കെഎസ്ആർടിസി ബസ് കാറിൽ തട്ടി; നഷ്ടപരിഹാരത്തുക പിരിച്ചു കൊടുത്ത് യാത്രക്കാർ

കെഎസ്ആർടിസി ബസ് ഏതെങ്കിലും വാഹനങ്ങളിൽ ചെറുതായി തട്ടിയാൽ ഉത്തരവാദിത്തം ഡ്രൈവറുടെ തലയിലാണ്. ചില ഡ്രൈവർമാർ ചെറിയ തുകയാണെങ്കിൽ സ്വന്തം കയ്യിൽ നിന്നും കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ആൾക്ക് നൽകും. കയ്യിൽ പണമില്ലെങ്കിൽ സംഗതി കേസ്സാക്കും. ഇത്തരത്തിൽ കേസ് ആക്കിയാൽ ചിലപ്പോൾ പോലീസ് വരും, ബസ്സിന്റെ ട്രിപ്പ് മുടങ്ങും, യാത്രക്കാർ പെരുവഴിയിലാകും, പോരാത്തതിനു ചിലപ്പോൾ ഡ്രൈവർക്ക് കെഎസ് ആർടിസിയുടെ വക ശിക്ഷയും ലഭിച്ചേക്കാം.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഏതൊരാളിലും കൗതുകമുണർത്തുന്നതാണ്. ആ സംഭവം ഇങ്ങനെ – കഴിഞ്ഞ 13-11-2019 നു കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോയുടെ RPK 271 എന്ന സൂപ്പർഫാസ്റ്റ് ബസ്. യാത്രയ്ക്കിടയിൽ കൊടുവള്ളിയ്ക്ക് സമീപത്തു വെച്ച് ബസ്സിന്റെ മുന്നിൽ പോകുകയായിരുന്ന ഒരു കാർ പെട്ടെന്ന് സഡൻ ബ്രേക്കിടുകയും പിന്നിൽ വന്ന ബസ് ചെറുതായി കാറിനു പിന്നിൽ തട്ടുകയും ചെയ്തു. തട്ടലിന്റെ ഫലമായി കാറിനു പിന്നിൽ ചെറിയൊരു ചളുക്ക് ഉണ്ടായി.

കാറുകാരൻ നഷ്ടപരിഹാരമായി പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും ശമ്പളം പോലും കിട്ടാത്ത കെഎസ്ആർടിസി ഡ്രൈവർ റോയ് തനിക്ക് അത്ര തരാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലെന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ശേഷം കേസാക്കാനാണ് താത്പര്യമെന്നും കാറുകാരൻ പറഞ്ഞു. സംസാരത്തിന് ശേഷം ബസിലുണ്ടായിരുന്ന 58 യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലെന്ന് കണ്ടക്ടറായ അജിത്തിനോട് രഹസ്യമായി പറഞ്ഞ ഡ്രൈവർ റോയ് 1000 രൂപ നൽകാൻ ആവശ്യപ്പെടുകയും, ആ തുക കാറുകാരന് കൊടുത്ത് പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ഇനിയാണ് ട്വിസ്റ്റ്. യാത്രക്കാരനായ ഒരു ചെറുപ്പക്കാരൻ കണ്ടക്ടർ അജിത്തിന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു. ശമ്പളം ഇപ്പോൾ ഗഡുക്കളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു. ശമ്പളം കിട്ടാത്തതിൽ അതിയായ ദുഃഖം ഉണ്ടെന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ ബസിന്റെ മുൻഭാഗത്തേക്ക് പോയി. എന്നിട്ട് ബസിലുണ്ടായിരുന്ന യാത്രക്കാരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി, എല്ലാവരുടെയും പക്കൽ നിന്നും ചെറിയ ഒരു കോൺട്രിബ്യൂഷൻ ശേഖരിച്ചു. പിന്നീട് താമരശേരിക്കാരൻ മനു എന്ന ചെറുപ്പക്കാരനും ഈ ഉദ്യമത്തിൽ പങ്കാളിയായി.

യാത്രക്കാരെല്ലാവരും കോൺട്രിബ്യൂട്ട് ചെയ്ത് ആയിരം രൂപ കണ്ടക്ടറെ ഏൽപ്പിച്ചു. ഒരു ചടങ്ങ് എന്ന പോലെ യാത്രക്കാർ വലിയ കയ്യടിയോടെ ആ തുക കൈമാറിയപ്പോൾ കണ്ടക്ടർ അജിത്തിന്റെ കണ്ണുകൾ നനഞ്ഞിരുന്നു. ഇതിനെല്ലാം മുൻകൈയെടുത്ത ആ ചെറുപ്പക്കാരൻ തൻ്റെ പേര് ചോദിക്കരുത് എന്ന് കണ്ടക്ടറോട് പറഞ്ഞു. എങ്കിലും നിർബന്ധിച്ചപ്പോൾ പന്തല്ലൂർ സ്വദേശി ജുനൈസ് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള ചെറുപ്പക്കാർ സമൂഹത്തിനുള്ള മാതൃക ആണ്. ഈ സംഭവമെല്ലാം ബസ്സിലെ കണ്ടക്ടർ അജിത്ത് തൻ്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെയാണ് പുറംലോകം അറിയുന്നത്. ജുനൈസിനും മനുവിനും എല്ലാ യാത്രക്കാർക്കും സ്നേഹം നിറഞ്ഞ ഒരായിരം നന്ദിയോടെയാണ് അജിത്ത് തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.