പൊരിച്ച കോയീൻ്റെ മണം : രുചിയിൽ ഞെട്ടിച്ച ഒരു ഭക്ഷണയിടം

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

രുചിയിൽ ഞെട്ടിച്ച ഒരു ഭക്ഷണയിടം. ചില രുചിയിടങ്ങൾ അങ്ങനെയാണ് വെറുതെ ഒരു സന്ദർശനത്തിൽ നമ്മളെ അങ്ങ് ഞെട്ടിച്ച് കളയും. വൈകുന്നേരം ഒരു ഭക്ഷണയിടത്തിൽ പോയി തകർത്ത് കഴിച്ചുള്ള വരവാണ്. ചായയുടെ ഒരു കുറവ് ഒഴിച്ച് എല്ലാം കിടു. ഊളമ്പാറ വഴിയുള്ള വരവാണ്. ചെറിയ ഒരു ഭക്ഷണയിടം കണ്ട് അങ്ങോട്ട് കയറി. ചെറിയ സ്ഥലങ്ങളിൽ ആണല്ലോ രുചി ഒളിഞ്ഞിരിക്കുന്നത്. വണ്ടി സൈഡിലോട്ട് ഒതുക്കി. ചായ കുടിയാണ് ലക്ഷ്യം.

8 പേർക്ക് ഇരിക്കാവുന്ന ഒരു കടയാണ്. ഒരു ലൈം ടീയും ഒരു ലൈറ്റ് ചായയും. കൊള്ളാം സുഖിച്ചു. കഴിക്കാൻ വയറിൽ ഒരു തുണ്ട് സ്ഥലമില്ല. എങ്കിലും ഒരു മുളക് ബജി പറഞ്ഞു. അതിന് വേണ്ടി പ്രത്യേകം മുളക് കറിയും ചമ്മന്തിയും ഉണ്ടെങ്കിലും സപ്ലയർ അണ്ണൻ അതോർമ്മിക്കാതെ സാധാ ചമ്മന്തിയാണ് തന്നത്. എങ്കിലെന്താ രണ്ടും കൊള്ളാം.

പുറത്തിറങ്ങി കാശൊക്കെ കൊടുത്ത് കുശലം ചോദിച്ചപ്പോഴാണ് മനസ്സിലായത്. പുതിയ കടയാണ്. 2020 ജനുവരി 27 ന് തുറന്നത്. സജി, ബിനു, അശോകൻ എന്നീ മൂന്ന് സുഹൃത്തുക്കൾ ചേർന്ന്. സംസാരിച്ചത് ശ്രീ അശോകനോടാണ്. എപ്പോഴും ചിരിച്ച് കൊണ്ടാണ് പുള്ളി സംസാരിക്കുന്നത്. ചുമ്മാ ഫോർമാലിറ്റി ചിരിയൊന്നുമല്ല നല്ല അസല് ചിരി.

മൂന്ന് പേരുടെ സ്വപ്നങ്ങളുടെ തുടക്കമാണ്. എങ്കിൽ പിന്നെ രുചി ഒന്ന് അറിയണമല്ലോ. മൂന്ന് പെറോട്ടയും ബീഫും ചേർന്ന ബീഫ് കോംബോ പാഴ്സൽ പോരട്ടെ. രാത്രി പാഴ്സൽ തുറന്നു. ബീഫ് കണ്ടപ്പോൾ തന്നെ തോന്നി ആൾ അത്ര നിസ്സാരക്കാരനായിരിക്കില്ല എന്ന്. പോരാത്തതിന് അതിന്റെ മണവും. ചുമ്മാ ഒരു ബീഫ് കഷ്ണം എടുത്ത് വായിൽ വച്ചത് മാത്രം അറിയാം. പിന്നെയുള്ള നിമിഷങ്ങളിൽ ഞാനും ബീഫും മാത്രം.. പൊളി…പൊളി…പൊളി… പോയി കഴിക്കുക. സായൂജ്യമടയുക. വേറൊന്നും പറയാനില്ല.

ഗ്രേവിയെ പറ്റി ഒരു വാക്ക് . ഇവൻ ഒരു ചിക്കൻ ഗ്രേവി. ചിക്കൻ ലൈറ്റാക്കി ചാലിച്ച് ഒരുക്കിയത്. അതും പൊളി. പെറോട്ടയും കൊള്ളാം. വില വിവരം: ചായ: ₹ 7, ലൈം ടീ: ₹ 7, മുളക് ബജി: ₹ 7, മൂന്ന് പെറോട്ട + ബീഫ്: ₹ 80.

രാവിലെ പുട്ട്, പയർ, പപ്പടം, ദോശ, ഇഡ്ഡലി, അപ്പം, പൂരി മസാല, സാമ്പാർ, ചമ്മന്തി, മുട്ടക്കറി, കടലക്കറി. ഉച്ചയ്ക്ക് ബീഫ് ബിരിയാണി, ചിക്കൻ ബിരിയാണി. വൈകുന്നേരം ചായയും കടികളും. രാത്രി ചിക്കൻ ചില്ലി, ചിക്കൻ ഫ്രൈ, ചിക്കൻ കറി, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ബീഫ് കറി. എല്ലാം വെളിച്ചെണ്ണയിലാണ് പാചകം.

സ്ഥലം: ശാസ്തമംഗലത്ത് നിന്ന് ഊളമ്പാറയിലോട്ട് വരുമ്പോൾ വലത് വശത്ത്. ഇടത് വശത്തായി ഹിന്ദുസ്ഥാൻ ലാക്ടസിന്റെ കസ്റ്റമർ സ്റ്റോറൂം കാണാം. അടുത്തായി SBI ബാങ്കും. അതിന് എതിർവശത്തായി.

ചെറിയ ഭക്ഷണയിടങ്ങളിൽ രുചി ഒളിഞ്ഞിരിക്കുമെന്നുള്ള ആപ്തവാക്യം തെറ്റിയില്ല. ഭക്ഷണപ്രേമികൾക്ക് “പൊരിച്ച കോയിന്റെ മണം” ത്തിലോട്ട് സ്വാഗതം. Seating Capacity: 8, Timings: 6:30 AM to 8:30 PM, Phone – 9044004976, 81214300669.