KURTC ലോഫ്‌ളോർ ബസ്സിൽ യാത്രക്കാരൻ ഛർദ്ദിച്ചു; ബസ് കഴുകിച്ച് ജീവനക്കാർ; പ്രതിഷേധം…

Photo - Manorama Online.

ബസുകളിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് വല്ലാത്ത ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ബസ് യാത്രകളിലെ ഛർദ്ദി. ചിലർക്ക് ദീർഘദൂര യാത്രകൾ പോകുമ്പോൾ ഛർദ്ദി ഉണ്ടാകുകയും ആ യാത്ര കുളമാകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ പ്രവണത ഇല്ലാത്തവർക്കും ചില സമയങ്ങളിൽ യാത്രയ്ക്കിടെ ഛർദ്ദി വരുന്നതായി കാണാറുണ്ട്.

ദീർഘദൂര ബസ്സുകളിൽ, (ഹൈറേഞ്ച് ഏരിയയാണെങ്കിൽ പ്രത്യേകിച്ച്) ഒരു ട്രിപ്പിനിടയിൽ കുറഞ്ഞത് ഒരു യാത്രക്കാരനെങ്കിലും ഛർദ്ദിച്ചിട്ടുണ്ടാകും. ചിലർക്ക് അപ്രതീക്ഷിതമായി ഛർദ്ദി വരുമ്പോൾ തടഞ്ഞു നിർത്താനാവാതെ ബസ്സിനുള്ളിൽ ഛർദ്ദിച്ചു പോകാറുണ്ട്. എന്നാൽ മാനുഷിക പരിഗണന വെച്ച് ബസ് ജീവനക്കാർ ഛർദ്ദിച്ചയാളെ (പുരുഷനോ സ്ത്രീയോ ആയാലും) ശകാരിക്കാറില്ല. ട്രിപ്പ് കഴിയുമ്പോൾ അവർ തന്നെ വൃത്തിയാക്കാറാണ് പതിവ്. അതിപ്പോൾ പ്രൈവറ്റ് ബസ് ആണെങ്കിലും കെഎസ്ആർടിസി ആണെങ്കിലും ഇതു തന്നെയാണ് അവസ്ഥ.

എന്നാൽ കഴിഞ്ഞ ദിവസം കെയുആർടിസി ലോഫ്‌ളോർ ബസിൽ യാത്രയ്ക്കിടെ ഛർദ്ദിച്ചയാളെക്കൊണ്ട് തന്നെ ജീവനക്കാർ ബസ് വൃത്തിയാക്കിയ സംഭവം ഏറെ വാർത്തയായിരുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള വോൾവോ എസി ലോഫ്‌ളോർ ബസ്സിൽ വെച്ചാണ് യാത്രക്കാരനായിരുന്ന അസം സ്വദേശി അസദുൽ ഇസ്ലാം ഛർദ്ദിച്ചത്. അസദുലിന്റെ കൂടെ കൂട്ടുകാരും ബേസിൽ ഉണ്ടായിരുന്നു. യാത്രാമധ്യേ കോട്ടയം എത്തുന്നതിനു മുൻപായിട്ടാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ ഗത്യന്തരമില്ലാതെ ഛർദ്ദിച്ചുപോയത്.

എന്നാൽ പ്രസ്തുത ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോൾ ബസ് ജീവനക്കാർ ബസ്സിൽ നിന്നും മറ്റു യാത്രക്കാരെ വെളിയിൽ ഇറക്കി നിർത്തുകയും, ഛർദ്ദിച്ച യാത്രക്കാരനെക്കൊണ്ട് ഡിപ്പോയിൽ നിന്നും വെള്ളം എടുത്തു കൊണ്ടുവരുവാൻ നിർബന്ധിക്കുകയും അയാളെക്കൊണ്ട് ബസ് കഴുകിക്കുകയും ചെയ്തു. ബസ് വൃത്തിയാക്കുവാൻ ഡിപ്പോയിൽ ശുചീകരണ തൊഴിലാളികൾ ഉണ്ടെന്നിരിക്കെ യാത്രക്കാരനെക്കൊണ്ടു തന്നെ ബസ് വൃത്തിയാക്കിച്ചത് അത്യന്തം ഗുരുതരമായ സംഭവം തന്നെയാണ്. അവർ അന്യസംസ്ഥാനക്കാർ ആയതിനാൽ പ്രതികരിക്കില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്തരം പ്രവൃത്തി കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതിഷേധം ഉയർന്നു വന്നു. ഇതോടെ ജീവനക്കാരുടെ സഹായത്താലാണ് ബസ് വൃത്തിയാക്കിയതെന്നു കെഎസ്ആർടിസി അധികൃതർ ന്യായീകരിക്കുകയും ചെയ്തു. അതേസമയം ഈ സംഭവം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അബ്ദുൽ നാസർ പറയുന്നു.

മാസങ്ങൾക്ക് മുൻപ് ഇതേപോലത്തെ ലോഫ്‌ളോർ ബസ്സിൽ ഒന്നിലധികം തവണ ഛർദ്ദിച്ച പെൺകുട്ടിയ്ക്ക് ഒരമ്മയുടെ സ്നേഹവും കരുതലുമായി കൂടെ നിന്നത് അതേ ബസ്സിലെ വനിതാ കണ്ടക്ടർ ആയിരുന്നു. ഈ സംഭവം അന്ന് മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. പ്രൈവറ്റ് ബസ്സുകാർ പോലും ഛർദ്ദിക്കുന്ന യാത്രക്കാരോട് ഇത്തരത്തിൽ മോശമായി പെരുമാറാറില്ല. അപ്പോഴാണ് യാത്രക്കാരുടെ രക്ഷകനും കാവൽക്കാരനുമൊക്കെയായി അറിയപ്പെടുന്ന കെഎസ്ആർടിസിയിൽ നിന്നും ഇത്തരമൊരു മോശം സംഭവം ഉണ്ടായിരിക്കുന്നത്. ഒന്നോ രണ്ടോ ആളുകൾ ചെയ്യുന്ന പ്രവൃത്തികൾക്ക് ഒരു പ്രസ്ഥാനം മുഴുവനുമാണ് പഴി കേൾക്കുന്നതെന്നു ഓർക്കണം എല്ലാ കെഎസ്ആർടിസി ജീവനക്കാരും.

ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. ഛർദ്ദിക്കുന്ന ശീലമുള്ള യാത്രക്കാർ കൈവശം ഒന്നിലധികം കവറുകൾ കരുതുന്നത് നല്ലതാണ്. യാത്രകൾ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഛർദ്ദി ഒരുപരിധിവരെ അടക്കുവാൻ സാധിക്കും. ഒരിക്കലും സഞ്ചരിക്കുന്ന ദിശയ്ക്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക. നമ്മുടെ ലോഫ്‌ളോർ ബസ്സുകളിൽ ഇത്തരത്തിലുള്ള സീറ്റുകൾ കണ്ടിട്ടില്ലേ? അവ ഒഴിവാക്കുവാനാണ് പറയുന്നത്.

ബസ്സിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക. പിൻഭാഗം ഒഴിച്ച് ബസ്സിന്റെ ഇടതു വശത്തായുള്ള (ഡോർ ഉള്ള ഭാഗത്ത്) സീറ്റുകളിൽ വിൻഡോ സൈഡിൽ ഇരിക്കുന്നതായിരിക്കും നല്ലത്. പുറത്തെ കാഴ്ചകളും വായുസഞ്ചാരവും നിങ്ങൾക്ക് ഒരു പ്രത്യേക ഉന്മേഷം പകരും. യാത്ര ചെയ്യുമ്പോൾ ഒരിക്കലും പുസ്തകം വായിക്കുവാനോ മൊബൈൽഫോൺ നോക്കുവാനോ പാടില്ല. ഇത് ഛർദ്ദിക്കുവാനുള്ള പ്രവണതയുണ്ടാക്കും.

അതുപോലെതന്നെ പൊതുവെ കാണുന്ന ഒരു സംഭവമാണ് വാഹനങ്ങളിൽ നിന്നും ഇത്തരം ഛർദ്ദിച്ച കവറുകൾ പുറത്തേക്ക് വലിച്ചെറിയുന്ന കാഴ്‌ച. മൂന്നാർ റൂട്ടിലോക്കെ പോയിട്ടുള്ളവർക്ക് മനസിലാകും. ദയവു ചെയ്ത് ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്യാതിരിക്കുക. നിങ്ങൾ എറിയുന്ന ഈ കവർ മറ്റുള്ളവരുടെ ദേഹത്തു വീണാലുള്ള കാര്യം ചിന്തിച്ചിട്ടുണ്ടോ? അവ റോഡിൽ കിടന്നാലുണ്ടാകുന്ന മോശമായ കാഴ്ച കണ്ടാൽ നിങ്ങൾക്ക് അത് ആസ്വദിക്കുവാനാകുമോ? അതുകൊണ്ട് ദയവു ചെയ്ത് ഛർദ്ദിയടങ്ങിയ മാലിന്യക്കവറുകൾ അലക്ഷ്യമായി എറിയാതിരിക്കുക.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും തല വെളിയിലേക്ക് ഇട്ടുകൊണ്ട് ഒരിക്കലും ഛർദ്ദിയ്ക്കരുത്. ബസ്സിലാണ് നിങ്ങളുടെ യാത്രയെങ്കിൽ നേരത്തെ പറഞ്ഞതുപോലെ കവർ കയ്യിൽ കരുതുക. അഥവാ കവർ എടുക്കുവാൻ വിട്ടുപോയെങ്കിൽ ബുദ്ധിമുട്ട് തോന്നിത്തുടങ്ങുമ്പോൾ തന്നെ ബസ് ജീവനക്കാരോട് കാര്യം പറയുക. ഹൈറേഞ്ച് റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരുടെ പക്കൽ കവറുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇനി കാറിലാണ് നിങ്ങളുടെ യാത്രയെങ്കിൽ വിജനമായ ഏതെങ്കിലും സ്ഥലത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെ നിർത്തി പുറത്തിറങ്ങി ഛർദ്ദിക്കുക. വാഹനത്തിൽ നിന്നും തല പുറത്തേക്ക് ഇട്ടിട്ട് പോസ്റ്റുകളിൽ തട്ടി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

Photo – Manorama Online.