നിങ്ങ പൊളിയാണ് ബ്രോ… ഞങ്ങളുടെയെല്ലാം കണ്ണ് നിറച്ചാണ് നിങ്ങൾ പോണത്

എഴുത്ത് – Dhanya Kattil.

2018 ജൂണിലെ ഒരു പത്ര വാർത്തയിൽ നിന്നാണ് ഒരു കൊച്ചു പയ്യൻ നമ്മുടെ പത്തനംതിട്ടയുടെ കളക്ടറായി വരുന്ന വാർത്ത വായിച്ചത്. ആ വാർത്തയോടൊപ്പം കണ്ട ചിത്രം അതിലേറെ സന്തോഷം തോന്നി. ഭാര്യയേയും ചേർത്തു പിടിച്ച് റിംഗ് റോഡിലൂടെ നടക്കുന്ന ഒരു സ്നേഹനിധിയായ കളക്ടർ ഭർത്താവ്. താൻ സബ് കളക്ടറായി ജോലി ചെയ്ത സ്ഥലത്ത് വീണ്ടും കളക്ടറായി വന്ന കാര്യമൊക്കെ എഴുതിയിരിക്കുന്നത് കണ്ടു.

അന്നു വരെ തേവള്ളി പറമ്പിൽ ജോസഫ് അലക്സ് എന്ന മമ്മൂട്ടിയുടെ കളക്ടറേയും നമ്മുടെ കോഴിക്കോട് കളക്ടർ ബ്രോ ശ്രീ പ്രശാന്ത് നേയും ഒക്കെ ആരാധനയോടെ കണ്ട മനസിൽ പെട്ടെന്ന് ഒരു ക്യൂട്ട് ആയ ഒരു കളക്ടറെ കണ്ടപ്പോൾ എന്നിലെ വായ് നോക്കി തലപൊക്കി. കൃത്യം ഒരു മാസം കഴിഞ്ഞ് അപ്രതീക്ഷിതമായി ഞങ്ങളുടെ ബാങ്ക് ഡേ സെലിബ്രേഷനിലെ ഗാനമേള കേൾക്കാൻ അദ്ദേഹം വന്നിരുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഒരു ജാഡയുമില്ലാതെ വന്നിരുന്ന് പാട്ടെല്ലാം ആസ്വദിച്ചിരിക്കുന്ന ഒരു ചുള്ളൻ ചെക്കൻ. പിന്നെയാണ് അറിഞ്ഞത് കളക്ടർ നല്ല ചൂടൻ ആണ് കാണുന്ന പോലെ ഒന്നും അല്ല എന്നും.

2018 ലെ വെള്ളപ്പൊക്കമാണ് ഞങ്ങളുടെ കളക്ടറെ ഞങ്ങളുടെ ചങ്ക് ബ്രോ ആക്കിയത് എന്നു തന്നെ പറയാം. എല്ലാ ക്യാമ്പുകളിലും രാപകലില്ലാതെ ഓടിനടന്ന് കാര്യങ്ങൾ നടത്തുന്ന ഞങ്ങളുടെ സ്വന്തം ബ്രോ. അങ്ങനെ ആരാധന മൂത്തിരിക്കുന്ന അവസരത്തിലാണ് ലോകസഭാ ഇലക്ഷൻ വരുന്നതും ഇലക്ഷൻ ഡ്യൂട്ടി യുടെ ഭാഗമാകാൻ ഉള്ള പരിശീലനത്തിനായി കത്ത് വന്നതും. എൻ്റെ ആകാംക്ഷ കണ്ടിട്ടാകാം കുട്ടുകാർ പറഞ്ഞു അതിന് ക്ലാസ്സെടുക്കുന്നത് കളക്ടറല്ല എന്ന്.

പക്ഷെ മൈക്രോ ഒബ്സർവർ ആയതു കൊണ്ടും അവസാനത്തെ ട്രയിനിംഗ് ആയതു കൊണ്ടും കളക്ടർ തന്നെ നേരിട്ട് ക്ലാസ്സെടുത്തു. ആഹാ ആരാധിക്കയ്ക്ക് മനം നിറഞ്ഞു. ഇലക്ഷൻ കഴിഞ്ഞ് റേമ്യൂണറേഷൻ കിട്ടാൻ വൈകിയപ്പോൾ ഇലക്ഷൻ വിംഗിൽ ഉള്ളവർ ഒരു പാട് നടത്തിച്ചപ്പോൾ കൂടെയുണ്ടായ ദീപ്തിമാഡം അദ്ദ്ദേഹത്തെ ഫോണിൽ വിളിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എല്ലാ കാര്യങ്ങളും പെട്ടെന്ന് നടന്നു. പിന്നെ കൗണ്ടിംഗ് ഡ്യൂട്ടി കിട്ടിയപ്പോൾ അവിടെ വച്ചും കണ്ടു അദ് ദേഹത്തിൻ്റെ ആ നേതൃപാടവം.

എല്ലാം കഴിഞ്ഞ് കോവിഡ് കാലം വന്നപ്പോൾ രോഗികളുടെ റൂട്ട് മാപ്പ് ഉണ്ടാക്കി, സമ്പർക്ക പട്ടിക ഉണ്ടാക്കി അതിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കാണിച്ച ആ ആർജ്ജവം, കളക്ട്രേറ്റിൽ ഉണ്ടാക്കിയ കോവിഡ് കൺട്രോൾ സെൽ ഇതെല്ലാം ആദ്യമായി ചെയ്യാൻ കാണിച്ച ആ ഇച്ഛാശക്തി ഞങ്ങളെ അങ്ങയുടെ ആരാധകരാക്കി സർ. രാഷ്ടീയത്തിനതീതനായി പ്രവർത്തിച്ച, സ്ഥലം മാറ്റുവാണേൽ അടുത്ത ഓപ്ഷനായി കാശ്മീർ തെരഞ്ഞെടുത്ത ആ ചങ്കൂറ്റം എത്ര പ്രശംസിച്ചാലും മതിവരില്ല. ആദിവാസി ഊരിലേക്ക് ചാക്കുകെട്ടും ചുമന്ന് പുഴ കടന്ന് പോയ ആ പോക്കുണ്ടല്ലോ എൻ്റെ സാറേ മറക്കാൻ പറ്റുമോ? നിങ്ങ പൊളിയാണ് ബ്രോ… ഞങ്ങളുടെയെല്ലാം കണ്ണ് നിറച്ചാണ് നിങ്ങൾ പോണത്. മറക്കില്ല ഒരിക്കലും..