ഓപ്പറേഷൻ പോളോ : ഹൈദരാബാദിനെ വീണ്ടെടുക്കുവാൻ നടത്തിയ നീക്കം..

കടപ്പാട് – വിക്കിപീഡിയ , നിഷാന്ത് കെ. (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ).

ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിമാറ്റുവാനായി ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കമാണ് ഹൈദരാബാദ് ആക്ഷൻ എന്നറിയപ്പെടുന്നത്. ഓപ്പറേഷൻ പോളോ എന്നും ഈ നടപടി അറിയപ്പെടുന്നു.

1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് ഹൈദരബാദ് നാട്ടുരാജ്യം തയ്യാറായില്ല. ഇന്ത്യാ രാജ്യത്തോട് തന്റെ രാജ്യം ചേർക്കുവാൻ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഉസ്മാൻ അലി വിസമ്മതിച്ചു. പലതവണ ഇന്ത്യാ രാജ്യത്തോട് ലയിക്കുവാൻ ഗവർണ്മെൻറ് സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് നൈസാം ഇന്ത്യാ ഗവൺമെന്റുമായി തർക്കത്തിലായി.

ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13-ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 17-ന് തന്നെ നൈസാം ഇന്ത്യ ഗവൺമെന്റിന് കീഴടങ്ങാൻ തയ്യാറായി. ഹൈദരാബാദിനെതിരെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നടപടി ഹൈദരാബാദ് ആക്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

1713 ൽ മുഗൾ രാജവംശമാണ് ഡെക്കാൺ പീഠഭൂമിയിലെ ഹൈദരാബാദ് എന്ന പ്രവിശ്യയെ ഒരു പ്രത്യേക പ്രവിശ്യാക്കിയതും, അതിന്റെ അധികാരിയായി നിസാമിനെ നിയോഗിച്ചതും. 1798 ൽ ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൽപ്പെടുന്ന ഒരു സംസ്ഥാനമായി ഹൈദരാബാദ് മാറി. ഏഴാം നിസാമായിരുന്ന മിർ ഉസ്മാൻ അലിയുടെ കീഴിൽ ഹൈദരാബാദ് അതിന്റെ സുവർണ്ണ കാലഘട്ടത്തിലായിരുന്നു.

214,190 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ഈ പ്രവിശ്യയുടെ വിസ്ത്രിതി. 1941 ലെ കാനേഷുമാരി അനുസരിച്ച്, ഏതാണ്ട് 16 ദശലക്ഷം ആളുകൾ ഇവിടെ വസിച്ചിരുന്നു. ഹൈദരാബാദ് സംസ്ഥാനത്തിന്, സ്വന്തമായി സൈന്യവും, വിമാന ഗതാഗതവും, പോസ്റ്റൽ, തീവണ്ടി, കറൻസി എന്നിവയും ഉണ്ടായിരുന്നു. 48.2 ശതമാനത്തോളം ആളുകൾ സംസാരിച്ചിരുന്നത്, തെലുങ്കു ഭാഷയായിരുന്നു. 26.4 ശതമാനം ആളുകൾ മറാത്തിയും, 12.3 ശതമാനം ആളുകൾ കന്നടയും ഉപയോഗിച്ചിരുന്നപ്പോൾ, 10 ശതമാനത്തോളം ഉറുദു സംസാരിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭൂമിയിൽ 40 ശതമാനവും, നൈസാമിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലായിരുന്നു.

1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ, സ്വതന്ത്ര സംസ്ഥാനങ്ങളോട് ഇന്ത്യയിലോ, പാകിസ്താനിലോ ചേരാനും, അതല്ലെങ്കിൽ സ്വതന്ത്രമായി തന്നെ നിലനിൽക്കാനും ബ്രിട്ടീഷുകാർ അനുവാദം നൽകിയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നിൽക്കാനാണ് ഹൈദരാബാദ് തീരുമാനിച്ചത്. ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ഹൈദരാബാദിന്റെ ഈ തീരുമാനം ഇന്ത്യയെ ബാധിച്ചിരിക്കുന്ന അൾസർ ആണെന്നും ആ ഭാഗം ഒരു “സർജറി” യിലൂടെ നേരേയാക്കണമെന്നും ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ഉപ പ്രധാന മന്ത്രി, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ തീരുമാനം .മൂന്നു നാട്ടു രാജ്യങ്ങൾ ആയിരുന്നു ഇന്ത്യയുടെ സ്വാതന്ത്രാനന്തരം രാജ്യത്തോട് ചേരാതെ മാറിനിന്നത് .ജമ്മു കാശ്മീർ ,ജുനഗഡ് എന്നിവരായിരുന്നു മറ്റുള്ളവർ .പിന്നീട് നടന്നത് ചരിത്രം.

നൈസാമുമായി പല വിധത്തിലുള്ള ചർച്ചകൾ ഇന്ത്യൻ ഗവണ്മെന്റ് നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു .സ്വന്തമായി ടെലികോം ,വൈദ്യുതി ,തീവണ്ടി ,പോസ്റ്റൽ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള ഒരു നാട്ടു രാജ്യമായിരുന്നു അന്ന് ഹൈദരാബാദ് .യുദ്ധ സജ്ജരായ ഒരു സൈന്യവും അവർക്കുണ്ടായിരുന്നു. റസാക്കർ എന്ന പേരിലറിയപ്പെട്ടിരുന്ന ഇവർ നൈസാമുമായി വലിയ വിശ്വസ്തത പുലർത്തിയിരുന്ന സൈന്യം ആയിരുന്നു .നൈസാമിന്‌ പോർച്ചുഗീസ്, പാകിസ്‌ഥാൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ള സപ്പോർട്ടുകളും ആക്കാലത് ഉണ്ടായിരുന്നു എന്നതാണ് കേട്ടുകേൾവി.ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളുമായിരുന്ന നൈസാം തികഞ്ഞ ധാർഷ്ട്യത്തിൽ ആയിരുന്നു .

ചർച്ചകൾ പരാജയപ്പെട്ടപ്പോൾ ഡെക്കാന്റെ മണ്ണിനെ ഒരു സൈനിക നടപടിയിലൂടെ കീഴടക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലാതായി . 1948 സെപ്തംബര് പതിമൂന്നിനായിരുന്നു ഇന്ത്യൻ പട്ടാളത്തിന്റെ ആക്രമണം. മേജർ ജനറൽ ജെ എൻ ചൗധരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പട്ടാളം അഞ്ചു ഭാഗങ്ങളിൽ നിന്നുമാണ് ഹൈദരാബാദിനെ ആക്രമിച്ചത് വെറും അഞ്ചു നാൾകൊണ്ട് കരുത്തുറ്റ ഇന്ത്യൻ പട്ടാളം റസാക്കർമാരെ കീഴടക്കുകയും കാസിം റസ്‌വിയെ തടവിൽ ആക്കുകയും ചെയ്തു . ഇന്ത്യൻ യൂണിയനിൽ ലയിക്കാനുള്ള സമ്മതപത്രം നൈസാം നൽകുകയും ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു.

നൈസാം ഉസ്മാൻ അലി കീഴടങ്ങിയതിനു ശേഷം 1952 മാർച്ച് വരെ ഹൈദരാബാദിൽ പട്ടാള ഭരണമായിരുന്നു. 1952-ൽ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നു. തുടർന്ന് 1956-ലാണ് ആന്ധ്രാ സംസ്ഥാനം പുനസംഘടിപ്പിച്ചത്. അതുവരെ നൈസാം തന്നെയായിരുന്നു അവിടുത്തെ രാജാവ്. ഓപ്പറേഷൻ പോളോ എന്ന പോലീസ് നടപടിയിൽ ധാരാളം ആളുകൾ കൊല്ലപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, ഓപ്പറേഷൻ പോളോയിലെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. സുന്ദർലാൽ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് 2013 വരെ പുറത്തു വിട്ടിരുന്നില്ല. ഈ റിപ്പോർട്ടിൽ പറയുന്ന പ്രകാരം, ഏതാണ്ട് 27000 ത്തിനും 40000 ത്തിനും ഇടയിൽ ആളുകൾ ഈ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടിരുന്നു എന്നാണ്.