സ്‌കൂൾ കുട്ടികളുടെ പ്രിയ കൂട്ടുകാരൻ ഈ കണ്ണൂർക്കാരൻ ബസ് കണ്ടക്ടർ…

നല്ല ജീവനക്കാർ എന്നും ബസ് സർവീസിന് മുതൽക്കൂട്ടാണ്. കണ്ണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ‘ബുഖാരി’ ബസിലെ കണ്ടക്ടർ നൗഷാദിനെപ്പറ്റി അബൂഷം P.K എന്ന യാത്രികന്റെ കുറിപ്പ് വായിക്കാം. ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കാം.

സന്മനസ്സുള്ള ബസ് കണ്ടക്ടർ : കണ്ണൂർ അഴീക്കൽ റൂട്ടിലോടുന്ന 15 നമ്പർ ബുഖാരി എന്ന ബസ്സിൽ യാത്ര ചെയ്യേണ്ടതായി വന്നിരുന്നു. കുറെ കാലങ്ങൾക്ക് ശേഷമാണ് ഒരു ബസ് യാത്ര. നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്. മഴ ഒഴിഞ്ഞ സമയം നോക്കി ഞാൻ ബസ്സിലേക്ക് കയറി. ബസ്സിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല.

ഉച്ച ഒരു 11:30 കഴിഞ്ഞിരുന്നു. നല്ല മഴയ്ക്കുള്ള കോളുണ്ട് കാർമേഘങ്ങൾ ഇരുണ്ടു നിൽക്കുന്നു മഴ ഇപ്പോൾ പെയ്യും എന്നുള്ള ഒരു അന്തരീക്ഷം. കണ്ണൂർ നാരായണ പാർക്ക് എം ടി എം ഹൈസ്കൂൾ എത്താറായി. അപ്പോഴേക്കും കണ്ടക്ടർ ഉച്ചത്തിൽ കിളിയോട് വിളിച്ചു പറയുന്നത് കേട്ടു ഞാൻ തിരിഞ്ഞു നോക്കി. “മോനേ മഴ പെയ്യാനായി, സ്കൂളിന്റെ അടുത്ത് വണ്ടി നിർത്തണം” എന്ന നിർദ്ദേശം കൊടുക്കുന്നത് കേട്ടു. “മക്കളെല്ലാം കയറ്റണം. ഇല്ലേൽ കുട്ടികളെല്ലാം മഴയത്ത് കുടുങ്ങി പോകും” എന്നു പറയുന്നത് കേട്ടു. കണ്ടക്ടറുടെ നിർദ്ദേശപ്രകാരം കിളി ബെല്ല് മുഴക്കി സ്കൂൾ സ്റ്റോപ്പിൽ ബസ്സ് നിർത്തി. കുട്ടികളെല്ലാം തിരക്കിട്ട് കയറി എല്ലാവരും കയറി എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് കണ്ടക്ടർ ബസ് വിടാൻ അനുമതി കൊടുത്തത്.

കുട്ടികളൊക്കെ കയറ്റി ബസ് വിട്ടതും അതി ശക്തമായി മഴ പെയ്തു. മഴയുടെ സൗണ്ടിൽ കർട്ടൻ ഒക്കെ താഴ്ത്തി പിന്നെ ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂന്നോ നാലോ മിനിറ്റ് ആ മഴ ശക്തമായി പെയ്തത്. പിന്നീട് മഴ തോർന്നു ചാലാട് എത്തിയപ്പോഴേക്കും കർട്ടൻ ഒക്കെ പൊക്കി.

പിന്നീട് എന്റെ ശ്രദ്ധ മുഴുവനും കണ്ടക്ടറുടെ ഇടയിലായിരുന്നു. കണ്ടക്ടർ ഒരു ചെറുപ്പക്കാരനാണ് കാഴ്ചകൾ 25 വയസ്സ് തോന്നിക്കും. സുമുഖനും സുന്ദരനും ആണ്. അയാളുടെ ഹൃദയവും ശുദ്ധമാണെന്ന് എനിക്ക് മനസ്സിലായി. കുട്ടികളോട് കുശലം പറഞ്ഞു നല്ല നിർദ്ദേശങ്ങൾ കൊടുത്തു പഠിക്കുന്ന വിഷയത്തെക്കുറിച്ചും ഒക്കെ. എല്ലാവരോടുമുള്ള സംസാരിക്കുന്നതായി കണ്ടു. ഒരു കൂട്ടുകാരെപ്പോലെ അതിലുപരി ഒരു ഏട്ടനെ പോലെ എല്ലാ കുട്ടികളോടും സുഖാന്വേഷണം നടത്തുന്നുണ്ട്. പ്ലസ് ടു നിനക്ക് ഇവിടെയാണോ കിട്ടിയത്. നന്നായി പഠിക്കണം. ഇങ്ങനെ ഓരോ നല്ല കാര്യങ്ങളൊക്കെ കുട്ടികളോട് സംസാരിക്കുന്നുണ്ടായിരുന്നു. ഓരോ സ്റ്റോപ്പ് എത്തുമ്പോഴും ഇറങ്ങേണ്ട കുട്ടികൾ. കണ്ടക്ടറുടെ യാത്ര പറഞ്ഞാ ഇറങ്ങുന്നത്. അത്രയ്ക്കും ഒരു സൗഹൃദം എല്ലാ കുട്ടികളും ആയിട്ടും ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. ഒരുപാട് സന്തോഷവും അയാളുടെ ഒരുപാട് ആരാധനയും തോന്നിപ്പോയി.

ഈ കാലഘട്ടത്തിൽ സ്കൂൾ കുട്ടികളെ പുറത്താക്കി ഓടുന്ന ബസ്സുകളെ കുറിച്ച് നിത്യവും നമ്മൾ അറിയുന്ന വാർത്തയാണ്. അങ്ങനെയുള്ള സമയത്താണ് ഇങ്ങനെയൊരു കണ്ടക്ടറെ കാണാനിടയായത്. ഇതിൽ വളരെയധികം സന്തോഷിക്കുന്നു. ഇതുപോലെ ബസ് കണ്ടക്ടർമാർ ഉണ്ടെന്ന് നിങ്ങളെ അറിയിക്കുന്നു. അപ്പോഴേക്കും എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി. കണ്ടക്ടർക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനിറങ്ങി. മനസ്സിൽ ഒരുപാട് നന്മയുള്ള ആ കണ്ടക്ടർക്ക് എപ്പോഴും നന്മ മാത്രം വരട്ടെ. എന്ന് പടച്ചവനോട് പ്രാർത്ഥിച്ചു.

ഇങ്ങനെയും ഉള്ള കണ്ടക്ടർമാർ ഇവിടെ ഉണ്ടെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. നെഗറ്റീവ് മാത്രമാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു എഴുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നമ്മുടെ കണ്ടക്ടർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി വീണ്ടും പ്രാർത്ഥിക്കുന്നു. എല്ലാ ബസ്സിലെ കണ്ടക്ടർമാരും ഇത് മാതൃകയാക്കേണ്ടതാണ്.

കടപ്പാട് – Bus Kerala Group, Aboosham Pk.