മനസ്സിൽ നിന്നും മായാതെ പൂവാർ ബോട്ട് യാത്ര..

വിവരണം – സുജിത്ത് എൻ.എസ്.

പണ്ടൊരിക്കൽ പൂവാർ പോയി ബോട്ടിൽ പോകുന്നതിന്റെ റേറ്റ് ചോദിച്ചപ്പോൾ അതു കേട്ടു ബോട്ട് റൈഡ് ചെയ്യാതെ തിരിച്ചുവന്ന ഒരു ചരിത്രം ഉണ്ടെനിക്ക്.. അതിനു ശേഷം പൂവാർ ബോട്ട്റൈഡ് എങ്ങനെയെങ്കിലും ചെയ്യണം എന്നുള്ളത് വലിയ ഒരു ആഗ്രഹമായി മനസിന്റെ ഒരുകോണിൽ കിടപ്പുണ്ടായിരുന്നു. അങ്ങനെ ഇരിക്കെയാണ് ഞങ്ങൾക്ക് പൂവാർ ബോട്ട് റൈഡിന്റെ ടിക്കറ്റ് കിട്ടുന്നത്. അങ്ങനെ വലിയ ഒരു ആഗ്രഹം സഫലമാകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ..

കാത്തുകാത്തിരുന്നു അങ്ങനെ ആ ദിവസം വന്നെത്തി. എല്ലാം റെഡി ആയപ്പോൾ ലീവ് കിട്ടുന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് ഞാൻ ലീവ് ഒപ്പിച്ചു. അങ്ങനെ ഞാനും വൈഫും മക്കളും കൂടെ രാവിലെ പൊതിച്ചോറും കെട്ടി തിരുവനന്തപുരം വെച്ചു പിടിപ്പിച്ചു. മക്കളെ പ്രിയദർശിനി പ്ലാനിറ്റോറിയം കാണിക്കുക ആയിരുന്നു ആദ്യ ലക്ഷ്യം. അഭൂതപൂവ്വമായ തിരക്കുകൾക്കിടയിലൂടെ വണ്ടിയോടിച്ചു പ്ലാനറ്റോറിയം എത്തിയപ്പോഴേക്കും 11.30 കഴിഞ്ഞിരുന്നു. വേഗം ഐസ്ക്രീമും സ്‌നാക്‌സും അവിടുന്ന് കഴിച്ചു 12 മണിക്ക് അവിടെയുള്ള ഷോയ്ക്ക് കയറി. പിള്ളേർക്കും ഞങ്ങൾക്കും വളരെ നല്ല ഒരു അനുഭവം ആയിരുന്നു ആ ഷോ തന്നത്.. ലോകത്തിന്റെയും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയുമെല്ലാം ഉത്ഭവത്തെ കുറിച്ചും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുമൊക്കെ കുറിച്ചും ഒരുപാട് കാര്യങ്ങൾ ആ ഷോ ഞങ്ങൾക്ക് കാട്ടി തന്നു. ഷോ കഴിഞ്ഞു അരമണിക്കൂറോളം ഞങ്ങൾ അവിടെ ചുറ്റിക്കറങ്ങിയ ശേഷം ഗൂഗിൾ മാപ്പിൽ പൂവാർ സെറ്റ് ചെയ്തു അവിടേക്ക് പോകാനായി കാറിൽ കയറി.

വിശപ്പറിയിരുന്നതിനാൽ പോകുന്ന വഴികളിലുള്ള ഹോട്ടലുകളിലെ ആഹാരസാധനങ്ങളുടെ മണം പിടിച്ചു ഞങ്ങൾ ബോട്ട് ബുക്ക്‌ ചെയ്തിരുന്ന അക്വാ റൈഡർ ബാക്ക് വാട്ടറിൽ ഏകദേശം 1 മണിക്കൂർ കൊണ്ട് എത്തിച്ചേർന്നു. ടിക്കറ്റിനെ പറ്റി സംസാരിച്ച ശേഷം ഞങ്ങൾ അവിടിരുന്നു മൊട്ട പൊരിച്ചതും ഉള്ളിപ്പൂ തോരനും അച്ചാറും തൈരും ചമ്മന്തിയും ചേർത്ത് പൊതിച്ചോറ് ഉണ്ണാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞപ്പോഴേക്കും ബോട്ട് റെഡി ആയിരുന്നു. ഞങ്ങൾ ജാക്കറ്റും ധരിച്ചു ബോട്ടിൽ കയറി. ബോട്ട് ഭംഗിയുള്ള ഇടത്തോട് വഴി യാത്ര തുടങ്ങി. അങ്ങിങ്ങായി ആമ്പലുകൾ പൂത്തു നിൽപ്പുണ്ടായിരുന്നു. കടൽക്കാക്കകളും പരുന്തുകളും കൊക്കുകളും അവിടെ ധാരാളം ഉണ്ടായിരുന്നു. അവയ്ക്കിടയിലൂടെ ഞങ്ങൾ പോകാൻ തുടങ്ങി.. പിള്ളേർ രണ്ടും സന്തോഷത്തോടെ കൂക്കി വിളിക്കുന്നുണ്ടായിരുന്നു.

ആ വേനൽ ചൂടിലും പച്ചപ്പിനിടയിലൂടെയും ആഫ്രിക്കൻ പായലുകൾക്കിടയിലൂടെയും ഉള്ള യാത്ര മനസിന്‌ കുളിര് പകർന്നു. ഏകദേശം അര മണിക്കൂറോളം പ്രകൃതി ഭംഗി ആസ്വദിച്ചു ഫ്ലോട്ടിങ് റെസ്റ്റോറന്റുകൾക്കിടയിലൂടെ ഞങ്ങൾ ഗോൾഡൻ സാൻഡ് ബീച്ചിൽ എത്തിച്ചേർന്നു.. അവിടെ പത്തുമിനിറ്റോളം ചിലവഴിച്ചു കരിക്കും കുടിച്ചു ഞങ്ങൾ വീണ്ടും ബോട്ടിൽ കയറി. അവിടുന്ന് ഞങ്ങളെ എലിഫന്റ് റോക്കിലേക്കാണ് കൊണ്ടുപോയത്.. വെള്ളത്തിൽ ഒരു ആന ഇറങ്ങി നിൽക്കുവാണെന്നെ ആ പാറ കണ്ടാൽ തോന്നുകയുള്ളൂ. ശേഷം മദർ മേരിയുടെ പ്രെതിമയും കണ്ടു അങ്ങിങ്ങായി ഒഴുകി നടക്കുന്ന കെട്ടുവള്ളങ്ങൾക്കിടയിലൂടെ ഞങ്ങൾ തിരികെയെത്തിച്ചേർന്നു.

കോവളം ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഒന്ന് ഫ്രഷ് ആയ ശേഷം ഞങ്ങൾ കോവളം പോകാൻ തുടങ്ങി. പോകുന്ന വഴിയിൽ ദൂരെയായി ഒരു കപ്പൽ കിടക്കുന്നത് ഞങ്ങൾ കണ്ടു. അങ്ങോട്ട്‌ പോയപ്പോൾ അവിടെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തുറമുഖം പണി നടക്കുകയാണെന്ന് മനസിലായി. കപ്പൽ ദൂരെ നിന്നും കണ്ടശേഷം അരമണിക്കൂർ കൊണ്ട് ഞങ്ങൾ കോവളം എത്തിച്ചേർന്നു. അവിടെ നല്ല തിരക്കുണ്ടായിരുന്നു. അത്യാവശ്യം ഷോപ്പിങ്ങും അവിടുന്ന് നടത്തി രാത്രി ആകും വരെ ബീച്ചിൽ ചിലവഴിച്ചു ഏകദേശം 9.30 ഓടെ ഞങ്ങൾ തിരികെ വീട്ടിൽ എത്തിച്ചേർന്നു.