കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഇത്തവണ നറുക്ക് വീണത് എംപാനൽ ഡ്രൈവർമാർക്ക്..

പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ പരിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസിയിൽ നിന്നും വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടൽ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് എംപാനൽ (താൽക്കാലിക) കണ്ടക്ടർമാരെ കെഎസ്ആർടിസിയിൽ നിന്നും കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇത്തരത്തിൽ ഇപ്പോൾ നറുക്ക് വീണിരിക്കുന്നത് എംപാനൽ ഡ്രൈവർമാർക്കാണ്. 1565 എംപാനൽ ഡ്രൈവർമാരെ ഈ മാസം 30 നകം പിരിച്ചു വിടണം എന്നാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തുടർന്ന് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രെ നി​യ​മി​ക്ക​ണ​മെ​ന്നാണ് ഉത്തരവ്. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും വേഗം തന്നെ നൽകണം എന്നും കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്. റിസർവ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരെ 2012ലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് അഡ്വൈസ് നൽകാൻ പി.എസ്.സിയോടു നിർദേശിക്കണോ, സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിയമനം നടത്താതിരിക്കണോ എന്നൊക്കെ കെ.എസ്.ആർ.ടി.സിക്ക് തീരുമാനിക്കാം. പക്ഷേ, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ എംപാനൽ ഡ്രൈവർമാരെ അനുവദിക്കാനാവില്ല. നഷ്ടക്കണക്ക് പറഞ്ഞ് കെഎസ്ആര്‍ടിസിയില്‍ നിരവധി സർവീസുകളാണ് വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാകുന്നതോടെ സംസ്ഥാനത്തൊട്ടാകെ കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ ആകെ താളംതെറ്റാനാണ് സാധ്യത. മുൻപ് എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടതോടെ അവതാളത്തിലായ സർവീസുകൾ പുനഃസ്ഥാപിച്ചു വരുന്നതിനിടെയാണ് ഇപ്പോൾ ഡ്രൈവർമാരുടെ കാര്യം കുഴപ്പത്തിലായിരിക്കുന്നത്.

പുതിയ ഡ്രൈവർമാർ നിയമനം നേടി വരുന്നതുവരെ ഇത്രയും സർവിസുകൾ മുടങ്ങുന്നത് കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഗണ്യമായി കുറയുന്നതിന് ഇടയാക്കും. ഇത്രയും ഡ്രൈവർമാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടാൽ ചെയിൻ, ദീർഘദൂര സർവിസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഇത്രയധികം എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധി ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തയ്യാറെടുക്കുകയാണ് കെഎസ്ആർടിസി. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴെന്നാണു സർക്കാരിന്റെ വാദം. പകരം നിയമിക്കാൻ പിഎസ്‍സി പട്ടിക നിലവിലില്ല. ഇതുമൂലം വൻതോതിൽ സർവീസുകൾ മുടങ്ങുമെന്ന് ആശങ്കയുണ്ട്. പകരം സംവിധാനം ഒരുക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്നാണു സർക്കാരിന്റെ ആവശ്യം. സ്ഥിര നിയമനം നിലവിലെ സാമ്പത്തിക അവസ്ഥയിൽ പ്രായോഗികമല്ലെന്നും വാദമുണ്ട്. അപ്പീൽ സമർപ്പിക്കുന്നതു സംബന്ധിച്ചു നിയമ സെക്രട്ടറിയുടെ ഉപദേശവും തേടും.

ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ദിവസം സമരം ചെയ്യാനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം. ജീവനക്കാരുടെ കുടുംബാംഗങ്ങളും വോട്ട് ചെയ്യില്ലെന്നും എം.പാനല്‍ കൂട്ടായ്മ പറയുന്നു. എന്തായാലും കെഎസ്ആർടിസി വീണ്ടും പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്കുള്ള പ്രയാണം തുടരുകയാണ് എന്നേ ഇപ്പോൾ പറയാനൊക്കുകയുള്ളൂ.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.