ഇദ്ദേഹത്തെയൊക്കെ മനസ്സറിഞ്ഞ് സാർ എന്ന് വിളിക്കാം… രഞ്ജിത്ത് സർ, ഒത്തിരി സ്നേഹം…

എഴുത്ത് – സന്ദീപ് ദാസ്.

ഒരു വർഷം മുമ്പാണ്. ഓഫീസിലിരുന്ന് ജോലിചെയ്യുകയായിരുന്ന എനിക്ക് അനിയത്തിയുടെ ഫോൺ വന്നു. അവൾ പരിഭ്രമത്തോടെ പറഞ്ഞു”അച്ഛന് തീരെ സുഖമില്ല.എന്താ ചെയ്യേണ്ടത്.? ഇതുകേട്ടപ്പോൾ എൻ്റെ തലകറങ്ങാൻ തുടങ്ങി. ദീർഘകാലത്തെ ആസ്പത്രിവാസത്തിനും ചികിത്സയ്ക്കും ശേഷം അച്ഛൻ വീട്ടിൽ വിശ്രമിക്കുന്ന കാലമായിരുന്നു അത്.പെട്ടന്നുതന്നെ ഒരു ആംബുലൻസ് സംഘടിപ്പിച്ച് ഞാൻ വീട്ടിലേക്കു പാഞ്ഞു. ക്ഷണനേരം കൊണ്ട് അച്ഛനെ വാരിയെടുത്ത് ആസ്പത്രിയിലേക്ക് പറന്നു. ആംബുലൻസ് സുരക്ഷിതമായി മെഡിക്കൽ കോളേജിൻ്റെ ഗേറ്റ് കടന്നപ്പോൾ മാത്രമാണ് എൻ്റെ ശ്വാസം നേരെവീണത്.

പിന്നീട് ഞാൻ ആലോചിച്ചിട്ടുണ്ട്. ആ യാത്രയ്ക്കിടെ ഒരു ട്രാഫിക് ബ്ലോക്കിനെ നേരിടേണ്ടിവന്നിരുന്നുവെങ്കിൽ എന്തായേനെ അവസ്ഥ? ഞങ്ങൾ ആസ്പത്രിയിലെത്താൻ കുറേ വൈകിയിരുന്നുവെങ്കിലോ? എനിക്കത് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല. ഇതുപോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് നമ്മളിൽ പലരും. സിനിമകളിലെ നായകൻമാർ പലപ്പോഴും ആംബുലൻസ് ഉപയോഗിക്കുന്നത് കള്ളക്കടത്ത് നടത്താനും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താനും മറ്റുമാണ്. ജീവിതത്തിലെ ആംബുലൻസ് യാത്ര അങ്ങനെയല്ല. അനുഭവിച്ചവർക്കറിയാം അതിൻ്റെ വേദന.

പ്രിയപ്പെട്ട ഒരു മനുഷ്യൻ്റെ ജീവൻ തിരിച്ചുകിട്ടുമോ ഇല്ലയോ എന്ന ആശങ്ക തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുമ്പോൾ നടത്തുന്ന ഒരു മരണപ്പാച്ചിലാണത്. അതുകൊണ്ടു തന്നെ രഞ്ജിത്ത് കുമാർ രാധാകൃഷ്ണൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. മാസങ്ങൾക്ക് മുൻപ് കോട്ടയം നഗരത്തിൽ ഒരു ട്രാഫിക് ബ്ലോക്കുണ്ടായി. ഒരിഞ്ച് പോലും ബാക്കിയില്ലാത്ത വിധം വാഹനങ്ങൾ നിറഞ്ഞു. അപ്പോഴാണ് സൈറൺ മുഴക്കിക്കൊണ്ട് ഒരു ആംബുലൻസ് അവിടെ വന്നു കയറുന്നത്. പക്ഷേ ഒരു ടൂവീലറിന് കടന്നുപോകാനുള്ള സ്പേസ് പോലും അവിടെയില്ലായിരുന്നു.

ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത് രഞ്ജിത്താണ്. അദ്ദേഹം ആംബുലൻസിനു മുന്നിൽ ഓടാൻ തുടങ്ങി. ഓരോ വാഹനങ്ങളുടെയും അടുത്തേക്ക് ശരവേഗത്തിൽ പാഞ്ഞുചെന്നു. ഡ്രൈവർമാരോട് വഴിയൊരുക്കാൻ നിർദ്ദേശിച്ചു. അവസാനം ആംബുലൻസിന് പോകാനുള്ള റൂട്ട് ശരിയായി. അപ്പോഴേക്കും കാക്കിയിട്ട ആ കാലുകൾ ഒരുപാട് ദൂരം ഓടിക്കഴിഞ്ഞിരുന്നു. ഈ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

പൊലീസുകാരെക്കുറിച്ച് എന്തെല്ലാം ആരോപണങ്ങളാണ് നാട്ടിൽ നിലനിൽക്കുന്നത്. കൈക്കൂലി വാങ്ങുന്നവർ,കണ്ണിൽ ചോരയില്ലാത്തവർ, ചിരിക്കാനറിയാത്തവർ,കുറ്റം തെളിയിക്കാൻ പ്രാകൃതമായ രീതികൾ ഉപയോഗിക്കുന്നവർ…ഇ­ങ്ങനെ പോകുന്നു വിശേഷണങ്ങൾ. പക്ഷേ ഇപ്പോൾ രഞ്ജിത്ത് എന്ന പൊലീസുകാരൻ്റെ മനുഷ്യത്വത്തിനു മുമ്പിൽ കേരളീയ സമൂഹം ആദരവോടെ തലകുനിക്കുകയാണ്. ആ ആംബുലൻസിൽ ഉണ്ടായിരുന്ന മനുഷ്യർക്ക് അദ്ദേഹം ഇപ്പോഴും ഇപ്പോഴും ദൈവം തന്നെയായിരിക്കും.

സ്വന്തം ഡ്യൂട്ടി മാത്രമാണ് അദ്ദേഹം ചെയ്തത് എന്ന വാദം ഉയർന്നേക്കാം. നമ്മുടെ നാട്ടിൽ പല തരം ജോലിക്കാരുണ്ടല്ലോ. എല്ലാവരും ഇതുപോലെ മനുഷ്യത്വവും സഹാനുഭൂതിയും പ്രകടിപ്പിക്കാറുണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാം. അങ്ങനെയിരിക്കെ ഇത് വലിയൊരു കാര്യം തന്നെയാണ്. അനുകരിക്കപ്പെടേണ്ടതാണ്. ഇദ്ദേഹത്തെയൊക്കെ മനസ്സറിഞ്ഞ് സാർ എന്ന് വിളിക്കാം. രഞ്ജിത്ത് സർ,ഒത്തിരി സ്നേഹം.