ഒറ്റപ്പാലം ഭാഗത്തേക്ക് ഒരു യാത്ര പോയാൽ എന്തൊക്കെ കാണാം?

ഒറ്റപ്പാലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ഒറ്റപ്പാലം. സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപ് വള്ളുവനാട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. പഴയ മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരുന്നു വള്ളുവനാട് പ്രദേശങ്ങൾ. പിൽക്കാലത്ത് കേരളം രൂപീകരിച്ചപ്പോൾ ഒറ്റപ്പാലം എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പിൽ ഒറ്റക്കു നിൽക്കുന്ന ഒരു ‘പാല’മരമാണ്. പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങൾ കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും അറിയപ്പെട്ടുതുടങ്ങി. മലയാളം, തമിഴ് സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയായ ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും ഒരു ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിലേക്ക് ഉയർന്നു വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി ഒരു ദിവസംകൊണ്ട് കണ്ടു തീർക്കാവുന്ന മനോഹരമായ ചില കാഴ്ചകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

1) കിള്ളിക്കുറിശ്ശിമംഗലം : മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചൻ നമ്പ്യാരുടെ ഓർമ്മക്കായി സ്ഥാപിച്ച കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകളെ ദീപ്തമാക്കുന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം.

അദ്ദേഹം ജനിച്ച കലക്കത്തു ഭവനവും അതോടനുബന്ധിച്ച 56 സെന്റ് സ്ഥലവുമാണ് ദേശീയ സ്മാരകമാക്കിയിട്ടുള്ളത്. കുഞ്ചന്‍ സ്മാരകം സാധാരണയായി കണ്ടു വരാറുള്ള വെറും കെട്ടിട സ്മാരകമല്ല . അനുഗ്രഹീതമായ തുള്ളല്‍ എന്ന കലയെ പോഷിപ്പിക്കുന്ന ഒരിടം കൂടിയാണ്. പറയന്‍, ഓട്ടന്‍ , ശീതങ്കന്‍ തുള്ളലുകളും നൃത്ത രൂപങ്ങളും സംസ്കൃത ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് , പ്രത്യേകിച്ചു വിദേശീയര്‍ക്കു ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും തുള്ളലിനെ കുറിച്ച് ആവശ്യമായ വിവരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

2) വരിക്കാശ്ശേരി മന : മലയാളികൾക്കു തറവാട്‌ അല്ലെൽ മന എന്നൊക്കെ പറയുമ്പോൾ ആദ്യം മനസ്സിലേക്കു ഓടി വരുന്നത് ഒട്ടേറെ സിനിമകളിൽ തറവാടായി അഭിനയിച്ചിട്ടുള്ള വരിക്കാശ്ശേരി മനയാണ്. മലയാള സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയായ വരിക്കാശ്ശേരി മന ഒറ്റ‍പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. ഒറ്റപ്പാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള ഒരു ചെറുഗ്രാമം ആണ് മനിശ്ശേരി.അവിടെ നിന്നും തെക്കുഭാഗത്തേക്ക്‌ ഭാരതപ്പുഴയിലെക്കുള്ള റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന. രഞ്ജിത്, ഐ.വി.ശശി, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രൗഢി സിനിമാ ലോകം അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഹിറ്റായ നരസിംഹം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും ഈ മന തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമക്കാര്‍ക്കിടയില്‍ വൻപ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും ഇവിടേക്ക് വരാറുണ്ട്.

വള്ളുവനാട്ടിലെ ആഢ്യ സമ്പന്ന ബ്രാഹ്മണ കുടുംബങ്ങളിൽ പ്രഥമസ്ഥാനീയരായിരുന്നു വരിക്കാശ്ശേരി മനക്കാർ. മനിശ്ശേരിയിലെ പ്രമുഖനായ വടക്കൂട്ട്‌ ഹരിദാസ്‌ ആണ് ഇപ്പോൾ വരിക്കാശ്ശേരി മനയുടെ ഉടമസ്ഥൻ. ഹരിദാസും മറ്റു ചില പ്രമുഖരും അടങ്ങിയ ട്രസ്റ്റാണു ഇന്നു വരിക്കാശ്ശേരി മനയുടെ സംരക്ഷണവും നടത്തിപ്പും നോക്കുന്നത്‌. സഞ്ചാരികൾക്ക് വരിക്കാശ്ശേരി മനയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി 20 രൂപയുടെ പാസ്സ് എടുത്താൽ മാത്രം മതി. പക്ഷെ സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ ഇവിടേക്ക് മറ്റുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കില്ല.

3) അനങ്ങൻ മല : പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനും ചെർപ്പുളശ്ശേരിയ്ക്കും ഇടയിലായി അങ്ങനടി എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമത്തിന്റെ ഒരു ഭാഗമാണ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന അനങ്ങൻ മല. നിരവധി സിനിമകളിൽക്കൂടി ഇവിടം നിങ്ങൾക്ക് പരിചിതമായിരിക്കും. ഒറ്റപ്പാലം ഭാഗത്ത് ഷൂട്ട് ചെയ്യുന്ന സിനിമകളിൽ ഒരു സീനിലെങ്കിലും അനങ്ങൻ മല കാണിച്ചിരിക്കും. ഉദാഹരണം – അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവ. ഹിമാലയത്തില്‍ നിന്ന് ഔഷധച്ചെടികള്‍ നിറഞ്ഞ മരുത്വാമല പറിച്ചെടുത്ത് ലങ്കയിലേക്ക് പോകുകയായിരുന്ന ഹനുമാന്റെ കയ്യില്‍ നിന്ന് അടര്‍ന്നു വീണ ഒരു തുണ്ട് മലയാണ് പിന്നീട് അനങ്ങന്‍മലയായി പരിണമിച്ചത് എന്നാണ് ഐതിഹ്യം.

അനങ്ങൻ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. ടൂറിസം വകുപ്പ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തു നിന്നും ചെർപ്പുളശ്ശേരി റൂട്ടിൽ കീഴൂർ ജംക്ഷനിൽ നിന്നും തിരിഞ്ഞു കയറിയാൽ അനങ്ങൻ മല ഇക്കോ ടൂറിസത്തിന്റെ കവാടത്തിൽ എത്തിച്ചേരും. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് ഇവിടത്തെ പ്രവേശന സമയം. ടിക്കറ്റ് നിരക്കുകൾ – മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്. തിങ്കളാഴ്ച ദിവസങ്ങളിൽ ഇവിടെ അവധിയായിരിക്കും.

4) തൃശൂർ ജില്ലയിലെ തിരുവില്വാമലയ്ക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് കുത്താമ്പുള്ളി. തിരുവില്വാമലയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക്. നാനാദിക്കുകളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്‌ത്തു ഗ്രാമമാണ് ഇത്. ഇവിടത്തെ മിക്കവാറും എല്ലാ വീടുകളിലും തറികൾ സജ്ജീകരിച്ചിരിട്ടുണ്ട്. 500 ഓളം വര്‍ഷങ്ങൾക്ക് മുന്‍പ്‌ കൊച്ചി രാജാവ്‌ രാജകുടുംബങ്ങള്‍ക്കു സ്വന്തമായി വസ്‌ത്രങ്ങള്‍ നെയ്‌തുണ്ടാക്കാന്‍ കര്‍ണാടകയില്‍ നിന്നും വരുത്തിയ കുടുംബങ്ങളാണ്‌ പിന്നീട്‌ ഇവിടെ വേരുറപ്പിച്ചത്‌. ഇന്ന് ഇവിടെയുള്ളത് അവരുടെ പിന്മുറക്കാരാണ്.

ഇവിടം സന്ദർശിക്കുന്നവർക്ക് കൈത്തറി ഉപയോഗിച്ച് വസ്ത്രം നെയ്യുന്നതു കാണുവാനും അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാനും സാധിക്കും. നമ്മുടെ നാട്ടിൽ നല്ല വിലകൊടുത്തു വാങ്ങേണ്ടി വരുന്ന തുണിത്തരങ്ങൾ ഇവിടെ തുച്ഛമായ വിലയ്ക്ക് ലഭിക്കും എന്നതും ഇവിടത്തെ ഒരു പ്രത്യേകതയാണ്. നാട്ടിൽ ഇരുപതിനായിരവും നാൽപതിനായിരവുമൊക്കെ വില വരുന്ന കസവുസാരികൾ അയ്യായിരത്തിനും എണ്ണായിരത്തിനുമൊക്കെ ഇവിടെ നിന്നും വാങ്ങാം.ഈ കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. നദീതീരത്തുള്ള ഒരു ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പാലത്തു നിന്നും 16 കിലോമീറ്ററോളം ദൂരമുണ്ട് കുത്താമ്പുള്ളിയിലേക്ക്.

5) തിരുവില്വാമല ക്ഷേത്രം : തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജൻ ലക്ഷ്മണനുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നിൻ മുകളിലെ ഈ ക്ഷേത്രത്തിൽ നിന്നും നോക്കിയാൽ താഴെ ഭാരതപ്പുഴ ഒഴുകുന്ന കാഴ്ച കാണുവാൻ സാധിക്കും.

തിരുവില്വാമല ക്ഷേത്രത്തിലെ മറ്റൊരു ആകർഷണം എന്തെന്നാൽ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പുനർജ്ജനി ഗുഹയാണ്. വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. 150 മീറ്ററോളം നീളമുള്ള ഈ ഗുഹ താണ്ടിക്കടക്കുവാൻ വളരെ സമയമെടുക്കുമത്രേ. കൊച്ചി ദേവസ്വം ബോർഡാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ ഭരണം നിർവഹിക്കുന്നത്.

ഒറ്റപ്പാലത്തിന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം ഒരു ദിവസംകൊണ്ട് കണ്ടുതീർക്കാവുന്നതാണ്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇതുവഴി സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകളുടെ സേവനം ഉപയോഗിക്കാവുന്നതാണ്.