പിഴല – പാലിയംതുരുത്ത്; അധികമാരും അറിയാത്ത ഒരു മനോഹര സ്ഥലം

DCIM100GOPROGOPR0166.JPG

എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ഒരു ലൊക്കേഷനാണ് കടമക്കുടി. എന്നാൽ കടമക്കുടി പോലെത്തന്നെ, അതിനടുത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ദ്വീപാണ് പിഴല. കടമക്കുടി പഞ്ചായത്തിൽപ്പെട്ട പിഴല ദ്വീപിന്റെ വിശേഷങ്ങൾ ഒന്നറിഞ്ഞിരിക്കാം.

പെരിയാറിനാൽ ചുറ്റപ്പെട്ട കൊച്ചി നഗരത്തിൻറെ വടക്ക് ഭാഗത്തിനോട് അടുത്ത് കിടക്കുന്ന ഒരു ദ്വീപാണ് പിഴല. കടമക്കുടി ദ്വീപുകളുടെ കേന്ദ്ര ഭാഗവും, കടമക്കുടി ഗ്രാമ പഞ്ചായത്തിൻറെ ഭരണ തലസ്ഥാനവും പിഴലയാണ്. ‘പിഴല’ എന്ന നാമം “പാഷ് നാ ഈല്യ” (Paz na ilha) പോർച്ചുഗീസ് വാക്കിൽ നിന്നാണ് രൂപം കൊണ്ടത്. എഡി 1341-ലെ മഴക്കാലത്ത്‌ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പ്രകൃതി രൂപം കൊടുത്ത ദ്വീപുകളിൽ ഒന്നാണ് പിഴല.

1859 ൽ വാരാപ്പുഴ വികാരിയത്ത് മെത്രാപൊലീത്തയായിരുന്ന ആർച്ച് ബിഷപ്പ് ബെർണാർഡ് ബച്ചിനെല്ലിയുടെ O.C.D കൽപ്പന പ്രകാരം പിഴലയിൽ കർമലീത്ത മിഷനറിമാർ ആദ്യ പള്ളിക്കൂടം പിഴലയിൽ നിർമിച്ചു. ഇതായിരുന്നു പിഴലയുടെ ആദ്യ വികസനം. പകൽ സമയങ്ങളിൽ കുട്ടികൾക്ക് വിദ്യഭ്യാസം കൊടുക്കുവാനും രാത്രികാലങ്ങളിൽ പ്രാർത്ഥനയ്ക്കും ഈ പള്ളിക്കൂടം ഉപയോഗിച്ച് പോന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ L ആകൃതിയായിരുന്നു ഈ പള്ളികൂടത്തിനു ഉണ്ടായിരുന്നത്. പിഴലയുടെ വടക്ക് – കിഴക്ക് ദിക്കിലുള്ള ചേന്നൂർ ദ്വീപിൻറെ അടുത്തുള്ള വഞ്ചി കടവിൻറെ അടുത്താണ് പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്നത്. അത് കൊണ്ട് ഈ കടവിനെ ഇന്നും പള്ളി കടവ് എന്ന് വിളിക്കുന്നു.

പിഴലയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ നീളവും അത്രയും തന്നെ വീതിയും ഉണ്ട്. പിഴലയുടെ എൺപത് ശതമാനവും പൊക്കാളി കൃഷിപാടങ്ങൾ ആണ്. പിഴലയുടെ വടക്കു പടിഞ്ഞാറെ ഭാഗത്തിനെ പാലിയംതുരുത്ത് എന്ന് വിളിക്കുന്നു. ചേന്ദമംഗലത്തെ പാലിയത്ത് അച്ഛന്മാരുടെ വകയായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലിയംതുരുത്ത് എന്ന് പേര് വന്നത്. പെരിയാർ കടലിനോടു ചേരുന്ന ഭാഗത്തിനോട് അടുത്തായത് കൊണ്ട് വേനൽക്കാലത്ത് ഉപ്പു വെള്ളവും മഴക്കാലത്ത്‌ ഉപ്പ് ഇല്ലാത്ത വെള്ളവും ആയിരിക്കും പെരിയാറിൽ ഉണ്ടാവുന്നത്. അതിനാൽ പുഴയിൽ ഉപ്പു ഇല്ലാത്ത (ഓര് വെള്ളം) സമയങ്ങളിൽ പൊക്കാളി നെൽ കൃഷിയും, ഓര് വെള്ളം കയറുന്ന സമയങ്ങളിൽ ചെമ്മീൻ – മത്സ്യ കൃഷിയും ആയിരിക്കും.

പിഴലയിൽ ഒരു കാർഷിക സംസ്ക്കാരം ആണ് ഉള്ളത്. പെരിയാറിൽ നിന്നുള്ള മത്സ്യബന്ധനവും, പിഴല പൊക്കാളി പാടങ്ങളിലെ നെൽ കൃഷിയും, ചെമ്മീൻ കൃഷിയും ചേർന്നുള്ള ഒരു ജീവിത രീതിയാണ്‌ പിഴലയുടെത്. മറ്റുള്ള എല്ലാ കാര്യത്തിനും കൊച്ചി നഗരത്തെ ആശ്രയിച്ചാണ്‌ പിഴലയുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

പിഴലയിൽ നിന്ന് ചിറ്റൂർ ഫെറിയിലേക്കും, എറണാകുളത്തേയ്ക്കും, വരാപ്പുഴയിലെക്കും ഞാറക്കലിലേക്കും ബോട്ട് സർവീസ് ഉണ്ടായിരുന്നതാണ്. മൂലമ്പള്ളിയിൽ കണ്ടെയ്നർ റോഡിൽ നിന്നും പിഴലയിലേക്ക് നിർമ്മിച്ച പാലത്തിൽ കൂടി കടന്നു വരാവുന്നതാണ്.ഗതാഗതസൗകര്വത്തിനായി വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. എന്നാലും നിസാൻ പോലുള്ള ഹെവി വെഹിക്കിൾ കടന്നു വരുവാനുള്ള റോഡ് സൗകര്യമില്ല. ഈ പാലത്തിലൂടെയുള്ള യാത്രയിൽ വിശാലമായ പൊക്കാളി പാടങ്ങളുടെ നയനാനന്ദകരമായ കാഴ്ചയാണ്.