അനാഥർക്കും അശരണർക്കും ഒരു അത്താണിയായ ഒരിടം

പീസ് വാലി – സമാധാനത്തിന്റെ താഴ്വര. കാലം അതിന്റെ ഗതിവേഗം വർദ്ധിപ്പിച്ച് നേട്ടങ്ങളുടെ മറ്റൊരു ലോകത്തേക്ക് കുതിച്ചു പായുകയാണ്. അതിന്റെ ഭ്രാന്തപദങ്ങളിൽ പെട്ടമരുന്ന നിരവധി ദുരിത ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, നിനയ്ക്കാത്ത കാലത്ത് എത്തിച്ചേർന്ന ദുരന്തങ്ങളുടെ ശേഷിപ്പുകൾ. ആധുനികതയുടെ വിഭ്രാന്തിയിൽ നിന്നും ജന്മമെടുത്ത നിരവധി രോഗങ്ങൾക്ക് ഇരയായവർ. വിജയങ്ങളുടെ രഥയാത്രയ്ക്കിടയിൽ ഇത്തരം കറുത്ത ദിശകളിലേക്ക് മുഖം തിരിക്കാതെ പായുന്നവർക്ക് ഒരു മുന്നറിയിപ്പും അശരണർക്ക് ഒരു അത്താണിയുമാണ് പീസ് വാലി അഥവാ സമാധാനത്തിന്റെ താഴ്‌വാരം.

ആലുവ – മൂന്നാർ റോഡിൽ പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിൽ നെല്ലിക്കുഴി എന്ന ഗ്രാമം. ഫർണിച്ചർ നിർമ്മാണ രംഗത്ത് കേൾവി കേട്ട നെല്ലിക്കുഴി ഇനി അറിയപ്പെടുന്നത് പീസ് വാലിയുടെ സാന്ത്വന സ്വരത്തിലൂടെയാകാം. പ്രതീക്ഷ നഷ്ടപ്പെട്ട ജീവിതങ്ങളുടെ ഞരക്കമാണ് നിശ്വാസങ്ങൾക്ക് പകരം. പ്രത്യാശയുടെ പ്രകാശ കിരണങ്ങൾ ഇവിടെ നിന്നും ചുറ്റുപാടും പരത്തുകയാണ്.

ആരോരുമില്ലാതെ അലയുന്ന വൃദ്ധർ, മനസ്സിന്റെ താളം തെറ്റി തെരുവിലലയുന്നവർ, അനാഥരായ സ്ത്രീകൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, കോർപ്പറേറ്റ് ആശുപത്രികളുടെ ചികിത്സാച്ചിലവ് താങ്ങാനാകാതെ വീല്ചെയറിലും കിടക്കയിലും മരണത്തിന്റെ കാലൊച്ച കാതോർത്ത് ജീവിതം വഴിമുട്ടി നിൽക്കുന്ന നിർധനരായ രോഗികൾ. ഇവർക്കായുള്ള സാന്ത്വന താളമാണ് പീസ് വാലി.

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നെല്ലിക്കുഴിയിൽ പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്. 2019 ൽ നാല് വിഭാഗങ്ങളിലായി പീസ് വാലി സേവനസംരഭങ്ങളാരംഭിച്ചു. ഇത് അതിലൊന്നാണ്. സാമൂഹിക മാനസിക പുനരധിവാസകേന്ദ്രം. Centre for Psycho Social Rehabilitation. അൻപതോളം സ്ത്രീപുരുഷന്മാർ ഇവിടെ വസിക്കുന്നു. മനസ്സിന്റെ നിയന്ത്രണച്ചരട് പൊട്ടി, ജീവിതതാളത്തിന്റെ ക്രമം തെറ്റി സമൂഹത്തിൽ ഒറ്റപ്പെട്ടവർ. ജീവിതത്തിന്റെ സൗരഭവും വർണ്ണങ്ങളും അന്യമായിത്തീർന്നവർ. ഇവർക്കെല്ലാം സമാധാനത്തിന്റെ താഴ്വരയാകുന്നു ഈ കേന്ദ്രം.

പ്രഗത്ഭരായ സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിക്കൽ കൗൺസിലർമാർ, സൈക്കാട്രിക് സോഷ്യൽ വർക്കേഴ്സ്, നേഴ്‌സുമാർ, ആയമാർ എന്നിവരുടെ മുഴുവൻസമയ സേവനവും ശ്രദ്ധയും ഇവിടെ ലഭ്യമാണ്.

ഇത് മറ്റൊന്നാണ്. നട്ടെല്ലിനു ക്ഷതം ബാധിച്ചവർക്കായുള്ള ചികിത്സാ പുനരധിവാസ കേന്ദ്രം. Centre for physical medicine & rehabilitation. അപകടങ്ങളിൽ നട്ടെല്ലിന് ക്ഷതമേറ്റ് നിശ്ചലമായിത്തീർന്ന ശരീരഭാഗങ്ങളുമായി മരണതുല്യരായി തീർന്നവരാണ് ഇവിടെയെത്തുന്നവർ. ബ്രെയിൻ ഇഞ്ചുറി, സ്ട്രോക്ക് മുതലായ രോഗങ്ങളാൽ വലയുന്നവരും ഇവിടെയെത്തുന്നു. ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി തുടങ്ങി തികച്ചും ശാസ്ത്രീയമായ പരിചരണത്തിലൂടെ ഇവർ പ്രതീക്ഷയുടെ മരുപ്പച്ചകളിലേക്ക് മടങ്ങുന്നു.

രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ നീളുന്ന ചികിത്സയിൽ ഇവർ സ്വയം പര്യാപ്തരാകുന്നു. അങ്ങനെ ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് മടങ്ങുന്നവർക്ക് ഓട്ടോറിക്ഷാ ഡ്രൈവിംഗ് അടക്കമുള്ള സ്വയംതൊഴിൽ പരിശീലനങ്ങളും മറ്റു മാർഗ്ഗനിർദ്ദേശങ്ങളും പീസ്‌വാലി നൽകുന്നു.

നിർധനരായ വൃക്കരോഗികൾക്കുള്ള ഡയാലിസിസ് കേന്ദ്രമാണിത്. ജീവിതശൈലീ രോഗങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വൃക്കരോഗം. ഇന്ന് പലരും പ്രായഭേദമന്യേ ഈ രോഗത്തിന് അടിമയാകുന്നു. നിർധനരായ രോഗികൾക്ക് ഇത് മരണത്തേക്കാൾ ദുഷ്കരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അവർക്ക് പീസ്‌വാലി സൗജന്യ നിരക്കിൽ ഡയാലിസിസ് പദ്ധതി സജ്ജമാക്കിയിരിക്കുന്നു. ഇപ്പോൾ ഒമ്പതോളം ഡയാലിസിസ് മെഷീനുകൾ ഇവിടെ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.

ശ്രദ്ധേയമായ മറ്റൊന്ന് സാന്ത്വനപരിചരണ കേന്ദ്രമാണ്. മരണം ശാന്തവും മൃദുവുമാവുക ഏവരുടെയും മോഹമാണ്.അവകാശവും. ഇവിടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ ശാന്തവും വേദനാരഹിതവും ഒപ്പം സംതൃപ്തി നിറഞ്ഞതുമാക്കുന്നു.നാളിതുവരെ നൂറോളം പേരാണ് അവരുടെ അവസാന നിമിഷങ്ങൾ പീസ്‌വാലിയിലെ സംരക്ഷണ വലയത്തിൽ ചെലവഴിച്ചത്.

ചുറ്റുപാടും രോഗങ്ങളും രോഗികളും ഏറിവരികയാണ്. അനിവാര്യമായ ചികിത്സയും പരിചരണവും ലഭ്യമാകാതെ നരകജീവിതം നയിച്ച് മരണത്തിനു കീഴടങ്ങുന്നവരുടെ എണ്ണം ഏറിവരുന്നു. അതിൽ വലിയൊരു ഭാഗവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാത്തവരാണെന്ന ചിന്തയാണ് മൊബൈൽ മെഡിക്കൽ സർവ്വീസിന് വഴിയൊരുക്കിയത്. ആരോഗ്യരംഗത്തെ മുൻനിരക്കാരായ ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് സജ്ജമാക്കിയിരിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയിൽ വിദഗ്ദ്ധരായ ഡോക്ടർമാർ, പരിചയസമ്പന്നരായ നേഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻസ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ എന്നിങ്ങനെ നിരവധി സംവിധാനങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുന്നു.

മൊബൈൽ മെഡിക്കൽ സർവ്വീസ് പിന്നോക്ക ദളിത കോളനികൾ, ആദിവാസി ഊരുകൾ, അതിഥി തൊഴിലാളി കേന്ദ്രങ്ങൾ തുടങ്ങി അതിവേഗം ചികിത്സയെത്തിക്കേണ്ട അനാഥാലയങ്ങൾ, പകൽവീടുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിലെല്ലാം കടന്നുചെന്ന് പ്രാഥമിക വൈദ്യസഹായം, ബോധവൽക്കരണം എന്നിവ ലഭ്യമാക്കുന്നു.

15 ലക്ഷത്തോളം രൂപ പ്രതിമാസ ചെലവ് കണക്കാക്കപ്പെടുന്ന ഈ സംരംഭം ജീവിതത്തിന്റെ വൈവിധ്യ തലങ്ങളിലുള്ളവരെ കോർത്തിണക്കി മുന്നോട്ടു പോകുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള പ്രാരംഭ ഇടപെടൽ കേന്ദ്രം, ഡീ അഡിക്ഷൻ സെന്റർ, സൈക്യാട്രിക് ഹോസ്പിറ്റൽ, ചിൽഡ്രൻസ് വില്ലേജ് എന്നിങ്ങനെ നിരവധി ഭാവി പദ്ധതികൾ പീസ്‌വാലിയുടെ പരിഗണനയിലുണ്ട്.

ഇത് പുണ്യങ്ങളുടെ, പുണ്യകർമ്മങ്ങളുടെ പ്രവർത്തനമണ്ഡലമാണ്. നിറവിന്റെ സൗഭാഗ്യങ്ങളിൽ മയങ്ങാതെ മനുഷ്യൻ എന്ന പദത്തിന്റെ പൂർണ്ണ അർത്ഥതലത്തിലുള്ള പ്രവർത്തനത്തിന്, അതിലൂടെ ലഭ്യമാകുന്ന അവാജ്യമായ സംതൃപ്തിയ്ക്കായി പീസ്‌വാലി എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അതെ, ഇവിടെയാണ് സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും നല്ല നാളെയുടെയും താഴ്‌വാരം. കൂടുതൽ വിവരങ്ങൾക്ക് – Peace Valley, Nellikuzhy PO, Kothamangalam, Kerala 686691, Contact +91 9188426300, 9947922791.