ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു മനുഷ്യ വേട്ടയുടെ ചരിത്രം

വിവരണം – James Xaviour.

ഓപ്പറേഷൻ കോഡ് നെയിം ഡിബുക്ക് : ലോക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു മനുഷ്യ വേട്ടയുടെ, ഒരു ജനതയുടെ ആത്‌മാഭിമാനത്തിന്റെ അല്ലെങ്കിൽ പ്രതികാര വാഞ്ഛയുടെ ചരിത്രം…..

1960 മെയ് 11 ബുധൻ ബ്യുനസ്അയേഴ്സിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഗിരിബാൾഡി സ്ട്രീറ്റിന് സമീപം രാത്രി 7 .35 നു 2 കാറുകൾ വന്നു നിന്നു . അതിലൊന്ന് 30 വാര അകലെ റെയിൽപ്പാലത്തിനു സമീപം അതിലെ യാത്രക്കാർ ഒളിപ്പിച്ചു. കാറിലെ യാത്രക്കാർ ആരെയോ പ്രതീക്ഷിച്ചെന്നപോലെ റോഡിൽ വന്നുനിൽക്കുന്ന ബസ്സുകളിലേക്കു നോക്കുന്നുണ്ട്. രണ്ട് ബസ്സുകൾ വന്നു കടന്നുപോയി. പ്രതീക്ഷിച്ചയാളെ കാണാഞ്ഞ് അവരുടെ മുഖം നിരാശയിലാണ്ടു . സംഘർഷഭരിതമാണ് അവരുടെ മുഖം ,ആ കാർ യാത്രക്കാർ അഹറോണി , റാഫി എയിത്തൻ, സീവ് കെരൻ, പീറ്റർ മാൾക്കിൻ എന്നിവരാണ്. അവരുടെ മുഖത്തെ സംഘർഷത്തിന്റെ കാരണം എന്താണ് ?.

കാറിന്റെ ബോണറ്റ് പൊക്കിവച്ച് എന്തോ പണി ചെയ്യുന്ന പോലെ സീവ് കെരൻ നിൽക്കുന്നുണ്ട് . സമീപത്ത് വന്നു നിന്ന സൈക്കിൾ യാത്രക്കാരൻ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു . ആ നല്ല ശമര്യക്കാരന്റെ സഹായം അവർ ബഹുമാന്യതയോടെ നിരസിച്ചു . ഡ്രൈവിംഗ് സീറ്റിലിരുന്ന അഹറോണിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു . രണ്ടാമത്തെ കാറിലെ യാത്രക്കാരായ എഹൂതും ഗാബിയും മനസ്സിലെ വിചാരങ്ങൾ വെളിപ്പെടുത്താതെ പരസ്പരം നോക്കി .വീണ്ടും മറ്റൊരു ബസ് കൂടി കടന്നുപോയി . പ്രതീക്ഷിച്ചയാളെ കാണാഞ്ഞു കാർ യാത്രക്കാരുടെ മുഖത്തു നിരാശ നിറഞ്ഞു .8 മാണി കഴിഞ്ഞ് 5 മിനിറ്റുള്ളപ്പോൾ നമ്പർ 203 ബസ് വന്നുനിന്നു . ബസ്സിൽ നിന്നു കഷണ്ടിത്തലയനായ കണ്ണട ധാരിയായ 55 നു അടുത്ത് പ്രായമുള്ള റിക്കാർഡോ ക്ലെമെന്റ് എന്ന പാവം മനുഷ്യൻ ഇറങ്ങി. റിക്കാർഡോ ക്ലെമെന്റ് ഗിരിബാൾഡി സ്ട്രീറ്റിന് നേരെ നടന്നു . ഒന്നാമത്തെ കാറിലുള്ളവർ അവർ പ്രതീക്ഷിച്ചയാളാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞു . 15 നിമിക്ഷത്തിനുള്ളിൽ രണ്ടാമത്തെ കാറിലുള്ളവരും. മുന്നിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ ബസ് യാത്രക്കാരനായ പാവം മുന്നോട്ടു നീങ്ങി ബ്രേക്ക് ഡൗണായി കിടക്കുന്ന കാറിനു സമീപമെത്തി.

പീറ്റർ മാൾക്കിൻ ” ഒരു നിമിക്ഷം ” എന്ന് സ്പാനിഷിൽ പറഞ്ഞു . അപകടം തിരിച്ചറിഞ്ഞ പാവം യാത്രക്കാരൻ ഭയചകിതനായി നോക്കി രക്ഷപെടാൻ ശ്രമിച്ചു . പീറ്റർ മാൾക്കിൻ ബസ് യാത്രക്കാരന്റെ നേരെ ചാടിവീണു . രണ്ടുപേർ കൂടി പീറ്റർ മാൾക്കിന്റെ സഹായത്തിനെത്തി. ബസ് യാത്രക്കാരനെ കീഴടക്കാനുള്ള ശ്രമത്തിനിടയിൽ റോഡിനരുകിലുള്ള ഒരു ചാലിലേക്ക് അവർ വീണു . ബസ് യാത്രക്കാരൻ മുറിവേറ്റ വന്യ മൃഗത്തെ പോലെ പൊരുതി, അലറി വിളിച്ചു . എന്നാൽ മറ്റുള്ളവരുടെ കായിക ബലത്തിന് മുന്നിൽ അയാൾ കീഴടങ്ങി . കാറിന്റെ പുറകിലേക്ക് ബസ് യാത്രക്കാരനെ അവർ തള്ളിക്കയറ്റി . കാലും കൈയും കൂട്ടിക്കെട്ടി, കാഴ്ച മറയ്ക്കാനായി മോട്ടോർ സൈക്കിൾ ഗോഗിൾസ് ധരിപ്പിച്ച് ടേപ്പുവച്ച് ഭദ്രമാക്കി . ” കൂടുതൽ അഭ്യാസം ഇറക്കിയാൽ വെടിവച്ച് തള്ളുമെന്ന് ജർമ്മൻ ഭാക്ഷയിൽ മുന്നറിയിപ്പ് നൽകി . പിടിയിലായ പാവം പറഞ്ഞു ” Ich fuge mich meinem schicksal ” (“ഞാൻ എന്റെ വിധി സ്വീകരിച്ചിരിക്കുന്നു”) .

ആരായിരുന്നു റിക്കാർഡോ ക്ലെമെന്റ് എന്ന പാവം മനുഷ്യൻ ?.ചെകുത്താന്റെ കുപ്പായം അണിഞ്ഞ ഒരു നരാധമൻ ആയിരുന്നു റിക്കാർഡോ ക്ലെമെന്റ് . യഥാർത്ഥ പേര് ഓട്ടോ അഡോൾഫ് ഐക്‌മാൻ. ജൂത കൂട്ടക്കൊലക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായ ഒരു ജർമ്മൻ ജനറലായിരുന്നു ഐക്‌മാൻ . ജർമ്മനിയിലെ റൈൻ പ്രവിശ്യയിലെ സോലിങ്കൻ എന്ന സ്ഥലത്ത് 1906 മാർച്ച് 19 നു അഡോൾഫ് കാൾ ഐക്‌മാൻ , മരിയ ദമ്പതികളുടെ 5 മക്കളിൽ ഏറ്റവും മൂത്ത മകനായി ഓട്ടോ ജനിച്ചു. 6 ദശലക്ഷം യൂറോപ്യൻ ജൂതന്മാരുടെ കൂട്ടക്കൊലക്ക് നിർണായക പങ്കുവഹിച്ച ഒരു നരാധമന്റെ ജന്മത്തിനു സോലിങ്കൻ സാക്ഷിയായി . 1913 ൽ കാൾ ഐക്‌മാൻ ലിൻസ് ട്രാം വേ കമ്പനിയിൽ മാനേജരായി ജോലിക്ക് കയറി .ഒരു വർഷത്തിന് ശേഷം കാളിന്റെ കുടുംബം ലൈൻസിലെ എത്തിച്ചേർന്നു. കൈസർ ഫ്രാൻസ് ജോസഫ് സ്റ്റേറ്റ് സെക്കണ്ടറി സ്‌കൂളിൽ കാൾ മകനായ ഓട്ടോയെ ചേർത്തു. (17 വർഷം മുമ്പ് അഡോൾഫ് ഹിറ്റ്ലറും ചേർന്നത് ഇതേ സ്‌കൂളിൽ തന്നെയാണ് !).

വയലിൻ വായിക്കുന്നതിലും സ്പോട്സിലും താല്പര്യമുള്ള കുട്ടിയായിരുന്നു ഓട്ടോ . എന്നാൽ പഠിത്ത കാര്യത്തിൽ മോശമായതിനാൽ കാൾ ഓട്ടോയെ ഒരു വൊക്കേഷണൽ കോളേജിൽ ചേർത്തു .എന്നാൽ ഒരു ഡിഗ്രി സമ്പാദിക്കാൻ കഴിയാതെ ഓട്ടോ പിതാവിനൊപ്പം അണ്ടർബെർഗ് മൈനിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് കുറച്ച് മാസങ്ങൾ ജോലി ചെയ്തു. പിന്നെ 1925 ൽ ഒരു റേഡിയോ കമ്പനിയിൽ സെയിൽസ് ക്ലെർക്കായി രണ്ട് വർഷത്തോളം കഴിഞ്ഞുകൂടി. പിന്നീട് വാക്വം ഓയിൽ കമ്പനിയുടെ ജില്ലാ പ്രതിനിധിയായി. 1932 ൽ ഒരു കുടുംബ സുഹൃത്തിന്റെ ഉപദേശ പ്രകാരം ഏപ്രിൽ 1 നു നാസി പാർട്ടിയുടെ ഓസ്ട്രിയൻ ബ്രാഞ്ചിൽ മെമ്പറായി. 7 മാസത്തിനുശേഷം ഒരു സംരക്ഷണ സമിതി അംഗമായി (SS മെമ്പർ Number 45326 ). ഓട്ടോയുടെ റെജിമെൻറ് SS STANDARTE 37 ആയിരുന്നു. ലിൻസിലെ പാർട്ടിയുടെ ഹെഡ് ക്വാർട്ടേഴ്സ് സംരക്ഷിക്കുക, റാലികളിൽ പാർട്ടിക്ക് വേണ്ടി പ്രസംഗിക്കുന്നവർക്ക് സംരക്ഷണമൊരുക്കുക എന്നിവയായിരുന്നു ഓട്ടോയുടെ പണി. പ്രസംഗങ്ങൾ പലപ്പോഴും അക്രമത്തിൽ കലാശിക്കുകയായിരുന്നു പതിവ് .

നാസി പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങൾ വേർസെലെസ് സന്ധിയുടെ ബഹിഷ്കരണവും, വംശീയ തത്വ സംഹിതകളിൽ വിശ്വസിക്കുന്ന ശക്തമായ ഒരു ഗവണ്മെന്റുമായിരുന്നു. വർണ്ണ വിവേചനങ്ങളിൽ അധിഷ്ഠിതമായ ഒരു വർഗ്ഗ ശുദ്ധീകരണവും നാസി പാർട്ടിയുടെ ലക്ഷ്യമായിരുന്നു. പ്രത്യേകിച്ചും ജൂതന്മാരെ അടിച്ചമർത്തുകവഴിയുള്ള ഒരു ശുദ്ധീകരണമാണ് അവർ ലക്ഷ്യമിട്ടത്. ലിൻസിലെ പാർട്ടി പ്രവർത്തനവും സാൻഡ്ബർഗിലെ ജോലിയുമായി ഓട്ടോ കഴിഞ്ഞുകൂടി. കുറച്ച് മാസത്തിനുള്ളിൽ 1933 ജനുവരിയിൽ നാസികൾ ജർമ്മനിയിൽ അധികാരത്തിൽ വന്നു. അതേസമയം ജോലിക്കാരെ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി വാക്വം ഓയിൽ കമ്പനിയിലെ ജോലി ഓട്ടോക്ക് നഷ്ടമായി. ഓസ്ട്രിയ നാസി പാർട്ടിയെ നിരോധിച്ചു .ജർമ്മനിയിലെ ദേശീയ സമത്വ വാദികളിൽ പലരും ഓസ്ട്രിയയിലേക്ക് രക്ഷപെട്ടു. ഓട്ടോ അഡോൾഫ് ഐക്‌മാൻ ജർമ്മനിയിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു .ഓട്ടോ പാസോ എന്ന സ്ഥലം ലക്ഷ്യമാക്കി പുറപ്പെട്ടു.

1933 ആഗസ്റ്റ് മാസം ക്ളോസ്റ്ററീച് ഫെൽഡിൽ SS ന്റെ ഒരു പരിശീലന കളരിയിൽ പങ്കെടുത്ത് ഓട്ടോ പാസോയുടെ അതിർത്തിയിലെത്തി. അവിടെ 8 പേരുള്ള SS ന്റെ ടീമിനെ നയിക്കാൻ ഒരു സ്ക്വാഡ്രൺ ലീഡറായി നിയമിതനായി. 1934 ൽ ഓട്ടോ തന്നെ സെക്യൂരിറ്റി സർവീസിലേക്ക് മാറ്റണമെന്ന് അഭ്യർത്തിച്ചു . 6 മാസത്തിനുശേഷം ലിയോപോൾഡ് വോൺമിൽഡൻസ്റ്റീന്റെ യഹൂദ വിഭാഗത്തിലേക്ക് ( SECTION 12 /112 SD ), ബെർലിനിലെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഓട്ടോ നിയമിതനായി . ഓട്ടോ ഹീബ്രു , യിഡിഷ് ഭാഷയിൽ വൈദഗ്ധ്യം നേടി. യഹൂദ വിക്ഷയത്തിൽ പ്രഗൽഭ്യമുള്ളയാളെന്ന് പേരുനേടി.1935 മാർച്ച് 21 നു വെറോണിക്ക ലീബലിനെ ഓട്ടോ വിവാഹം ചെയ്തു.1936 ൽ ക്ളോസ് എന്ന ആദ്യ പുത്രൻ പിറന്നു . ആ വർഷം തന്നെ SS സ്‌ക്വാഡിന്റെ തലവനായി ഓട്ടോ അവരോധിക്കപ്പെട്ടു. അടുത്ത വർഷം ഓട്ടോക്ക് സ്ഥാനക്കയറ്റം കിട്ടി (Untersturmfuhrer ).

1933 നും 1939 നും ഇടക്ക് 2,50000 ജൂതന്മാർ ജർമ്മനിയിലേക്ക് കുടിയേറിയിരുന്നു. നാസി ജർമ്മനി ജൂതന്മാരെ പുറത്താക്കാൻ സാമ്പത്തിക സമ്മർദ്ദവും ഹിംസാൽമക പ്രവർത്തികളും തുടങ്ങി. 1938 ൽ ഓസ്ട്രിയൻ ജൂത കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഐക്‌മാൻ വിയന്നയിൽ നിയമിതനായി . അതിനുവേണ്ടുന്ന സാമ്പത്തികം ജൂതന്മാരിൽ നിന്നും പിടിച്ചെടുത്തു . പുറമെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകളും സ്വീകരിച്ചു. 1939 ൽ ഓട്ടോ വിയന്ന വിട്ടു .1,00000 ജൂതന്മാർ നിയമപരമായി ഓസ്റ്റിയ വിട്ടു. അതിലും കൂടുതൽ ജൂതന്മാർ നിയമപരമല്ലാതെ പാലസ്റ്റീനിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറി .1939 സെപ്റ്റംബർ 1 നു ജർമ്മനി പോളണ്ട് ആക്രമിച്ചു.

ജൂത കുടിയേറ്റ കാര്യത്തിൽ ഭേദഗതി വരുത്തി നിർബ്ബന്ധിത പുറത്താക്കൽ ശ്രമം തുടങ്ങി. ഹിറ്റ്ലറുമായി സെക്യൂരിറ്റി സർവ്വീസ് തലവൻ റീൻഹാർഡ്‌ ഹെഡ്ഡ്റിച്ച് ചർച്ചയാരംഭിച്ചു .ഹെഡ്ഡ്റിച്ച് ജോലിക്കാരോട് ജർമ്മൻ നിയന്ത്രണത്തിലുള്ള പോളണ്ട് നഗരങ്ങളിൽ ജൂതന്മാരെ പാർപ്പിക്കാൻ നിർദ്ദേശിച്ചു . അവിടേക്ക് ട്രെയിൻ ഗതാഗതത്തിനുള്ള സൗകര്യം വേണമെന്ന് പറഞ്ഞു.1939 സെപ്റ്റംബർ 27 നു ഗസ്റ്റപ്പോ രഹസ്യപ്പോലീസും ക്രിപ്പോ പോലീസ് ഏജൻസിയും റീച് മെയിൻ സെക്യൂരിറ്റി സർവീസുമായി ഒരുമിച്ചുചേർന്നു . അതിന്റെ നിയത്രണം ഹെഡ്ഡ്രിച്ചിനായിരുന്നു. ഓട്ടോ ഗസ്റ്റപ്പോയുടെ തലവനായ ഹെയിൻ റിച്ച് മുള്ളറുടെ കീഴിൽ നിയമിതനായി . ആക്രമണത്തിൽ പിടിച്ചടക്കിയ പോളണ്ടിലെ ഒസ്‌ട്രാ വ, കാറ്റോവൈസ് ജില്ലകളിലെ 70 ,000 – 80, 000 വരുന്ന ജില്ലകളിലെ ജൂതന്മാരെ കുടിയിറക്കുന്ന ജോലി ഓട്ടോയുടെ ചുമതലയിലായി. താത്കാലികമായി ജൂതന്മാരെ കുടിയിരുത്താൻ ” നിസ്‌ക്കോ ” യിൽ ക്യാമ്പ് ഒരുക്കിയിരുന്നു .

ഒക്ടോബറിൽ 4700 ജൂതന്മാരെ ട്രെയിൻമാർഗ്ഗം അയച്ചു. എന്നാൽ ബാരക്കുകളുടെ പണി പൂർത്തിയായിരുന്നില്ല . ഒരു തുറന്ന പുൽമേട്ടിൽ അല്പമാത്രമായ വെള്ളവും ഭക്ഷണവുമായി കഴിയാനായിരുന്നു ജൂതന്മാരുടെ വിധി. അവരിൽ ഭൂരിഭാഗവും സോവിയറ്റ് പ്രദേശങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. ബാക്കിയുള്ളവരെ ഒരു ലേബർ ക്യാംപിൽ പാർപ്പിച്ചു. ആ പദ്ധതി വിജയകരമാവാതെ പോയി . യുദ്ധാവശ്യത്തിനു ട്രെയിനുകൾ അത്യാവശ്യമാണെന്ന് ഹിറ്റ്ലർ തിരിച്ചറിഞ്ഞതാണ് അതിനു കാരണം. ആര്യ രക്തത്തിൽ വിശ്വസിച്ചിരുന്ന ഹിറ്റ്ലർ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ജർമ്മൻകാരെ കുടിയിരുത്താൻ വിഭാവനം ചെയ്തിരുന്നു. അതൊരു നീണ്ടകാല പദ്ധതിയായിരുന്നു കൂട്ടിച്ചേർത്ത പോളിഷ് പ്രദേശങ്ങളിലേക്ക് ആയിരക്കണക്കിന് ജർമ്മൻകാരെ കുടിയിരുത്താൻ അയച്ചു. പോളിഷ് ജനതയും ജൂതന്മാരും മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങാൻ നിർബ്ബന്ധിതരായി.

ജൂതന്മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി RSHA സബ് ഡിപ്പാർട്ടമെന്റ് IV /B 4 ന്റെ തലവനായി 1939 ഡിസംബർ 19 നു ഓട്ടോ നിയമിതനായി .ഹെഡ്ഡ്റിച്ച് ജൂതന്മാരുടെ കാര്യത്തിൽ ഏറ്റവും പ്രാഗത്ഭ്യമുള്ള തന്റെ ജോലിക്കാരനാണ് ഓട്ടോയെന്ന് പ്രഖ്യാപിച്ചു . പോളിഷ് ജൂതന്മാരെ ഓടിക്കാൻ പോലീസിന്റെ സഹായത്താൽ ശാരീരിക ഭേദനങ്ങളും സ്വത്ത് പിടിച്ചെടുക്കലും മുറയ്ക്ക് അരങ്ങേറി .ജൂതന്മാരെ കൊള്ളയടിച്ച് അവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള പണം ഓട്ടോ കണ്ടെത്തി .6 ,00000 ജൂതന്മാരെനാടുകടത്താനുള്ള 4 വർഷ പദ്ധതി ഓട്ടോ ഒരുക്കി !. പോളിഷ് ഗതാഗതം തുടങ്ങി. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ വിജയിച്ചില്ല. പ്രവർത്തനം മന്ദഗതിയിലായി. 1941 ഏപ്രിൽ വരെ 63000 ജൂതരെ ട്രെയിൻ മാർഗ്ഗം അയച്ചെങ്കിലും അതിൽ മൂന്നു ഭാഗം ജനങ്ങൾ യാത്രക്കിടയിൽ മരണമടഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട ജൂതന്മാരെക്കൊണ്ട് നഗരത്തിലെ ചേരികൾ നിറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് അവരെ അയക്കുമെന്നുള്ള പ്രതീക്ഷയിൽ ജൂതന്മാർ കഴിഞ്ഞുകൂടി.ജാനബാഹുല്യവും വൃത്തിഹീനമായ അന്തരീക്ഷവും ആഹാരക്കുറവും കാരണം ദിനംപ്രതി മരണം സംഹാരതാണ്ഡവമാടി!. മരണനിരക്ക് കുത്തനെയുയർന്നു.

ഒരു വർഷം പത്ത് ലക്ഷം ജൂതന്മാരെ വീതം മഡഗാസ്കറിലേക്ക് നാടുകടത്തുന്ന 4 വർഷ പദ്ധതിയായ മഡഗാസ്കർ പ്രോജക്ടിന് ഒരു മെമ്മോറാണ്ടം ഓട്ടോ തയ്യാറാക്കി. ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സുമായുള്ള യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടു. അറ്റലാന്റിക് സമുദ്രം ബ്രിട്ടന്റെ നാവിക സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. 1942 ഫെബ്രുവരിയിൽ മഡഗാസ്കർ പ്രൊജക്റ്റ് നിലച്ചു, 1941 ജൂൺ മാസത്തിൽ സോവിയറ്റ് യൂണിയന് നേരെ ജർമ്മനി ആക്രമണം തുടങ്ങി. ജൂലൈ മാസത്തിൽ ഹെർമൻ ഗോറിങ്‌ ജൂതരുടെ കാര്യത്തിൽ ഒരു സമ്പൂർണ്ണ പരിഹാരം കണ്ടെത്തണമെന്ന് ഹെഡ്ഡ്രിച്ചിനോട് നിർദ്ദേശിച്ചിരുന്നു. കീഴടക്കിയ പ്രദേശത്തെ ജൂതരേയും കോമിന്റേൺ ഭാരവാഹികളെയും കമ്യൂണിസ്ററ് പാർട്ടി മെമ്പർമാരേയും ജർമ്മൻ സൈന്യം കൊന്നൊടുക്കി. ഹിറ്റ്ലർ ജർമ്മൻ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ മുഴുവൻ ജൂതരേയും കൊന്നൊടുക്കണമെന്ന് ഹെഡ്ഡ്റിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് പിന്നീടൊരു ചോദ്യം ചെയ്യലിൽ ഓട്ടോ അഡോൾഫ് ഐക്‌മാൻ വെളിപ്പെടുത്തുകയുണ്ടായി.

ജപ്പാന്റെ പേൾ ഹാർബർ ആക്രമണം ഉറങ്ങിക്കിടന്ന ഭീകരനായ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതും മോസ്‌കോ യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതും ഹിറ്റ്ലറെ ഒരു തീരുമാനത്തിലെത്തിച്ചു. യുദ്ധം അവസാനിക്കുന്നതിനുമുമ്പുതന്നെ യൂറോപ്പിലെ മുഴുവൻ ജൂതരേയും വകവരുത്തുക എന്നുള്ളതായിരുന്നു ആ തീരുമാനം. ബെൽസ്‌ക്, സോബിഡോർ , ട്രെബ്ലിങ്ക ക്യാമ്പുകൾ കൂട്ടക്കൊലക്ക് വേദിയായി. ആ കൂട്ടക്കൊലകൾ ഓപ്പറേഷൻ റീൻഹാർഡ്‌ എന്നറിയപ്പെട്ടു. ഒരു വധശ്രമത്തിൽ മുറിവേറ്റ് പ്രേഗിൽ വച്ച് മരണമടഞ്ഞ ഹെഡ്ഡ്റിച്ച് റീൻ ഹാർഡിന്റെ ബഹുമാനാർത്ഥമാണ് ആ പേര് വന്നത്. ഹെൻ റിച്ച് ഹിംലറുടെ നിർദ്ദേശ പ്രകാരം ഓരോ പ്രദേശത്തെയും ജൂതരുടെ വിവരങ്ങൾ ഓട്ടോയും സംഘവും ശേഖരിക്കുകയും സ്വത്തുകൾ പിടിച്ചെടുക്കുകയും ചെയ്തു. ജൂതർക്ക് വേണ്ടിയുള്ള ട്രെയിനുകൾ ഓട്ടോ തരപ്പെടുത്തി. ഓട്ടോ ബെർലിനിലെ ഓഫീസിൽ നിന്ന് നിരന്തരം മറ്റു സ്ഥലങ്ങളിലുള്ള തന്റെ സഹപ്രവർത്തകരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കോൺസെൻട്രേഷൻ ക്യാമ്പുകളും ചേരികളും ഓട്ടോ നിരന്തരം സന്ദർശിച്ചു.

ഐക്മാന്റെ ഭാര്യ ബർലിൻ ഇഷ്ടപ്പെട്ടിരുന്നില്ല. കുട്ടികളുമായി പ്രേഗിലായിരുന്നു അവരുടെ താമസം. ആഴ്ചയിലൊരിക്കൽ അവരെ സന്ദർശിച്ചിരുന്ന ഓട്ടോയുടെ സന്ദർശനം മാസത്തിലൊരിക്കലായി മാറി. 1944 മാർച്ച് 19 നു ജർമ്മനി ഹങ്കറിയെ ആക്രമിച്ചു. ആ സമയം തന്നെ ഓട്ടോയും എത്തിച്ചേർന്നു .600 ഓളം വരുന്ന സംരക്ഷണ സമിതി, സെക്യൂരിറ്റി സർവ്വീസ് , സെക്യൂരിറ്റി പോലിസ് (SD , SS , Sipo : സെക്യൂരിറ്റി പോലീസ് ) സംഘവുമായി തന്റെ ജോലിക്കാരുമായി കൂടിച്ചേർന്നു. ഹങ്കറിയിലെ ജൂതന്മാർ ഓഷ് വിറ്റ്സിലെ ക്യാമ്പുകളിലേക്ക് നിർബ്ബന്ധിത ജോലികൾക്കായി നടുകടത്തപ്പെട്ടു. ഓട്ടോ വടക്ക് കിഴക്കൻ ഹങ്ക റിയിലേക്ക് യാത്ര തിരിച്ചു. ഓഷ് വിറ്റ്സിലെ ക്യാമ്പ് സന്ദർശിച്ച് ജൂതരുടെ കാര്യങ്ങൾ വിലയിരുത്തി. ഏപ്രിൽ 16 നും മെയ് 14 നും ഇടയിൽ 4 ട്രെയിനുകളിൽ 3000 ജൂതർ ഓരോ ദിവസവും ഹങ്കറിയിൽ നിന്ന് ഓഷ് വിറ്റ്സിലെ രണ്ടാമത്തെ ക്യാമ്പായ ബിർക്കനോവിൽ എത്തിച്ചേർന്നു. 10 മുതൽ 25 ശതമാനം ജൂതർ നിർബ്ബന്ധിത ജോലിക്ക് നിയമിതരായി. ബാക്കിയുള്ളവർ എത്തിച്ചേർന്നയുടനെ കൊല്ലപ്പെട്ടു!.

ജൂൺ മാസം ഓട്ടോ മധ്യസ്ഥനായി പ്രവർത്തിച്ച് 1684 പേരെ സുരക്ഷിതമായി ട്രെയിൻ മാർഗ്ഗം സ്വിറ്റ്‌ സർലന്റിലേക്ക് കടത്തി. മൂന്നു സ്യൂട് കേസ് നിറയെ വജ്രങ്ങളും സ്വർണ്ണവും കറൻസിയും സെക്യൂരിറ്റിയുമായിരുന്നു അതിനു പകരമായി നേടിയത് !. രാജ്യാന്തര സമ്മർദ്ദത്തെത്തുടർന്ന് ഹിറ്റ്ലറിനാൽ നിയമിതരായ ഹങ്കറി ഗവണ്മെന്റ് നാടുകടത്തൽ 1944 ജൂലൈ 6 നു നിർത്തലാക്കി.ആ സമയത്തിനുള്ളിൽ ഹങ്കറിയിലെ 7 ,25000 ജൂതരിൽ 4 ,37000 പേര് കൊല്ലപ്പെട്ടു.

ഡിസംബർ 24 നു സോവിയറ്റ് സൈന്യം വളഞ്ഞപ്പോൾ ഓട്ടോ മുമ്പേതന്നെ ബുഡാപെസ്റ്റിലേക്ക് രക്ഷപെട്ടു. പിന്നീട് ബെർലിനിലേക്കും. ഡിപ്പാർട്ടമെന്റ് IV / B 4 ലെ മുഴുവൻ രേഖകളും ഓട്ടോ തീയിട്ട് നശിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ഓട്ടോയും SS ന്റെ ഓഫീസർമാരും ഓസ്ട്രിയയിലേക്ക് രക്ഷപെട്ടു. യൂറോപ്പിലെ യുദ്ധം അവസാനിച്ചപ്പോൾ ഓട്ടോ ഓസ്ട്രിയയിൽ സുരക്ഷിതനായി. എന്നാൽ യുദ്ധാവസാനം ഓട്ടോ അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായി, പല ക്യാമ്പുകളിലായി കഴിഞ്ഞു. ഓട്ടോ എക് മാൻ എന്ന പേരിൽ കൃത്രിമ തിരിച്ചറിയൽ രേഖകൾ ഓട്ടോക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. എന്നാൽ തന്റെ യഥാർത്ത മുഖം തിരിച്ചറിയുമെന്ന് ഭയന്ന ഓട്ടോ ജർമ്മനിയിൽ നിന്ന് രക്ഷപെട്ടു. പുതിയ തിരിച്ചറിയൽ രേഖകൾ ഓട്ടോ ഹെനിൻഗർ എന്ന പേരിൽ ഓട്ടോ കരസ്ഥമാക്കി. ആൾട്ടൻ സൽക്കോത്തിലെഫോറസ്ട്രി ഇൻഡസ്ട്രിയിൽ ഓട്ടോ ജോലിക്കാരനായി, ഒരു ചെറിയ സ്ഥലം വാടകക്കെടുത്ത് 1950 വരെ കഴിഞ്ഞുകൂടി.

1946 ൽ യുദ്ധക്കുറ്റവാളികളുടെ ന്യൂറംബർഗ് വിചാരണ തുടങ്ങിയിരുന്നു.ഊഷ് വിറ്റ്‌സ് കോൺസെൻട്രേഷൻ ക്യാമ്പിന്റെ മുൻ തലവനായിരുന്ന റുഡോൾഫ് ഹസ് വിചാരണയിൽ ഓട്ടോ അഡോൾഫ് ഐക്മാനെപ്പറ്റി നിർണ്ണായകമായ ചില വിവരങ്ങൾ നൽകിയിരുന്നു. 1948 ൽ ഇറ്റലിയിലെ നാസി അനുഭാവിയായ ബിഷപ്പ് അലോയിസ് ഹുഡലിന്റെ സഹായത്താൽ ” റിക്കാർഡോ ക്ലെമെന്റ്” എന്ന പേരിൽ കൃത്രിമ തിരിച്ചറിയൽ രേഖകൾ അർജന്റീനയിലേക്ക് പോകാൻ ഓട്ടോ തയ്യാറാക്കിയിരുന്നു. ഓട്ടോ 1950 ൽ കൃത്രിമ രേഖകളുടെ സഹായത്താൽ റെഡ് ക്രോസ് ഇന്റർനാഷണൽ കമ്മറ്റിയുടെ ഹ്യുമാനിറ്റേറിയൻ പാസ്‌പോർട്ടിന്റെ അർജന്റീനയിലേക്ക് കുടിയേറാൻ ശ്രമിച്ചു. യാത്രയിൽ സുരക്ഷിതത്തിനായി പല സന്യാസി മഠങ്ങളിലും താമസിച്ച് ഓട്ടോ ജെനോവയിലെത്തി. 1950 ജൂൺ 17 നു കപ്പൽ കയറിയ ഓട്ടോ ജൂലൈ 17 നു ബ്യുണസ് അയേഴ്‌സിലെത്തി.

രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് സോവിയറ്റ് നിയന്ത്രണത്തിലുള്ള ലിത്വാനിയയിൽ അസ്സാ കോവനാര് എന്നയാളുടെ നേതൃത്വത്തിൽ നോക്മിം എന്ന പേരിൽ ഒരു ജൂത സൈന്യം പ്രവർത്തിച്ചിരുന്നു. വിറ്റ്‌കോ കെംപ്‌നർ, റോസ്‌കോ കോർസാക് എന്നിവരായിരുന്നു അയാളുടെ ല്യൂട്ട്നന്റ്മാർ. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് പാലസ്റ്റീനിലെ ജൂത സൈന്യം നോക്മിമിന്റെ മൂല തത്വം കൂട്ടിച്ചേർത്ത് നകാം എന്ന കൊലയാളികളുടെ ഒരു സംഘടന ഉണ്ടാക്കി. നകാമിന്റെ (പ്രതികാരം ) ലക്‌ഷ്യം നാസി യുദ്ധക്കുറ്റവാളികളായിരുന്നു. ജൂത കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യാൻ കൊലയാളികളാൽ , അല്ലെങ്കിൽ അസാമാന്യമായ സൈനിക പാടവമുള്ളവരാൽ തയ്യാറാക്കപ്പെട്ട ഒരു സംഘമായിരുന്നു അത്. നകാം എന്ന വാക്ക് Jewish blood will be avenged എന്ന വാചകത്തിൽ നിന്നുണ്ടായതാണ് .

നോക് മിമിൽ നിന്നും ജൂത കൂട്ടക്കൊലയിൽ നിന്നും രക്ഷപെട്ടവരും കൂടിചേർന്നുള്ള 60 പേരടങ്ങുന്ന ഒരു സംഘമായിരുന്നു അത്. കൂട്ടക്കൊലക്ക് പകരമായി ജർമ്മൻകാരെ കൊള്ളാൻ അവർക്ക് പദ്ധതിയുണ്ടായിരുന്നു. ആ സംഘം ജർമ്മനിയിൽ എത്തിച്ചേർന്നു. ഏതെങ്കിലും ഒരു ദൗത്യത്തിലൂടെ , ജൂതന്മാരെ ഉപദ്രവിച്ചാൽ ഇതാണനുഭവമെന്നു രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു അവരുടെ ലക്‌ഷ്യം, നാസി യുദ്ധക്കുറ്റവാളികളെ കണ്ടെത്തുകയും അവരുടെ ലക്ശ്യമായിരുന്നു. ആ കാലഘട്ടത്തിൽ ഇസ്റായേലിന്റെ ചാര സംഘടനക്ക് നാമമാത്രമായ സൗകര്യമേ ഉണ്ടായിരുന്നുള്ളു. ഇസ്രായേൽ മറ്റു രാജ്യക്കാരുടെയും സ്വതന്ത്രമായ അന്വേഷണം സ്വീകരിച്ചിരുന്നു.ജൂത കൂട്ടക്കൊലയിൽ നിന്നും രക്ഷപെട്ടവരിൽ ചിലർ നാസി കുറ്റവാളികളെ കണ്ടെത്തതാണ് സമർപ്പണ ബുദ്ധിയോടെ പ്രവചിച്ചിരുന്നു . അതിലൊരാളായിരുന്നു സൈമൺ വീസന്താൾ.

1952 ൽ ഓട്ടോയുടെ ഭാര്യയും കുട്ടികളും രഹസ്യമായി അർജന്റീനയിലെത്തി ഓട്ടോയുമായി കൂടിച്ചേർന്നു. ചെര്യചെറുയ ജോലികളിലൂടെ ഓട്ടോ അപ്പോഴേക്കും മെഴ്‌സിഡസ് ബെൻസ് കമ്പനിയിൽ കയറിപ്പറ്റിയിരുന്നു. 1953 ൽ സൈമൺ തൻ കണ്ട ഒരെഴുത്തിൽ നിന്നും ഓട്ടോ ബ്യുണസ് അയേഴ്സിൽ കാണുമെന്നു മനസ്സിലാക്കി. 1954 ൽ ആ വിവരം വിയന്നയിലെ ഇസ്രായേൽ കോൺസിലേറ്റിന് സൈമൺ കൈമാറി. ഓട്ടോക്ക് കഷ്ടകാലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. 1938 ൽ അർജന്റീനയിലേക്ക് കുടിയേറിയ അർദ്ധ ജൂത ജർമ്മൻകാരനായ ലോതർ ഹെർമാന്റെ മകളായ സിൽവിയായുടെ രൂപത്തിലായിരുന്നു അത്. 1956 ൽ സിൽവിയ ക്ളോസ് ഐക്മാൻ എന്ന ചെറുപ്പക്കാരനുമായി പരിചയത്തിലായി, ചുറ്റിക്കറങ്ങാൻ തുടങ്ങി. തന്റെ പിതാവിന്റെ നാസി വീര പരാക്രമങ്ങളെപ്പറ്റി ക്ളോസ് പൊങ്ങച്ചം പറയുമായിരുന്നു. സിൽവിയ മുഖേന തന്തപ്പടി ലോതർ ഹെർമൻ വിവരമറിഞ്ഞു.

ലോതർ പടിഞ്ഞാറൻ ജർമ്മനിയിലെ ഹെസ്സയിലെ പ്രോസിക്യൂട്ടർ ജനറലായ ഫ്രിറ്റ്സ് ബോയറിനെ വിവരമറിയിച്ചു. ലോതർ കാര്യങ്ങളറിയാൻ സിൽവിയയെ ഓട്ടോയുടെ വീട്ടിലേക്കയച്ചു. ഓട്ടോയെ വീട്ടുവാതിൽക്കൽ വച്ച് സിൽവിയ കണ്ടു. ക്ളോസിന്റെ അങ്കിളാണ് താനെന്ന് ഓട്ടോ പറഞ്ഞു!. കുറച്ച് സമയത്തിനു ശേഷം എത്തിച്ചേർന്ന ക്ളോസ് ഓട്ടോയെ ” പിതാവ് ” എന്ന് അഭിസംബോധന ചെയ്തു. കാര്യങ്ങളറിഞ്ഞ ലോതർ 1957 ൽ മൊസ്സാദിന്റെ തലവനായ ഇസ്സർ ഹാരെലിനെ വിവരമറിയിച്ചു.1958 ൽ ഇസ്രായേലിൽ നിന്ന് 2 ചാരന്മാർ ബ്യുണസ് അയേഴ്‌സിലേക്ക് പുറപ്പെട്ടു. എന്നാൽ അവരുടെ നിരീക്ഷണത്തിൽ ഇതുപോലൊരു പരിതാപകരമായ അവസ്ഥയിൽ ഉന്നതനായ ഒരു നാസി ഉദ്യോഗസ്ഥൻ കഴിഞ്ഞുകൂടുകയില്ലെന്ന് ഊഹിച്ചു. 1959 ൽ ഇസ്രയേലിലെത്തിയ ബോയർ അറ്റോർണി ജനറൽ ഹെയിം കോഹനെയും ഇസ്സർ ഹാരെലിനേയും പുതിയ വിവരങ്ങൾ അറിയിച്ചു. ബോയർ ഫ്രാങ്ക്ഫർട്ടിലെ തന്റെ ഓഫീസിന്റെ താക്കോൽ മൊസാദിന്റെ ചാരനായ മിക്ക മയോറിനു നൽകിയിരുന്നു. മിക്ക മോയർ പിടികിട്ടാപുള്ളികളായ SS കുറ്റവാളികളുടെ ഫയലുകൾ രഹസ്യമായി ഫോട്ടോയിൽ പകർത്തി.

1960 ന്റെ തുടക്കത്തിൽ സ്വി അഹറോണി ഗിരിബാള്ഡി സ്ട്രീറ്റിലെത്തി രഹസ്യമായി ഓട്ടോയുടെ ചിത്രങ്ങൾ എടുത്തു. ഓട്ടോയുടെ പിതാവ് 1960 ൽ മരണമടഞ്ഞു. സൈമൺ വീസന്താൾ ഓട്ടോയുടെ കുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോ എടുക്കാൻ പ്രൈവറ്റ് ഡിറ്റക്റ്റീവുകളെ ഏർപ്പെടുത്തിയിരുന്നു. ഓട്ടോക്ക് കുടുംബാംഗങ്ങളുമായി നല്ല സാമ്യമുണ്ടായിരുന്നു. ഫെബ്രുവരി 18 നു സൈമൺ മൊസാദിന്റെ ഏജന്റിന് ഫോട്ടോകൾ കൈമാറി. ജർമ്മൻ SS ഫയലുകളിൽ നിന്ന് കിട്ടിയ ചിത്രങ്ങളും പുതുതായി കിട്ടിയ ചിത്രങ്ങളുമായി രഹസ്യാന്വേഷകർ താരതമ്യ പഠനം തുടങ്ങി. ചിത്രങ്ങളിൽ നിന്ന് ചെവിയുടെ വലുപ്പവും രൂപവും ഒരുപോലെയാണെന്നു കണ്ടെത്തി. അന്വേഷകർ അത് ഓട്ടോ തന്നെയാണെന്ന് ഉറപ്പുവരുത്തി. ഫോട്ടോയിൽ കൂട്ടമായി നിൽക്കുന്നവരിൽ നിന്ന് ജോസഫ് മെങ്കലെ, ക്ളോസ് ബാർബി, ഹെർമൈൻ ബ്രോൺസ്റ്റെയിനർ എന്നിവരെയും മറ്റു ഫോട്ടോഗ്രാഫുകളുടെ സഹായത്താൽ തിരിച്ചറിഞ്ഞു. ഇസ്സർ ഹാറെൽ 10 ആണും 1 പെണ്ണും അടങ്ങുന്ന ടീമിനെ റാഫി എയ്തന്റെ നേതൃത്വത്തിൽ ഓട്ടോയെ പിടികൂടാൻ തയ്യാറാക്കി.

അർജന്റീന നാസി കുറ്റവാളികളെ പുറത്തതാക്കാനുള്ള അഭ്യർത്ഥനകൾ സാധാരണ നിരാകരിക്കുക പതിവായിരുന്നു.ഇസ്രായേൽ പ്രധാനമന്ത്രി ഓട്ടോയെ പിടികൂടി ഇസ്രായേലിൽ കൊണ്ടുവന്നു വിചാരണ നടത്തണമെന്ന് നിർദ്ദേശിച്ചു !. ആ ദൗത്യത്തിന് അവരൊരു പേര് നൽകി ” OPERATION CODENAME DYBBUK ” . ജൂത നാടോടിക്കഥകളിൽ മനുഷ്യ ശരീരത്തിൽ കയറിക്കൂടിയ ഒരു പിശാചിന്റെ കഥയുണ്ടായിരുന്നു. അതായിരുന്നു ആ പേരിന്റെ ആധാരം !. ഓട്ടോയെ പിടികൂടാനുള്ള വല മുറുകി.കൃത്രിമ തിരിച്ചറിയൽ രേഖകളുടെ സഹായത്താൽ വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വിമാനങ്ങളിൽ ടീമംഗങ്ങൾ 1960 ഏപ്രിൽ മാസം ബ്യുണസ് അയേഴ്‌സിലെത്തിച്ചേർന്നു. 3 വീടുകൾ ഓട്ടോയെ തടവിലാക്കാൻ ടീമംഗങ്ങൾ തയ്യാറാക്കി. കോഫീ ഹൗസുകളിൽ മുഖാമുഖം ചർച്ചകൾ അരങ്ങേറി. ആകാശമാർഗ്ഗം ഓട്ടോയെ കടത്താൻ പ്രയാസമാണെങ്കിൽ കടൽ മാർഗ്ഗം കടത്താൻ ഇസ്രായേൽ നാഷണൽ കാരിയർ കപ്പലായ ”കെഡ്മ ” ബ്യുണസ് അയേഴ്സിൽ തയ്യാറായി നിന്നു. ഈ കപ്പൽ അർജന്റീനയിൽ ഒളിവിലായിരുന്ന, കുപ്രസിദ്ധനായ ” ANGEL OF DEATH ” എന്നറിയപ്പെട്ട ജോസഫ് മെങ്കലെയെ കൂടി കൊണ്ടുപോകാൻ വേണ്ടിയുള്ളതായിരുന്നു. തടവുപുള്ളികളിൽ മനുഷ്യത്ത രഹിതമായ മെഡിക്കൽ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ജോസഫ് മെങ്കലെയുടെ വിനോദം!.

അങ്ങനെ ഒടുവിൽ ഓട്ടോ അഡോൾഫ് ഐക്മാൻ പിടിയിലായി. ഓട്ടോയെ സുരക്ഷിതമായി ഒരു വീട്ടിൽ ടീമംഗങ്ങൾ എത്തിച്ചു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ടെൽ അവീവിൽ നിന്ന് ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾ എൽ അൽ ബിസ്റ്റോൾ ബ്രിട്ടാനിയ” എന്ന വിമാനത്തിൽ അർജന്റീനയിൽ എത്തിയിരുന്നു.സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ അർജന്റീനയുടെ 150 – ആം വാർഷികം ആഘോഷിക്കാനാണ് അവരെത്തിച്ചേർന്നത്. തിരിച്ചുപോകുമ്പോൾ ഓട്ടോയെ ആ വിമാനത്തിൽ ടെൽ അവീവിൽ എത്തിക്കുകയായിരുന്നു ടീമംഗങ്ങളുടെ പദ്ധതി. എന്നാൽ ആ യാത്ര ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. പിടിയിലായവന്റെയും പിടിച്ചവരുടേയും യാത്ര അനിശ്ചിതത്തിലായി. ആ സാമ്യം ഓട്ടോയുടെ ഐഡന്റിറ്റി വീണ്ടും പരിശോധിച്ച് ഓട്ടോ തന്നെയാണെന്ന് അവർ ഉറപ്പുവരുത്തി ടീമംഗങ്ങൾ കഴിഞ്ഞുകൂടി. സംശയം കൂടാതെ ഓട്ടോയെ ഓട്ടോയെ അർജന്റീനയിൽ നിന്ന് കടത്തുക മൊസാദിന് വെല്ലുവിളിയായി. ഒരു ഏജന്റിനെ വീണു തലക്ക് പരിക്ക് പറ്റിയതാണെന്ന് പറഞ്ഞ ഒരു ലോക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയാൾ സാവധാനം സുഖം പ്രാപിക്കുന്നതായി നടിച്ചു!.

മെയ് 20 നു സ്വന്തം നാടായ ഇസ്രായേലിനു പോകാൻ ആ രോഗി അസുഖത്തിൽ നിന്നും മോചിതനായി, ആശുപത്രിയിൽ നിന്ന് നിസ്സാരമായി സർട്ടിഫിക്കറ്റ് ടീമംഗങ്ങൾ ഫോമിൽ ഓട്ടോയുടെ ഫോട്ടോയും പേരും പകരമായി ചേർത്തു. അർദ്ധരാത്രിയോടുകൂടി ഓട്ടോയ്ക്ക് ടീമംഗമായ ഡോക്ട്ടർ സെഡേഷൻ കൊടുത്ത് EL AL യൂണി ഫോം ധരിപ്പിച്ചു. അർദ്ധ ബോധാവസ്ഥയിലായ ഓട്ടോയുമായി 3 കാറുകൾ പുറപ്പെട്ടു. രണ്ടാമത്തെ കാറിലായിരുന്നു ഓട്ടോയെ കയറ്റിയത്. പ്രവേശന കവാടത്തിൽ സംശയം തോന്നാത്ത വിധത്തിൽ ഓട്ടോയെ താങ്ങിപ്പിടിച്ച് അവർ എയർ പോർട്ടിൽ എത്തിച്ചു. അസുഖബാധിതനായ ഒരു ക്രൂ മെമ്പറാണെന്ന് പറഞ്ഞ് ഓട്ടോയെ വിമാനത്തിൽ കയറ്റി. എയർപോർട്ടിൽ ചെറിയ താമസമുണ്ടായെങ്കിലും ആ വിമാനം ടെൽ അവീവ് ലക്ഷ്യമാക്കി പറന്നു. സെനെഗലിൽ ഇന്ധനം നിറക്കാനായി വിമാനം ഇറങ്ങി. യാത്ര തുടർന്ന വിമാനം മെയ് 22 നു ടെൽ അവീവിൽ ലാൻഡ് ചെയ്തു.

ഇസ്രായേൽ പ്രധാനമന്ത്രി ബെൻ ഗുറിയോൺ ഓട്ടോയെ പിടികൂടിയത് പ്രഖ്യാപിച്ചു. അർജന്റീന തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള അതിക്രമമാണ് ഇസ്രായേൽ ചെയ്തതെന്ന് അപലപിച്ചു. 1961 ഏപ്രിൽ 11 നു ജറുസലേമിലെ BEIT HAAM HOUSE ൽ ഓട്ടോയുടെ വിചാരണ തുടങ്ങി. മീഡിയ കവറേജിനുള്ള എല്ലാ സൗകര്യവും ഇസ്രായേൽ ഒരുക്കിയിരുന്നു. അമേരിക്കയിലെ ക്യാപ്പിറ്റൽ സിറ്റി ബ്രോഡ്‌കാസ്റ്റിംഗ്‌ കോർപ്പറേഷൻ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിനുള്ള അവകാശം നേടി. ലോകത്തിലെ പ്രധാന പത്രങ്ങൾ റിപ്പോർട്ടർമാരെ ഫ്രണ്ട് പേജിന്റെ വർത്തക്കായി അയച്ചു. വധശ്രമം ഉണ്ടാകുമെന്ന് ഭയന്ന് ഓട്ടോക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകൊണ്ട് ഒരു ബൂത്ത് ഒരുക്കിയിരുന്നു. പത്രപ്രവർത്തകർക്ക് വിചാരണ കാണാൻ ക്ളോസ്ഡ് സർക്യൂട്ട് ടീവി സ്ഥാപിച്ചിരുന്നു. വംശഹത്യയിൽ നിന്ന് രക്ഷപെട്ട നൂറുകണക്കിനാളുകൾ ഓട്ടോക്ക് എതിരെ സാക്ഷ്യം പറഞ്ഞു.

വിചാരണക്കൊടുവിൽ 1961 ഡിസംബർ 15 നു ഓട്ടോയെ തൂക്കിക്കൊല്ലാൻ വിധിച്ചു. അയാളൊന്നു ജയിലിലേക്ക് ഓട്ടോയെ മാറ്റി.ഓട്ടോക്ക് വേണ്ടി ഡിഫൻസ് ടീം ഇസ്രായേലി സുപ്രിം കോടതിയിൽ അപ്പീൽ നൽകി. 1962 മാർച്ച് 22 നും 29 നും ഇടയിൽ ഹിയറിങ്ങുകൾ നടന്നു. ഏപ്രിൽ അവസാനം ഓട്ടോയുടെ ഭാര്യ വേര ഇസ്രയേലിലെത്തി അവസാനമായി ഓട്ടോയെ കണ്ടു. മെയ് 29 നു ഓട്ടോയുടെ അപ്പീൽ തള്ളി. പ്രസിഡന്റ ഇസഹാക് ബെൻസിക്ക് നൽകിയ ഓട്ടോയുടെ ദയാഹർജി മെയ് 31 രാത്രി 8 തള്ളിയതായി അറിയിച്ചു. റംലയിലെ ജയിലിൽ വച്ച് ഓട്ടോയെ തൂക്കിലേറ്റി. മെയ് 31 അർദ്ധരാത്രിയോടടുത്തതാണ് സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ ചെറിയ താമസത്തിനൊടുവിൽ 12 മണിക്ക് ശേഷം ആ തൂക്കിക്കൊല അരങ്ങേറി. അങ്ങനെ ഓട്ടോയുടെ മരണദിനം ജൂൺ 1 ആയി.

ഓട്ടോയുടെ അവസാന വാക്കുകൾ ” ജർമ്മനി നീണാൾ വാഴട്ടെ, അർജന്റീന നീണാൾ വാഴട്ടെ, ഓസ്ട്രിയ നീണാൾ വാഴട്ടെ. ഈ മൂന്ന് രാജ്യങ്ങളുമായിട്ടാണ് ഞാൻ ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരുന്നത്. ഞാനത് മറക്കില്ല. ഞാനെന്റെ ഭാര്യയോടും കുടുംബത്തോടും കൂട്ടുകാരോടും ആശംസ അർപ്പിക്കുന്നു. ഞാൻ തയ്യാറാണ്. നമ്മൾ വീണ്ടും കണ്ടുമുട്ടും. എല്ലാ മനുഷ്യന്റെയും വിധിപോലെ. ഞാൻ ദൈവത്തിൽ വിശ്വസിച്ച് മരിക്കുന്നു.”

ഓട്ടോയുടെ മൃതദേഹം ദഹിപ്പിച്ച് ചാരം ഇസ്രായേൽ നിയന്ത്രണത്തിന് പുറത്തുള്ള മെഡിറ്ററേനിയൻ കടലിൽ വിതറി. അവിടെയതാ സാവധാനം മറഞ്ഞു. 2016 ൽ പ്രസിദ്ധപ്പെടുത്തിയ ഓട്ടോയുടെ ദയാഹർജിയിൽ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു. ”നേതാക്കന്മാരുടെ കൈകളാൽ നിർബ്ബന്ധിതമായി ജോലി ചെയ്യാൻ വിധിക്കപ്പെട്ട വെറും ഉപകരണങ്ങൾ മാത്രമാണ്. എന്നെപ്പോലുള്ളവർ. ഞാൻ ഉത്തരവാദിത്വമുള്ള ഒരു നേതാവായിരുന്നില്ല. അതുകൊണ്ട് എനിക്ക് കുറ്റബോധവുമില്ല.”