പ്ലാന്റേഷനിലൂടെയുള്ള പ്രഭാത നടത്തവും പാണ്ടിക്കുഴി വ്യൂപോയിന്റും

തേക്കടിക്ക് സമീപമുള്ള Spices Lap റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ. രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു കോട്ടേജിനു പുറത്തേക്ക് ഇറങ്ങി. നല്ല തണുപ്പ് ആയിരുന്നു അവിടെ. റിസോർട്ട് ഗസ്റ്റുകൾക്ക് പ്രദാനം ചെയ്യുന്ന ഒരു കിടിലൻ ആക്ടിവിറ്റിയാണ് നേച്ചർ വാക്ക്. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള നടത്തം. റിസോർട്ടിലെ ജീവനക്കാരനായ സാബുച്ചേട്ടൻ ഞങ്ങളെയും കൊണ്ട് നേച്ചർ വാക്കിനായി നീങ്ങി.

റിസോർട്ട് പരിസരത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ മെയിൻ എൻട്രൻസിലേക്ക് നടന്നു. മൂന്നാർ – തേക്കടി ഹൈവേയിലേക്കാണ് റിസോർട്ടിൽ നിന്നും ഇറങ്ങിച്ചെല്ലുന്നത്. റോഡിൽ എത്തിയപ്പോൾ ഇരുതലമൂരി എന്ന ഒരു ജീവിയെ കാണുവാൻ സാധിച്ചു. രണ്ടു തലയുമായി പാമ്പിനെപ്പോലെ ഇഴഞ്ഞു റോഡിലൂടെ അതങ്ങു പോയി.

റോഡിൽ നിന്നും ഞങ്ങൾ അപ്പുറത്തുള്ള പ്ലാന്റേഷൻ ഏരിയയിലേക്ക് നടന്നു. കൂടുതലായും ഏലം ആയിരുന്നു അവിടെ കൃഷി ചെയ്തിരുന്നത്. പ്ലാന്റേഷനുള്ളിൽ വലിയൊരു കയറ്റം ഞങ്ങൾക്ക് കയറേണ്ടി വന്നു. രാവിലെ തന്നെ കുന്നു കയറുന്നത് വളരെ നല്ലതാണു. മഞ്ഞുവീണ തണുത്ത അന്തരീക്ഷം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ നടത്തം തുടർന്നു.

നിശബ്ദമായി നിന്നാൽ പേരറിയാത്ത ധാരാളം കിളികളുടെ കൊഞ്ചൽ കേൾക്കാമായിരുന്നു. ബേർഡ് വാച്ചിംഗ് താല്പര്യമുള്ളവർക്ക് പറ്റിയ ഒരു സ്ഥലമാണ് അതെന്നു സാബുച്ചേട്ടൻ പറഞ്ഞു. അങ്ങനെ കയറിക്കയറി ഞങ്ങൾ ഏതാണ്ട് ഏറ്റവും മുകളിൽ എത്തിച്ചേർന്നു. അവിടെ കുറച്ചു നിരപ്പായ പ്രദേശമായിരുന്നു. അവിടെയൊരു ചെറിയ കോട്ടേജ് തയ്യാറാക്കിയിരുന്നു.

സമയം രാവിലെ 8 മണിയായിരുന്നുവെങ്കിലും ആറു മണിയുടെ ദൃശ്യങ്ങളായിരുന്നു ഞങ്ങൾക്ക് അവിടെ അനുഭവപ്പെട്ടത്. മഴക്കാർ ഉണ്ടായിരുന്നതിനാൽ ആകാശത്തു സൂര്യൻ പ്രതിഫലിച്ചിരുന്നില്ല. കുറച്ചു സമയം അവിടത്തെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ തിരികെയിറങ്ങി റിസോർട്ടിലേക്ക് പോയി.

തിരികെ റിസോർട്ടിലെത്തി ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് നീങ്ങി. ബ്രേക്ക്ഫാസ്റ്റിനു ശേഷം ഞങ്ങൾ കുളിച്ചു ഫ്രഷായി പോയത് ഒരു ജീപ്പ് സഫാരിയ്ക്കായായിരുന്നു. അവിടെയടുത്തുള്ള പാണ്ടികുഴി എന്നൊരു സ്ഥലത്തെ വ്യൂ പോയിന്റിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഏകദേശം മൂന്നു മണിക്കൂർ നീണ്ട ഒരു സഫാരി ആണത്. അങ്ങനെ തുറന്ന ജീപ്പിൽ ഞങ്ങൾ അവിടേക്ക് യാത്രയായി.

രണ്ടു ജീപ്പുകളിലായാണ് ഞങ്ങൾ പാണ്ടിക്കുഴിയിലേക്ക് പുറപ്പട്ടത്. അവിടെ ഒരിടത്ത് ജീപ്പുകൾ പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ വ്യൂപോയിന്റിലേക്ക് നടത്തമാരംഭിച്ചു. കേരള – തമിഴ്‌നാട് അതിർത്തിയായിരുന്നു അത്. ഒരു കാടിനു നടുവിലൂടെയുള്ള ചെറിയ നടവഴിയിലൂടെ ഞങ്ങൾ വ്യൂ പോയിന്റ് ലക്ഷ്യമാക്കി നടന്നു.

കുറച്ചു സമയത്തെ നടത്തത്തിനു ശേഷം ഞങ്ങൾ വ്യൂ പോയിന്റിൽ എത്തിച്ചേർന്നു. താഴെ തമിഴ്‌നാടൻ ഗ്രാമക്കാഴ്ചകൾ ദൃശ്യമായി. തേനി ജില്ലയിലെ കമ്പം, കൂടല്ലൂർ തുടങ്ങിയ സ്ഥലങ്ങളായിരുന്നു അവിടെ നിന്നും ഞങ്ങൾക്ക് ദൃശ്യമായിരുന്നത്. ഏതാണ്ട് സ്വർഗ്ഗത്തിൽ എത്തിയ പ്രതീതിയായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നപ്പോൾ ലഭിച്ചത്. കൂടെ നല്ല തണുത്ത കാറ്റും.

കുറേസമയം പാണ്ടിക്കുഴി വ്യൂ പോയിന്റിലെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ തിരികെ ജീപ്പ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് ഇറങ്ങി നടന്നു. അവിടത്തെ പ്രശസ്തമായ ചെല്ലാർകോവിൽ വ്യൂപോയിന്റ് കൂടി കണ്ടതിനു ശേഷം റിസോർട്ടിലേക്ക് പോകുവാനാണ് ഞങ്ങളുടെ പ്ലാൻ. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം. റിസോർട്ടിലെ താമസത്തെക്കുറിച്ചും ജീപ്പ് സഫാരിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8592969697.