ഒരു നാടൻ കെഎസ്ആർടിസി ബസ് യാത്രാ വിവരണം

വിവരണം – Kamal Kopa.

വലിയൊരു യാത്രയുടെ കഥയല്ലിത്. ബൈക്കിൻ്റെ കീ കാണാതെ പോയത് കൊണ്ട് മാത്രം ഒരുപാട് നാളിന് ശേഷം ബസിൽ പോയ അനുഭവം. മുമ്പത്തെ പോലെ വലിയ തിരക്കൊന്നുമില്ല ബസിൽ. അത് കൊണ്ട് തന്നെ സീറ്റ് പെട്ടെന്ന് കിട്ടി. അടുത്തയാൾ ഇറങ്ങിയപ്പോൾ വിൻഡോ സീറ്റും കിട്ടി.

ബസിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വെച്ചാൽ ഉയരത്തിൽ ഇരുന്ന് കൊണ്ട് പുറംലോക കാഴ്ചകൾ നന്നായി ആസ്വദിക്കാൻ സാധിക്കുമെന്നുള്ളതാണ്. പച്ച നമ്പർ പ്ലേറ്റുള്ള ഇലക്ട്രിക് കാറുകൾ, നിരത്തിൽ ഇറങ്ങിയ എറ്റവും പുതിയ വാഹനങ്ങൾ, ഫ്രൂട്സ് പച്ചക്കറി വഴിയോര കച്ചവടങ്ങൾ, പുതിയ കെട്ടിടങ്ങൾ, ഫ്ലക്സ് ബോർഡുകൾ… നാട്ടിൽ വന്ന ഓരോ മാറ്റങ്ങൾ ഇവയൊക്കെ ഇത്ര ആസ്വദിച്ച് കണ്ട് ഒരുപാട് നാളായി.

ഡ്രൈവിംഗ് സീറ്റിലിരുന്ന് റോഡ് നോക്കി വണ്ടിയോടിച്ചാൽ ഇത്രയൊക്കെ ആസ്വാദനം മിസ് ആകുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. സ്കൂൾ കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ ഇങ്ങനെയുള്ളവരാണ് പ്രധാന യാത്രക്കാർ. യുവാക്കൾ ബസിൽ കയറുന്നത് എന്തോ അയിത്തം പോലെയാണ്..

മീനുമായി ഒരാൾ ബസിൽ കയറിയപ്പോൾ എന്താണ് മീൻ എന്ന് ചോദിച്ച അയാളുടെ പരിചയക്കാരനും അതിന് മറുപടിയായി ലഭിച്ചത് മാർക്കറ്റിലുള്ള എല്ലാ മീനുകളുടെയും വില വിവര പട്ടികയായിരുന്നു. ഇതൊക്കെ ഏത് ഗൂഗിൾ തപ്പിയാലും കിട്ടാത്ത കാര്യങ്ങളല്ലേ. ചെറിയൊരു സംഭവം കൂടി ഉണ്ടായി. സ്റ്റോപ്പിൽ കണ്ടക്ടർ ബെല്ലടിക്കാൻ മറന്നപ്പോൾ ബഹളം വെച്ച് ബസ് നിറുത്തിയ യാത്രക്കാരൻ, അയാൾ ഇറങ്ങുന്നതുവരെ മിണ്ടാതിരുന്ന കണ്ടക്ടർ.. അത് കഴിഞ്ഞ് അയാൾ ഇറങ്ങി കഴിഞ്ഞ് ബസ് വിട്ടതിന് ശേഷം ഓരോ സീറ്റിലും പോയി അയാളുടെ കുറ്റം പറയുന്ന കണ്ടക്ടർ. ഇയാൾക്ക് നേരിട്ട് വെല്ലു വിളിച്ചൂടെ എന്നൊക്കെ തോന്നാമെങ്കിലും ഇതൊക്കെ ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ആസ്വദിച്ചിരുന്നു കാണുകയായിരുന്നു.

ഒരു ചാറ്റൽ മഴ കൂടി ഉണ്ടായിരുന്നെങ്കിൽ ഇതിലും പോളിച്ചേനെ. അര മണിക്കൂർ നേരത്തെ ഇത്രയും മനോഹരമായ കിടിലൻ യാത്രയ്ക്ക് എനിക്ക് ചിലവായത് 14 രൂപ മാത്രം. ഇടക്കൊക്കെ ഇതുപോലെയുള്ള യാത്രകൾ കൂടി നടത്തണം. മാലി ദ്വീപും, മണാലിയും കൂടാതെ നമ്മുടെ നാടിൻറെ സൗന്ദര്യം കൂടി കാണാൻ.