വീൽചെയറിൽ ഒതുങ്ങാതെ സ്വയംതൊഴിൽ കണ്ടെത്തി ഒരു യുവാവ്

എഴുത്ത് – ധനേഷ് ആർ.

എത്ര നാൾ മറ്റുള്ളവരെ ആശ്രയിച്ച് ഒരു മനുഷ്യന് ജീവിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഈ ചെറിയ കടയിൽ എത്തിപ്പെടുന്നത്. ജീവിതത്തിൽ പല കാര്യങ്ങളും പടിക്കാൻ കഴിഞ്ഞു എന്നതാണ്. വീണ് കഴിഞ്ഞുള്ള 11 വർഷങ്ങൾ 85% ഉം ഡിസിബിലിറ്റി ആയ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല തുടർച്ചയായ 8 – 10 മണിക്കൂർ ഇരിക്കുക എന്നത്. അതും ശരീരത്തിലെ മുറിവുകൾ വക വയ്ക്കാതെ.

ദിവസം 300 – 400 രൂപ കിട്ടും. ഒരു വിധം ജീവിതം മുന്നോട്ട് പോകും എന്ന സ്ഥിതി. വീൽചെയറിൽ ഇരിക്കുന്നത് കണ്ട്, വേണ്ട എങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം കുടിച്ച് പോകുന്ന ഒരു പാട് സഹോദരങ്ങൾ ഉണ്ട്. അത് പോലെ തന്നെ വീൽചെയറിൽ ഇരിക്കുന്ന ഒറ്റ കാരണത്താൽ മുന്നിൽ വണ്ടി കൊണ്ട് നിർത്തിയിട്ട് ഒന്ന് നോക്കിയിട്ട് പോയവരും ഉണ്ട്. എങ്കിലും തളരാൻ തോന്നിയിട്ടില്ല ഒരു ദിവസം മുടങ്ങാതെ രാവിലെ പോയി ഇരിക്കും കിട്ടുന്നത് കൊണ്ട് വീട്ടിൽ പോകും. ഇതിൽ നിന്ന് ഒരു വിഹിതം ദിവസം ഒരു നേരത്തെ ആഹാരം ഒരാൾക്കെങ്കിലും നല്കുകയും ചെയ്യും.

കഥ മാറി മറിയുന്നത് ലോക് ഡൗണിന്റെ വരവോടെ ആണ്. ഒപ്പം തുടർച്ചയായ ആശുപത്രി വാസവും വില്ലനായി. ലോക് ഡൗൺ തുടങ്ങിയപ്പോൾ പുറത്ത് ഇറങ്ങാൻ പറ്റാതെ ആയി. പ്ലാസ്റ്റിക്കും പലകയും കൊണ്ട് നിർമ്മിച്ച കടയായിരുന്നു. അത് കൊണ്ട് തന്നെ അടച്ചുറപ്പ് ഇല്ലായിരുന്നു. ഒരു വിധത്തിലും ജീവിക്കരുത് എന്ന മട്ടിൽ മേൽക്കൂരയും നാല് കാറ്റാടി തൂണും ബാക്കി നിർത്തി കടയിലെ സാധനങ്ങളും പലകകൾ ഉൾപ്പെടെ എല്ലാം ഏതോ നല്ല മനുഷ്യർ അടിച്ചു മാറ്റി.

അവിടെ നിന്ന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ നിന്നും അനു എന്ന അനിയത്തിയുടെ ശ്രമഫലമായി റഹ്മാൻ ഭായ്, ഷാൻ ഭായ്, ഹരി ചേട്ടൻ, സന്തോഷ് ചേട്ടൻ, കിച്ചുച്ചേട്ടൻ, പിന്നെ മറ്റു ചില സഹോദരങ്ങളും നല്കിയ സഹായത്താൽ അടച്ചുറപ്പുള്ള ഒരു കട ശരിയാക്കി, കുറച്ച് സാധനങ്ങളും വാങ്ങി, ഇന്ന് കട തുറക്കാം നാളെ കട തുറക്കാം എന്ന രീതിയിൽ കാത്തിരിക്കുക ആണ്.

ആരോഗ്യ സ്ത്ഥിതി മോശമായവർ പുറത്ത് ഇറങ്ങരുത് എന്നാണ് പറയുന്നത്. കോവിഡിന് അറിയില്ലല്ലോ നമ്മുടെ സാഹചര്യം. ചിലപ്പോഴൊക്കെ തോന്നാറുണ്ട് വേദനകളും സങ്കടങ്ങളും ഒന്നും ഇല്ലാത്ത ലോകത്തേക്ക് യാത്രയാവാം എന്ന്. പിന്നെ തോന്നും അങ്ങനെ ചെയ്താൽ നീണ്ട പതിന്നൊന്ന് വർഷം തരണം ചെയ്ത് വന്ന ജീവിതം വെറുതെ അങ്ങ് കളയാൻ പറ്റുമോ.

ചെറിയ കുറച്ച് ആഗ്രഹങ്ങൾ ഉണ്ട് അത് കൂടി സാധിക്കണം. സാധിക്കും എന്നാണ് പ്രതീക്ഷ. പിന്നെ നമ്മുടെ അവസ്ഥ എന്താണ് എന്ന് അറിയാതെ ചിന്തിക്കാതെ നമ്മളെ വിഷമിപ്പിക്കുന്നവരോട് നമ്മൾ ക്ഷമിക്കണം. കാരണം അവർക്ക് ഒരിക്കലും നമ്മുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ കഴിയാത്തത് കൊണ്ട് സംഭവിക്കുന്നതാണ്.

പലരും ചിന്തിക്കും ഇതൊക്കെ ഇവിടെ എടുതുന്നത് എന്തിനാണ് എന്ന് സഹതാപത്തിനോ മറ്റൊന്നിനോ അല്ല ഒരു ജീവിതത്തിൽ എന്നെക്കാൾ മെച്ചപ്പെട്ട ആരോഗ്യമുള്ളവർ സമ്പത്ത് ഉള്ളവർ ഒക്കെ ചെറിയ വീഴ്ച്ചകളിൽ തളർന്നു പോകാറുണ്ട്. അപ്പോൾ ഇത് ഒന്ന് ഓർക്കുക 15% ശരീരം കൊണ്ട് ജീവിക്കുന്ന ഞാനൊക്കെ എത്ര തവണ ആത്മഹത്യ ചെയ്യണം ആയിരുന്നു എന്ന്.

സങ്കടങ്ങളും വിഷമങ്ങളും നഷ്ടപ്പെടലുകളും ഉയരങ്ങൾ കീഴ്പ്പെടുത്തലുകളും എല്ലാം ഉള്ളതാണ് ജീവിതം. ഈ പറഞ്ഞതെല്ലാം നമ്മൾ വിചാരിക്കും പോലെ അങ്ങ് നടന്നാൽ ദൈവത്തോളം നമ്മൾ അങ്ങ് വലുതാവും. എല്ലാവരും ദൈവമായാൽ പിന്നെ ജീവിതത്തിന് എന്താ ഒരു വില.

എന്റെ കാത്തിരിപ്പിൽ പ്രീയ സഹോദരങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം. കുന്നോളം ആഗ്രഹിച്ചാൽ അല്ലെ കുന്നിക്കുരുവോളം ലഭിക്കൂ എന്നല്ലെ പറയാറുള്ളത്.