ജീവൻ പിടയുന്നിടത്ത് ഞങ്ങൾ തുണയായിടും, ജീവൻ വെടിഞ്ഞും ഞങ്ങൾ തുണയേകിടും..

പ്രളയ സമയത്തു മാത്രമല്ല നമ്മൾ എന്തു പ്രതികൂലാവസ്ഥ നേരിടുമ്പോഴും സഹായിക്കുവാൻ എത്തുന്ന ഒരു കൂട്ടരുണ്ട്, കേരള ഫയർഫോഴ്‌സ്… ഇവരും ഹീറോകൾ തന്നെയാണ്. “ജീവൻ പിടയുന്നിടത്ത് ഞങ്ങൾ തുണയായിടും, ജീവൻ വെടിഞ്ഞും ഞങ്ങൾ തുണയേകിടും..” എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ദുരന്തഭൂമിയിൽ കാവലാളാകാനും, രക്ഷകരാകാനും അവർ സദാ സന്നദ്ധരാണ്. Kerala Fire and Rescue services Official ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത ഒരു കുറിപ്പ് താഴെ കൊടുക്കുന്നു. വായിക്കാം…

“2019 ആഗസ്റ്റ് മാസം 7-ആം തീയതി മുതൽ പെയ്തിറങ്ങിയ കാലവർഷം കേരളത്തിന്റെ മദ്ധ്യ, ഉത്തര മേഖലകളെ താറുമാറാക്കി. ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നത് കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു പരിധിവരെ സംരക്ഷണം നൽകുന്നതിന് ഫയർ & റെസ്ക്യൂ സർവ്വീസസിന് കഴിഞ്ഞിട്ടുണ്ട്.

എങ്കിലും വയനാട് ജില്ലയിലെ പുത്തുമല, മലപ്പുറം ജില്ലയിലെ കവളപ്പാറ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകൾ കണക്കുകൂട്ടലുകളുടെയും അപ്പുറത്തായിരുന്നു. ഉരുൾപൊട്ടലുകൾ നടന്ന സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം സേനയ്ക്ക് കനത്ത വെല്ലുവിളിയായി. എങ്കിലും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ചിട്ടയായ പ്രവർത്തനം മൂലം ദുരന്തങ്ങളിൽ അകപ്പെട്ട ജനങ്ങളെ പുറത്തെടുക്കുന്നതിൽ സേന കാണിച്ച പ്രവർത്തനം ശ്ലാഘനീയമാണ്.

വയനാട് ആദിവാസി കോളനികളിൽ നിന്നും പാലം തകർന്നതിനെ തുടർന്ന് ഗർഭിണികൾ ഉൾപ്പടെയുള്ളവരെ വളരെ സാഹസികമായും സുരക്ഷിതമായും രക്ഷപ്പെടുത്താനായത് സേനയ്ക്ക് പൊതുജനങ്ങളിൽ നിന്നും കയ്യടി നേടിത്തന്നതാണ്.

ഇക്കാലങ്ങളിൽ ഇരുപതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് രക്ഷപ്പെടുത്താനായതും, വൻ വൃക്ഷങ്ങൾ കടപുഴകി വീണും, ഉരുൾപൊട്ടലുണ്ടായി റോഡുകളിൽ മണ്ണ് വന്നടിഞ്ഞും ഗതാഗത സംവിധാനം താറുമാറായത് യഥാസമയം നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചതും സേനയുടെ നേതൃത്വത്തിൽ ആയിരുന്നു.

അട്ടപ്പാടിയിലെ ഭവാനിപുഴ കരകവിഞ്ഞതിനെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ട എട്ട് മാസം ഗർഭിണിയായ അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും ഉൾപ്പെടെ ഏഴ് പേരെ വളരെ സാഹസികമായും സുരക്ഷിതമായും ഭവാനിപുഴയുടെ കുറുകെ കെട്ടിയ വടത്തിലൂടെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയ ദൃശ്യം നെഞ്ചിടിപ്പോടെയാണ് ലോകം വീക്ഷിച്ചത്‌.

അതിനു മുൻപ് അവരെ രക്ഷപ്പെടുത്തുന്നതിനായി അതിസാഹസികമായി ആ തുരുത്തിലേയ്ക്ക് എത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളുടെ ചിത്രം സമൂഹമനസിൽ നിന്നും ഒരിക്കലും മായില്ല.

പ്രളയവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ ബഹു. മുഖ്യമന്ത്രി പറഞ്ഞ ഒരു പദമുണ്ട് “അർപ്പണബോധം”. ആ വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലുള്ള പ്രവർത്തനത്തിന്റെ നേർസാക്ഷ്യമായിരുന്നു അഗ്നിരക്ഷാസേനയുടെ ചിട്ടയായ പ്രവർത്തനം.”

ധൈര്യവും അർപ്പണ മനോഭാവവുമുള്ള ഈ സേനയ്ക്കു അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ അധികാരികൾ എന്നും പിറകോട്ടാണെന്നതാണ് വേദനാജനകമായ മറ്റൊരു സത്യം. നിങ്ങളോടൊപ്പം ഹൃദയമുള്ളവർ ഉണ്ടാകും. കാരണം ജനഹൃദയങ്ങളിലാണ് നിങ്ങളുടെ സ്ഥാനം…