37 ആളുകളെ രക്ഷിക്കാൻ സഹായിച്ച ‌എയർപ്പോർട്ട്‌ സമീപവാസിയുടെ കുറിപ്പ്

കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് ഒരു കുട്ടിയുടേത് അടക്കം 37 ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്ന് സഹായിച്ച ‌എയർപ്പോർട്ട്‌ സമീപവാസി ഷാഹുൽ ഹ്മീദിന്റെ കുറിപ്പ്.‌

“ആ ഞെട്ടൽ മാറാതെയാണ് ഈ പോസ്റ്റിടുന്നത്. കോടങ്ങാട് എന്റെ അളാപ്പയുടെ മരണം നടന്നതിനാൽ ഞാൻ ഇന്നലെ ചിറയിൽ ചുങ്കത്തെ തറവാട് വീട്ടിലായിരുന്നു. ഉച്ചക്ക് ശേഷം ശക്തമായ മഴ ആയിരുന്നു. ഒരു വിമാനം ലാന്റ് ചെയ്യാൻ കഴിയാതെ ഇവിടെ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. പെടുന്നനെ ഒരു വലിയ ശബ്ദം കേട്ടു. മിനിറ്റുകൾക്കുള്ളിൽ ഞാൻ ബൈക്കിൽ പറന്നു സംഭവസ്ഥലത്ത് എത്തി നോക്കിയപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ മറക്കൂല. മൂന്ന് ഭാഗമായി കിടക്കുന്ന വിമാനവും ജീവനു വേണ്ടി പിടയുന്ന ഒരുപാട് മനുഷ്യരും.

ഓടിക്കൂടിയ ഞങ്ങൾ (ചിറയിൽ ചുങ്കം,മുക്കൂട്, പാലക്കാപറമ്പ് നിവാസികൾ) പിടയുന്ന മനുഷ്യരെ കാർ, ഗുഡ്സ് ലോറി തുടങ്ങിയ കിട്ടിയ വാഹനങ്ങളിൽ കയറ്റിവിട്ടു. അര മണിക്കൂറായപ്പോഴേക്കും ആംബുലൻസും ഫയർഫോഴ്സും വാഹനങ്ങളും രക്ഷാപ്രവർത്തരേയും കൊണ്ട് പരിസരം നിറഞ്ഞു. ഏറെക്കുറെ ആളുകളേയും രക്ഷിച്ച ശേഷം JCB എത്തിച്ച് വിമാനത്തിന്റെ മുൻഭാഗം പൊളിച്ചെടുത്ത് കുടുങ്ങിക്കിടന്നവരേയും രക്ഷിച്ചു.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു കുട്ടിയുടേത് അടക്കം 37 ആളുകളെ രക്ഷിക്കാൻ എനിക്ക് സാധിച്ചു. അതിൽ ഒന്ന് അതീവ ഗുരുതരാവസ്തയിൽ ആയിരുന്നു. രണ്ടര മണിക്കൂർ കൊണ്ട് എല്ലാവരെയും രക്ഷിക്കാൻ സാധിച്ചു. വർഷങ്ങളായി വിമാനപകടത്തിന്റെ മോക്ഡ്രിൽ കണ്ടു വളർന്ന ഞങ്ങൾ സമീപവാസികൾ അത് ഒറിജിനലായി ഞങ്ങളുടെ കൺമുന്നിൽ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

മീഡിയാ പ്രവർത്തകൾ എത്തിയപ്പോഴേക്കും ഏകദേശം രക്ഷാപ്രവർത്തനമെല്ലാം കഴിഞ്ഞിരുന്നു. ആ സമയത്ത് അവിടെ മൊബൈൽ Network പ്രശ്നമായതിനാൽ പലരും വിളിച്ചതും മെസേജ് അയച്ചതും കിട്ടിയില്ല. വിമാനയാത്രക്കാർക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി നിങ്ങൾ പ്രാർഥിക്കണം.”