പട്ടായയിൽ നിന്നും പാരീസിലേക്ക് വെറും രണ്ടു മിനിറ്റുകളോ?

തായ്‌ലൻഡിലെ പട്ടായയിലാണ് ഞങ്ങളിപ്പോൾ. രാവിലെ തന്നെ ഞാൻ കറങ്ങുവാൻ റെഡിയായി ഹോട്ടലിനു വെളിയിലേക്ക് ഇറങ്ങി. പട്ടായയിലെ ഷോപ്പിംഗ് അനുഭവങ്ങൾ നേരിട്ടറിയുവാനായിരുന്നു പ്ലാൻ. അങ്ങനെ ഒരു ടുക്-ടുക് വണ്ടിയിൽക്കയറി പട്ടായയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ടെർമിനൽ 21 ലേക്ക് ആയിരുന്നു ഞങ്ങൾ പോയത്.

നമ്മുടെ ലുലു മാൾ പോലെ ഒരു കിടിലൻ ഷോപ്പിംഗ് മാളും അതോടൊപ്പം ഒരു വലിയ ഹോട്ടലും കൂടിയതായിരുന്നു ടെർമിനൽ 21. മാളിനു മുന്നിലായി വ്യത്യസ്തങ്ങളായ രണ്ടു വിമാന മോഡലുകൾ ഉണ്ട്. അതിനു മുന്നിൽ നിന്നുകൊണ്ട് ഫോട്ടോകൾ എടുക്കുക എന്നതാണ് സഞ്ചാരികളുടെ ഇപ്പോഴത്തെ ട്രെൻഡ്. ഞങ്ങളും എടുത്തു അവിടെ നിന്നുകൊണ്ട് കിടിലൻ ഫോട്ടോസ്.

ശരിക്കും ഒരു എയർപോർട്ട് പോലെ സെറ്റ് ചെയ്തിരിക്കുന്നതിനാൽ ഈ മാളിന് ടെർമിനൽ 21 എന്ന പേര് നന്നായി യോജിക്കുന്നുണ്ട്. ഞങ്ങൾ മാളിനകത്തേക്ക് കയറി. ചൈനീസ് ന്യൂയർ പ്രമാണിച്ച് മാളിനകത്താകെ ചുവന്ന നിറത്തിലുള്ള വസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. കയറിയപാടെ ഞങ്ങളെ ആകർഷിച്ചത് പാരീസിലെ ഈഫൽ ടവറിന്റെ മാതൃകയായിരുന്നു.

പാരീസിൽ നിന്നും മുകളിലത്തെ നിലയിലേക്ക് ചെന്നപ്പോൾ അതാ അവിടെ ലണ്ടൻ. അടിപൊളി തന്നെ. മാളിനകത്തുള്ള ഓരോ ഫ്ലോറുകളും ഏരിയകളും പല രാജ്യങ്ങളുടെ തീമിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഷോപ്പിംഗ് മാളിനകത്ത് ഒരു സ്ട്രീറ്റ് മാർക്കറ്റ് തന്നെ അവർ തയ്യാറാക്കിയിട്ടുണ്ട്. തുണികൾ, ലെതർ ഐറ്റങ്ങൾ, മൊബൈൽ ആക്‌സസറീസ് തുടങ്ങിയവ ലണ്ടൻ ഫ്ലോറിൽ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ഭക്ഷണം കഴിക്കുവാനായി ലണ്ടൻ ഫുഡ് ഹാൾ എന്ന പേരിൽ ഒരു ഫുഡ് ഏരിയ (ഫുഡ് കോർട്ടുകൾ) തന്നെയുണ്ട്.

അവിടെ എനിക്ക് ഫീൽ ചെയ്ത മറ്റൊരു കാര്യം എന്തെന്നാൽ നമ്മുടെ നാട്ടിലെ ഷോപ്പിംഗ് മാളുകളിൽ ക്യാമറ ഉപയോഗം വിലക്കിയിട്ടുണ്ടെങ്കിലും പുറം രാജ്യങ്ങളിലൊക്കെ അതിനു യാതൊരു കുഴപ്പവുമില്ല. അതുകൊണ്ടു തന്നെ ധാരാളം സഞ്ചാരികളും വ്ലോഗർമാരുമൊക്കെ ഇവിടങ്ങളിൽ സന്ദർശിക്കാറുണ്ട്.

ലണ്ടനിൽ നിന്നും അടുത്ത ഫ്ലോറിലേക്ക് ചെന്നപ്പോൾ അതാ അവിടെ ഇറ്റലിയാണ്. അതിനു മുകളിൽ ജപ്പാനിലെ ടോക്കിയോ നഗരം. അതിനു മുകളിൽ സാൻ ഫ്രാൻസിസ്‌കോ. എല്ലാം വെറും രണ്ടു മിനിറ്റ് ദൂരത്തിൽ. വളരെ മനോഹരമായിട്ടാണ് എല്ലാ ഫ്ലോറുകളും തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ഫ്ലോറുകളിലും ഫുഡ് കോർട്ടുകളും, പലതരത്തിലുള്ള ഷോപ്പുകളുമൊക്കെ ഉണ്ട്.

റൺവേയിൽ നിൽക്കുന്ന വിമാനങ്ങളും, എയർപോർട്ടിന് സമാനമായ ടെർമിനലുകളും, പാലങ്ങളും, എയ്‌റോ ബ്രിഡ്ജുകളും തുടങ്ങി ഒരു എയർപോർട്ടിൽ പോകുന്ന പ്രതീതിയാണ് ഇവിടെ നമുക്ക് ലഭിക്കുന്നത്. പാട്ടായ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം.

നമ്മുടെ നാട്ടിൽ നിന്നും പട്ടായയിൽ വരുന്ന സഞ്ചാരികൾ ഈ മാളിലൊന്നും പോയിരിക്കുവാൻ സാധ്യതയില്ല. പക്ഷെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, സന്ദർശിച്ചിരിക്കേണ്ട ഒരു കിടിലൻ സ്ഥലമാണിത്. അടുത്ത തവണ പട്ടായയിൽ വരുമ്പോൾ ഈ മാളിൽക്കൂടി ഒന്ന് സന്ദർശിക്കുവാൻ ശ്രമിക്കുക.