പരശുറാം ബസ് തിരിച്ചു വരുന്നുവോ; സൂചന നൽകി ഫേസ്‌ബുക്ക് പോസ്റ്റ്

കേരളത്തിലെ ഏറ്റവും കൂടുതൽ ഫാൻസ്‌ പവറുള്ള പ്രൈവറ്റ് ബസ് ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം പരശുറാം എന്നായിരിക്കും. വയനാട്ടിലെ നമ്പ്യാർകുന്ന് കേന്ദ്രീകരിച്ചുള്ള ജയന്തി ജനത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, സുൽത്താൻ ബത്തേരി – നോർത്ത് പറവൂർ റൂട്ടിൽ ഓടിയിരുന്ന ബസ്സായിരുന്നു പരശുറാം. ഇത്രയും ആരാധകരുണ്ടാകുവാൻ പരശുറാമിന് സവിശേഷതകൾ ഏറെയായിരുന്നു. എസി, ടിവി, സ്റ്റോപ്പ് അന്നൗൻസ്മെന്റ്റ് സിസ്റ്റം തുടങ്ങി പാവങ്ങളുടെ മെട്രോ ആയിരുന്നു ഒരിക്കൽ പരശുറാം.

ഒടുവിൽ ടേക്ക് ഓവർ പ്രക്രിയയുടെ ഒരു ഇരയായി എന്നെന്നേക്കുമായി സർവ്വീസ് അവസാനിപ്പിച്ച് വെയിലും മഴയുമേറ്റ് വയനാട്ടിലെ ഏതോ ഒരു തോട്ടത്തിൽ കിടന്നിരുന്ന പരശുറാമിന്റെ ചിത്രം കേരളത്തിലെ ബസ്‌പ്രേമികളെ ഏറെ വിഷമിപ്പിച്ചു ഒന്നായിരുന്നു. നമ്പ്യാർകുന്നിൽ നിസ്സഹായനായി കിടക്കുന്ന തങ്ങളുടെ പരശുവിനെ കാണുവാൻ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ വയനാടൻ ചുരം കയറി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന സൂചനയായിരുന്നു ഇത്രയും നാൾ പരശുറാമിനെ ചുറ്റിപ്പറ്റി നിന്നിരുന്നത്.

എന്നാൽ ഇപ്പോൾ എല്ലാവർക്കും പ്രതീക്ഷകൾ നൽകിക്കൊണ്ട്, ആവേശക്കൊടുമുടിയിലാഴ്ത്തിക്കൊണ്ട് പരശുറാം തിരികെ വരുന്നു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. മുൻപ് പലതവണ ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, പരശുറാമിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജായ ‘Parasuram AC Air BUS’ ൽ നിന്നുമാണ് ഇപ്പോൾ വാർത്ത പുറത്തു വന്നിരിക്കുന്നതെന്ന കാര്യം ആളുകളിൽ വിശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്. “Yes!!! I’m coming back.” എന്ന് വല്യ ഡെക്കറേഷനുകൾ ഒന്നുമില്ലാതെ സിമ്പിളായി, എന്നാൽ പവ്വർഫുള്ളായി പേജിൽ പോസ്റ്റ് വന്നതോടെയാണ് ആരാധകർ ഇളകി മറിഞ്ഞിരിക്കുന്നത്.

പരശുറാം ബസ് പണിതിരിക്കുന്നത് പട്ടിക്കാടിനടുത്ത് പ്രവർത്തിച്ചിരുന്ന ഷില്ലി ബീയർ എന്ന ബോഡി വർക്ക്ഷോപ്പിൽ ആയിരുന്നുവെങ്കിലും, ഷില്ലി ബിയറിന്റെ അഭാവത്തിൽ തമിഴ്‌നാട്ടിലെ കാരൂരിലേക്കാണ് ബസ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നത്. മുൻപ് സൂപ്പർഫാസ്റ്റ് ആയി ഓടിയിരുന്ന പരശുറാം ഇനി നിരത്തുകളിലെത്തുന്നത് ലിമിറ്റഡ് സ്റ്റോപ്പ് ആയിട്ടായിരിക്കും. അതുപോലെ തന്നെ പരശുവിന്റെ ആ പ്രശസ്തമായ ഇളംനീല നിറം ഇനിയുണ്ടാകില്ല, പകരം പിങ്ക് നിറത്തിൽ വെള്ള വരകളോടു കൂടിയ ലിമിറ്റഡ് സ്റ്റോപ്പ് കളർകോഡിൽ ആയിരിക്കും പരശുവിൻ്റെ രണ്ടാം വരവ്.

നിലവിൽ പരശുറാമിൻറെ ടേക്ക് ഓവർ പെർമിറ്റിൽ കെഎസ്ആർടിസിയുടെ ഒരു ഫാസ്റ്റ്പാസഞ്ചർ ബസ് സർവ്വീസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റിൽ ഓടി വിജയം കൈവരിക്കുവാൻ പരശുറാമിന്‌ സാധിക്കുമോ? സാധിക്കുമായിരിക്കും, കാരണം രംഗത്തിറങ്ങുന്നത് സാക്ഷാൽ പരശുവാണ്‌. എന്തൊക്കെയായാലും യാത്രക്കാരും ബസ് പ്രേമികളും ഇപ്പോൾ വലിയ സന്തോഷത്തിലാണ്. തങ്ങളുടെ പരശുവിൻ്റെ രണ്ടാം ജന്മത്തിലെ ആ മാസ്സ് എൻട്രിയ്ക്കായി എല്ലാവരും ഒരേപോലെ കാത്തിരിക്കുന്നു.