പഹൽഗാം : ഹിമവാൻ്റെ മടിത്തട്ടിലെ നിറമുള്ള സ്വർഗ്ഗത്തിലേക്കുള്ള യാത്ര…

ശ്രീനഗറിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. രാവിലെ തന്നെ ഞങ്ങൾ കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു. ഞങ്ങൾക്ക് അവിടെ ലോക്കൽ സപ്പോർട്ടിനായി ഷാഫി എന്നു പേരുള്ള ഒരു ടൂറിസ്റ്റ് ഗൈഡിനെ ലഭിച്ചു. ഹിമവാന്റെ മടിത്തട്ടിലെ നിറമുള്ള സ്വർഗ്ഗം എന്നറിയപ്പെടുന്ന പഹൽഗാം എന്ന ഗ്രാമത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്ന വഴിയിൽ പലയിടങ്ങളിലും സെക്യൂരിറ്റി ചെക്കിംഗുകൾ ഞങ്ങൾ കണ്ടു. കൂടുതലും ജമ്മു കശ്മീർ രജിസ്ട്രേഷനിലുള്ള വാഹനങ്ങളെയായിരുന്നു സൈന്യം ചെക്ക് ചെയ്തിരുന്നത്.

മനോഹരമായ ഒരു നദിയുടെ തീരത്തുകൂടെയായിരുന്നു കുറച്ചു സമയം ഞങ്ങളുടെ യാത്ര. നല്ല ഒഴുക്കുള്ള ആ ജലാശയം കാണുവാൻ തന്നെ നല്ല ഭംഗിയായിരുന്നു. ഷാഫി ഞങ്ങളുമായി നല്ല കമ്പനിയായിരുന്നു. ഇങ്ങനെയൊരാളെ കൂട്ടിനു കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. നദിക്കരയിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരിടത്ത് വാൾനട്ട് മരങ്ങൾ നിന്നിരുന്ന തോട്ടം ഞങ്ങൾ കണ്ടു. ഫർണീച്ചറുകളും ക്രിക്കറ്റ് ബാറ്റുകളുമൊക്കെ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഒരു തടിയാണ് വാൾനട്ട്. ഷാഫി എല്ലാം ഞങ്ങൾക്ക് നന്നായി വിശദീകരിച്ചു തന്നു.

വാൾനട്ട് തോട്ടത്തിനരികെ ഞങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുന്നതു കണ്ടിട്ട് പരമ്പരാഗത രീതിയിലുള്ള കാശ്മീരി വസ്ത്രധാരികളായ ചിലർ അവിടെ കൗതുകത്തോടെ വന്നു ചേർന്നു. നല്ല തണുപ്പിനെ പ്രതിരോധിക്കുന്നതിനായുള്ള തരത്തിലുള്ള ഒരു വസ്ത്രമായിരുന്നു അവ. പഹൽഗാമിലേക്കുള്ള യാത്ര അതിമനോഹരം തന്നെയായിരുന്നു. ചില ബോളിവുഡ് സിനിമകളിലൊക്കെ കണ്ടിട്ടുള്ളതു പോലത്തെ അടിപൊളി ലൊക്കേഷനുകൾ ഞങ്ങൾ കൺകുളിർക്കെ കണ്ടാസ്വദിച്ചു. ലേയും, ലഡാക്കും, ദാൽ തടാകവും മാത്രമല്ല അതിലും അടിപൊളി സ്ഥലങ്ങൾ കാശ്മീരിൽ ഉണ്ടെന്നാണ് ഷാഫി ഞങ്ങളോട് പറഞ്ഞത്. അത് സത്യമാണെന്നു ഞങ്ങൾക്ക് നേരിട്ടു ബോധ്യമാവുകയും ചെയ്തു.

കുറേസമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ പഹൽഗാം ഏരിയയിൽ പ്രവേശിച്ചു. കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം. അനന്ത് നാഗിൽ നിന്നും 45 കി.മീ അകലയായി ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പിൽ നിന്നും 2200 മീ ഉയരത്തിലാണീ മനോഹരമായ സ്ഥലം. പ്രസിദ്ധമായ അമര്‍നാഥ് യാത്ര കടന്നുപോകുന്നത് പഹല്‍ഗാമിലൂടെയാണ്.

പഹല്‍ഗാമിലെത്തിയപ്പോൾ ഞങ്ങൾക്ക് ചെറുതായി വിശന്നു തുടങ്ങിയിരുന്നു. അവിടെ വഴിയരികിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. കാശ്മീരി സ്റ്റൈൽ ബിരിയാണിയായിരുന്നു അത്. വ്യത്യസ്തതയോടൊപ്പം നല്ല രുചിയും ഉണ്ടായിരുന്നു. ചിക്കൻ ബിരിയാണിയുടെ കൂടെ കാശ്മീരി സ്റ്റൈൽ മട്ടൻ കറിയും ഞങ്ങൾ വാങ്ങി. മൊത്തത്തിൽ 1400 രൂപയായി ഞങ്ങൾക്ക് എല്ലാറ്റിനും കൂടി. പഹൽഗാം നഗരത്തിൽ ടൂറിസ്റ്റുകൾ ധാരാളം ഉണ്ടായിരുന്നു. അവിടെ കണ്ട ഒരു സർവ്വീസ് ബസ് കണ്ടിട്ട് അമ്പരന്നു പോയി. ഏതാണ്ട് പാക്കിസ്ഥാനി ബസുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ടാറ്റാ ബസ് ആയിരുന്നു അത്.

അവിടെവെച്ചു ഞങ്ങൾ മുണ്ടുടുത്ത ഒരു ചേട്ടനെ കണ്ടുമുട്ടി. നമ്മുടെ ഫോളോവർ ആയ ഒരു പാലക്കാട് സ്വദേശിയായിരുന്നു അത്. അദ്ദേഹം ഞങ്ങളെ വന്നു പരിചയപ്പെട്ടു. ചേട്ടനോടൊപ്പം മറ്റു ചിലയാളുകളും കൂടിയുണ്ടായിരുന്നു. അവർ പാലക്കാട് നിന്നും കശ്മീർ ട്രിപ്പ് വന്ന ഒരു ടീം ആയിരുന്നു. കുറച്ചു സമയം ഞങ്ങൾ അവരോടെല്ലാം വിശേഷങ്ങൾ പങ്കുവെച്ചു. പിന്നീട് ഞങ്ങളുടെ യാത്ര വീണ്ടും തുടർന്നു. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ….

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.