ആംബുലൻസ് നിയന്ത്രിക്കുന്ന ഡ്രൈവറുടെ മനസികാവസ്ഥയെക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

അപകടത്തിൽ പെട്ടവരെയോ രോഗികളെയോ ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിൽ എത്തിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം വാഹനങ്ങളാണ് ആംബുലൻസ് എന്ന് എല്ലാവർക്കും അറിയാമല്ലോ അല്ലെ? അപ്പോൾ ആ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർമാർക്കും കാണില്ലേ എന്തെങ്കിലും പ്രത്യേകതകൾ? അതെല്ലാം നമ്മൾ സാധാരണക്കാർ അറിയുന്നുണ്ടോ? മനസിലാക്കുന്നുണ്ടോ?

വഴിയിലൂടെ ആംബുലൻസുകൾ പോകുന്നതു കാണുമ്പോൾ നമ്മൾ അതിനകത്തുള്ള രോഗികളെക്കുറിച്ച് ആശങ്കപ്പെടുകയും അവർക്കായി പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ആ ആംബുലൻസ് നിയന്ത്രിക്കുന്ന ഡ്രൈവറുടെ മനസികാവസ്ഥയെക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? ആംബുലൻസ് ഡ്രൈവർമാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും കുന്നംകുളം സ്വദേശിയും ആംബുലൻസ് ഡ്രൈവർമായ ക്ലിൻറ് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ചുവടെ കൊടുക്കുന്നു…

“ഡ്രൈവിങ്ങ് ഒരു കലയാണ്. ആംമ്പുലൻസ് ഡ്രൈവിങ്ങ് ഒരു മരണമാസ് കളിയും. 2 വർഷത്തിനുള്ളിൽ ഞങ്ങളിൽ നിന്നും വിട പറഞ്ഞത് 11 പേർ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായ് സ്വന്തം ജീവൻ നഷ്ട്ടപെടുന്നവർ. 100 അപകടം ഉണ്ടാകുമ്പോൾ അതിൽ ഒരെണ്ണം ആയിരിക്കും ആംബുലൻസ് ഉൾപ്പെട്ടിരിക്കുക. എന്നിട്ടും ഞങ്ങൾക്ക് സമൂഹം ചാർത്തി തരുന്നത് മോശമായ വാക്കുകൾ.

തുച്ചമായ വരുമാനത്തിൽ സന്തോഷതോടെ ജീവിക്കുന്ന ഒരു കുടുമ്പം ഞങ്ങൾക്കും ഉണ്ട്. വീട്ടിൽ തിരിചെത്തിയാൽ നെടുവീർപ്പിടുന്ന മാതാപിതാക്കൾ, ഭാര്യ, മക്കൾ എല്ലാം ഞങ്ങൾക്കും ഉണ്ട്. എന്നിട്ടും ജീവൻ തിരിച്ച് കിട്ടാൻ വേണ്ടി ആമ്പുലൻസിൽ കയറ്റുമ്പോൾ അവരുടെ ദയനീയമായ മുഖവും കണ്ണുനീരും കണ്ടാൽ അറിയാതങ്ങ് ചവിട്ടി പോകും ആക്‌സിലേറ്ററിൽ.

കൃത്യസമയത്ത് ആശുപത്രികളിൽ എത്തിച്ച് ആരുടെയും ഒരു നന്ദി വാക്കിന് പോലും കാത്ത് നിൽക്കാതെ റോഡിലേക്ക്. മരണഭയം കൊണ്ട് നിലവിളിക്കുന്ന പുതിയ മുഖങ്ങൾക്ക് ജീവന്റെ വഴിയൊരുക്കാൻ…കാവൽ മാലാഖാമാരായി…നാളെ ഒരു പക്ഷെ ഞാനായിരിക്കാം. എങ്കിലും പ്രാർത്ഥിക്കുക…പ്രാർത്ഥനയിൽ ഉൾപെടുത്തുക ഞങ്ങൾ ആമ്പുലൻസ് ഡ്രൈവർമാരെ.. ഓർക്കുക, ആംബുലൻസ് സൈറൺ ഒരേ സമയം അപേക്ഷയും ആജ്ഞയുമാണ്.”

ഇനിയെങ്കിലും ആംബുലൻസുകൾക്ക് മുന്നിലും പിന്നിലുമൊക്കെ ആവശ്യമില്ലാതെ എസ്‌കോർട്ട് എന്ന രീതിയിൽ പോകുന്നവർ ഈ കാര്യങ്ങളെല്ലാം ഒന്നോർക്കുക. ആംബുലൻസുകൾക്ക് അകത്ത് വയ്യാത്ത രോഗികളും ബന്ധുക്കളും മാത്രമല്ല, അത് നിയന്ത്രിക്കുന്ന മറ്റൊരു മനുഷ്യ ജീവൻ കൂടിയുണ്ട്. അവരുടെ കണക്കു കൂട്ടലുകൾ തെറ്റിക്കാതെ അവർക്ക് സ്വയം വഴിമാറിക്കൊടുക്കാം. ലോകത്തിലെ എല്ലാ നല്ലവരായ ആംബുലൻസ് ഡ്രൈവർമാർക്കും ഞങ്ങളുടെ ആദരവോടെയുള്ള ഒരു സല്യൂട്ട്… നിങ്ങളാണ് നിരത്തിലെ ഹീറോകൾ…