കാസർഗോഡ് വരെ സ്‌കാനിയ പിന്നെ ഓർഡിനറി – ടിക്കറ്റെടുത്ത യാത്രക്കാർക്ക് പണികിട്ടിയത് ഇങ്ങനെ…

നല്ല കുറെ കാര്യങ്ങൾ ചെയ്യുന്നതിനിടയിലും ചില സമയങ്ങളിൽ യാത്രക്കാരെ കെഎസ്ആർടിസി ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ ചിലതൊക്കെ വഴി പുറംലോകം അറിയാറുമുണ്ട്. അത്തരത്തിലൊരു സംഭവം പങ്കുവെയ്ക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയിലെ ജീവനക്കാരനായ ശ്രീഷ് നമ്പ്യാർ. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹത്തിനും സഹയാത്രികർക്കും നേരിടേണ്ടി വന്ന ദുരനുഭവമാണ് ഒരു കുറിപ്പായി ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെ..

3/3/2019 രാത്രി 6 മണിക്ക് Trivandrum to Mangaluru ഓൺലൈൻ കെഎസ്ആർടിസി സ്കാനിയ Ac ബസ്ബുക്ക് ചെയ്ത് യാത്ര ചെയ്ത യാത്രക്കാരാണ് ഞങ്ങൾ. പിറ്റേന്ന് രാവിലെ ബസ് 8.15 am നു കാസറഗോഡ് KSRTC സ്റ്റാൻഡിൽ എത്തിയതോടെ മംഗലാപുരം വരെ പോകാൻ പറ്റില്ല എന്നു പറഞ്ഞ് ഞങ്ങളെ കാസറഗോഡ് KSRTC സ്റ്റാൻഡിൽ ഇറക്കുകയും ഞങ്ങളോട് മറ്റ് ബസിൽ കേറി പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. കാരണം തിരക്കിയപ്പോൾ ആദ്യം ഡ്രൈവറും കണ്ടക്ടറും പറഞ്ഞത് പോലീസ് സ്റ്റേഷനിൽ നിന്നും സ്റ്റേറ്റ്മെൻറ് വാങ്ങാനുണ്ടെന്നും അതുകൊണ്ട് യാത്ര തുടരാൻ പറ്റില്ല എന്നും പറഞ്ഞു.

ഞങ്ങൾ യാത്രക്കാരിൽ ഒരാൾ സീനിയർ സിറ്റിസണായ ഒരു അമ്മയുണ്ടെന്നും ഒപ്പം ഇന്നുതന്നെ തിരിച്ച് പോരേണ്ടവരാണ് എന്നും ആയതിനാൽ ഞങ്ങളെ മംഗലാപുരം ഈ ബസിൽ എത്തിക്കണമെന്നും പറഞ്ഞപ്പോൾ വളരെ മോശമായ രീതിയിൽ ബസ് ഡ്രൈവർ ഞങ്ങളോട് കയർക്കുകയും ചെയ്തു. തുടർന്ന് 25 മിനിട്ടോളം കണ്ടക്ടറേയും ഡ്രൈവറേയും കാണാതെ വന്നപ്പോൾ കാസറഗോഡ് KSRTC Station Master ടെ അടുത്ത് എത്തി കാര്യം തിരക്കിയപ്പോൾ ഈ ബസിന് Inter state permit ഇല്ല എന്നും ആയതിനാൽ മറ്റൊരു ബസിൽ യാത്ര തുടരുവാൻ ഞങ്ങളോട് ആവശ്യപ്പെടുകയും Ordinary KSRTC ബസിൽ ഞങ്ങളെ കേറ്റി വിടുകയും ചെയ്തു. 8.15 നു കാസറഗോഡ് എത്തിയ ഞങ്ങളെ 9.30 വരെ കാത്തിരുത്തിയ ശേഷമാണ് മറ്റൊരു സാധാരണ ബസിൽ കയറ്റി വിട്ടത്.

ഞങ്ങളോട് അപമര്യാദയായി പെരുമാറുകയും ഞങ്ങളുടെ സമയം നഷ്ട്ടപ്പെടുത്തുകയും ഞങ്ങൾക്ക് എത്തിച്ചേരണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചു തരാതെ വീഴ്ച വരുത്തിയതിലും നടപടി എടുക്കണമെന്നും കെഎസ്ആർടിസിയിലെ വേണ്ടപ്പെട്ട അധികാരികളോട് വിനീതമായി അപേക്ഷിക്കുന്നു. ഞങ്ങൾ യാത്ര ചെയ്ത ബസിന്റെ വിവരങ്ങളും ഞങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റ് വിവരങ്ങളും ഇതിനോട് കൂടെ ചേർക്കുന്നു. Trip Code 1800, TVM-MNG, Bus no RP 651 KL.15 A 1414.