‍െറ താരങ്ങള്‍, ഏറ്റവും അവസാനം മത്സരം നടക്കുന്ന രാജ്യത്തിന്‍െറ താരങ്ങള്‍. ഇവര്‍ക്കിടയിലായി മറ്റു രാജ്യങ്ങള്‍ ഇംഗ്ളീഷ് അക്ഷരമാലക്രമത്തില്‍ അണിനിരക്കും.

ഓരോ രാജ്യത്തെയും താരങ്ങള്‍ അവരുടെ ജഴ്സിയണിഞ്ഞ് ദേശീയ പതാകക്ക് പിന്നാലെ ചുവടുവെച്ചുനീങ്ങുന്ന ചടങ്ങ് അതിസുന്ദരമാണ്. തുടര്‍ന്ന് താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരക്കും. രാഷ്ട്രത്തലവന്‍ മത്സരം ഉദ്ഘാടനം ചെയ്യും. വാദ്യമേളങ്ങളും വെടിക്കെട്ടും അകമ്പടിയായി ഉണ്ടാവും. സമാധാനസൂചകമായി പ്രാവുകളെ പറത്തും. ഉദ്ഘാടനസമയത്ത് ഒളിമ്പിക്സ് പതാക ഉയര്‍ത്തും. തുടര്‍ന്ന് വന്‍കരകള്‍ ചുറ്റിയെത്തിയ ഒളിമ്പിക്സ് ദീപശിഖ മൈതാനത്തെത്തിച്ച് വലിയൊരു ജ്വാലയില്‍ തെളിക്കും. ഈ ജ്വാല മത്സരങ്ങള്‍ അവസാനിക്കുംവരെ അണയാതെ നില്‍ക്കും. തുടര്‍ന്ന് ഒളിമ്പിക്സ് ഗാനം ആലപിക്കും.

മത്സരം നടക്കുന്ന രാജ്യത്തെ ഒരു താരം പീഠത്തില്‍ കയറിനിന്ന് എല്ലാ താരങ്ങളുടെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലുകയാണ് അടുത്ത പടി. തികഞ്ഞ സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും മത്സരങ്ങളില്‍ പങ്കെടുക്കുമെന്നതാണ് ഈ പ്രതിജ്ഞ. മത്സരം നടക്കുന്ന രാജ്യത്തിന്‍െറ ദേശീയഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് അവസാനിക്കുന്നത്. സമാപനവും സമാനമായ ചടങ്ങാണ്. അടുത്ത ഒളിമ്പിക്സിനായുള്ള ആഹ്വാനം, ദീപശിഖ അണക്കല്‍, പതാകതാഴ്ത്തല്‍, ആചാരവെടി , ദേശീയഗാനം എന്നിവയാണ് സമാപന ചടങ്ങില്‍ നടക്കുന്നത്.

കടപ്പാട് – വിക്കിപീഡിയ, വികാസ് പീഡിയ.