പേഴ്സണൽ ID കാർഡ് – ഒരു സഞ്ചാരിക്ക് ലഭിക്കുന്ന ഗുണങ്ങൾ

വിവരണം: ജംഷീർ കണ്ണൂർ.

യാത്രകൾ ഇഷ്ട്ടമല്ലാത്തവരായി ആരും തന്നെ ഇല്ല.  തനിച്ചും, കൂട്ടമായും യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്നതും അതും പല സഞ്ചാരികൾക്കും അറിയുന്നതുമായ വിഷയമാണ് ഇത്.എന്നാലും അറിയാത്ത സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് അവർക്ക് ഉപകാരപ്പെടും എന്ന വിശ്വാസത്തോട് കൂടി ഞാൻ ഇവിടെ കുറിക്കട്ടെ. വളച്ചു കെട്ടില്ലാതെ തന്നെ പറയാം ഇവിടെ വിവരിക്കാൻ പോകുന്നത് മറ്റൊന്നുമല്ല നമ്മൾ ഒരു യാത്രികൻ ആണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകാൻ നമ്മൾ ഉണ്ടാക്കുന്ന പേർസണൽ ഐഡി കാർഡ് അതാണ് വിഷയം.

ഞാൻ ആദ്യമായി പേർസണൽ ഐഡി കാർഡ് എന്ന ആശയം നടപ്പിൽ വരുത്തിയത് എന്റെ കേരള to കശ്മീർ യാത്രയിൽ ആയിരുന്നു. എന്തൊക്കെ ഉൾപ്പെടുത്തിയാണ് പേർസണൽ ഐഡി കാർഡ് ഉണ്ടാക്കിയതെന്നും, അതുപോലെ എന്റെ കേരള to കശ്മീർ യാത്രയിൽ ആ കാർഡ് എനിക്ക് എങ്ങനെ ഒക്കെ ഉപകാരപ്പെട്ടു എന്നൊക്കെ ഇവിടെ വിശദീകരിക്കാം.

കാർഡ് ഉണ്ടാക്കിയത് ഏത് രീതിയിൽ ആണ്? ഞങ്ങൾ 4 പേരും ട്രിപ്പ് തുടങ്ങുമ്പോൾ തന്നെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അതിന്റെ പേരാണ് ടീം യാത്രികർ. അതിന് ഒരു ലോഗോയും ഉണ്ടാക്കി.ആ പേരും ലോഗോയും വെച്ച് ഡിസൈൻ ചൈതാണ് കാർഡ് ഉണ്ടാക്കിയത്.

എന്തൊക്കെ വിവരങ്ങൾ ഉൾപ്പെടുത്തി? കാർഡിൽ ഉൾപ്പെടുത്തിയത് ഒന്നാമതായി നമ്മുടെ ഫോട്ടോ. ഫോട്ടോ വെക്കുമ്പോൾ നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോ തന്നെ വെക്കുക.കാരണം തിരിച്ചറിയൽ രേഖയായി നമ്മൾ ഉപയോഗിക്കുന്ന ലൈസൻസിൽ 100 ൽ 70% പേരുടെയും 18 വയസ്സ് പൂർത്തിയായ സമയത്ത് ലൈസൻസ് എടുക്കുമ്പോൾ കൊടുത്ത ഫോട്ടോ ആണ് ഉണ്ടാവുക.

പിന്നെ ആധാർ, ഇലക്ഷൻ കാർഡ്, ഇതിൽ പിന്നെ പറയണ്ടല്ലോ അടുപ്പിൽ വീണ് കരിഞ്ഞ് പോയ ഷാറൂഖാൻ എന്ന് നമ്മൾ നമ്മളെ തന്നെ ട്രോളി പറയാറില്ലെ. അതാണ് അവസ്ഥ. ലൈസൻസ്‌, ആധാർ, ഇലക്ഷൻ ഐഡി. എന്നിവയിലെ ഫോട്ടോ നോക്കി നമ്മളെ തിരിച്ചറിയാൻ തന്നെ പ്രയാസം ആയിരിക്കും. അതാണ് നമ്മൾ ഉണ്ടാക്കുന്ന കാർഡിൽ ഭംഗിയുള്ള ആളെ തിരിച്ചറിയുന്ന ലേറ്റസ്റ്റ് ഫോട്ടോ തന്നെ വെക്കാൻ പറയാൻ കാരണം.

3)ഫോട്ടോയുടെ താഴെ പേര് കൊടുക്കുക. പിന്നെ പേരിന്റെ താഴെ ഞാൻ കൊടുത്തത് Traveler, Rider, പിന്നെ ചെറിയ രീതിയിൽ യാത്രാ വിവരണങ്ങൾ എഴുതുന്നത് കൊണ്ട് Blogger എന്നുകൂടി കൊടുത്തു. (Blogger എന്ന് കൊടുത്തത് ഒരു പൊങ്ങച്ചം കാണിച്ചതാണ് എന്ന് കരുതരുത്. ആഗ്രഹം കൊണ്ട് കൊടുത്തു പോയതാണ്.വലീയ എഴുത്തുകാരനൊന്നുമല്ല).

പിന്നെ എന്റെ ഒരു സുഹുർത്ത് കൊടുത്തത് Traveler, Rider, എന്ന് മാത്രം. ഇനി ഫോട്ടാഗ്രാഫർ കൂടി ആണെങ്കിൽ അതു കൂടി കൊടുത്ത കൂട്ടുകാരൻ ഉണ്ട്.അത് ഒരു ഭംഗിക്കും അതുപോലെ കാർഡ് കാണുന്നവർക്ക് ഒരു നിലവാരം തോന്നി കോട്ടെ എന്ന രീതിയിൽ കൊടുത്തതാണ്. ഈ ഒരു കാര്യം നിങ്ങൾക്ക് വേണമെങ്കിൽ വെച്ചാ മതി. അതിന്റെ താഴെ വെച്ചത് ഞങ്ങളുടെ ലൈസൻസ് നമ്പർ, ആധാർ നമ്പർ, എന്നിവയാണ്. ഇത് രണ്ടും കാർഡിൽ ചേർത്തത് കുറച്ച് സുതാര്യത കൈവന്നോട്ടെ എന്ന് കരുതി കൊടുത്തതാണ്.

ബ്ലഡ് ഗ്രൂപ്പ് കൊടുക്കുക. നമുക്ക് വല്ല അപകടവും പറ്റി ഹോസ്പിറ്റലിൽ എത്തിച്ചാൽ അവർ നമ്മുടെ പോക്കറ്റിലുള്ള പേഴ്സ് എടുത്ത്‌ തുറന്ന് നോക്കും. നമ്മളെ കുറിച്ച് വല്ല വിവരവും കിട്ടുമെന്ന ധാരണയിൽ ആണ് പേഴ്സ് എടുത്ത് പരിശോധിക്കുന്നത്. അത്തരം ഒരു അവസരത്തിൽ കാർഡിൽ ബ്ലഡ് ഗ്രൂപ്പ് വെക്കുന്നത് അവർക്ക് ഉപകാരപ്പെടാൻ ചാൻസ് ഉണ്ട്.

നമ്മുടെ ഫോൺ നമ്പർ കൊടുക്കുക. പിന്നെ എത്ര പേർക്ക് കാർഡ് കൊടുത്തിട്ടുണ്ട് എന്ന് കാണിക്കുന്ന ID നമ്പറും കൊടുത്തു. ഇതൊക്കെ മുൻ വശത്താണ് കൊടുത്തത്.
ഇനി പിറകിൽ കൊടുത്തത്. പിതാവിന്റെ പേര്, നമ്മുടെ വ്യക്തമായ അഡ്രസ്, എമർജൻസി നമ്പർ – ഇത് പ്രധാനപ്പെട്ട ഒന്നാണ്. യാത്രക്കിടയിൽ നമുക്ക് എന്തെങ്കിലും അപകടമോ, മറ്റോ സംഭവിച്ചാൽ നാട്ടിലുള്ള നമ്മുടെ ബന്ധുക്കളെ അറിയിക്കുന്നതിനാണ് എമർജൻസി നമ്പർ കൊടുക്കുന്നത്.

എമർജൻസി നമ്പർ കൊടുക്കുമ്പോൾ നമ്മുടെ അച്ചന്റെ, അമ്മയുടെ, ഭാര്യയുടെ, സഹോദരൻമാർ തുടങ്ങിയവരുടെ നമ്പർ കൊടുക്കാതിരിക്കുക. കാരണം യാത്രക്കിടയിൽ നമുക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവിടെ ഉള്ളവർ ആ കാണുന്ന എമർജൻസി നമ്പറിലേക്ക് ആയിരിക്കും കോൺടാക്റ്റ് ചെയ്യുക. അപ്പോൾ അപകടവിവരം അറിയുന്ന വ്യക്തിക്ക് അത് ഒരു ഷോക്കായി മാറി അവർ പെട്ടെന്ന് മാനസീകമായി തളരാൻ ഇടയാക്കും. അത് കൊണ്ട് ഇത്തരം ഒരു കാര്യം സംഭവിച്ചാൽ വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്ന നമ്മുടെ സുഹുർത്തുക്കളുടെയോ മറ്റ് ഫാമിലി മെമ്പേർസിന്റെയോ നമ്പർ മാത്രം വെക്കുക. ആ വ്യക്തിയുടെ നമ്പർ കാർഡിൽ വെക്കുമ്പോൾ ആ വ്യക്തിയോട് കാര്യങ്ങൾ സൂചിപ്പിക്കുന്നത് നന്നായിരിക്കും.

ഇനി ഈ കാർഡ് കൊണ്ട് ഞങ്ങൾക്കുണ്ടായ ഗുണങ്ങൾ എന്തെല്ലാം ആണ്? ഞങ്ങളുടെ യാത്ര കശ്മീർ പെഹൽഗാമിൽ എത്തിയപ്പോൾ എന്റെ പേഴ്സ് കാണാതായി. അതിൽ ആണെങ്കിൽ എന്റെ ഒറിജിനൽ ലൈസൻസ്, അധാർ കാർഡ്, ഇലക്ക്ഷൻ ഐഡി, ATM കാർഡ്, കുറച്ച് ക്യാഷും ഉണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും മുകളിൽ ഈ പറഞ്ഞ പേർസണൽ ഐഡി കാർഡും ഉണ്ടായിരുന്നു. ഇത് കാണുമ്പോൾ നിങ്ങൾക്ക് തോന്നാം. ഇത്തരത്തിൽ ഞങ്ങളെ ഉപദേശിക്കുന്ന ഈ ചങ്ങാതി എത്ര മണ്ടനാണ്. ആരെങ്കിലും ഇത്തരം യാത്രയിൽ എല്ലാ ഒറിജിനൽ ഐഡിയും പേഴ്സിൽ ഇട്ട് നടക്കുമോ എന്ന്.

കൂട്ടുകാരെ നിങ്ങൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ തെറ്റൊന്നുമില്ലട്ടൊ. ഞാൻ ആ സമയം ആ ഒറിജിനൽ രേഖകൾ പേഴ്സിൽ ഇടാൻ ഒരു കാരണമുണ്ടായിരുന്നു. പെഹൽഗാം കയറുമ്പോൾ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. ഞങ്ങളുടെ യാത്രയിൽ സെക്യൂരിറ്റിയുടെ ഭാഗമായി കശ്മീർ പോലീസിന്റെ ഭാഗത്ത് കഠിനമായ പരിശോധന നേരിടേണ്ടി വന്ന സ്ഥലം. അമർനാഥ് ക്ഷേത്ര തീർത്താടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകരെ അപായപ്പെടുത്താൻ പുറത്ത് നിന്നുള്ളവർ എത്തിയാലോ എന്ന് കരുതി സെക്യൂരിറ്റി ടൈറ്റ് ആക്കിയ സമയം. ഞങ്ങളുടെ വണ്ടിയിൽ ഉള്ള സാധനങ്ങൾ എല്ലാം അഴിച്ച് സ്കാനറിൽ ഇട്ട് ചെക്ക് ചെയ്തു. അതോടൊപ്പം ഞങ്ങളെയും. പിന്നെ ഒറിജിനൽ ഐഡിയും വാങ്ങി പരിശോധിച്ചു. അപ്പോഴാണ്‌ ബാഗിൽ ഉണ്ടായ ഐഡി പേഴ്‌സിലേക്ക് മാറ്റി വെച്ചത്. അത് പാരയുമായി.

പേഴ്സ് കാണാതായപ്പോൾ ആകെ ഒരു മരവിപ്പ്. ATM കാർഡ് നമുക്ക് ബ്ലോക്ക് ചെയ്യാം. എന്നാൽ ഒറിജിനൽ ഐഡികൾ അത് മറ്റുള്ളവർക്ക് കിട്ടിയാൽ ഏതെല്ലാം തരത്തിൽ അവർക്ക് ഉപയോഗിക്കാം. ഞങ്ങൾ സഞ്ചരിച്ച വഴികളിലും ചിലവഴിച്ച സ്ഥലങ്ങളിലും കുറെ തപ്പി നടന്നു. എന്നാൽ പേഴ്സ് കിട്ടിയില്ല. എന്റെയും എന്റെ കൂട്ടുകാരുടെയും അവസ്ഥ കണ്ട് കശ്മീർ പോലീസ് ഞങ്ങളെ സമാധാനിപ്പിച്ചു. എന്നോട് അവർ പറഞ്ഞു. നീ പേടിക്കണ്ട. നീ പോയി പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി കൊടുക്കു. ആ പേഴ്സ് ഈ ഗ്രാമത്തിലുള്ളവർക്കാണ് കിട്ടുന്നതെങ്കിൽ അത് അവർ തീർച്ചയായും പോലീസ് സ്റ്റേഷനിൽ എത്തിക്കും.

ആകെ ടെൻഷൻ അടിച്ച് തിരിച്ച് പോരും വഴി 4 അട്ടിടയൻമാർ ഞങ്ങളുടെ നേർക്ക് വന്നു അവർ അവരുടെ കുതിര പുറത്ത് നിന്ന് ചാടി ഇറങ്ങി. എന്നിട്ട് എന്നോട് ചോദിച്ചു നിങ്ങളുടെ എന്തെങ്കിലും കാണാതായിട്ടുണ്ടോ എന്ന്. ഞാൻ ആകെ ഞെട്ടി. ഹാ ഉണ്ട്. ഒരു പേഴ്സാണോ കാണാതായത് എന്ന് അടുത്ത ചോദ്യം. ഞാൻ പറഞ്ഞു അതെ. എന്നാ ഇതാ നിങ്ങളുടെ പേഴ്സ്. വഴിയിൽ കിടന്ന് കിട്ടിയതാണ് അത് തുറന്ന് നോക്കിയപ്പോൾ ഒരു സഞ്ചാരിയുടെ പേഴ്സ് ആണ് എന്ന് മനസ്സിലായി അതിൽ ഉണ്ടായിരുന്ന നിങ്ങളുടെ ഫോട്ടോ കണ്ടാണ് ഇപ്പോൾ നിങ്ങളെ തിരിച്ചറിഞ്ഞത്. നിങ്ങൾ ഇങ്ങോട്ട് പോകുന്നത് ഞങ്ങൾ നേരത്തെ കണ്ടിരുന്നു പേഴ്സ് കിട്ടിയത് മുതൽ ഞങ്ങൾ നിങ്ങളെയും തേടി നടപ്പായിരുന്നു. അത് കേട്ടതും സത്യം പറയാലോ വല്ലാത്ത ആശ്വാസമായിരുന്നു നഷ്ട്ടപ്പെട്ടത് എന്ന് കരുതിയ രേഖകൾ ഒക്കെ തിരിച്ചുകിട്ടിയിരിക്കുന്നു. അത് കിട്ടാൻ കാരണം ഞങ്ങൾ ഉണ്ടാക്കിയ പേർസണൽ ഐഡി ആയിരുന്നു.

ഇനി അടുത്ത സംഭവം നടക്കുന്നത് ഡൽഹിയിൽ വെച്ചാണ്. മണാലിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന് ട്രിപ്പ് അവസാനിപ്പിക്കാൻ ഇരിക്കുന്ന സമയം ഡൽഹിയിലേക്കുള്ള ഓട്ടത്തിന്റെ ഇടക്ക് എന്റെ സുഹുർത്ത് ഷംസുദ്ധീൻന്റെ പേഴ്സ് കളത്ത് പോയി. അതിൽ ഉള്ളത് ATM. ഒറിജിനൽ ലൈസൻസ്, ക്യാഷ് എന്നിവ ആയിരുന്നു. വീണ്ടും പണി കിട്ടിയതോർത്ത് ഇരിക്കുമ്പോൾ നാട്ടിൽ നിന്ന് ഷംസുവിന്റെ അമ്മാവൻ സൈനുക്കാന്റെ ഫോൺ എടാ ഷംസുവിന്റെ പേഴ്സ് കാണാതായിട്ടുണ്ടാ. ഞങ്ങൾ ആകെ ഞെട്ടി. ഹേ ഇതെങ്ങനെ സെനൂക്ക അറിഞ്ഞു. അപ്പോഴാണ് പുള്ളി പറഞ്ഞത് പേഴ്സ് കിട്ടിയ വ്യക്തി ആ കാർഡിൽ ഉള്ള ഷംസുവിന്റെ നമ്പറിൽ വിളിച്ചു.

ഷംസുവിന്റെ ഫോൺ സിം കട്ടായതിനാൽ പുള്ളിക്ക് ഷംസുവിനെ കോൺട്ടാക്റ്റ് ചെയ്യാൻ സാധിച്ചില്ല. പിന്നെ പുള്ളി ആ കാർഡിൽ കൊടുത്ത എമർജൻസി നമ്പറിലേക്ക് വിളിക്കുക ആയിരുന്നു. എമർജൻസി നമ്പറിൽ. ഷംസു കൊടുത്തത് അവന്റെ അമ്മാവനായ സൈനൂക്കാന്റെ നമ്പറും. സൈനുക്ക എന്റെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. കൂടെ പേഴ്സ് കിട്ടിയ ആളുടെ നമ്പറും തന്നു ഞങ്ങളോട് കോൺട്ടാക്റ്റ് ചെയ്യാൻ പറഞ്ഞു. പുള്ളിയെ ഞങ്ങൾ കോൺട്ടാക്റ്റ് ചൈതു. അദ്ദേഹം ആ പേഴ്സ് ഒരു കടയിൽ ഏൽപ്പിച്ചിരുന്നു. ഞങ്ങൾ പേഴ്സ് കലക്റ്റ് ചെയ്യാൻ ആ കടയിലേക്ക് പോയി പേഴ്സ് എടുത്ത കടക്കാരൻ ലൈസൻസ് നോക്കി ആളെ തിരിച്ചറിയാൻ പറ്റിയില്ല. പേർസണൽ ഐഡിയിലെ ഫോട്ടോ കണ്ടപ്പോൾ ആണ് ഷംസുവിനെ അയാൾ പെട്ടെന്ന് തിരിച്ചറിഞ്ഞത്.

നോക്കിക്കെ ഞങ്ങൾക്ക് ആ കാർഡ് ഉണ്ടാക്കാൻ ചിലവായത് ഒന്നിന് 150 രൂപ വെച്ചാണ് എന്നാൽ അതു കൊണ്ട് ഞങ്ങൾക്കുണ്ടായ മെച്ചമോ അതിലേറയും. ഈ സംഭവത്തോട് കൂടി ഇപ്പോൾ ഞങ്ങൾ കുറച്ച് കൂടി ക്വാളിറ്റി കൂടിയ കാർഡ് ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ഈ ഒരു ആശയം ഇത് വായിക്കുന്ന നിങ്ങൾക്കും നടപ്പിൽ വരുത്താവുന്നതാണ്.

ഇനി ഇത് വായിച്ച് 150 രൂപ ഒക്കെ വെറുതെ ഇങ്ങനെ ഒരു കാർഡിന് വേണ്ടി ചിലവാക്കണോ എന്ന് ചിന്തിക്കുന്നവരോട്. നിങ്ങൾ കാർഡ് ഉണ്ടാക്കുന്നില്ലെങ്കിൽ പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് പകരം ഒരു പേപ്പറിൽ ഇതുപോലെ നമ്മുടെ ഡീറ്റെൽസും, എമർജൻസി നമ്പറും എഴുതി പേഴ്സിൽ സൂക്ഷിച്ചാൽ നന്നായിരിക്കും. അപ്പോൾ വിവരണം ഇഷ്ട്ടപ്പെട്ടുവെന്ന് കരുതുന്നു. ഇഷ്ട്ടപ്പെട്ടാൽ സഞ്ചാരികളായ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.