പെട്ടിമുടിയും ലയങ്ങളും; ദുരന്തത്തിനു മുൻപുള്ള ചില ഓർമ്മകൾ

2020 ആഗസ്റ്റ് 7 നു ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം തകർന്നടിഞ്ഞ മൂന്നാർ രാജമലയിലെ പെട്ടിമുടി എന്ന മനോഹര ഗ്രാമത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ഭാർഗവൻ. അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

2019 ജനുവരി.. രാജമലയിലെ ഡ്യൂട്ടിക്കിടയിൽ താഴേക്കു വെറുതെ ഇറങ്ങി. ഒരു ഓട്ടോയിൽ കുറച്ചുപേർ… എല്ലാവരും തമിഴ്‌ സംസാരിക്കുന്നവർ. സ്ത്രീകൾ ആണ് കൂടുതൽ. ഓട്ടോ നിർത്തി ഓരോരുത്തർ അവരുടെ മൊബൈൽ ഫോൺ കയ്യിൽ എടുത്തു ഓരോരോ സ്ഥലത്തേക്ക് മാറി നിന്നു ഫോൺ ചെയ്യാൻ തുടങ്ങി. ദൂരെ പട്ടണത്തിൽ പഠിക്കുന്ന മക്കളെ, അന്യ സംസ്ഥാനങ്ങളിൽ ഉള്ള ബന്ധുക്കളെ ഫോണിൽ വിളിച്ചു സംസാരിക്കുകയാണ്.

കൂടെ വന്ന ഓട്ടോക്കാരൻ എന്റെ അടുത്തു വന്നു. “സർ ഡ്യൂട്ടി വന്നത് ആണോ? എങ്ക സാറേ വീട്…” തമിഴ് കലർന്ന മലയാളം. സംസാരിച്ചിരിക്കെ അയാൾ പറഞ്ഞതു കൗതുകത്തോടെ കേട്ടു. “പെട്ടിമുടി ഉള്ളതാ സാറേ. അവിടെ എങ്ങും മൊബൈലിൽ റേഞ്ച് കിട്ടില്ല. ഇവിടെ വന്നാലേ കിട്ടു. എന്നും ആരെങ്കിലും ഒക്കെ ആയി ഇങ്ങനെ ഓട്ടം വരും. സാറ് ചുമ്മാ ഇരിക്കുമ്പോൾ അങ്ങോട്ടു വാ.. നല്ല ചായ കുടിക്കാം.”

കുറെ നേരം ആ അമ്മമാർ അച്ചന്മാർ ഫോണിൽ സംസാരിക്കുന്നത് കേട്ടു. വല്ലാത്ത ഒരു വീർപ്പുമുട്ടൽ തോന്നി. കൂടെ ജോലി ചെയ്യുന്ന പൊലീസുകാരനോട് പെട്ടിമുടി വരെ പോയാലോ എന്നു തിരക്കി. അതിനു എന്താ പോകാം. അങ്ങനെ ബൈക്കിൽ പെട്ടിമുടി എത്തി.

പണ്ട് ബ്രിട്ടീഷുകാർ തേയില വെച്ചു പിടിപ്പിച്ചപ്പോൾ അതൊക്കെ പരിപാലിക്കാൻ തമിഴ്‌നാട്ടിൽ നിന്നും കൊണ്ടു വന്ന തേയില നുള്ളു തൊഴിലാളികൾ പാർക്കുന്ന ഇടങ്ങൾ.. ലയങ്ങൾ.. മൂന്നാറിൽ പരിസരങ്ങളിൽ എവിടെയും ലയങ്ങൾ ഉണ്ട്. ഒറ്റ മുറികൾ, ചാണകം മെഴുകിയ തറകൾ, ചോർന്നു ഒലിക്കുന്ന മേൽക്കൂര… ജോലി ചെയുന്ന കാലത്തോളം മാത്രം സ്വന്തം ആയ വീട്. പലർക്കും സ്വന്തം നാട്ടിൽ വീടുകൾ ഉണ്ട് എങ്കിലും ഇവരുടെ ജീവിതം ഇവിടെ തന്നെ.

പെട്ടിമുടിയിൽ ഒരു സ്കൂൾ ഉണ്ട്. ഒരു ആശുപത്രി ഉണ്ട്. ടാറ്റാ വക. തൊഴിലാളികൾക്കു മെസ് ഉണ്ട്. കുഞ്ഞു കുഞ്ഞു കടകൾ, ചായക്കട… അങ്ങനെ കുറച്ചു പേർക്ക് വേണ്ടി മാത്രം ഒരു കൊച്ചു ഗ്രാമം. പലരുടെയും മക്കൾ നല്ല നിലയിൽ തന്നെ പഠിക്കുന്നുണ്ട്. MBBS വരെ. അവർ സത്യത്തിൽ ഇവിടെ എങ്ങനെ ജീവിക്കുന്നു എന്നു ഓർക്കുമ്പോൾ അതിശയം ആണ്. തന്റെ മക്കൾക്ക് ഈ അവസ്ഥ വരരുത് എന്ന ചിന്തയിൽ പലരും മക്കളെ ഇവിടെ നിർത്താറില്ല. കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു അവർ മക്കളെ ദൂരെ നിർത്തി പഠിപ്പിക്കുന്നു.

ഒരു കെണിയിൽ പെട്ട പോലെ വർഷങ്ങൾ ആയി അവർ ഇവിടെ തുടരുന്നു. പുറം ലോകത്തെ കാര്യങ്ങൾ പലപ്പോഴും ഇവർ അറിയാറില്ല.തിരിച്ചു പോരുമ്പോൾ വല്ലാത്ത ഒരു വിഷമം മനസിൽ തങ്ങി നിന്നു. ഇങ്ങനെയും മനുഷ്യർ നമ്മുടെ ഇടയിൽ ജീവിക്കുന്നു.