ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ചു; കുടുംബത്തെ ഇറക്കിവിട്ട് പെട്രോൾ പമ്പുകാർ

യാത്രകൾക്കിടയിൽ സ്ത്രീകൾക്കും മറ്റും ടോയ്‌ലറ്റ് സൗകര്യത്തിനായി എന്തു ചെയ്യും? നമ്മുടെ നാട്ടിൽ പൊതു ടോയ്‌ലറ്റുകൾ വളരെ കുറവായതിനാൽ പെട്രോൾ പമ്പുകളെയും, ഹോട്ടലുകളെയുമൊക്കെയാണ് ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ രാത്രി സമയത്ത് സ്ത്രീകൾക്ക് ഇവ നിഷേധിക്കപ്പെട്ടാലോ? അത്തരമൊരു ദുരനുഭവം വിവരിക്കുകയാണ് പത്തനംതിട്ട കോന്നി സ്വദേശിനിയായ മീനു രേഷ്മ. അവരുടെ അനുഭവം വിവരിക്കുന്ന കുറിപ്പ് താഴെ കൊടുക്കുന്നു.

“ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു ഇന്നലെ ഉണ്ടായത്. രാത്രി ഏകദേശം 9 മണി കഴിഞ്ഞിരുന്നു. അത്യാവശ്യം നല്ല മഴയും. കുടുംബത്തോടൊപ്പം ഒരു യാത്രയിലായിരുന്നു (മലയാലപ്പുഴ – വണ്ടിപെരിയാർ ). തിരികെ മടങ്ങും വഴി റാന്നി മാഡേത്തുംപടിയിൽ ഇന്ത്യൻ ഓയിലിന്റെ ഒരു പമ്പ് ഉണ്ട്. സാൻസിയ ഏജൻസിസ്‌ ആണ് അത് നടത്തുന്നത്. ഞങ്ങൾ അവിടെ കയറുകയും സ്ത്രീകൾക്ക് ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിക്കുകയും ചെയ്തു.

എനിക്കൊപ്പം അമ്മയും, സഹോദരന്റെ ഭാര്യയും, ബന്ധുവായ 8 വയസുകാരി പെൺകുട്ടിയും ഉണ്ടായിരുന്നു. എന്നാൽ ഉടമ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ വിസമ്മതിച്ചു. രാത്രി ആയതുകൊണ്ട് സ്ത്രീകൾ ആയതു കൊണ്ട് മറ്റു മാർഗം ഇല്ലാത്തതിനാൽ ഒപ്പം ഉണ്ടായിരുന്ന എന്റെ സഹോദരൻ ഒരുപാട് തവണ റിക്വസ്റ്റ് ചെയ്തിട്ടും സമ്മതിച്ചില്ല. ഒടുവിൽ ഞാൻ അയാളോട് ഇന്ത്യൻ ഓയിൽ കമ്പനി യുടെ പമ്പുകളിലെല്ലാം ടോയ്ലറ്റ് ഫെസിലിറ്റി free ആണെന്നും, താങ്കൾക്ക് ഇതൊന്നുമറിയില്ലേ എന്നും ചോദിച്ചപ്പോൾ ഇവിടെ വരുന്ന കസ്റ്റമേഴ്സ്നു മാത്രമേ ടോയ്ലറ്റ് ഉള്ളുവെന്നും റോഡിൽ കൂടി പോകുന്നവന്നോനും കാര്യം സാധിക്കാൻ ഉള്ള ഇടമല്ല എന്നും പറഞ്ഞു.

നിങ്ങളുടെ അറിവുകേട്‌ കൊണ്ടാണ് ഇത് പറയുന്നത് എങ്കിൽ തിരുത്തണം എന്ന് ആവശ്യപ്പെട്ടപ്പോൾ, അത്രയ്ക്ക് കഴിയുന്നില്ലെങ്കിൽ റോഡ് സൈഡിൽ എങ്ങാനും പോയിരിക്ക് എന്നായിരുന്നു മറുപടി. ഇത്രയും ആയപ്പോൾ സഹോദരിയും അമ്മയും ചൂടായി മാന്യമായി സംസാരിക്കണം എന്ന് പറഞ്ഞു. അതിനും മറുപടി അസഭ്യം തന്നെ ആയിരുന്നു. പമ്പിലെ ജോലിക്കാരനൊപ്പം ചേർന്ന് വീണ്ടും ഞങ്ങളെ അപമാനിച്ചു ഇറക്കി വിട്ടു.

ജീവിതത്തിൽ ഇത്രെയും വലിയൊരു ദുരനുഭവം ഉണ്ടായിട്ടില്ല. സഹജീവികളോട് ഇത്രെയും മനുഷ്യത്വം ഇല്ലാതെ പെരുമാറാൻ എങ്ങനെ ഇങ്ങനെ കഴിയുന്നു? കഷ്ടം തന്നെ. എന്തായാലും കളക്ടർ, മനുഷ്യവകാശ കമ്മീഷൻ ഉൾപ്പെടെ ഉള്ള അധികാരികൾക്ക് പരാതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. മേലിൽ ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല.”

പെട്രോളും ഡീസലും നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലമാണ് ഈ പമ്പുകൾ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിനു പുറമെ യാത്രികർക്ക് മറ്റു സേവനങ്ങൾ കൂടി സൗജന്യമായി പെട്രോൾ പമ്പുകളിൽ ലഭ്യമാക്കിയിരിക്കണം. അതാണ് നിയമം. യാത്രകൾക്കിടയിൽ എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ ഒരേപോലെ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വാഷ് റൂം, ടോയ്‌ലറ്റ് സൗകര്യങ്ങൾ. ഇവ എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യമാണ്. ഈ കാര്യം യാത്രകൾ ചെയ്യുന്ന മിക്കയാളുകൾക്കും അറിവുള്ള കാര്യമാണ്. പമ്പുകളിൽ നിന്നും നിങ്ങൾ പെട്രോൾ അടിച്ചില്ലെങ്കിലും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കുവാൻ നിങ്ങൾക്ക് അവകാശമുണ്ട്.

യാത്രയ്ക്കിടയിൽ നിങ്ങൾക്ക് വെള്ളം കുടിക്കണമെന്ന് തോന്നുകയാണെങ്കിൽ ശുദ്ധമായ കുടിവെള്ളം പെട്രോൾ പമ്പിൽ ലഭ്യമായിരിക്കും (അങ്ങനെ അവർ ചെയ്യേണ്ടതാണ്). നിങ്ങൾക്ക് പമ്പുകളിൽ നിന്നും വെള്ളം കുടിക്കുവാനും വേണമെങ്കിൽ കൈവശമുള്ള കുപ്പികളിൽ നിറയ്ക്കുവാനും സാധിക്കും. ഇതിനു യാതൊരുവിധ ചാർജ്ജും കൊടുക്കേണ്ടതില്ല.