ജീർണിച്ച മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവിൽ എസ്ഐ മരത്തിൽ കയറി

എന്തിനും ഏതിനും കേരള പോലീസിനെ കുറ്റം പറയുന്നവരാണല്ലോ നമ്മളിൽ പലരും. പോലീസുകാരിൽ ഒരു വിഭാഗം തെറ്റുകൾ ചെയ്യുന്നുണ്ടെന്നത് ശരിതന്നെ, പക്ഷേ അക്കാരണം പറഞ്ഞു എല്ലാവരെയും ഒന്നടങ്കം അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. പട്ടാളക്കാരെപ്പോലെ തന്നെ നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം സ്വയം സമർപ്പിച്ചവരാണ് പോലീസുകാരും. എവിടെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും പൊലീസിന് അവിടെ എത്തിയേ തീരൂ.

മന്ത്രി വന്നാലും, സിനിമാതാരങ്ങൾ വന്നാലും, അപകടങ്ങൾ ഉണ്ടായാലും ഒക്കെ പോലീസുകാർക്ക് തലവേദന തന്നെയാണ്. വെയിലത്തും മഴയത്തും രാത്രിയും പകലുമെന്നില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നല്ലവരായ പോലീസുകാരോട് നമ്മളും നാടും എന്നും കടപ്പെട്ടിരിക്കും. കുറ്റം പറച്ചിലുകൾക്കിടയിൽ പോലീസുകാർ ചെയ്യുന്ന നന്മകൾ കൂടി നിങ്ങൾ കാണണം. അത്തരം നന്മകളിൽ ഒന്ന് കഴിഞ്ഞ ദിവസം എരുമേലിയിൽ നടന്നു. ഇതിനെക്കുറിച്ച് കേരള പോലീസ് ഫേസ്‌ബുക്ക് പേജിൽ വാർത്ത വന്നതോടെയാണ് പുറംലോകം അറിയുന്നത്. ആ കുറിപ്പ് ഇങ്ങനെ..

“വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ ജീർണിച്ച മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല. ദുർഗന്ധം കാരണം എല്ലാവരും അൽപ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് നാട്ടുകാരിലൊരാൾ എത്തിയത്. പക്ഷേ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി. 15 അടി ഉയരത്തിൽ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു.

എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തിയിരുന്നു. ജീർണിച്ച തുടങ്ങിയ മൃതദേഹത്തെ അറപ്പോടെ നോക്കി നാട്ടുകാർ മാറി നിന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കു തങ്ങളുടെ കർത്തവ്യത്തിൽ നിന്ന് മാറിനിൽക്കാനാവില്ലായിരുന്നു. മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും ചേർന്ന് കെട്ടിയിറക്കി. എന്നാൽ നാട്ടുകാരനായ ഒരാൾ പോലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം.”

കണ്ടില്ലേ? ഇത് ചെയ്തത് വെറുമൊരു പോലീസുകാരൻ അല്ല, സ്ഥലത്തെ എസ്.ഐ. ആണ്. അദ്ദേഹത്തിനു വേണമെങ്കിൽ ഇത് മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാമായിരുന്നു. പക്ഷേ തൻ്റെ കർത്തവ്യബോധം, അതാണ് അദ്ദേഹത്തെക്കൊണ്ട് അതു ചെയ്യിച്ചത്. എന്തായാലും നന്മ നിറഞ്ഞ, കർത്തവ്യ ബോധമുള്ള ആ എസ്.ഐ. ക്കും മറ്റു പോലീസുകാർക്കും ഒരു ബിഗ് സല്യൂട്ട്..