ബസ്സിലെ ഉറക്കം പറ്റിച്ച പണി; പഠനകാലത്തെ ഒരു അനുഭവം

വിവരണം – Hamidsha Shahudeen.

ഇടുക്കിയിൽ പഠിക്കുന്ന കാലം (1997 – 2000). തുടക്കത്തിലൊക്കെ എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ പോകും, എന്നിട്ട് ഞായർ തിരിച്ചും. ഉച്ചക്ക് ഒരുമണിക്ക് തിരുവന്തപുരത്തേക്കു നേരിട്ട് പോകുന്ന ബസ് കിട്ടിയില്ലേൽ പിന്നെ യാത്ര അത്ര എളുപ്പമല്ല.

ഇടുക്കി അല്ലെങ്കിൽ പൈനാവിൽ നിന്നും തൊടുപുഴക്ക് പോകുന്ന ഏതെങ്കിലും ഒരു ബസിൽ കയറും. സത്യത്തിൽ ആ യാത്ര വളരെ രസകരമാണ്. ഡാമും ജലസംഭരണിയും കാടും കാട്ടാനയും ചുരവും ഹെയർ പിൻ വളവുകളും ഒക്കെയായി ഏകദേശം 65 കിലോമീറ്റർ. ഓടിയെത്താൻ ഏത് ബസ്സും ചുരുങ്ങിയത് രണ്ട് മണിക്കൂർ എങ്കിലും എടുക്കും.

പിന്നെ അവിടന്ന് പാലാ, ഒരു മണിക്കൂർ. പാലായിന്നു കോട്ടയം, അതുമുണ്ട് അത്ര തന്നെ ദൂരവും സമയവും. കോട്ടയം to വർക്കല ട്രെയിനിലാണ് പോകാറ്. രാത്രി ഏറെ വൈകിയേ വീട്ടിലെത്താറുള്ളൂ. ഇനി ആ ദിവസ്സം സംഭവിച്ചതെന്താണ് പറയാം.

പതിവുപോലെ നേരിട്ടുള്ള ബസ് കിട്ടീല്ല. കിട്ടിയതിൽ കയറി തൊടുപുഴ, പിന്നെ വേറൊരു ബസിൽ കയറി പാലാ. അവിടെ KSRTC ബസ് സ്റ്റാന്റിനടുത്തു ഒരു ഹോട്ടലിൽ കയറി പറോട്ടയും ബീഫ് ഫ്രൈയും കഴിച്ചു. വൈകുന്നേരം ഏകദേശം അഞ്ചുമണി ആയിക്കാണും. കോട്ടയം ബോർഡ്‌ വച്ച ഒരു ഓർഡിനറി സർക്കാർ വക ബസ്, സ്റ്റാൻഡിൽ കിടക്കുന്നു. ആരോടോ ചോദിച്ചപ്പോ 5:30 ആകുമ്പോ പുറപ്പെടും എന്നറിഞ്ഞു.

ഒന്നും കൂടുതൽ ആലോചിക്കാൻ നിന്നില്ല. ആളുകൾ ആരുമില്ല ബസ്സിനകത്ത്. ഒരു window സീറ്റിൽ ഇരുന്നു. ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത് (അവിടെ ഇരുന്നു ഉറങ്ങിപ്പോയി).

ഏതായാലും ബസ് start ചെയ്തു നിർത്തിയിരിക്കുകയാണ്, സ്ഥലം അതേ ബസ് സ്റ്റാൻഡ് തന്നെ. ഒട്ടുമിക്ക സീറ്റിലും യാത്രക്കാരുണ്ട്. എന്നെ വിളിച്ചുയർത്തിയത് കണ്ടക്ടർ ചേട്ടനായിരുന്നു. ഇത്രയുമൊക്കെ മനസ്സിലാക്കിയെടുക്കാൻ കുറച്ചു സമയമെടുത്തു. നല്ല ഉഗ്രൻ ഉറക്കമായിരുന്നു.

എങ്ങോട്ടാ ??.. കണ്ടക്ടർ ചോദിച്ചു. ഉറക്കം പൂർണമായും മാറാത്ത എനിക്ക് പെട്ടെന്ന് വായിൽ വന്നത് തൊടുപുഴ എന്നാണ്. ഈ വണ്ടി തൊടുപുഴക്ക് പോകില്ല. അയാൾ സൗമ്യനായി പറഞ്ഞു. അബദ്ധം പറ്റി എന്ന് മനസ്സിലായി. എന്നിട്ടും കോട്ടയം എന്ന പേര് തലച്ചോറിലോ എന്റെ നാവിലോ എത്തിയില്ല.

ഇത് തൊടുപുഴക്കുള്ള വേണ്ടിയല്ല ഇറങ്ങിക്കോളൂ എന്ന് പറഞ്ഞ അയാളോട് ഞാൻ പെട്ടെന്ന് പറഞ്ഞു. “ഒരു പാലാ “. എനിക്ക് രണ്ടാമതും പിഴച്ചു എന്ന് ഞാൻ തിരിച്ചറിഞ്ഞ ഉടൻ കണ്ടക്ടർ പറഞ്ഞു “ഇതാണ് പാലാ.” ഇപ്രാവശ്യം അത്ര സൗമ്യനല്ല. എനിക്ക് കോട്ടയം എന്ന പേര് മനസ്സിൽ വരുന്നതേയില്ല. എന്നാൽ ആ വണ്ടി അങ്ങോട്ടാണ് പോകുന്നതെന്നും എനിക്ക് അവിടെയാണ് എത്തേണ്ടതെന്നും എന്റെ ബോധമനസ്സിലും ഉപബോധമനസ്സിലുമുണ്ട്.

അയാൾ വീണ്ടും എന്തോ പറയുമെന്നുറപ്പായപ്പോ ഞാൻ ഒരൊറ്റ ചോദ്യം തിരിച്ചു, “ഈ ബസ് എങ്ങോട്ടേക്കാ ??” “ഇത് കോട്ടയത്തിനാ”. അയാൾ പറഞ്ഞു. “എന്നാൽ ഒരു കോട്ടയം ” എനിക്കാകെ സന്തോഷം. സ്ഥലപ്പേര് കിട്ടിയല്ലോ..

എന്നാൽ ആ സന്തോഷമൊന്നും അയാളിൽ കണ്ടില്ല. പുള്ളിക്കാരൻ എനിക്ക് ticket തന്നില്ല. പകരം, നേരെ ഡ്രൈവറുടെ അടുത്തു ചെന്നു ചെവിയിൽ എന്തോ പറഞ്ഞു. കപ്പടാ മീശക്കാരനായ ആ ഡ്രൈവർ തിരിഞ്ഞ് നോക്കിയപ്പോ കണ്ടക്ടർ എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു.

അയ്യോ ചേട്ടാ ചതിക്കരുത് എന്ന ഭാവത്തിൽ ഞാനൊന്നു ചിരിച്ചു കാണിച്ചു. ആ കൊടുത്തേക്കു എന്ന് ഡ്രൈവർ പറഞ്ഞു കാണും. എനിക്ക് ticket തന്നു പൈസയും വാങ്ങിയിട്ടാണ് ആ കണ്ടക്ടർ ബസ്സിന്‌ പോകാനുള്ള ഡബിൾ മണി അടിച്ചത്.