സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രശസ്തമായ കേരളത്തിലെ ഏഴു സ്ഥലങ്ങള്‍

യാത്രകളെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതൊരു യാത്രാപ്രേമിയും നല്ലൊരു പ്രകൃതി സംരക്ഷകൻ കൂടിയായിരിക്കും. യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന സത്യം അവർ മനസ്സിലാക്കണം. പണ്ടുകാലം മുതലേ യാത്രികർ നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെയാണ് സഞ്ചാരികളെല്ലാം പരസ്പരം അറിയുന്നതും ഒത്തുകൂടുവാൻ സാഹചര്യങ്ങൾ ഒരുങ്ങിയതും. യാത്രകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ ന്യൂജെന്‍ സഞ്ചാരികള്‍ക്ക് ആവേശമായി. യാത്ര പോകുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വിവര‌ണങ്ങളുമായി അവര്‍ ഗ്രൂപ്പുകളില്‍ സജീ‌വമായി. സത്യത്തിൽ യാത്രകൾ ഒരാഘോഷമാക്കി മാറ്റുകയായിരുന്നു സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ.

യാത്രാ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമായതോടെ അറിയപ്പെടാതെ കിടന്ന പല സ്ഥലങ്ങളും പലരും അറിഞ്ഞു തുടങ്ങി. ഇതോടെ ചില സ്ഥലങ്ങൾ പ്രശസ്തമാകുവാനും ഇടയായി. അവിടങ്ങളിലേക്ക് ഒന്നിച്ചുള്ള യാത്രകൾ ഒരുക്കി ഗ്രൂപ്പുകളും മാതൃകയായി. ഇത്തരത്തിൽ പുതിയ സ്ഥലങ്ങൾ എല്ലാവരും അറിയുന്നത് നല്ലതു തന്നെയാണ്. പക്ഷേ അവിടെ സന്ദർശിക്കുന്നവർ ആ പ്രദേശത്തിന്റെ പ്രകൃതിയ്ക്ക് കോട്ടം തട്ടാതെ നോക്കണം. എല്ലാ യാത്രാ ഗ്രൂപ്പുകളും പ്രകൃതി സംരക്ഷണത്തിന് മുൻ‌തൂക്കം കൊടുക്കുന്നതുകൊണ്ട് മോശം പ്രവർത്തികൾ ചെയ്യുന്നതിൽ നിന്നും സഞ്ചാരികളെ ബോധവൽക്കരിക്കുവാൻ അവർക്ക് കഴിയുന്നുണ്ട്. അങ്ങനെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രശസ്തമായ കേരളത്തിലെ ഏഴു സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

1. മീശപ്പുലിമല : ഇടുക്കിയിലെ മൂന്നാറിൽ നിന്നും ഏകദേശം 27 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. യാത്രാഗ്രൂപ്പുകളിൽ ചിലരൊക്കെ ഇവിടം കീഴടക്കിയ കഥകൾ ആദ്യമേ ഇട്ടിരുന്നുവെങ്കിലും ദുൽഖർ സൽമാന്റെ ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു സ്ഥലമാണിത്. ഇവിടേക്ക് ഫോറസ്റ്റ് വകുപ്പിന്റെ പാക്കേജ് എടുത്തു മാത്രമേ ഇപ്പോൾ സന്ദർശിക്കുവാനാകൂ. മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്… വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..

ബുക്ക് ചെയ്യാൻ ഓൺലൈൻ സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക http://munnar.kfdcecotourism.com/BaseCamp.aspx. കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ :8289821400, 8289821401, 8289821408 ഈ നമ്പറിലേക്ക് ബന്ധപെടുക. ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്..ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും.

2. ഊഞ്ഞാപ്പാറ കനാൽ – ഫേസ്‌ബുക്ക് പബ്ലിസിറ്റി കൊണ്ട് മാത്രം ഒറ്റ വര്ഷം കൊണ്ട് ഹിറ്റ് ആയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ഇത്. വേനൽക്കാലത്ത് ശരീരവും മനസും തണുപ്പിക്കാൻ പറ്റിയ ഒരു സ്ഥലം എന്ന നിലയിലാണ് ഊഞ്ഞാപ്പാറ കനാൽ പ്രശസ്തമായത്. കഴുത്തോളം മാത്രം വെള്ളം ആയതിനാൽ നീന്തൽ അറിയാത്തവർക്കും ഇവിടെ ധൈര്യമായി ഇറങ്ങാം. പോരാത്തതിന് നല്ല ശുദ്ധമായ വെള്ളവും നല്ല തണുപ്പും. എന്നാൽ ഇവിടേക്ക് സഞ്ചാരികൾ ധാരാളം വന്നു തുടങ്ങിയതോടെ നാട്ടുകാർക്ക് അതൊരു ബുദ്ധിമുട്ടായി മാറി. ഇപ്പോൾ അവിടെ ‘ഇറങ്ങി കുളിക്കുവാൻ പാടുള്ളതല്ല’ എന്ന ബോർഡ് ആണ് സഞ്ചാരികളെ നോക്കി കൊഞ്ഞനം കുത്തുന്നത്. അങ്ങനെ പൊന്മുട്ടയിടുന്ന താറാവിന്റെ അവസ്ഥയായി ഊഞ്ഞാപ്പാറ കനാലിന്.

3. ഇ‌ല്ലിക്കല്‍ കല്ല് : സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപമാണ് അതിമനോഹരമായ ഈ സ്ഥലം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കൂടിയാണ് ഇല്ലിക്കല്‍ കല്ല്. അൽപ്പം സാഹസികത നിറഞ്ഞ മലകയറ്റം ആണ് ഇവിടേക്ക് കൂടുതൽ യുവ സഞ്ചാരികളെ ആകർഷിച്ച ഘടകം. എന്നാൽ ഇവിടേക്ക് സഞ്ചാരികൾ ക്രമാതീതമായി കടന്നുവരികയും അപകടങ്ങളും മരണങ്ങളും സംഭവിക്കുക കൂടി ചെയ്തതോടെ ഇല്ലിക്കൽ കല്ലിലെ അപകടകരമായ മേഖല വേലികെട്ടി തിരിച്ചു.

4. 900 കണ്ടി : തൊള്ളായിരം കണ്ടിയോ? ഈ പേര് കേട്ടപ്പോൾ മിക്കവർക്കും ചിരിയായിരുന്നു വന്നത്. എന്നാൽ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കലവറയാണ് വയനാട്ടിലെ തൊള്ളായിരം കണ്ടി എന്ന ഈ കൊടും വനപ്രദേശം. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്. ജീപ്പിനു മാത്രമേ തൊള്ളായിരം കണ്ടിയിലേക്ക് മര്യാദയ്ക്ക് പോയിവരാന്‍ പറ്റുള്ളൂ. ഇതൊക്കെ കേട്ടിട്ട് ബൈക്കിലും മറ്റും പോകാന്‍ പ്ലാന്‍ ഉണ്ടേല്‍ അത് സ്വന്തം റിസ്ക്കില്‍ മാത്രം പോകുക. കാരണം തൊള്ളായിരം കണ്ടി ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. അനുമതിയില്ലാതെ കയറുന്നവര്‍ക്ക് ചിലപ്പോള്‍ പണി കിട്ടാന്‍ ചാന്‍സ് ഉണ്ട്.

5. ചൊക്രമുടി : ഇടുക്കി ജില്ലയിലെ മറ്റൊരു കൊടുമുടിയായ ചൊക്രമുടിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയ‌ത് സോഷ്യല്‍ മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ (മൂന്നാർ – തേനി റൂട്ട്) ഗ്യാപ്പ്‌ റോഡില്‍ നിന്ന്‌ ചെങ്കുത്തായ മലകയറിയാല്‍ ചൊക്രമുടിയുടെ നെറുകയില്‍ എത്താം. ഇടുക്കി ജില്ലയിലെ ‌രാജക്കാട് നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. എന്നാൽ വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടേക്ക് ഇപ്പോൾ പ്രവേശിക്കാനാവൂ.

6. വയലട : കോഴിക്കോടിന്റെ ഗവി എന്നാണു വയലടയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. സഞ്ചാരികള്‍ക്ക് ഇത്രയും ഇഷ്ട്‌പ്പെടാന്‍ കാരണം അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൊണ്ട്തന്നെ. മൂന്നാറിനും ഊട്ടിയ്ക്കും കൊടൈക്കനാലിനും ഒപ്പമെത്തില്ലെങ്കിലും അവയുടെയൊക്കെ ചെറിയൊരു പതിപ്പാണ് വയലട എന്ന് പറയാം. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവരെ കൂടാതെ കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമൊക്കെ ഇപ്പോൾ ഇവിടേക്ക് ആളുകൾ വരാറുണ്ട്.

7. കടമക്കുടി : എറണാകുളം നഗരത്തിൽ നിന്നും നിസ്സാര ദൂരത്തിൽ ഒരു കുട്ടനാട്.. ഇങ്ങനെയാണ് ഒറ്റവാക്കിൽ കടമക്കുടിയെ വിശേഷിപ്പിക്കാനാവുക. ഫേസ്‌ബുക്കിലൂടെ പ്രശസ്തമായ സ്ഥലങ്ങളുടെ കൂട്ടത്തിൽ കടമക്കുടിയെയും പെടുത്താവുന്നതാണ്. ആദ്യകാലങ്ങളിൽ പക്ഷിനിരീക്ഷകരായിരുന്നു ഇവിടേക്ക് വന്നിരുന്നത്. ഇപ്പോൾ എല്ലാത്തരം ആളുകളും ഇവിടം സന്ദർശിക്കുന്നുണ്ട്. അടുത്തുള്ള ഷാപ്പിലെ രുചികൾ അറിയുവാനും മീൻപിടിക്കുന്നത് കണ്ടറിയുവാനുമൊക്കെയാണ് കൂടുതലാളുകളും ഇവിടേക്ക് വരുന്നത്.

ഈ സ്ഥലങ്ങൾ ഒരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇവയെക്കൂടാതെ ധാരാളം സ്ഥലങ്ങൾ സോഷ്യൽ മീഡിയ വഴി ന്യൂ ജനറേഷൻ പിള്ളേർ പ്രസിദ്ധമാക്കിയിട്ടുണ്ട്. ഈ പ്രശസ്തി ചിലപ്പോൾ ആ സ്ഥലങ്ങൾക്ക് ഗുണവും ചിലപ്പോൾ ഊഞ്ഞാപ്പാറ കനാലിൽ സംഭവിച്ചതുപോലെ ദോഷവുമായിത്തീരാറുണ്ട്. സ്ഥലങ്ങൾ കാണുവാൻ പോകുന്നവർ അത് കണ്ട് ആസ്വദിക്കുക. അവിടത്തെ മനോഹരമായ കാഴ്ചകൾ മാത്രം ഒപ്പം കൊണ്ടുവരിക.